Asianet News MalayalamAsianet News Malayalam

സർജ്ജിക്കൽ സ്‌ട്രൈക്കിന്റെ ഒന്നാം വാർഷികത്തിൽ ബാലക്കോട്ടിനെ ഓർക്കുമ്പോൾ

1999 -ന് ശേഷം ആദ്യമായി ഒരു ഇന്ത്യൻ പോർവിമാനം ലൈൻ ഓഫ് കൺട്രോൾ കടന്ന സർജിക്കൽ സ്‌ട്രൈക്കിൽ, നിരവധി ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ, പരിശീലകരായ സീനിയർ കമാൻഡർമാർ, ഫിദായീൻ ആക്രമണത്തിന് തയ്യാറെടുത്തുകൊണ്ടിരുന്ന നിരവധി ട്രെയിനി ഭീകരർ എന്നിവർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈനികവൃത്തങ്ങൾ പറഞ്ഞിരുന്നു

remembering Balakot in the first anniversary of Surgical Strikes #2
Author
Balakot, First Published Feb 26, 2020, 11:08 AM IST

2019 ഫെബ്രുവരി 25. പുൽവാമയിലെ 40 സിആർപിഎഫ് ഭടന്മാരുടെ ജീവനെടുത്ത ജെയ്ഷെ മുഹമ്മദിന്റെ ചാവേർ ആക്രമണം നടന്നിട്ട് ദിവസം പതിനൊന്നു തികയുന്നു. എന്നും രാത്രി പന്ത്രണ്ടുമണിയോടെ കിടന്നുറങ്ങാറുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ദിനചര്യ ചെറുതായി ഒന്ന് തെറ്റിയ ദിവസമായിരുന്നു അത്. അന്നുരാത്രി പ്രധാനമന്ത്രി ഉറങ്ങാൻ നേരമായിട്ടും തന്റെ കിടപ്പുമുറിയിലേക്ക് പോയില്ല. ഓഫീസ് മുറിയ്ക്കുള്ളിൽ ഫയലുകൾ നോക്കിക്കൊണ്ടുതന്നെ ഇരുന്നു. ഇടയ്ക്കിടെ വിളിച്ച് വ്യോമസേനാ തലവനോട് സമ്പർക്കം പുലർത്തിക്കൊണ്ടിരുന്നു. അതീവരഹസ്യമായ ഒരു ഓപ്പറേഷൻ അടുത്ത ദിവസം രാവിലെ നടക്കാനിരിക്കുന്നുണ്ടായിരുന്നു. അതാണ് പ്രധാനമന്ത്രി തന്റെ പതിവുതെറ്റിച്ച് രാത്രി ഉറക്കമിളച്ച് കാത്തിരുന്നത്.

remembering Balakot in the first anniversary of Surgical Strikes #2

പുലർച്ചെ മൂന്നുമണിയോടെ വ്യോമസേനാ വൃത്തങ്ങളിൽ നിന്ന് അത്രയും നേരം താൻ പ്രതീക്ഷിച്ചുകൊണ്ടിരുന്ന വിവരം മോദിയെ തേടിയെത്തി. ഇന്ത്യൻ എയർഫോഴ്സിന്റെ ഫൈറ്റർ ജെറ്റുകളുടെ ഒരു ഫ്‌ളീറ്റ് വ്യോമസേനാ ആസ്ഥാനത്തുനിന്ന് ടേക്ക് ഓഫ് ചെയ്തുകഴിഞ്ഞു. ഏതാനും നിമിഷങ്ങൾക്കകം അത് അതിർത്തി കടന്ന് പാക് അധീന കശ്മീരിലെ ഖൈബർ പഖ്‌തുൻവാ പ്രവിശ്യയിലെ ബാലാകോട്ട് ലക്ഷ്യമാക്കി പറക്കും. അവിടെ പാക് സൈന്യത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഭീകര പരിശീലന ക്യാമ്പുകൾ ഇസ്രായേലിൽ നിന്ന് ഇറക്കുമതി ചെയ്ത സ്‌പൈസ് (Spice 2000) ബോംബുകളിട്ട് തകർക്കുക എന്നതായിരുന്നു ആ ഓപ്പറേഷൻ മിഷന്റെ ലക്‌ഷ്യം. അരമണിക്കൂറിനുള്ളിൽ തന്നെ താൻ പ്രതീക്ഷിച്ചു കൊണ്ടിരുന്ന വാർത്ത അദ്ദേഹത്തെ തേടിയെത്തി. ഓപ്പറേഷൻ സക്സസ്...! ബാലക്കോട്ടിലെ തീവ്രവാദകേന്ദ്രങ്ങൾ തകർത്ത് ഇന്ത്യൻ പോർവിമാനവ്യൂഹം തിരികെ വ്യോമസേനാ ആസ്ഥാനത്ത് ലാൻഡ് ചെയ്തു കഴിഞ്ഞു. ശത്രുഭാഗത്തുള്ള നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മോദി സ്വയം കുറച്ചു നേരം പ്രതികരണങ്ങൾക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ സർഫ് ചെയ്തു.

അടുത്ത പകൽ 9.40 ന് നടന്ന കാബിനറ്റ് സുരക്ഷാ സമിതിയുടെ അടിയന്തര ബ്രീഫിംഗിൽ പ്രധാനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തുമ്പോൾ മാത്രമാണ് ഇന്ത്യ പുൽവാമ ആക്രമണത്തിന് പാകിസ്ഥാന് ഇങ്ങനെ ഒരു തിരിച്ചടി നൽകിയ കാര്യം മറ്റു മന്ത്രിമാരും മാധ്യമങ്ങളും ഒക്കെ  അറിയുന്നത്. അടുത്ത ദിവസം ഇതിന് തിരിച്ചടിയെന്നോണം പാക് F16 യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിയതും. അവയുമായി ഇന്ത്യൻ പോർ വിമാനങ്ങൾ 'ഡോഗ് ഫൈറ്റി'ലേർപ്പെട്ടതും, ഒരു എഫ് 16 വിമാനം വെടിവെച്ചിട്ട ശേഷം തന്റെ മിഗ് 21 ബൈസൺ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി അഭിനന്ദൻ വർത്തമാൻ എന്ന ഇന്ത്യൻ ഫൈറ്റർ പൈലറ്റ് പാക് പിടിയിലാകുന്നതും ഒക്കെ. അധികം താമസിയാതെ അഭിനന്ദൻ ജീവനോടെ തന്നെ ഇന്ത്യക്ക് കൈമാറപ്പെട്ടു എങ്കിലും, ബാലക്കോട്ട് ആക്രമണത്തെക്കുറിച്ചുള്ള പല കഥകളും അവകാശവാദങ്ങളും ഇപ്പോഴും പ്രചാരത്തിലുണ്ട്.

ഇന്ത്യൻ ഗവൺമെന്റ് പറഞ്ഞത്

അത് ഒരു സർജിക്കൽ സ്ട്രൈക്ക് ആയിരുന്നു. കൃത്യമായി പറഞ്ഞാൽ സർജിക്കൽ സ്ട്രൈക്ക് #2.  1999 -ന് ശേഷം ലൈൻ ഓഫ് കൺട്രോൾ കടന്നുകൊണ്ട് ഒരു ഇന്ത്യൻ പോർവിമാനം ആദ്യമായി പാക് എയർ സ്‌പേസിലേക്ക് പോകുന്നത് ഈ അക്രമണത്തിനിടെയാണ്. അക്രമണത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇങ്ങനെ ഒരു പ്രസ്താവന ഇറക്കി, " ഇന്ത്യയുടെ ബാലകോട്ട് സർജിക്കൽ സ്‌ട്രൈക്കിൽ, നിരവധി ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ സീനിയർ കമാൻഡർമാർ, ഫിദായീൻ ആക്രമണത്തിന് തയ്യാറെടുത്തുകൊണ്ടിരുന്ന നിരവധി ട്രെയിനി ഭീകരർ എന്നിവർ കൊല്ലപ്പെട്ടു കഴിഞ്ഞു. ". മറ്റൊരു മുതിർന്ന ഗവൺമെന്റ് വക്താവ് അവകാശപ്പെട്ടത്,  ഉസ്താദ് ഗൗറി എന്നറിയപ്പെടുന്ന മൗലാന യൂസുഫ് അസർ, ഐ ഇ ഡി വിദഗ്ധനായ അബ്ദുൽ റാഷിദ് ഗാസി എന്നവർ അടക്കമുള്ള പ്രമുഖരായ ഭീകരവാദ പരിശീലകർ നയിച്ചിരുന്ന വലിയൊരു തീവ്രവാദ പരിശീലന കേന്ദ്രമായിരുന്നു ബലാകോട്ടിൽ പ്രവർത്തിച്ചിരുന്നത് എന്നും 21 മിനിറ്റ് നീണ്ടുനിന്ന ഇന്ത്യയുടെ അപ്രതീക്ഷിത ആക്രമണത്തിൽ ചുരുങ്ങിയത് 300 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട് എന്നുമാണ്. കൃത്യമായ വീഡിയോ, ഇലക്ട്രോണിക്, ഫോട്ടോഗ്രാഫിക് തെളിവുകൾ ഒന്നുമില്ലാതിരുന്നിട്ടും ഇന്ത്യൻ പ്രതിരോധ വക്താക്കൾ ബാലക്കോട്ടിൽ നടത്തിയ ആക്രമണത്തെ വൻവിജയമായി പ്രഖ്യാപിക്കുകയും അതിന് സർജിക്കൽ സ്ട്രൈക്ക് #2  എന്ന വിളിപ്പേര് നൽകുകയും ചെയ്തു.
 

remembering Balakot in the first anniversary of Surgical Strikes #2

മിറാഷ് 2000  വിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കപ്പെട്ട 'സ്‌പൈസ് 2000' എന്ന ഇസ്രായേലി നിർമിത അത്യാധുനികബോംബുകൾ ഘടിപ്പിച്ച മിസൈലുകൾ  ഉപയോഗിച്ചാണ് ഭീകരവാദ ട്രെയിനിങ് ക്യാമ്പുകൾ തകർത്തത് എന്നാണ് വ്യോമസേന പറഞ്ഞത്. ഇസ്രായേലി ആയുധ വ്യാപാര സ്ഥാപനമായ റഫാലിന്റേതാണ് സ്‌പൈസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മാരകമായ പ്രഹരശേഷിയും അപാര കൃത്യതയുമുള്ള ഈ ബോംബ്. ആക്രമിക്കാൻ  ഉദ്ദേശിക്കുന്ന ലൊക്കേഷന്റെ ഉപഗ്രഹ ചിത്രങ്ങൾ പറന്നുപൊങ്ങും മുമ്പ് എയർ ബേസിൽ വെച്ച് തന്നെ ലോഡ് ചെയ്യാൻ പറ്റുന്ന അത്യാധുനിക മിസൈലാണ് ഇത്.  ബോംബിൽ ലോഡ് ചെയ്തിരിക്കുന്ന ശത്രുസങ്കേതങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ ബോംബ് വഴി തത്സമയം ശേഖരിക്കുന്ന ചിത്രങ്ങളുമായി താരതമ്യപ്പെടുത്തി കൃത്യമായി മാച്ച് ചെയ്യുന്ന പക്ഷം ബോംബ് നിക്ഷേപിക്കുന്ന ഒരു സംവിധാനമാണ് ബാലക്കോട്ടിൽ പ്രയോഗിക്കപ്പെട്ടത് എന്നും സേന പറഞ്ഞു. ഈ മിസൈലിൽ 907  കിലോഗ്രാം ഭാരമുള്ള Mark-84  വാർ ഹെഡിനുള്ള ഓപ്‌ഷനാണുള്ളത്. അമേരിക്ക വിയത്നാമിലാണ് പരീക്ഷിച്ച ഈ ബോംബുകൾ ചെന്നു വീഴുന്നിടത്ത് 50 അടി നീളത്തിൽ  36 അടി ആഴത്തിൽ  ഒരു ഗർത്തമുണ്ടാവും. 360  അടിയാണ് ഇതിന്റെ പ്രഹരവ്യാസം. 15 ഇഞ്ച് വരെ കനമുള്ള സ്റ്റീൽ ബങ്കറുകളെയും, 11  അടിവരെ കനമുള്ള കോൺക്രീറ്റ് ബങ്കറുകളെയും തകർക്കാൻ ഈ 'ബങ്കർ ബസ്റ്റർ' ബോംബിനാവും എന്നും പറയപ്പെടുന്നു.

ഇന്ത്യൻ മാധ്യമങ്ങൾ പറഞ്ഞത്

പേര് വെളിപ്പെടുത്താത്ത സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് പത്രം മരണ സംഖ്യ 300 എന്ന് റിപ്പോർട്ട് ചെയ്തു. അതിനെ പിന്നീട് ദേശീയ വാർത്താ ഏജൻസി ആയ എഎൻഐയും മറ്റു പല മാധ്യമങ്ങളും ഉദ്ധരിക്കുകയും ചെയ്തു. ബാലക്കോട്ട്, ചാക്കോതി, മുസാഫർബാദ് എന്നിങ്ങനെ മൂന്നിടങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നൊരു സൂക്ഷ്മവിവരം കൂടി എഎൻഐ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീടുള്ള ഗവൺമെന്റ് റിപ്പോർട്ടുകളിൽ ഒക്കെയും ബാലാക്കോട്ട് എന്ന ഒരു ടാർഗെറ്റിന്റെ പെരുമാത്രമേ ഉണ്ടായിരുന്നുള്ളൂ.

കണക്കുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് അടുത്ത ദിവസങ്ങളിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മുന്നോട്ടുവന്നു. "എന്താണ് സത്യത്തിൽ നടന്നത് എന്നറിയാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. ദേശീയ ചാനലുകളിൽ പലതിലും 300 പേർ കൊല്ലപ്പെട്ടു എന്നൊരു വാർത്ത പ്രചരിക്കുന്നുണ്ട്. എന്നാൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ അത് കാണുന്നില്ല. അത്രയൊന്നും പേർ കൊല്ലപ്പെടുകയോ അത്രയ്ക്ക് നാശനഷ്ടങ്ങൾ ഉണ്ടാവുകയോ ചെയ്തിട്ടില്ല എന്നാണ് അവർ പറയുന്നത്. എന്താണ് സത്യം? എവിടെയാണ് ബോംബ് ചെന്ന് പതിച്ചത്?  ഉദ്ദേശിച്ച ലക്‌ഷ്യം ഭേദിക്കാൻ അവയ്ക്ക് ആയോ?" മമത ചോദിച്ചു. കണക്കുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് ഒമർ അബ്ദുള്ളയും അന്ന് ട്വീറ്റ് ചെയ്യുകയുണ്ടായി.

എന്നാൽ ഈ ചോദ്യങ്ങളോട് കോപിഷ്ഠനായിക്കൊണ്ടാണ് അമിത് ഷാ പ്രതികരിച്ചത്. "ഈ ലോകം മുഴുവൻ മുഴുവൻ ഒറ്റക്കെട്ടായി ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമ്പോൾ, നിങ്ങൾ ചിലർ മാത്രം ഇങ്ങനെ അനാവശ്യ സംശയങ്ങളുമായി വരുന്നതെന്താണ്?" എന്നാണ് അദ്ദേഹം ചോദിച്ചത്.

പാകിസ്ഥാൻ ഗവൺമെന്റ് പറഞ്ഞത്

ഇന്ത്യയുടെ അവകാശവാദങ്ങൾ ഒക്കെയും പാടെ തള്ളിക്കൊണ്ടാണ് പാകിസ്ഥാൻ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. ഇന്ത്യൻ പോർവിമാനങ്ങൾ തങ്ങളുടെ കണ്ണുവെട്ടിച്ച് അതിർത്തി കടന്ന് എത്തിയ വിവരം പാകിസ്ഥാൻ സൈന്യം സമ്മതിച്ചു എങ്കിലും, ഇന്ത്യൻ പോർവിമാനങ്ങൾക്ക് ലക്‌ഷ്യം തെറ്റി എന്നും, ഇന്ത്യ തൊടുത്തുവിട്ട മിസൈലുകൾ ചെന്നുപതിച്ചത് ഒഴിഞ്ഞ മലഞ്ചെരിവിലാണ് എന്നും, കുറച്ച് കാറ്റാടിയും അക്കേഷ്യയും ഒക്കെ കത്തിപ്പോയിട്ടുണ്ടാവാം പരമാവധി എന്നും അവർ പരിഹാസരൂപേണ പറഞ്ഞു. ഇന്ത്യ പറഞ്ഞതിനോട് അന്ന് പ്രതികരിച്ച പാക് സൈനിക വക്താവായ മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞത്,  ഇന്ത്യൻ ജെറ്റുകൾ റഡാറിൽ പതിയുന്നത് അവ ലാഹോർ സിയാൽകോട്ട് സെക്ടറിൽ എത്തിയപ്പോഴാണെന്നും, കണ്ടെത്തിയ ഉടൻ തന്നെ പാക് പോർവിമാനങ്ങൾ അവയെ തുരത്താൻ വേണ്ടി ടേക്ക് ഓഫ് ചെയ്‌തെത്തി എന്നുമാണ്. ഇന്ത്യൻ വിമാനങ്ങൾ ധൃതിപ്പെട്ട് നടത്തിയ ആക്രമണത്തിൽ ഇട്ട നാലു ബോംബുകളുടെ എന്ന പേരിൽ പാകിസ്ഥാൻ ചില ചിത്രങ്ങളും റിലീസ് ചെയ്യുകയുണ്ടായി. തങ്ങളുടെ പോർവിമാനങ്ങൾ തത്സമയം സംഘടിച്ചെത്തിയതോടെ വിരണ്ടു പോയ ഇന്ത്യൻ വിമാനങ്ങൾ പെട്ടെന്നുപെട്ടെന്ന് നാലു ബോംബുകളിട്ട് തിരിച്ചു പോവുകയായിരുന്നു എന്നാണ് പാക് സൈനിക വക്താക്കൾ വാദിച്ചത്.  പാക് മാധ്യമങ്ങൾ ഈ ആക്രമണത്തെ ഒരു LoC ലംഘനമായി മാത്രം അടയാളപ്പെടുത്തി. അതിർത്തി ലംഘിച്ചു കടന്നുവന്ന ശത്രുവിമാനങ്ങളെ തുരത്തി പാക് വ്യോമസേനയുടെ ഫൈറ്റർ പൈലറ്റുകളെ മുക്തകണ്ഠം പുകഴ്ത്തി.



അന്താരാഷ്ട്ര മാധ്യമങ്ങൾ പറഞ്ഞത്

ഇന്ത്യ ആക്രമിച്ചു എന്നവകാശപ്പെട്ട സ്പോട്ടിൽ ചെന്നത് റോയിട്ടേഴ്‌സ് എന്ന അന്താരാഷ്ട്ര ഏജൻസിയുടെ റിപ്പോർട്ടർമാരാണ്. അവർക്ക് അവിടെ ബോംബുകൾ വന്നുപതിച്ചതിന്റെ തെളിവായ നാലു ഗർത്തങ്ങൾ കാണാൻ സാധിച്ചു. ബോംബുകൊണ്ട് കരിഞ്ഞ 15 കാറ്റാടി മരങ്ങളുടെ ചിത്രങ്ങളും അവർ പകർത്തി. റോയിട്ടേഴ്‌സ് പകർത്തിയ തെളിവുകളുടെ ബലത്തിലാണ് പാകിസ്ഥാൻ ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യക്കെതിരെ കാട് നശിപ്പിച്ചുകൊണ്ടുള്ള പാരിസ്ഥിതിക തീവ്രവാദം (Eco Terrorism ) നടത്തി എന്ന ആരോപണം ഉന്നയിച്ചത്. ഇൻഡിപെൻഡന്റ് എന്ന അന്താരാഷ്ട്ര പത്രവും 'ചുരുങ്ങിയത് 300-400 പേരെങ്കിലും കൊല്ലപ്പെട്ടു' എന്ന  ഇന്ത്യയുടെ അവകാശവാദത്തെ സ്ഥിരീകരിക്കാൻ മടിച്ചു.

പാറക്കെട്ടും മരങ്ങളും അല്ലാതെ മറ്റൊന്നും തകർന്ന ലക്ഷണമില്ല എന്ന് അവരും എഴുതി. റിപ്പോർട്ടമാർ സംസാരിച്ച ബാലാകോട്ടിലെ ഗ്രാമീണരും അവിടെ നൂറുകണക്കിന് മരണങ്ങൾ നടന്നു എന്ന വാർത്തയെ തള്ളിപ്പറഞ്ഞു. തങ്ങളുടെ ഗ്രാമത്തിൽ ജെയ്ഷെ മുഹമ്മദ് നടത്തിയിരുന്ന 'മദ്രസ'യിൽ നിന്ന് ഒരു കിലോമീറ്റർ ദൂരെ വീണാണ് ഇന്ത്യൻ വിമാനങ്ങൾ വർഷിച്ച ബോംബുകൾ പൊട്ടിയത് എന്ന് ഗ്രാമീണർ റോയിട്ടേഴ്സിനോട് പറഞ്ഞു. എന്നാൽ ബിബിസി നടത്തിയ ഇന്റർവ്യൂവിൽ പ്രദേശവാസിയായ ഒരാൾക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട് എന്ന വിവരം ഗ്രാമീണരിലൊരാൾ സ്ഥിരീകരിച്ചു.


ബാലക്കോട്ടിൽ പ്രത്യാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. ആ ആക്രമണത്തിൽ എന്താണ് സംഭവിച്ചത്, എത്രകണ്ട് നാശനഷ്ടങ്ങൾ ശത്രുപക്ഷത്ത് സംഭവിച്ചു എന്നതൊക്കെ സംബന്ധിച്ചുള്ള ചർച്ചകൾ എങ്ങുമെത്താതെ പോയി, അതിനു പിന്നാലെ വന്ന തെരഞ്ഞെടുപ്പിന്റെ ബഹളത്തിൽ അതിനെപ്പറ്റി ഒരു വസ്തുതാന്വേഷണങ്ങളും നടക്കാതെ പോയി. എന്തായാലും, പുൽവാമ ആക്രമണവും, അതിന്റെ തിരിച്ചടിയെന്നോണം രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യൻ വ്യോമസേന ബാലാക്കോട്ടിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കും ഒക്കെ  അത് കാര്യമായ ഊർജ്ജം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പകരുകയും, എൻഡിഎയുടെ വിജയസാധ്യത വലിയതോതിൽ വർധിപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ, അങ്ങനെ ഒരു ആക്രമണത്തിന്റെ ഒന്നാം വാർഷികം കാര്യമായ ഒരു ആഘോഷത്തിന് തന്നെ വക നൽകുമെന്ന കാര്യത്തിൽ സംശയം വേണ്ട.

 

Follow Us:
Download App:
  • android
  • ios