Asianet News MalayalamAsianet News Malayalam

വിദേശികളായ വിനോദസഞ്ചാരികളെ കാണാതാകുന്ന, മൃതദേഹം പോലും കിട്ടാത്ത 'മരണത്തിന്‍റെ താഴ്‍‍വര', പാര്‍വതി താഴ്‍വരയെ കുറിച്ച്

ഈ കാണാതായ വിനോദസഞ്ചാരികളിൽ അധികവും വിദേശികളാണ് എന്നത് കൗതുകകരമായ ഒരു വസ്‍തുതയാണ്. ഈ തിരോധാനത്തിന് പല പല കാരണങ്ങളാണ് പറയുന്നത്. 

Parvati valley, the 'valley of death' where foreign tourists are missing
Author
Parvati Valley, First Published Dec 12, 2019, 1:02 PM IST

'മരണത്തിന്‍റെ താഴ്വര' എന്നും 'മരണക്കെണി' എന്നും വിളിക്കപ്പെടുന്ന ഹിമാലയത്തിലെ മനോഹരമായ പാർവതി താഴ്‌വര പ്രതിവർഷം ആയിരക്കണക്കിന് വിനോദസഞ്ചാരികളെയാണ് ആകർഷിക്കുന്നത്. എന്നാൽ ചിലർ ഒരിക്കലും വീട്ടിലേക്ക് മടങ്ങുന്നില്ല. ഒരു തുമ്പും അവശേഷിപ്പിക്കാതെ എങ്ങോട്ടെന്നില്ലാതെ അവർ അപ്രത്യക്ഷമാകുന്നു. വിനോദസഞ്ചാരികളുടെ തിരോധാനം ഇപ്പോഴും ഒരു ദുരൂഹതയായി ഇവിടെ തുടരുന്നു. പാർവതി താഴ്‌വരയുടെ വഴിത്താരകളിൽ എങ്ങോ അവരെ നഷ്‍ടമാകുന്നു. 

Parvati valley, the 'valley of death' where foreign tourists are missing

ഹിമാചൽ പ്രദേശിലെ പിൻ പാർവതി ചുരത്തിന് താഴെയുള്ള മന്തലൈ ഹിമാനിയിൽ നിന്ന് ഉത്ഭവിച്ച പാർവതി നദി പടിഞ്ഞാറോട്ട് അനിയന്ത്രിതമായി ഒഴുകുന്നു. പാർവതി നദി ഹിമാലയത്തിലൂടെ ചുറ്റിസഞ്ചരിച്ച് പാർവതി വാലി എന്നറിയപ്പെടുന്ന മനോഹരമായ ഒരു താഴ്വരയെ സൃഷ്‍ടിക്കുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇരുപതോളം വിദേശികളെയാണ് ഇവിടെ കാണാതായത്. കാണാതായവരിൽ ഒരു റഷ്യൻ പൗരന്‍റെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. കാണാതായ തങ്ങളുടെ മക്കളെ കണ്ടെത്തിത്തരുന്നവർക്ക് പ്രതിഫലമായി വലിയ തുക പോലും വാഗ്‍ധാനം ചെയ്തു നിസ്സഹായരായ അവരുടെ മാതാപിതാക്കൾ. പക്ഷെ അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. ഈ നിഗൂഢ താഴ്വരയിൽ കാണാതാവുന്ന സഞ്ചാരികളുടെ പട്ടിക വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

ഈ കാണാതായ വിനോദസഞ്ചാരികളിൽ അധികവും വിദേശികളാണ് എന്നത് കൗതുകകരമായ ഒരു വസ്‍തുതയാണ്. ഈ തിരോധാനത്തിന് പല പല കാരണങ്ങളാണ് പറയുന്നത്. പ്രൊഫഷണൽ ഗൈഡുകളെ നിയമിക്കാതെ തനിയെ സ്ഥലങ്ങൾ കാണാൻപോകുന്ന വിനോദസഞ്ചാരികളുടെ അശ്രദ്ധയാണ്  ഒരു പ്രധാന കാരണമായി കണക്കാക്കുന്നത്. പാർവതി താഴ്‌വരയിലെ സഞ്ചാരപാതകളിൽ നിന്ന് യാത്രക്കാർ വ്യതിചലിക്കുകയും ശരിയായ സ്ഥലത്തേക്ക് പോകാൻ ശ്രമിക്കുമ്പോൾ വഴിതെറ്റിപ്പോവുകയും ഗർത്തങ്ങളിൽ വീഴുകയും ചെയ്തിട്ടുണ്ടാകാം.  

Parvati valley, the 'valley of death' where foreign tourists are missing

പാർവതി താഴ്‌വരയിലുള്ള മറ്റൊരു അപകടം മയക്കുമരുന്നിന്‍റെ എളുപ്പത്തിലുള്ള ലഭ്യതയും രാത്രി പാർട്ടികളും ആണ്.  വെല്ലുവിളി നിറഞ്ഞ ട്രെക്കിംഗുകൾക്കും പ്രകൃതിദൃശ്യങ്ങൾക്കുമായി ചിലർ  പാർവതി താഴ്‌വരയിലേക്ക് ആകർഷിക്കപ്പെടുമ്പോൾ, കഞ്ചാവിൽ നിന്ന് വേർതിരിച്ചെടുത്ത മികച്ച ഹാഷ്, പോപ്പിയിൽ നിന്ന് കറുപ്പ്, കൊക്കെയ്ൻ എന്നിവ അന്വേഷിച്ചു ഇവിടെ വരുന്നവരും കുറവല്ല. നിങ്ങൾ‌ക്ക് ഇഷ്ടമുള്ള സ്ഥലത്ത് ചെറിയ ചില അന്വേഷണങ്ങളില്‍ തന്നെ സാധനങ്ങൾ എത്തിക്കുന്നതിനാൽ ഏത് തരത്തിലുള്ള മയക്കുമരുന്നുകളുടെയും എളുപ്പത്തിലുള്ള ലഭ്യത ഈ സ്ഥലത്തെ വിദേശികളുടെ ഏറ്റവും പ്രിയങ്കരമായ സ്ഥലമാക്കി മാറ്റുന്നു.

ഇസ്രായേൽ, റഷ്യൻ, ഇറ്റാലിയൻ മാഫിയകൾ മണാലിയിലും ധർമ്മശാലയിലും നിലനിൽക്കുന്നുണ്ടെന്നും വിവിധ മാർഗങ്ങളിലൂടെ മയക്കുമരുന്ന് വ്യാപാരം നടത്തുന്നുണ്ടെന്നും പൊലീസ് പറയുന്നു. മണാലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യയിൽ നിന്നുള്ള ചരസ്, ഓപിയം, മറ്റ് മയക്കുമരുന്ന് എന്നിവ ഗോവയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കടത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഇതെല്ലം മയക്കുമരുന്നന്വേഷിച്ചു വരുന്നവരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. എന്നാൽ അതിന്‍റെ ചതിക്കുഴികളിൽ പലപ്പോഴും ഇവർ വീഴുന്നു. 
 
ഈ സ്ഥലത്തെ മറ്റൊരു രസകരമായ വസ്‍തുത, വിദേശികൾ ഈ സ്ഥലത്തോട് പ്രണയം തോന്നി അവരിൽ പകുതിയിലധികം പേരും ഇവിടെ ഉള്ള ഗ്രാമീണരെ വിവാഹം കഴിച്ച് ഇവിടെ സ്ഥിരതാമസമാക്കി എന്നതാണ്. ഒരു ഇറ്റാലിയൻ ഉൾപ്പെടെ അനവധി വിദേശികൾ കഴിഞ്ഞ 25 വർഷമായി നാഗർ പഞ്ചായത്തിൽ താമസിക്കുകയും വയലിൽ ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. അവരുടെ കുട്ടികൾ ഗ്രാമത്തിലെ സർക്കാർ സ്‌കൂളിൽ പഠിക്കുന്നു. 

Parvati valley, the 'valley of death' where foreign tourists are missing

എന്നാൽ, കാണാതായ വിദേശസഞ്ചാരികളെ കണ്ടെത്താനാകാത്തത് ഇപ്പോഴും ഒരു പ്രശ്നമായിത്തന്നെ നിലനിൽക്കുകയാണ്. വിദേശ അതിഥികളുടെ പൂർണ്ണ വിവരങ്ങൾ ശേഖരിക്കുന്നതിൽ ടൂറിസം വകുപ്പും പൊലീസും അനാസ്ഥ പ്രകടിപ്പിക്കുന്നു.  ഇത് തിരയൽ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. എതായാലും ഇവിടെ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നതാണ് ഈ തിരോധാനങ്ങള്‍. എങ്കിലും നല്ല ഗൈഡും ശ്രദ്ധയുമുണ്ടെങ്കില്‍ ആ സൗന്ദര്യം മുഴുവന്‍ ആസ്വദിച്ച് തിരികെവരാം. 

Follow Us:
Download App:
  • android
  • ios