Asianet News MalayalamAsianet News Malayalam

ദില്ലി കലാപത്തെക്കുറിച്ച് അന്വേഷിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ ശാസിച്ച ഓഫീസർ

ക്യാമ്പസിൽ കുടുങ്ങിപ്പോയ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് പൊലീസ് അന്ന് ക്യാമ്പസിൽ കയറിയത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ, അധികം താമസിയാതെ പൊലീസ് ലൈബ്രറിക്കുള്ളിൽ കയറി കുട്ടികളെ തല്ലിച്ചതക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തായിരുന്നു.

Officer inquiring Delhi riots once slammed by election commission
Author
Delhi, First Published Feb 28, 2020, 12:27 PM IST

ദില്ലി കലാപത്തെക്കുറിച്ച് ദില്ലി പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. രണ്ട് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമുകൾ രൂപീകരിച്ചുകൊണ്ടാണ് അന്വേഷണങ്ങൾ പുരോഗമിക്കുന്നത്. കലാപബാധിത പ്രദേശത്തിന്റെ വിസ്തൃതി ഏറെ കൂടുതലാണ് എന്നതുകൊണ്ടാണ് രണ്ടു ടീമുകളെ അന്വേഷണം ഏല്പിച്ചിരിക്കുന്നത്. ഓരോ ടീമും ഓരോ ഡിസിപി ലീഡ് ചെയ്യും. ഡിസിപിമാരായ രാജേഷ് ദേവ്, ജോയ് ടിർക്കി എന്നിവരാണ് സംഘങ്ങളെ നയിക്കുന്നത്. 

എന്നാൽ, ഈ രണ്ടുപേരും ഈയിടെ വാർത്തകളിൽ നിറഞ്ഞവരാണ്. അവരാണ് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല, ജെഎൻയു എന്നിവിടങ്ങളിൽ നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. ഇതിൽതന്നെ രാജേഷ് ദേവിന്റെ പേര് പത്രങ്ങളിൽ കൂടുതലായി വന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീരസത്തിന് ഈയിടെ പാത്രമായ പൊലീസ് ഓഫീസറാണ് ഡിസിപി ദേവ്. ഷാഹീൻ ബാഗിൽ വെടിവെപ്പുണ്ടായപ്പോൾ, അക്രമി കപിൽ ബൈസാലയ്ക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും തമ്മിൽ ബന്ധമുണ്ട് എന്നമട്ടിലുള്ള പ്രസ്താവനകൾ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ദേവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. 

പത്രസമ്മേളനം നടത്തി അന്ന് ഡിസിപി ദേവ് പറഞ്ഞത്, കപിലിന്‍റെ കയ്യിൽ നിന്ന് പിടിച്ചെടുത്ത ഫോണിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ഒരു വർഷം മുമ്പ് കപിലും അച്ഛൻ ഗജേന്ദ്ര സിങ്ങും ആം ആദ്‍മി പാർട്ടിയിൽ ചേർന്നിരുന്നു എന്നതിന് തെളിവുണ്ട് എന്നായിരുന്നു. അന്ന് കപിലിനോട് സാമ്യമുള്ള ഒരാളും അരവിന്ദ് കെജ്‌രിവാളും ഒന്നിച്ചു നിൽക്കുന്ന ഒരു ചിത്രവും ഡിസിപി ദേവ് മാധ്യമങ്ങൾക്ക് നൽകിയിരുന്നു. ഈ വെളിപ്പെടുത്തലിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി അവർക്ക് ഹിതകരമാകും വിധം എടുത്ത് ഉപയോഗിക്കുകയുണ്ടായി അന്ന്. 

അന്വേഷണങ്ങളുടെ പ്രാരംഭദശയിൽ ഒരു രാഷ്ട്രീയ പാർട്ടിയെക്കുറിച്ചും, അവരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചും ഇത്തരത്തിലുള്ള ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുന്നത് അവരുടെ തെരഞ്ഞെടുപ്പിലെ ജയസാധ്യതയെ ബാധിക്കും എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണം. ഈ കമന്റിന്റെ പേരിൽ ദേവിനെ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഏഴയലത്തേക്ക് പോകുന്നതിൽ നിന്ന് കമ്മീഷൻ വിലക്കിയിരുന്നു. തനിക്കോ തന്റെ മകനോ ആം ആദ്‍മി പാർട്ടിയുമായി യാതൊരു ബന്ധവുമില്ല എന്നാണ് കപിലിന്‍റെ അച്ഛൻ ഗജേന്ദ്ര സിംഗ് അന്ന് വിശദീകരിച്ചത്. 

ജാമിയ/ജെഎൻയു അക്രമങ്ങളുടെ അന്വേഷണവും എങ്ങുമെത്താതെ വഴിമുട്ടി നിൽക്കുകയാണ്. ജാമിയ കേസിൽ ഡിസംബർ 15 -ന് പൊലീസ് ക്യാമ്പസിൽ കയറാനിടയാക്കിയ, അതിനു തൊട്ടുമുമ്പ് നടന്ന അക്രമങ്ങളുടെ പേരിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കല്ലേറും തിക്കും തിരക്കും നടക്കുന്നതിനിടെ ക്യാമ്പസിൽ കുടുങ്ങിപ്പോയ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് പൊലീസ് അന്ന് ക്യാമ്പസിനുള്ളിലേക്ക് പ്രവേശിച്ചത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ, കുറ്റപത്രം വന്ന് അധികം താമസിയാതെയാണ് പൊലീസ് ലൈബ്രറിക്കുള്ളിൽ കയറി കുട്ടികളെ പ്രതിഷേധിച്ചവരോ അല്ലാത്തവരോ എന്ന യാതൊരു വിവേചനവും കൂടാതെ നിർദ്ദയം തല്ലിച്ചതക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. 

ജെഎൻയു ആക്രമണക്കേസിന്റെ അന്വേഷണത്തിലും കാര്യമായ ഒരു പുരോഗതിയും പൊലീസിന് ഉണ്ടായിട്ടില്ല. എന്തായാലും അഡീഷണൽ ക്രൈം ബ്രാഞ്ച് കമ്മീഷണർ ബികെ സിംഗ് ഈ രണ്ടു സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെയും മേൽനോട്ടം വഹിക്കും. കലാപത്തിൽ ഇതുവരെ 48 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. 130 പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുമുണ്ട്. ഉത്തരപൂര്‍വ ദില്ലിയിൽ ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണാധീനമാണെന്നും, കുറ്റക്കാർക്കെതിരെ സത്യസന്ധമായ അന്വേഷണം നടത്തി, തെളിവുകളുടെ അടിസ്ഥാനത്തിൽ ത്വരിതഗതിയിലുള്ള നടപടികൾ സ്വീകരിക്കും എന്നും പൊലീസ് ഉറപ്പുപറയുന്നുണ്ട്. 
 

Follow Us:
Download App:
  • android
  • ios