മുകേഷ് ചന്ദ് മാഥുര്‍ അഥവാ മുകേഷ് എന്ന വിഖ്യാത ഹിന്ദി ചലച്ചിത്ര പിന്നണിഗായകന്റെ ശബ്ദം നിലച്ചിട്ട് ഇന്നേക്ക് 43 വർഷം തികയുന്നു. കെ എൽ സൈഗൾ അടക്കിവാണിരുന്ന നാൽപതുകളിലെ ഹിന്ദി ചലച്ചിത്രഗാനരംഗത്ത് വിഷാദമധുരമായ കൊണ്ടുമാത്രം സ്വന്തമായ ഒരിടം  നേടി അദ്ദേഹം. 

1926 -ൽ ദില്ലിയിലായിരുന്നു മുകേഷിന്റെ ജനനം. പൊതുമരാമത്തുവകുപ്പിൽ എഞ്ചിനീയറായിരുന്നു അച്ഛൻ സൊറാവർ ചന്ദ് മാഥുര്‍. അമ്മ ചന്ദ്രാണി മാഥുര്‍... ചെറുപ്പത്തിൽ ചേച്ചി സുന്ദർപ്യാരിയെ ഹിന്ദുസ്ഥാനി പഠിപ്പിക്കാനെത്തിയ സംഗീതാധ്യാപകനായിരുന്നു മുകേഷിന്റെ സ്വരമാധുരി ആദ്യമായി തിരിച്ചറിയുന്നത് . ഒരു മൂലയ്ക്കിരുന്ന് ശ്രദ്ധയോടെ ആലാപനത്തിനു കാതോർത്തിരുന്ന ആ ബാലനെ അടുത്തുവിളിച്ചിരുത്തി അദ്ദേഹം സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചു. അന്ന് പകർന്നുകിട്ടിയ ആ പ്രാഥമികജ്ഞാനം മാത്രമാണ് ക്ലാസ്സിക്കൽ സംഗീതത്തിൽ മുകേഷിനു കൈമുതലായുള്ളത്. എന്നാലും അദ്ദേഹം രാഗാധിഷ്ഠിതമായ എത്രയോ ബന്ദിഷുകളും മറ്റും സിനിമകൾക്കായി ആലപിച്ചിട്ടുണ്ട് പിൽക്കാലത്ത്. 

പന്ത്രണ്ടാം ക്ലാസിൽ പഠിപ്പു നിർത്തിയ മുകേഷിന്  അച്ഛൻ തന്റെ സ്വാധീനമുപയോഗിച്ച് പൊതുമരാമത്തിൽ ഒരു ജോലി  തരപ്പെടുത്തി. ജോലിക്കിടയിലും ഒഴിവുകിട്ടുമ്പോഴെല്ലാം തന്നെ അദ്ദേഹം തന്റെ ശബ്ദത്തിൽ പാട്ടുകൾ റെക്കോർഡുചെയ്യാൻ ശ്രമിച്ചു. ഹാർമോണിയമടക്കമുള്ള സംഗീതോപകരണങ്ങൾ  അഭ്യസിക്കാൻ ശ്രമിച്ചു. മുകേഷിന്റെ പിന്നണി ഗാനരംഗത്തേക്കുള്ള ബ്രേക്കിന് പിന്നിലും ചേച്ചിയുടെ യാദൃച്ഛികസാന്നിധ്യമുണ്ട്. സ്‌കൂളിൽ  അന്നത്തെ സഹപാഠിയും പിൽക്കാലത്ത് സുപ്രസിദ്ധ സംഗീത സംവിധായകനുമായ റോഷന്റെ ഹാർമോണിയത്തിനൊപ്പിച്ച്  എല്ലാ പരിപാടികൾക്കും പാട്ടുപാടിക്കൊണ്ടിരുന്ന മുകേഷ്, ചേച്ചിയുടെ വിവാഹച്ചടങ്ങിലും പാടിത്തകർത്തു. ആ ചടങ്ങിൽ മുകേഷിന്റെ ഒരു അകന്ന ബന്ധു, മോത്തിലാൽ എന്ന ഹിന്ദി സിനിമാനടനും സന്നിഹിതനായിരുന്നു. അന്ന് കേട്ടിരുന്ന സ്വരങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായ മുകേഷിന്റെ സ്വരത്തിൽ  മോഹിതനായ അദ്ദേഹമാണ് മുകേഷിനെ ബോംബെയിലേക്ക് വരാനായി നിർബന്ധിക്കുന്നത്. 

അക്കാലത്ത് ബോംബെയിൽ ഒരൊറ്റ ശബ്ദമേ കേൾക്കാനുണ്ടായിരുന്നുള്ളൂ. കുന്ദൻ ലാൽ സൈഗൾ എന്ന കെ എൽ സൈഗൾ. സൈഗാളിന്റെ ശൈലിയോട് ആരാധനയുണ്ടായിരുന്ന മുകേഷും അറിയാതെ അദ്ദേഹത്തെ അനുകരിച്ചുപോന്നു. ആയിടെ ഒരുദിവസം, സംഗീതസംവിധായകൻ ഖേംചന്ദ് പ്രകാശിന്റെ ഓഫീസിൽ അവസരവും തേടി മുകേഷ് ചെന്നു. ആളെക്കണ്ട് സെയിൽസ്മാനാണെന്ന് തെറ്റിദ്ധരിച്ച മാനേജർ 'എന്താണ് വിൽക്കാൻ കൊണ്ടുവന്നിരിക്കുന്നത്' എന്ന് ചോദിച്ചു. ''വില്പനക്കാരനല്ല, ഞാൻ ഗായകനാണ്... ഒരവസരം തരണം..." എന്ന് ആവശ്യമറിയിച്ച മുകേഷിനെ മാനേജർ നേരെ കൊണ്ടുവിട്ടത് ഗേറ്റിനു വെളിയിലേക്കാണ്. ആട്ടിപ്പായിച്ചു എന്ന് സാരം.എന്നാൽ, അതിലൊന്നും മനസ്സുമടുക്കാതെ അദ്ദേഹം തന്റെ പരിശ്രമങ്ങൾ തുടർന്നുപോന്നു.  

മുകേഷിന്റെ ആദ്യത്തെ ബിഗ് ബ്രേക്ക് 'പെഹലി നസർ' എന്ന ചിത്രത്തിലെ 'ദിൽ ജൽതാ ഹേ തോ, ജൽനേ ദേ...' ആയിരുന്നു. അനിൽ ബിശ്വാസിന്റെ സംഗീതം, ആഹ് സീതാപുരിയുടെ വരികൾ. ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നതോ മുകേഷിന്റെ ഗോഡ് ഫാദർ ആയ മോത്തിലാലും, മുനവ്വർ സുൽത്താനയും. സംഗീത സംവിധായകനായ അനിൽ ബിശ്വാസിന് തന്റെ പ്രിയഗാനം ഒരു പുതുമുഖത്തിന്റെ സ്വരത്തിൽ റെക്കോർഡ് ചെയ്യാൻ ഒട്ടും താല്പര്യമില്ലായിരുന്നെങ്കിലും താൻ ചിത്രത്തിൽ അഭിനയിക്കണമെങ്കിൽ പാട്ടുപാടുന്നത് മുകേഷ് തന്നെ ആയിരിക്കണം എന്ന നായകൻ മോത്തിലാലിന്റെ നിർബന്ധമാണ് മുകേഷിന് ഈ സുവർണ്ണാവസരം നൽകുന്നത്. മോത്തിലാലിന്റെ നിർബന്ധത്തിനു വഴങ്ങി അവസാനനിമിഷമാണ് അനിൽ ബിശ്വാസ് സമ്മതം മൂളിയത്. 

അനിൽ ബിശ്വാസ്, മുകേഷ് 

എന്നാൽ, റെക്കോർഡിങ്ങിന്റെ അന്ന് മുകേഷ് ആകെ ഹതാശനായിരുന്നു. ആ പാട്ടുപാടാനുള്ള അവസരം തനിക്ക് നഷ്ടമായി എന്നു തന്നെ മുകേഷിന് തോന്നി. ആകെ നിരാശനായ അദ്ദേഹം മദ്യപിക്കാനായി സ്റ്റുഡിയോയ്ക്കടുത്തുള്ള ഒരു ബാറിലേക്ക് പോയി. മുകേഷ് ഇറങ്ങിപ്പോയി നിമിഷങ്ങൾക്കകമാണ് പാടാൻവേണ്ടി മുകേഷിനെത്തിരഞ്ഞ് അനിൽദാ ആളെവിടുന്നത് അപ്പോഴാണ്. മുകേഷ് ബാറിൽ മദ്യപിച്ചിരിപ്പാണെന്ന വിവരം അദ്ദേഹത്തെ ആരോ അറിയിച്ചു.  ദുർവാസാവിന്റെ പ്രകൃതമാണ് ആൾക്ക്. വിവരമറിഞ്ഞപാടെ അദ്ദേഹം നേരെ ബാറിലേക്ക് ചെന്ന് മുകേഷിനെ വലിച്ചു പുറത്തിടുന്നു. എന്നിട്ട് കരണം പുകച്ച് രണ്ടടി പറ്റിക്കുന്നു. നേരെ തൂക്കിയെടുത്ത് സ്റ്റുഡിയോയിലെത്തിച്ച് പാടാൻ പറയുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ദേഷ്യമെല്ലാം മുകേഷ് ആ ഗാനം ആലപിച്ചതോടെ അലിഞ്ഞില്ലാതായി. കാരണം, ആ പാട്ട് തനിക്ക് കിട്ടും എന്ന പ്രതീക്ഷയിന്മേൽ മുകേഷ് അത് പാടിപ്പാടി ഹൃദിസ്ഥമാക്കിയിരുന്നു. ആദ്യടേക്കിൽ തന്നെ പാട്ട് ഓക്കേ. 

കെ എൽ സൈഗാളിന്റെ കടുത്ത ആരാധകനായിരുന്ന മുകേഷ് ഈ പാട്ടിൽ അദ്ദേഹത്തെ അറിയാതെ അനുകരിച്ചു പോവുന്നുണ്ട് ശൈലിയിൽ. പിന്നീടെപ്പോഴോ അവിചാരിതമായി ഈ പാട്ട് കേൾക്കാനിടയായ കെ എൽ സൈഗാൾ ഇങ്ങനെ ആത്മഗതം ചെയ്തുവത്രേ... "ഞാൻ ഇങ്ങനെ ഒരു പാട്ട് പാടിയതായി ഓർക്കുന്നില്ലല്ലോ?"
 


 'ദിൽ ജൽതാ ഹേ തോ, ജൽനേ ദേ...'

ഈ വിഷാദഗാനം സൂപ്പർ ഹിറ്റായതോടെ രായ്‌ക്കുരാമാനം മുകേഷും പ്രസിദ്ധിയിലേക്കുയർന്നു. അതുവരെ മുകേഷിന് അവസരങ്ങൾ നിഷേധിച്ച സംഗീതസംവിധായകരെല്ലാം തന്നെ അദ്ദേഹത്തെക്കൊണ്ട് പാട്ടുകൾ റെക്കോർഡ് ചെയ്യിക്കാൻ മത്സരിച്ചു. മുകേഷ് പാടിയാൽ പാട്ട് ഹിറ്റ്. ഒപ്പം സംഗീത സംവിധായകനും. ഉദാഹരണത്തിന് നൗഷാദ് അലി 'മേള' എന്ന ചിത്രത്തിലെ ഗാനങ്ങൾ മനസ്സില്ലാമനസ്സോടെയാണ് മുകേഷിനെക്കൊണ്ട് പാടിച്ചത്. എന്നാൽ, സിനിമ റിലീസായപ്പോൾ ചിത്രത്തോടൊപ്പം 'ഗായേ ജാ ഗീത് മിലൻ കെ...' അടക്കമുള്ള പാട്ടുകളൊക്കെയും സൂപ്പർഹിറ്റുകളായി. നൗഷാദും അതോടൊപ്പം പ്രശസ്തിയുടെ പടവുകൾ കയറി. 

ആയിടെയായിരുന്നു സരൾ എന്നുപേരുള്ള ഒരു ഗുജറാത്തി യുവതിയുമായുള്ള മുകേഷിന്റെ വിവാഹം. സിനിമാക്കാരന് മകളെ വിവാഹം കഴിച്ചു നൽകാൻ ബിസിനസ്സുകാരനായ അച്ഛന് സമ്മതമായിരുന്നില്ല. മുകേഷിന്റെ അച്ഛനും വിവാഹത്തിന് അനുമതി നൽകിയില്ല. അതിനാൽ ഒരു ചെറിയ അമ്പലത്തിൽ നടന്ന വളരെ ലളിതമായ ഒരു ചടങ്ങിൽ വെച്ച് അവർ പരസ്പരം മാലയിട്ട് വിവാഹിതരായി. പൂജാരിയും സഹോദരന്മാരായ മോത്തിലാലും മോത്തി സാഗറും മാത്രമായിരുന്നു സംഭവത്തിന് സാക്ഷ്യം വഹിച്ചത്.

1947 -ൽ സൈഗളിന്റെ മരണം. അപ്പോഴേക്കും മുകേഷ് ഗായകൻ എന്നനിലയിൽ അതിപ്രശസ്തനായിരുന്നു. എന്നാൽ, തന്റെ ഇഷ്ടഗായകന്റെ ആലാപനശൈലിയുടെ സ്വാധീനം അപ്പോഴും മുകേഷിന്റെ ഗാനങ്ങളിൽ പ്രകടമായിരുന്നു. 1948 -ൽ ഇറങ്ങിയ 'അന്ദാസ്' എന്ന ചിത്രത്തിൽ വരെ മുകേഷിന്റെ ആലാപനത്തിലെ ഈ 'സൈഗൾ പ്രേതം' കാണാം. ഈ ചിത്രത്തിൽ ദിലീപ് കുമാറിന് മുകേഷും, രാജ് കപൂറിന് മുഹമ്മദ് റാഫിയുമായിരുന്നു സ്വരം പകർന്നത്. അത് അധികം താമസിയാതെ പരസ്പരം വെച്ചു മാറാൻ പോവുകയാണ് എന്നും, രാജ് കപൂറിന്റെ സ്വരമായി മുകേഷ് മാറാൻ പോവുകയാണ് എന്നും പലർക്കും അന്ന് അറിയില്ലായിരുന്നു.

അതേവർഷം ഇറങ്ങിയ 'ആഗ്' എന്ന ചിത്രത്തിലാണ് ആദ്യമായി മുകേഷ്, രാജ് കപൂറിന് വേണ്ടി പാടുന്നത്. 1949 -ലാണ് രാമാനന്ദ സാഗറിന്റെ തിരക്കഥയിൽ രാജ് കപൂർ 'ബർസാത്' എന്ന മെഗാഹിറ്റ് ചിത്രമൊരുക്കുന്നത്. ഈ ചിത്രത്തിന്റെ സംഗീത സംവിധായകരായ ശങ്കർ-ജയ്‍കിഷൻ ടീമും, സംവിധായകൻ രാജ് കപൂറും ചേർന്നാണ് മുകേഷിന്റെ ശബ്ദത്തെ 'സൈഗാൾ മുക്ത'മാക്കുന്നത്'. ലതാ മങ്കേഷ്‌കർ എന്ന സഹഗായികയ്ക്കും ഇതിൽ ചെറുതല്ലാത്ത പങ്കുണ്ട്. മുകേഷിന്റെ ശുപാർശകളിന്മേലാണ്, ലതാ മങ്കേഷ്കറിന് പല സിനിമകളിലും അവസരം കിട്ടുന്നത്. അതുകൊണ്ടുതന്നെ മുകേഷ് എന്നും ലതയുടെ പ്രിയപ്പെട്ട 'മുകേഷ് ഭയ്യ' ആയിരുന്നു.

 

മുകേഷ്, ലതാ മങ്കേഷ്കര്‍

1950 -ൽ നായകനായി പാടി അഭിനയിക്കാൻ 'മാഷുകാ' എന്ന ചിത്രത്തിലൂടെ ഒരു അവസരം കൈവന്നു. അതായിരുന്നു മുകേഷിന്റെ കരിയറിലെ ഏറ്റവും വലിയ അബദ്ധം. നിർമാതാവിന്റെ കരാർ വ്യവസ്ഥകൾ വേണ്ടുംവിധം വായിച്ചുനോക്കാതെ ഒപ്പിട്ടുകൊടുത്ത മുകേഷിന് അതിലെ ഒരു വ്യവസ്ഥ നഷ്ടപ്പെടുത്തിയത് പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴുള്ള മൂന്നു വർഷമാണ്. സിനിമ തീർന്ന് റിലീസാകും വരെ മുകേഷ് മറ്റു സിനിമകളിൽ പ്രവർത്തിക്കരുത് എന്നതായിരുന്നു ആ വ്യവസ്ഥ. അത് 'ശ്രീ 420' പോലുള്ള സൂപ്പർഹിറ്റ് ചിത്രങ്ങളിലെ ഏറെ ജനപ്രിയമായിത്തീർന്ന പല ഗാനങ്ങളും അദ്ദേഹത്തിന് നഷ്ടമാക്കി. ആ സിനിമയ്ക്കുവേണ്ടി രാജ് കപൂർ നേരത്തെ തന്നെ റെക്കോർഡ് ചെയ്തുവെച്ചിരുന്ന, 'മേരാ ജൂതാ ഹേ ജാപ്പാനി...' മാത്രം കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. അക്കാലത്തുതന്നെ ആവാരാ എന്ന ചിത്രത്തിൽ രാജ് കപൂറിനുവേണ്ടി പാടിയ 'ആവാരാ ഹൂം...' എന്ന ഗാനം റഷ്യയിൽ വരെ രാജ്‍കപൂറിനെ ജനപ്രിയനാക്കി. അതിനു ശേഷം രാജ് കപൂറിന്റെ സ്വരമായി മുകേഷ് മാറി. മറ്റാരെക്കൊണ്ടും പാടിക്കാൻ രാജ്‍കപൂർ തയ്യാറായില്ല. 

മുകേഷിനെപ്പറ്റി പൊതുവെ ഉണ്ടായിരുന്ന ആക്ഷേപം അദ്ദേഹത്തിന് ഹിന്ദുസ്ഥാനി സംഗീതത്തിൽ കാര്യമായ അവഗാഹമില്ല എന്നതായിരുന്നു. എന്നാൽ 1968 -ൽ പുറത്തിറങ്ങിയ 'സരസ്വതിചന്ദ്ര' എന്ന ചിത്രത്തിനുവേണ്ടി കല്യാൺജി-ആനന്ദ്ജി ചിട്ടപ്പെടുത്തി മുകേഷ് ആലപിച്ച 'ചന്ദൻ സാ ബദൻ' എന്നുതുടങ്ങുന്ന ഗാനം ആ അപശ്രുതിക്കും പരിഹാരമുണ്ടാക്കി. ഈ പാട്ടിന്റെ റെക്കോർഡിങ് വേളയിലെ രസകരമായൊരു കഥ ഹിന്ദി സിനിമാ ലോകത്ത് പ്രസിദ്ധമാണ്. അന്ന് ഈ പാട്ടുപാടാൻ വേണ്ടി മുകേഷ് റെക്കോർഡിങ് സ്റ്റുഡിയോയിൽ തന്റെ മെഴ്സിഡസ് ബെൻസ് കാറിലായിരുന്നു വന്നിറങ്ങിയത്. അവിടെ അവസരമന്വേഷിച്ചു വന്ന ഏതോ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ കല്യാൺജിയോട് പരിഭവം പറഞ്ഞു. "ഹിന്ദുസ്ഥാനി സംഗീതം തൊട്ടുതെറിച്ചിട്ടില്ലാത്ത ഈ മുകേഷിനെപ്പോലുള്ള പിന്നണിഗായകൻ ഇവിടെ ബെൻസുകാറിൽ വന്നിറങ്ങുന്നു, ഞങ്ങൾ സംഗീതോപാസകർ ബിഎസ്‌ടി ബസ്സിൽ തള്ളുകൊള്ളുന്നു. വല്ലാത്ത കലികാലം തന്നെ..." കല്യാൺജി അപ്പോൾ മറുപടിയൊന്നും പറയാൻ നിന്നില്ല. റെക്കോർഡിങ് സ്റ്റുഡിയോയിൽ അയാളെക്കൂടി പിടിച്ചിരുത്തി. യമൻ രാഗത്തിൽ ചിട്ടപ്പെടുത്തിയ ആ സുന്ദരമായ ഗാനം മുകേഷ് ശ്രുതിമധുരമായ ആലപിച്ചപ്പോൾ ഈ വിമർശകനും ലയിച്ചു കേട്ടിരുന്നു. റെക്കോർഡിങ് കഴിഞ്ഞ് മുകേഷ് തന്റെ ബെൻസിൽ കേറി തിരിച്ചുപോയപ്പോൾ, നേരത്തെ പരാതി പറഞ്ഞ ആളെ പിടിച്ചു നിർത്തി കല്യാൺജി ചോദിച്ചു, "ഇപ്പോൾ മനസ്സിലായോ, മുകേഷ് എന്തുകൊണ്ടാണ് ബെൻസിൽ വന്നിറങ്ങുന്നത് എന്ന്..?" അദ്ദേഹത്തിന് വേണ്ട ഉത്തരം കിട്ടിക്കഴിഞ്ഞിരുന്നു.

'ചന്ദൻ സാ ബദൻ'

1967 -ൽ ഇറങ്ങിയ തന്റെ ഉപ്‍കാർ എന്ന ചിത്രത്തിൽ മുകേഷിനെക്കൊണ്ട് പാടിച്ച 'ദീവാനോം സെ യെ മത് പൂഛോ...' എന്ന ഗാനത്തോടെ മുകേഷിന്റെ ആരാധകനായി നടനും സംവിധായകനുമായ മനോജ്‌കുമാർ. പിന്നീട് അദ്ദേഹം 1970 -ലെ ദേശഭക്തിചിത്രമായ 'പൂരബ് ഓർ പശ്‌ചിം' എടുത്തപ്പോഴും മുകേഷിനെക്കൊണ്ട് ഒരു പാട്ടെങ്കിലും പാടിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചു. കല്യാൺജി-ആനന്ദ്ജി ആ ചിത്രത്തിനുവേണ്ടി വളരെ സങ്കീർണ്ണമായ ഒരു ഗാനം ചിട്ടപ്പെടുത്തിയിരുന്നു. ഒരു ഷുവർ ഹിറ്റ്! ചിത്രത്തിലെ മറ്റു ഗാനങ്ങളൊക്കെയും വിശ്വസിച്ച് മഹേന്ദ്രകപൂറിനെ ഏൽപ്പിച്ച മനോജ്‌കുമാറിന് പക്ഷേ ഈ ഗാനം  ആലപിക്കാൻ മുകേഷ് തന്നെ വേണം എന്ന് നിർബന്ധമായിരുന്നു. ഇത് പാടാൻ മുകേഷ് ഏറെ പണിപ്പെട്ടു. ഒടുവിൽ നാൽപതു ടേക്കുകൾക്കൊടുവിൽ കല്യാൺജി-ആനന്ദ്ജി ഓക്കേ പറഞ്ഞപ്പോൾ, ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും വിഷാദമധുരമായ ഗാനങ്ങളിൽ ഒന്ന് പിറക്കുകയായിരുന്നു, 'കോയി ജബ് തുമാരാ ഹൃദയ് തോഡ് ദേ...'

'കോയി ജബ് തുമാരാ ഹൃദയ് തോഡ് ദേ...'

മുകേഷിനെയും മഹേന്ദ്രകപൂറിനേയും ചേർത്തുകൊണ്ട് മറ്റൊരു രസകരമായ കഥയുമുണ്ട്. ഒരിക്കൽ മഹേന്ദ്രകപൂർ തന്റെ അനന്തരവന്റെ സ്‌കൂളിലെ ഒരു പരിപാടിക്ക് മുകേഷിനെക്കൊണ്ട് പാടിക്കാനുറപ്പിച്ചു. ഒരു പരിപാടിക്ക് എത്രയാണ് വാങ്ങുന്നത് എന്ന് മുകേഷിനോട് ചോദിച്ചു. മുകേഷ് മൂവായിരം രൂപ എന്ന് മറുപടി പറഞ്ഞു. എഴുപതുകളിലെ മൂവായിരം രൂപയാണെന്ന് ഓർക്കണം. എന്നാലും മഹേന്ദ്രകപൂർ സമ്മതിച്ചു. മുകേഷിനെക്കൊണ്ട് ആ പരിപാടിക്ക് പാടിക്കുക എന്നത് അദ്ദേഹത്തിന്റെ അഭിമാനപ്രശ്നമായിരുന്നു. ഒടുവിൽ പരിപാടി കഴിഞ്ഞപ്പോൾ മുകേഷ് നയാപ്പൈസ വാങ്ങിയില്ല. കാരണം ചോദിച്ചപ്പോൾ മുകേഷ് പറഞ്ഞ മറുപടി ഇതായിരുന്നു, "ഞാൻ മൂവായിരം രൂപയാണ് വാങ്ങാറ് എന്നാണ് പറഞ്ഞത്, അല്ലാതെ മൂവായിരം രൂപ നിങ്ങളോട് വാങ്ങും എന്നല്ല!"

മുകേഷിന്റെ പാട്ടുകളെപ്പറ്റി പറഞ്ഞുകേൾക്കുന്ന മറ്റൊരു ലെജൻഡ് 'അനാഡി' എന്ന ചിത്രത്തിൽ ശൈലേന്ദ്ര എഴുതി ശങ്കർ ജയ്‍കിഷൻ സംഗീതം പകർന്ന 'കിസീ കെ മുസ്‍കുരാഹട്ടോം പേ' എന്നുതുടങ്ങുന്ന ഗാനമാണ്. അക്കാലത്ത് ബോംബെയിലെ ആശുപത്രികളിലൊന്നിൽ ഓർമയില്ലാതെ കോമയിൽ കിടന്നിരുന്ന ഒരു കുട്ടിയുണ്ടായിരുന്നു. ആ കുട്ടിയുടെ അച്ഛൻ ഡോക്ടറോട് ഒരു കാര്യം പറഞ്ഞിരുന്നു. മകൻ ബോധം പോവുന്നതിന് മുമ്പുള്ള സമയത്ത് ഈ പാട്ട് സ്ഥിരമായി കേൾക്കുമായിരുന്നു, അത് അവന് ഏറെ ഇഷ്ടമായിരുന്നു എന്ന്. ഡോക്ടർ ഈ പാട്ടിന്റെ കാസറ്റ് ഒരു ടേപ്പ് റിക്കോർഡറിൽ ഇട്ട് കുട്ടിയെ കുറേവട്ടം കേൾപ്പിച്ചു. ഈ പാട്ട് അവന്റെ തലച്ചോറിൽ എന്തൊക്കെയോ അനുരണനങ്ങൾ ഉണ്ടാക്കി. അല്പനേരത്തിനകം അവൻ കണ്ണുതുറന്നു. 

പാടിയ പാട്ടുകളിൽ മുക്കാലും ശോകാർദ്രഗാനങ്ങളായിരുനെങ്കിലും പലരും മുകേഷിനെ ഓർക്കുന്നത് ഒരു പ്രണയഗാനത്തിന്റെ പേരിലാണ്. അതിലും വിഷാദം ചാലിച്ചിട്ടുണ്ട് പൊടിക്ക്. ചിത്രം 1776 -ൽ യഷ് ചോപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'കഭീ കഭി'യിലെ ശീർഷകഗാനം. ആ ഗാനത്തിന് യഷ് ചോപ്ര ഒരുക്കിയ മഞ്ഞുവീഴുന്ന കശ്‍മീർ താഴ്വരയുടെ ദൃശ്യങ്ങൾ പ്രണയത്തിന്റെ ഓർമകളായി പ്രേക്ഷകരുടെ മനസ്സുകളിൽ പതിഞ്ഞു. സാഹിർ ലുധിയാൻവി എഴുതി ഖയ്യാം സംഗീതം കൊടുത്ത്, മുകേഷിന്റെ  വിഷാദമധുരസ്വരത്തിൽ നിന്നും അപൂർവമായി മാത്രം പുറപ്പെട്ട ഒരു കാല്പനിക ഗാനം.. "കഭീ കഭീ മേരെ ദിൽ മേം... ഖയാൽ ആതാ ഹേ...' പിന്നീട് തലമുറകളുടെ പ്രണയങ്ങൾക്ക് ഈ ഗാനം പശ്ചാത്തലമൊരുക്കി. 

മുകേഷിന് സരളയിൽ അഞ്ചുമക്കളുണ്ടായി. ഇരുവീട്ടുകാരും തമ്മിലുള്ള ശത്രുതകാരണം ഏറെ നാൾ നീളില്ല എന്ന് പലരും പറഞ്ഞ ആ ബന്ധം മുപ്പതു സംവത്സരങ്ങൾ പിന്നിട്ടു. ഒടുവിൽ 1976 -ൽ അമേരിക്കയിൽ ലതാമങ്കേഷ്കറിനോടൊപ്പം ഒരു സംഗീതപരിപാടിക്ക് മകൻ നിതിനെയും മുകേഷ് കൂടെക്കൂട്ടിയിരുന്നു. ആരോഗ്യം മോശമായിരുന്നതിനാൽ മിക്കവാറും പാട്ടുകൾ മകനെക്കൊണ്ടാണ് മുകേഷ് പാടിച്ചിരുന്നത്. 1976 ഓഗസ്റ്റ് 27 -ന് രാവിലെ ഹാർമോണിയം എടുത്ത് വായിച്ചു. എന്നിട്ട് മകനോട് പറഞ്ഞു, "ഇന്ന് നീ പാടണ്ട... ആളുകൾക്ക് എന്നെ കേൾക്കാൻ ആഗ്രഹമുണ്ടാകും, ഞാൻ പാടിക്കോളാം." നിതിൻ തലകുലുക്കി.  ഉച്ചക്ക് അദ്ദേഹം ഭക്ഷണം കഴിച്ചു. പതിവുള്ള രണ്ട് പെഗ്ഗും കഴിച്ചു. പരിപാടിക്ക് ഇനിയും സമയമുണ്ടായിരുന്നു. ഏഴുമണിക്കായിരുന്നു ഷോ. കടുത്ത നെഞ്ചുവേദന വന്ന് മുകേഷ് നിലത്തുവീണു. അന്ന് ഡെട്രോയിറ്റിൽ ഡോക്ടർമാരുടെ സമരമായിരുന്നു. അതുകൊണ്ട് അടിയന്തര ചികിത്സ കിട്ടാൻ കാലതാമസമുണ്ടായി. മുകേഷ് മകനോട് പറഞ്ഞു, "അസുഖത്തെപ്പറ്റി ലതയോട് പറയണ്ട, ആറുമണിയാവുമ്പോഴേക്കും ഞാൻ ഓക്കെയാവും... ഞാൻ തന്നെ പാടാം..." ഒടുവിൽ ഏറെ വൈകി, ആംബുലൻസ് വന്നു. അതിലേറി ആശുപത്രിയിലേക്കുപോകും വഴി മുകേഷ് ഈ ലോകം വിട്ടുപോയി. ഷോ തുടങ്ങുന്നതിന് പത്തു മിനുട്ടുമുമ്പ് ആ വിവരം നിറഞ്ഞുകവിഞ്ഞ സദസ്സിനെ ഞെട്ടിച്ചുകൊണ്ട് അനൗൺസ് ചെയ്യപ്പെട്ടു, "മുകേഷിന്റെ വിഷാദമധുരസ്വരം നിലച്ചിരിക്കുന്നു..." 

മിലനിലെ സാവൻ കാ മഹീനാ,  യഹൂദിയിലെ യേ മേരാ ദീവാനാ പൻ ഹേ,  ധരം കരമിലെ ഇക് ദിൻ ബിക് ജായേഗാ, തീസ്‌രി കസമിലെ സജൻ രെ ഛൂട്ട് മത് ബോലോ, മര്യാദയിലെ സുബാൻ പേ ദർദ് ഭരീ, സംജോഗിലെ ഭൂലീ ഹുയി യാദോം, മേരാ നാം ജോക്കറിലെ  ജാനേ കഹാം ഗയെ വോ ദിൻ, ഷോറിലെ ഏക് പ്യാർ കാ നഗ്മാ ഹേ, കഭീകഭീയിലെ മേം പൽ ദോ പൽ കാ ഷായർ ഹൂം, ആനന്ദിലെ കഹീ ദൂർ ജബ് ദിൻ, മുക്തിയിലെ സുഹാനീ ചാന്ദ്നി രാതേം,  ഛലിയയിലെ ദം ദം ദിഗാ ദിഗാ, ഹിമാലയ് കെ ഗോദ് മേംലെ ചാന്ദ് സി മെഹ്ബൂബാ ഹോ മേരി എന്നീ ഗാനങ്ങൾ ഏറെ ജനപ്രിയമായിരുന്നു.

ആശാ ഭോസ്‌ലെ, മുകേഷ്, ലതാ മങ്കേഷ്‌കർ, കിഷോർ കുമാർ, മന്നാ ഡേ

അമ്പത്തിമൂന്നാമത്തെ വയസ്സിൽ വന്ന ഒരു ഹൃദയസ്തംഭനം മുകേഷെന്ന അനുഗൃഹീത ഗായകന്റെ ശബ്ദം കെടുത്തിക്കളഞ്ഞെങ്കിലും പാടിമുഴുമിച്ചിട്ടുപോയ എത്രയോ അവിസ്മരണീയ ഗാനങ്ങളിലൂടെ ഇന്നും അദ്ദേഹം ജനഹൃദയങ്ങളിൽ ജീവിക്കുന്നു. ഇന്ന്, മുകേഷിന്റെ ഓർമ്മനാൾ!