1980 -ൽ റോബർട്ട് മുഗാബെ സിംബാബ്‌വെയുടെ പ്രധാനമന്ത്രിയായി അധികാരത്തിലേറിയപ്പോൾ ബ്രിട്ടന് മനസ്സില്ലാ മനസ്സോടെയാണെങ്കിലും അത് അംഗീകരിക്കേണ്ടി വന്നു. ബ്രിട്ടനിലെ അവശേഷിച്ചിരുന്ന സാമ്രാജ്യത്വവാദികളായ പ്രഭുക്കന്മാരെല്ലാം കൂടി ക്ലബ്ബിൽ ഒത്തുകൂടി, റൊഡേഷ്യ എന്ന കോളനിയും, അതിന്റെ മണ്ണിനടിയിൽ ബാക്കിയുള്ള സകല ധാതുക്കളും കൈവിട്ടുപോയതിൽ സങ്കടപ്പെട്ടുവെങ്കിലും, ബ്രിട്ടനിൽ പൊതുവേ ആ അധികാരക്കൈമാറ്റത്തിന് അനുകൂലമായ ഒരു വികാരമായിരുന്നു. 'അവർ എന്താണെന്നുവെച്ചാൽ ചെയ്തോട്ടെ...' എന്ന ഒരു ഭാവമായിരുന്നു. വിപ്ലവത്തിലൂടെ അധികാരത്തിലേറിയ മുഗാബെ അവകാശപ്പെട്ടിരുന്നത് തന്റെ പ്രചോദനം മാർക്സ്‌ -ലെനിൻ-മാവോ സെ തൂങ് തുടങ്ങിയവരാണ് എന്നായിരുന്നു.

മുഗാബെ എന്ന വിപ്ലവകാരി

1924 ഫെബ്രുവരി 21 -ന് അന്നത്തെ റൊഡേഷ്യ എന്ന ബ്രിട്ടീഷ് കോളനിയിലാണ് മുഗാബെയുടെ ജനനം. അടിസ്ഥാനവിദ്യാഭ്യാസം നേടിയ ശേഷം അധ്യാപനം തൊഴിലായി സ്വീകരിക്കുന്നു. കറുത്തവർഗ്ഗക്കാരെ പാടെ അടിച്ചമർത്തിക്കൊണ്ടുള്ള ബ്രിട്ടീഷ് കോളനിഭരണത്തിനെതിരെ പോരാടിയ മുഗാബെ 1964 -ൽ അറസ്റ്റിലാകുന്നു. തുടർന്ന് അഞ്ചുവർഷത്തിലധികം നീളുന്ന കാരാഗൃഹവാസം. 1973 -ൽ ജയിലിൽ കിടക്കുമ്പോൾ തന്നെ രൂപീകരിക്കപ്പെട്ട സിംബാബ്‌വെ ആഫ്രിക്കൻ നാഷണൽ യൂണിയൻ ( സാനു)വിന്റെ സ്ഥാപക പ്രസിഡണ്ടാകുന്നു മുഗാബെ. ജയിൽവാസത്തിനു ശേഷം ലണ്ടനിൽനിന്നും നിയമത്തിലും, സാമ്പത്തികശാസ്ത്രത്തിലും, വിദ്യാഭ്യാസത്തിലും ബിരുദങ്ങൾ നേടി.

താമസിയാതെ മൊസാംബിക്കിലേക്ക് കടന്ന മുഗാബെ പിന്നീട് അവിടെ തുടർന്നുകൊണ്ട് സിംബാബ്‌വെയിൽ നിരന്തരം ഗറില്ലപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.  എഴുപതുകളുടെ അവസാനത്തോടെ നടന്ന തുടർച്ചയായ രാഷ്ട്രീയ ചർച്ചകൾക്കൊടുവിൽ ഔപചാരികമായിത്തന്നെ റൊഡേഷ്യ സിംബാബ്‌വെ ആയി പുനർനാമകരണം ചെയ്യപ്പെടുകയും, രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നു. വിപ്ലവപ്പോരാട്ടങ്ങളുടെ അമരത്ത് നിന്നുകൊണ്ടുതന്നെ മുഗാബെ വമ്പിച്ച ഭൂരിപക്ഷത്തോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

'ഗുകുരാഹുണ്ടി' കശാപ്പുകാലം

1983 മുതൽ 1987 വരെയാണ് സിംബാബ്‌വെ സൈന്യത്തിന്റെ അഞ്ചാം ബ്രിഗേഡ്, ഉത്തരകൊറിയയിൽ നിന്നും സിദ്ധിച്ച പ്രത്യേക പരിശീലനം കൈമുതലാക്കി, ഭരണകൂടത്തിനെതിരെ നിലപാടെടുക്കുന്നവരെ കൊന്നൊടുക്കാൻ തുടങ്ങുന്നത്. ഡിബേലെ ഗോത്രക്കാരായ 20,000 -നും 40,000 -നും ഇടയിൽ പൗരന്മാരാണ് അന്ന് കൊല്ലപ്പെട്ടത്. അഞ്ചാം ബ്രിഗേഡ് നടത്തിയ ഈ നരനായാട്ടിന്റെ പേരിൽ 1992 -ൽ സിംബാബ്‌വേയിലെ പ്രതിരോധ മന്ത്രിയായ മോവൻ മഹാചി പരസ്യമായി ക്ഷമാപണം നടത്തുകയുണ്ടായി. ഗുകുരാഹുണ്ടി എന്നത് ഷോനാ ഭാഷയിൽ വസന്തകാലത്തെ മഴയ്ക്ക് മുമ്പേ പെയ്തിറങ്ങി വിളവ് നശിപ്പിക്കുന്ന പേമാരിയുടെ പേരാണ്.

വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ മുഗാബെയ്ക്ക് വേണമെങ്കിൽ സിംബാബ്‌വെയെ പുരോഗതിയുടെ പാതയിലേക്ക് എത്തിക്കാമായിരുന്നു. അങ്ങനെ ഉണ്ടായില്ല. 2000 കാലഘട്ടത്തിൽ വെള്ളക്കാരെ അവരുടെ കൃഷിയിടങ്ങളിൽ നിന്നും ഇറക്കിവിട്ട് ആ സ്ഥലങ്ങൾ കറുത്തവർഗക്കാർക്ക് വീതിച്ചു നൽകി എന്നായിരുന്നു അവകാശവാദം എങ്കിലും, അതെല്ലാം ചെന്നത് മുഗാബെയുടെ ജനറൽമാർക്കും, ഇഷ്ടക്കാർക്കും, ബന്ധുക്കൾക്കും മാത്രമായിരുന്നു. അവിടങ്ങളിലെ കൃഷി താറുമാറായി.
പിന്നാലെ വന്നുകേറിയത് കടുത്ത ക്ഷാമമായിരുന്നു. രാജ്യത്തെ കറൻസി യുഎ മൂല്യം വർഷാവർഷം ക്ഷയിച്ചുപോയി. തൊഴിലില്ലായ്മ 80 ശതമാനത്തിലധികമായി.

1998 -ൽ കോംഗോയിലേക്ക് സൈന്യത്തെ പറഞ്ഞയക്കാനുള്ള തീരുമാനം രാജ്യത്തെ കടക്കെണിയിലാക്കി. പണപ്പെരുപ്പം ക്രമാതീതമായി പെരുകി. 2009 -ൽ സ്വന്തം കറൻസി പോലും ഉപേക്ഷിക്കേണ്ട ഗതികേടുണ്ടായി. വ്യാവസായിക രംഗം ആകെ തളർച്ചയിലാണ്. ടൂറിസം മരവിച്ചമട്ടാണ്. മുഗാബെയുടെ നയങ്ങൾ കാരണം വിദേശ മൂലധന നിക്ഷേപകങ്ങളൊന്നും തന്നെ രാജ്യത്തേക്ക് വരുന്നില്ല. ആകെ ഒരാശ്വാസം മരാംഗെയിൽ കണ്ടെത്തിയ വജ്രനിക്ഷേപങ്ങൾ മാത്രമായിരുന്നു. 

അധികാരം കയ്യിൽ കിട്ടി അധികം താമസിയാതെ പതിനായിരക്കണക്കിന് പൗരന്മാരെ കൊന്നൊടുക്കി എങ്കിലും അന്ന് മുഗാബെയായിരുന്നു താരം. മുപ്പത്തേഴു വർഷം സിംബാബ്‌വെയുടെ തലപ്പത്ത് വാണ മുഗാബെ, വിപ്ലവത്തിലൂടെ അധികാരത്തിലേറിയ ആദ്യത്ത വർഷങ്ങളിൽ മുഗാബെ കറുത്തവർഗക്കാർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും, ആരോഗ്യസേവനങ്ങളും നൽകുന്നതിൽ ശ്രദ്ധപതിപ്പിച്ചിരുന്നു. എന്നാൽ, പിൽക്കാലത്ത് അധികാരപ്രമത്തത മുഗാബെയെക്കൊണ്ട് പല അക്രമങ്ങളും പ്രവർത്തിപ്പിച്ചു. 1987 -ൽ ഓഫീസ് പിരിച്ചുവിട്ട മുഗാബെ പരമാധികാരം ഒറ്റയ്ക്ക് കയ്യാളുന്ന പ്രസിഡന്റായി സ്വയം അവരോധിച്ചു. 

അവസാനകാലം വരെയും അധികാരത്തിൽ കടിച്ചുതൂങ്ങാൻ ആഗ്രഹിച്ചിരുന്ന മുഗാബെ ഒടുവിൽ 2017 -ൽ,  ഭാര്യ ഗ്രെയ്‌സ് മറഫുവിനെ തന്റെ പിൻഗാമിയാക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെ നടന്ന  ഒരു പട്ടാള അട്ടിമറിയിലൂടെയാണ് താഴെയിറക്കപ്പെടുന്നത്. അവസാനം വരെയും ' സിംബാബ്‌വെ എന്റേതാണ്... ആർക്കും വിട്ടുകൊടുക്കില്ല...' എന്നായിരുന്നു മുഗാബെയുടെ അവകാശവാദം. അധികാരത്തിൽ ഏറെനാൾ തുടരുമ്പോൾ വിപ്ലവം സ്വേച്ഛാധിപത്യത്തിലേക്ക് അധഃപതിക്കുന്നതിന്റെ മകുടോദാഹരണമായ മുഗാബെ ഇനി ചരിത്രത്തിന്റെ ഭാഗം.