നാട്ടിലെ കുട്ടികളിൽ ലൈംഗിക അച്ചടക്കം കൂട്ടാൻ പുതിയ നിയമവുമായി ഉത്തര കൊറിയൻ ഗവണ്മെന്റ്. രാജ്യത്ത് ലൈംഗിക അരാജകത്വം വളരുന്നു എന്നും സദാചാര മൂല്യങ്ങൾ തകരുന്നു എന്നുമുള്ള നിരീക്ഷണങ്ങൾക്ക് പിന്നാലെയാണ് നിയമങ്ങൾ കടുപ്പിച്ചുകൊണ്ട് ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിരിക്കുന്നത്. ഇനി മുതൽ പോൺ കാണുക തുടങ്ങിയ 'അപവിത്രമായ' പ്രവൃത്തികളിൽ ഏർപ്പെടുന്ന കുട്ടികളുടെ അച്ഛനമ്മമാർക്കും ടീച്ചർമാർക്കും എതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്ന മാർഗനിർദേശങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് വന്നിരിക്കുകയാണ് എന്ന് റേഡിയോ ഫ്രീ ഏഷ്യ(RFA) എന്ന മാധ്യമസ്ഥാപനം കഴിഞ്ഞ ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നു. 

കൗമാരപ്രായക്കാർക്കിടയിൽ ഉണ്ടാകുന്ന ലൈംഗിക ബന്ധങ്ങളും, മറ്റു പ്രേമപ്രകടനങ്ങളുമെല്ലാം അവരുടെ ശരീരത്തിൽ ആ പ്രായത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകളുടെ വിളയാട്ടം കാരണമാണ് എന്ന ഏറെക്കുറെ മയപ്പെട്ട സമീപനമാണ് പല വികസിത രാജ്യങ്ങളിലെയും ഗവൺമെന്റുകൾ സ്വീകരിച്ചു പോരുന്നത്. എന്നാൽ, ഉത്തര കൊറിയ ഇത്തരത്തിലുള്ള പ്രവൃത്തികളെ കാണുന്നത് 'പാശ്ചാത്യ മുതലാളിത്ത വ്യവസ്ഥിതിയുടെ സ്വാധീനം കൊണ്ടുണ്ടാകുന്ന സുകൃതക്ഷയം' എന്ന നിലയ്ക്കാണ്. ഉത്തരകൊറിയയിലേക്ക് പോർണോഗ്രഫിക് വീഡിയോകൾ പ്രവഹിക്കുന്നത് ജപ്പാനിൽ നിന്നാണെന്ന് ഉത്തര കൊറിയ ആക്ഷേപിക്കുന്നുണ്ട്. അതുപോലെ മൊബൈൽ ഫോണുകളിലും, യുഎസ്ബി ഡ്രൈവുകളിലും മറ്റുമായി ഹോളിവുഡ് ചിത്രങ്ങൾ അതിർത്തിയിലൂടെ അനധികൃതമായി കടത്തപ്പെടുന്നത് ദക്ഷിണ കൊറിയ വഴി ആണെന്നും ഉത്തര കൊറിയൻ ഗവണ്മെന്റ് കരുതുന്നു. ഹോളിവുഡ് ചിത്രങ്ങൾ കാണുന്നത് പോലും ഉത്തര കൊറിയയിൽ കടുത്ത ശിക്ഷ കിട്ടുന്ന കുറ്റമാണ്. 

 

 

വ്യവസ്ഥാപിതമായ ഒരു ലൈംഗിക വിദ്യാഭ്യാസം ഉത്തര കൊറിയയിലെ കൗമാരക്കാർക്ക് ലഭ്യമല്ല. അവർ സെക്സിനെപ്പറ്റി ആകെ കേൾക്കുകയും കാണുകയും അഭ്യസിക്കുകയും ഒക്കെ ചെയ്യുന്നത് ഇത്തരത്തിൽ കള്ളക്കടത്തിലൂടെ നാട്ടിൽ എത്തുന്ന പോൺ വീഡിയോകൾ വഴിയാണ്. ഉത്തര കൊറിയയിൽ നിന്ന് ചൈന വഴി ദക്ഷിണ കൊറിയയിലേക്ക് പലായനം ചെയ്യുന്നവരിലെ കൗമാരക്കാരിൽ 2005 -ൽ നടത്തപ്പെട്ട പഠനങ്ങളിൽ ലൈംഗികതയെപ്പറ്റി ടീനേജ് പ്രായത്തിലുള്ള ഉത്തരകൊറിയൻ ആൺ-പെൺ കുട്ടികൾക്കിടയിൽ വളരെ കുറഞ്ഞ അറിവുമാത്രമാണുള്ളത് എന്ന് തെളിഞ്ഞിരുന്നു. കൈകൾ കോർത്ത് പിടിച്ച് നടന്നാലോ, അല്ലെങ്കിൽ കെട്ടിപ്പിടിച്ച് കിടന്നുറങ്ങിയാലോ ഒക്കെ ഗർഭമുണ്ടാകും എന്ന് ധരിച്ചിരിക്കുന്ന ടീനേജ് കുട്ടികൾ വരെ ഉത്തരകൊറിയയിൽ ഉണ്ടത്രേ. 

സെക്സ് എന്ന പ്രക്രിയയെപ്പറ്റി മാത്രമല്ല, ലൈംഗിക രോഗങ്ങളെപ്പറ്റിയും, ലൈംഗിക ശുചിത്വത്തെപ്പറ്റിയും കുട്ടികൾക്ക് ഉത്തര കൊറിയയിൽ യാതൊരു വിധ ബോധവൽക്കരണങ്ങളും കിട്ടുന്നില്ല. ഗർഭ നിരോധനമാർഗ്ഗങ്ങളെപ്പറ്റിയുള്ള അവരുടെ അറിവില്ലായ്ക പലപ്പോഴും കലാശിക്കാറുള്ളത് അവിചാരിതമായ ഗർഭധാരണങ്ങളിലും, പിന്നീടുള്ള ഗർഭച്ഛിദ്രങ്ങളിലുമാണ്. നിയമത്തിന്റെ കടുപ്പം മൂലം വളരെ രഹസ്യമായി നടത്തേണ്ടി വരുന്ന ഗർഭച്ഛിദ്രത്തിനിടെയും നിരവധി ഉത്തരകൊറിയൻ പെൺകുട്ടികൾ ചൂഷണങ്ങൾക്ക് വിധേയരാകാറുണ്ട്. 

 

 

എന്നാൽ ഈ സാഹചര്യങ്ങളെ ഒക്കെ കണ്ടില്ലെന്നു നടിക്കുന്ന തരത്തിലുള്ള നിരീക്ഷണങ്ങളാണ് കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി പുറപ്പെടുവിച്ചിട്ടുളളത്. "സ്‌കൂളുകളിൽ പഠിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ അസാന്മാർഗിക ബന്ധങ്ങൾ വർധിച്ചു വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതിനു കാരണം, അവർ തങ്ങളുടെ മൊബൈലിലൂടെയും മറ്റും സ്ഥിരമായി കാണുന്ന പോൺ വീഡിയോകളാണ് എന്നതും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കമ്മിറ്റി വളരെ ശക്തമായ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളത്. KKY (Kimilsungist-Kimjongilist Youth League) എന്ന രാജ്യത്തെ യുവജനസംഘടന സ്‌കൂളുകളിലും മറ്റും നടത്തിയ മിന്നൽ പരിശോധനകളിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ഫോണിൽ പോർണോഗ്രാഫി ഉള്ളതായും, അവർ പ്രാദേശിക ഗ്യാങ്ങുകളുമായി ബന്ധപ്പെട്ടു കൊണ്ട് മയക്കുമരുന്ന്, വേശ്യാവൃത്തി തുടങ്ങി പല കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നതായും സെൻട്രൽ കമ്മിറ്റിക്ക് റിപ്പോർട്ട് കിട്ടിയിരുന്നു. 

 

 

അതുകൊണ്ട് ഉത്തര കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി ഇനിമുതൽ 'ടീനേജുകാർക്കിടയിലെ അരാജകത്വം' രാജ്യദ്രോഹക്കുറ്റത്തിന് സമമായി കണക്കാക്കപ്പെടും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പിടിക്കപ്പെട്ടാൽ, അത് വളരെ കടുത്ത ശിക്ഷകൾ ക്ഷണിച്ചുവരുത്തും. കുട്ടികളിലെ പാശ്ചാത്യ മുതലാളിത്ത ഭ്രമം തടയാൻ സാധ്യമായതെന്തും ചെയ്യും എന്ന് ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 

തുടർന്നും ഇത്തരത്തിലുള്ള നിന്ദ്യമായ പെരുമാറ്റദൂഷ്യങ്ങൾ കുട്ടികളിൽ നിന്നുണ്ടായത് ഇനി അതിന്റെ പേരിൽ ശിക്ഷിക്കപ്പെടുക കുട്ടികൾ മാത്രമാവില്ല എന്നാണ് ഗവൺമെന്റ് ഏറ്റവും ഒടുവിലായി പറഞ്ഞിട്ടുള്ളത്. അതി കർശനമായ അച്ചടക്കനടപടികൾ അവരുടെ മാതാപിതാക്കൾക്കും, ടീച്ചർമാർക്കും എതിരെയും ഉണ്ടാകും. ഇത്തരത്തിലുള്ള ലൈംഗിക അരാജകത്വങ്ങൾ സമൂഹത്തിന്റെ അടിവേരിളക്കുന്ന നടപടികളാണ് എന്ന് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി നിരീക്ഷിച്ചിട്ടുണ്ട്. ഇത് കണ്ടെത്താനായി രാജ്യത്തെ മൊബൈൽഫോണുകളിൽ എല്ലാം തന്നെ റെഡ് ഫ്ലാഗ് എന്നുപേരുള്ള ഒരു നിരീക്ഷണ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യണം എന്നതാണ് ഒരു നിർദേശം.