നൂറുവർഷത്തിൽ ഒരിക്കൽ മഹാമാരി ഒരെണ്ണം ഭൂമിയിലേക്ക് വന്നിറങ്ങുക. അതിൽ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ പൊലിയുക. ഇങ്ങനെ ഒരനുഭവം മാനവ രാശിയുടെ ചരിത്രത്തിൽ ഉള്ളത് കേവലം യാദൃച്ഛികം മാത്രമാണോ? അതോ എന്തെങ്കിലും ദുർഭാഗ്യം പേറുന്നവയാണോ കഴിഞ്ഞ നാലു നൂറ്റാണ്ടിലേയും ഇരുപതാം വർഷങ്ങൾ ? എന്തായാലും, ഇന്നാട്ടിലെ ഗൂഢാലോചനാ സിദ്ധാന്തക്കാർക്ക് പുതിയ കഥകൾ പടയ്ക്കാൻ അവസരം നൽകുന്ന രീതിയിലാണ് ചരിത്രത്തിലെ മഹാമാരികളുടെ പോക്ക്.  

1720 -ലെ മാർസെയിലിലെ ഗ്രേറ്റ് പ്ളേഗ് 

ഈ ഗണത്തിൽ പെട്ട ആദ്യത്തെ മഹാമാരിയുടെ വരവറിയിക്കുന്നത് 1720 -ലാണ്. ബ്യൂബോണിക് പ്ളേഗ് എന്നറിയപ്പെട്ട പ്ളേഗുകളുടെ അവസാനത്തെ ഔട്ട് ബ്രേക്ക് ആയിരുന്നു മാർസെയ്ലിലെ മഹാമാരി. ഇത് ഏഷ്യയിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് കരുതുന്നു. ഈച്ചകളിലൂടെ പ്ലേഗ് മിക്കവാറും ഭൂഖണ്ഡങ്ങളിലെയ്ക്ക് വ്യാപിച്ചു. അക്കാലത്ത് പ്രധാന നഗരകേന്ദ്രങ്ങളായ തുറമുഖങ്ങൾ എലികൾക്കും ഈച്ചകൾക്കുമുള്ള മികച്ച പ്രജനന കേന്ദ്രമായിരുന്നു. അതിനാൽ ബാക്ടീരിയ അവിശ്വസനീയമാം വിധം വളർന്ന്, മൂന്ന് ഭൂഖണ്ഡങ്ങളെയും നശിപ്പിച്ചു. അന്ന് ഫ്രാൻസിലെ ഈ പട്ടണത്തിൽ ആദ്യം ഒരു ലക്ഷം പേരും, അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ സമീപപ്രദേശങ്ങളിൽ ഒരു ലക്ഷം പേരും മരണമടഞ്ഞു. 

 

 

ഈ പ്ളേഗിന് ശേഷമാണ് മാർസെയ്ൽ പട്ടണം ആദ്യമായി ഒരു സാനിറ്റേഷൻ ബോർഡ് സ്ഥാപിക്കുന്നത്. നഗരത്തിലെ ആദ്യത്തെ ഗവൺമെന്റ് ആശുപത്രി വരുന്നതും, ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ഒരു ഫുൾ ടൈം സ്റ്റാഫ് ആ ആശുപത്രിയിൽ നിയമിതമാകുന്നതും ഒക്കെ ഈ പ്ളേഗ് പഠിപ്പിച്ച പാഠങ്ങളുടെ ബലത്തിലായിരുന്നു. നഗരത്തിലെ തുറമുഖങ്ങളിൽ അടുപ്പിക്കുന്ന കപ്പലുകൾ പരിശോധിച്ച് ആരോഗ്യ വിഭാഗം വേണമെങ്കിൽ കപ്പലിനെ ക്വാറന്റൈൻ ചെയ്യാൻ തീരുമാനമെടുക്കുന്നതും ഒക്കെ ഇതിനു ശേഷമാണ്. അന്ന് നിലവിൽ വന്ന പാർലമെന്റ് ഓഫ് ദി ഐക്സ് ആക്റ്റ് പ്രകാരം ലോക്ക് ഡൌൺ ലംഘിച്ചുകൊണ്ട് ഏതെങ്കിലും തരത്തിൽ മാർസെയ്ൽ നഗരവുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നവർക്ക് വധശിക്ഷയാണ് നല്കപ്പെട്ടിരുന്നത്. 

1820 -ലെ ഏഷ്യാറ്റിക് കോളറ 

അതുകഴിഞ്ഞ് അടുത്ത നൂറുകൊല്ലം മഹാമാരികളുടെ കാര്യമായ ഘോഷയാത്രയോനും ഉണ്ടായില്ല. അടുത്ത മഹാമാരിയുടെ തുടക്കം 1817 -ൽ ആയിരുന്നു. ഏഷ്യാറ്റിക് കോളറ എന്നായിരുന്നു ആ മഹാമാരിയുടെ പേര്. അത് അതിന്റെ പരമാവധി രൗദ്രഭാവത്തിൽ എത്തുന്നത് 1820 ആയിരുന്നു. കൽക്കട്ടയിൽ നിന്നുത്ഭവിച്ച ആ മഹാവ്യാധി ഇന്തോനേഷ്യയിലും തായ്‌ലണ്ടിലും ഫിലിപ്പീൻസിലെ ഒക്കെ പടർന്നുപിടിച്ച് കവർന്നത്  ഒരു ലക്ഷത്തിലധികം പേരുടെ ജീവനാണ്.

 

കടുത്ത അതിസാരവും, ഛർദിയും, പേശീവലിവുമാണ് ഇതിന്റെ ലക്ഷണങ്ങൾ. കടുത്ത ഡീഹൈഡ്രേഷനും ഇലക്ട്രോലൈറ്റ് കുറവും ശരീരത്തിൽ അനുഭവപ്പെടും. കണ്ണുകൾ കുഴിയിലേക്ക് താഴും. ദേഹം നീലനിറമാകും. ശുദ്ധമല്ലാത്ത ജലത്തിലൂടെ ബാക്ടീരിയ വഴിയാണ് കോളറ പകരുന്നത്. 

1920 -ൽ പത്തുകോടി പേരുടെ ജീവനെടുത്ത സ്പാനിഷ് ഫ്ലൂ 

ഈ മഹാമാരിക്ക് കൃത്യം നൂറുകൊല്ലം കഴിഞ്ഞ്, 1918 ലാണ്, മാനവ ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരി ഉണ്ടാകുന്നത്. സ്പാനിഷ് ഫ്ലൂ എന്ന ഈ അസുഖം അക്ഷരാർത്ഥത്തിൽ ഒരു പാൻഡെമിക് ആയിരുന്നു. മരിച്ചവരുടെ ആകെ എണ്ണം 10 കോടി കവിയും. അന്ന് ആ അസുഖം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അറിയപ്പെട്ടത് 'ബോംബേ ഇൻഫ്ളുവൻസ' അഥവാ 'ബോംബെ  ഫ്ലു' എന്നൊക്കെയാണ്. ബോംബെ തുറമുഖത്ത് വന്നടുത്ത കപ്പലുകളാണ് ഇവിടേക്ക് ആ രോഗാണുവിനെ എത്തിച്ചത്. "രാത്രിയുടെ ഇരുട്ടിൽ ഒരു കള്ളനെപ്പോലെ ആ രോഗം പതുങ്ങിവന്നു" എന്നാണ് ജെ എ ടേണര്‍ തന്റെ റിപ്പോർട്ടിൽ കുറിച്ചത്.

 

ബോംബെ ഡോക്ക്സിലെ ഏഴു പൊലീസ് കോൺസ്റ്റബിൾമാർക്കാണ് ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. അവരെ അന്ന് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 'മലേറിയ' അല്ലാത്ത ഏതോ പനി എന്നായിരുന്നു ആദ്യത്തെ പരിശോധനാ ഫലങ്ങൾ. 1918 മെയ് ആയപ്പോഴേക്കും, ഡോക്കിലെ ഷിപ്പിംഗ് കമ്പനികളിലെയും, ബോംബെ പോർട്ട് ട്രസ്റ്റിലെയും, ഹോങ്കോങ് ആൻഡ് ഷാങ്ഹായി ബാങ്കിലെയും കമ്പിത്തപാൽ ഓഫീസിലെയും അടുത്തുള്ള മില്ലുകളിലെയും ഒക്കെ ജീവനക്കാരെ അസുഖം ബാധിച്ചു. അതിന് താമസിയാതെ ഒരു പകർച്ചവ്യാധി (epidemic) ന്റെ സ്വഭാവം കൈവന്നു. കുട്ടികളിലും വൃദ്ധരിലുമായിരുന്നു ബാധ കൂടുതലും കണ്ടിരുന്നത്. അത് ആദ്യഘട്ടം. രണ്ടാം ഘട്ടം കുറേക്കൂടി മാരകമായിരുന്നു. അത് 20 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവാക്കളുടെ കൂട്ടമരണത്തിന് കാരണമായി.

1918 ഒക്ടോബർ മാസമായപ്പോഴേക്കും മരണസംഖ്യ 768 കടന്നു. ആദ്യം ബോംബെയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ആ പകർച്ചപ്പനി പിന്നീട് പഞ്ചാബിലേക്കും, ഉത്തരദേശത്തിലേക്കും പടർന്നുപിടിച്ചു. പലരും നടന്നുപോകുന്നതിനിടെ മരിച്ചു വീണു. ഗംഗാ നദിയിലും മറ്റും ശവങ്ങൾ പൊന്തിയതിന്റെ റിപ്പോർട്ടുകൾ വന്നു. ഒരു കോടിക്കും രണ്ടരക്കോടിക്കും ഇടയിൽ ജനങ്ങൾ ഈ മാരകമായ മഹാമാരിയിൽ അന്ന് മരിച്ചു എന്നാണ് കണക്കുകൾ. പൊട്ടിപ്പുറപ്പെട്ട് രണ്ടു വർഷങ്ങൾക്കുള്ളിൽ തന്നെ മനുഷ്യരാശിയിൽ പത്തുകോടിയുടെ കുറവുണ്ടാക്കി ഈ മാരകമായ പകർച്ചവ്യാധി. 

2020 -ലെ കൊവിഡ് 19 മഹാമാരി

ആ മാരകമായ പകർച്ച വ്യാധി കഴിഞ്ഞ് നൂറു വർഷം പിന്നിടുമ്പോൾ ഇതാ വീണ്ടും, മറ്റൊരു ഗുരുതരമായ പകർച്ചവ്യാധിയുടെ മുന്നിൽ പകച്ചു നിൽക്കയാണ് ലോകം. മരണ സംഖ്യ ഇതുവരെ പഴയ മഹാമാരിയുടെ ഏഴയലത്തേക്ക് വന്നിട്ടില്ല എങ്കിലും, ഇതിന്റെ ലോകവ്യാപന സ്വഭാവം നിമിത്തം ഏതുനിമിഷവും നിയന്ത്രണം വിട്ടുയരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട് ഇപ്പോഴും. 

 

ഈ അവസരത്തിൽ ഉയരുന്ന ചോദ്യമിതാണ്. നൂറ്റാണ്ടുകളുടെ ഇരുപതുകൾ വൈറസുകളുടെ വാഹകരാണോ? അതോ ഇങ്ങനെ നൂറുവർഷം അടുപ്പിച്ച് കടുത്ത മഹാമാരികൾ വരുന്നത് കേവലം യാദൃച്ഛികം മാത്രമാണോ ? ഇരുപതുകളുടെ ഈ ഒരു യാദൃച്ഛികതയെ വ്യാഖ്യാനിക്കാൻ ഒരു ജ്യോതിഷികൾക്കും ന്യൂമറോളജിസ്റ്റുകൾക്കും സാധിച്ചിട്ടില്ല. ഒരു മീറ്ററിന്റെ പത്തുലക്ഷത്തിൽ ഒന്ന് വലിപ്പമില്ലാത്ത കൊറോണാ വൈറസ് എന്ന സൂക്ഷ്മാണു 51 കോടി ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം വരുന്ന ഭൂതലത്തെ ആകെ ഇന്ന് കീഴടക്കിയിരിക്കുന്ന അവസ്ഥയാണ്. നിരവധി രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയിൽ അതുണ്ടാക്കാൻ പോകുന്ന ആഘാതത്തിൽ നിന്ന് മോചനം കിട്ടണം എങ്കിൽ ഇനിയും വർഷങ്ങളെടുത്തേക്കും. ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ തുടരുകയാണ്. ഇത് നൂറ്റാണ്ടിൽ ഒരിക്കൽ, ഇരുപതാം വർഷത്തോടടുപ്പിച്ച് വരുന്നൊരു യാദൃച്ഛികത മാത്രമോ അതോ ഇതിനു പിന്നിൽ പ്രവർത്തിച്ചത് മനുഷ്യർ തന്നെയോ?