സപ്‍തംബര്‍ 16... ഇന്ന് ഓസോണ്‍ ദിനമാണ്. സുഖപ്പെടുത്തലിന്‍റെ 32 വര്‍ഷങ്ങള്‍ എന്നതാണ് ഈ ഓസോണ്‍ ദിനത്തിന്‍റെ പ്രമേയം. സൂര്യനില്‍ നിന്നെത്തുന്ന ജീവന് ഭീഷണിയായ ചില രശ്മികളുണ്ട്. അവയില്‍നിന്നും നമ്മെ സംരക്ഷിച്ചുനിര്‍ത്തുന്ന കുടയാണ് ഭൗമാന്തരീക്ഷത്തിന്‍റെ മുകള്‍ത്തട്ടിലുള്ള ഓസോണ്‍പാളി. 

ഓസോണ്‍ പാളിയുടെ നാശത്തെ കുറിച്ചുള്ള ആശങ്കകളിലായിരുന്നു ലോകം. അന്തരീക്ഷത്തിലുള്ള ഓസോണിന്‍റെ അളവ് പത്തുവര്‍ഷം കൂടുമ്പോള്‍ മാത്രമാണ് ഒന്നുമുതല്‍ മൂന്നുശതമാനം വരെ വര്‍ധിക്കുന്നത് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഏതായാലും, ഇത്തവണത്തെ ഓസോണ്‍ ദിനം ആശങ്കയ്ക്ക് പകരം ആശ്വാസത്തിന്‍റേതാണ്. 

ഓസോണ്‍പാളിയുടെ നാശം
ഓസോണ്‍ പാളിയുടെ നാശം ഒരു വലിയ പ്രശ്നമായി നിലനില്‍ക്കുകയായിരുന്നു. നൈട്രസ് ഓക്സൈഡ്(NO), നൈട്രിക് ഓക്സൈഡ്(N2O), ഹൈഡ്രോക്സിൽ(OH), അറ്റോമിക ക്ലോറിൻ(Cl), ബ്രോമിൻ(Br) എന്നിവയെല്ലാം ഓസോൺ പാളിയുടെ നാശത്തിനു കാരണമാകാം. എന്നാല്‍, മനുഷ്യ നിർമ്മിതങ്ങളായ ക്ലോറോഫ്ലൂറോ കാർബൺ(CFC), ബ്രോമോഫ്ലൂറോ കാർബൺ എന്നിവയാണ് ഇന്ന് ഓസോണിന് ഏറ്റവും വലിയ ഭീഷണിയായിരിക്കുന്നത്. ഹൈഡ്രോ ക്ലോറോഫ്ലൂറോ കാർബൺ ഇനത്തിൽ വരുന്ന വസ്തുക്കളും ഓസോൺ പാളിയുടെ നശീകരണത്തിനു കാരണമായി കണ്ടെത്തിയിട്ടുണ്ട്. ഓസോണ്‍ പാളിയുടെ നാശത്തെ സംബന്ധിച്ച് നേരത്തെയുണ്ടായിരുന്ന പല കണ്ടെത്തലുകളെല്ലാം ആശങ്കയേറ്റുന്നവയായിരുന്നു. 

ഓസോണ്‍ പാളിയിലെ വിള്ളല്‍ കണ്ടെത്തിയതോടെയാകട്ടെ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ഓസോണ്‍ പാളി സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിരുന്നു. അങ്ങനെയാണ് മോണ്‍ട്രിയല്‍ പ്രോട്ടക്കോള്‍ എന്ന ഉടമ്പടി രൂപീകരിക്കപ്പെടുന്നത്. അന്ന്, അതായത് 1987 സപ്തംബര്‍ 16-ന് UNEP (United Nations Environment Programme)-യുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഉടമ്പടിയാണിത്. അന്ന് 24 രാജ്യങ്ങളാണ് ഇതിനായി ഒത്തുചേര്‍ന്നതെങ്കിലും ഇന്നത് 197 രാജ്യങ്ങളംഗീകരിച്ച ഉടമ്പടിയായി വളര്‍ന്നിട്ടുണ്ട്. 

ഈ ഉടമ്പടി നടപ്പിലാക്കുന്നതില്‍ രാജ്യങ്ങള്‍ വിമുഖത കാണിച്ചില്ല. ഓസോണിനെ നാശത്തിലേക്ക് നയിക്കുന്ന രാസവസ്‍തുക്കളുടെ ഉപയോഗം കുറക്കാനുള്ള നടപടികള്‍ രാജ്യങ്ങളെല്ലാം കൈക്കൊണ്ടു. 1987 -ല്‍ ആഗോളതലത്തില്‍ത്തന്നെ 1.8 ദശലക്ഷം ടണ്‍ ആയിരുന്ന രാസവസ്‍തുക്കളുടെ ഉത്പാദനം 2012 ആയപ്പോഴേക്കും 45000 ടണ്‍ ആയി കുറഞ്ഞതും ഇതിന്‍റെ ഭാഗമായിട്ടായിരിക്കാം. അതിനെ പിന്തുടര്‍ന്ന് തന്നെയാണ് ഓസോണിലെ ദ്വാരങ്ങള്‍ ചുരുങ്ങുന്നു എന്ന സന്തോഷവാര്‍ത്ത നമുക്ക് മുന്നിലേക്ക് എത്തുന്നതും. 2060 ആകുമ്പോഴേക്കും ഓസോണ്‍ പാളി 1980 -കളുടെ മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.