കൊറോണാ വൈറസ് മരണം വിതച്ചുകൊണ്ട് രാജ്യത്തിന്റെ എല്ലാഭാഗത്തും പടർന്നുപിടിച്ചു എങ്കിലും, ഇതിന്റെ ആഘാതം ഏറ്റവും അധികമായി തോന്നിയിട്ടുണ്ടാവുക ദില്ലിയിലെ ദരിദ്രരായ ജനങ്ങൾക്കായിരിക്കും. രണ്ടുമൂന്നാഴ്ച മുമ്പുവരെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത് ദക്ഷിണ ദില്ലിയിൽ നടന്ന കലാപത്തിൽ സകലതും നഷ്ടമായി, വീടുകൾ തീവെച്ച് നശിപ്പിക്കപ്പെട്ട്, ഭയന്നുവിറച്ച് അഭയാർഥിക്യാമ്പുകളിൽ ചെന്നുപെട്ട പാവങ്ങളെക്കുറിച്ചുള്ള വാർത്തകളായിരുന്നു. എന്നാൽ രാജ്യം കൊവിഡ് 19 -ന്റെ പിടിയിലമർന്നതോടെ, കലാപവാർത്തകളുടെ കുത്തൊഴുക്ക് പതുക്കെ നിലച്ചു. പിന്നെ, വാർത്തകളെല്ലാം തന്നെ കൊറോണാ വൈറസിന്റെ പിടിയിലമർന്നു മരിച്ചവരുടെ സങ്കടങ്ങളെപ്പറ്റിയും, വൈറസിനെതിരെ കേന്ദ്രവും സംസ്ഥാനങ്ങളും സ്വീകരിച്ചു പോരുന്ന നടപടികളെപ്പറ്റിയും ഒക്കെയായി. കലാപങ്ങൾ ജീവിതങ്ങളെ എന്നെന്നേക്കുമായി തകർത്തെറിഞ്ഞ ആ പാവങ്ങളുടെ സ്ഥിതി ഈ രണ്ടുമൂന്നാഴ്ചകളിൽ ഒട്ടും മെച്ചപ്പെട്ടിരുന്നില്ല. പക്ഷേ, അവർ മുഖ്യധാരയിൽ നിന്ന് പതിയെ പിന്നിലേക്ക് നീക്കി നിർത്തപ്പെട്ടു. അതാണ് സത്യം.

പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടിട്ടാണ് ഏറ്റവും ഒടുവിലായി മാർച്ച് 11 -ന് ദില്ലി കലാപത്തെപ്പറ്റി ഒരു ചർച്ച ലോക്സഭയിൽ നടന്നത്. അതിൽ, ഫെബ്രുവരി അവസാനവാരം ദില്ലിയുടെ തെക്കൻ പ്രദേശമായ ജാഫറാബാദിലും പരിസരങ്ങളിലുമായി നടന്ന ലഹളകളിൽ ആകെ 52 പേർ കൊല്ലപ്പെട്ടു എന്നും, 526 പേർക്ക് പരിക്കേറ്റു എന്നും, 142 വീടുകൾ തീവെച്ച് നശിപ്പിക്കപ്പെട്ടു എന്നുമുള്ള സ്ഥിതിവിവരക്കണക്ക് അമിത് ഷാ പാർലമെന്റിനുമുന്നിൽ അവതരിപ്പിക്കുന്നത്. 


അഭയാർത്ഥിക്യാമ്പ് പിരിച്ചു വിട്ട ലോക്ക് ഡൗൺ 

ദില്ലിയിലെ ഈദ് ഗാഹ് മൈതാനത്ത്, കലാപനന്തരം ഒരു അഭയാർത്ഥിക്യാമ്പ് പ്രവർത്തിച്ചു പോരുന്നുണ്ടായിരുന്നു. അതിൽ 250 കുടുംബങ്ങളാണ് കഴിഞ്ഞു പോന്നിരുന്നത്. വീടുകൾ ചുട്ടെരിക്കപ്പെട്ട അവർക്ക്, ഈ താത്കാലിക ക്യാമ്പിൽ തലചായ്ക്കാൻ ഒരിടവും, മൂന്നുനേരം വിശപ്പടക്കാനുള്ള വകയും നല്കപ്പെട്ടിരുന്നു. ആശ്വാസം താത്കാലികമായിരുന്നു എങ്കിലും, ഏതെങ്കിലും കിട്ടുന്നുണ്ടല്ലോ എന്ന സന്തോഷത്തിലായിരുന്നു അവരവിടെ കഴിഞ്ഞു കൂടിയിരുന്നത്.

 

 

എന്നാൽ, ആദ്യം ജനതാ കര്‍‌ഫ്യൂ വന്നു, പിന്നാലെ ലോക്ക് ഡൗണും. 'സാമൂഹിക അകലം' പാലിക്കണം എന്ന് ജനങ്ങളോട് പ്രധാനമന്ത്രി തന്നെയാണ് നേരിട്ട് ആവശ്യപ്പെട്ടത്. ഈ ആഹ്വാനം, പക്ഷേ ഈ ക്യാമ്പുകളുടെ പ്രവർത്തനം തുടരാൻ വയ്യാത്ത ഒരു സാഹചര്യമുണ്ടാക്കി. സാമൂഹികമായി അകലം പാലിച്ചുകൊണ്ട് ഈ ക്യാമ്പിലെ പരിമിതമായ സൗകര്യങ്ങളിൽ കഴിഞ്ഞു കൂടുക അസാധ്യമായിരുന്നു. മാത്രവുമല്ല, അമ്പതിൽ കൂടുതൽ ആളുകൾ ഒരിടത്ത് ഒന്നിച്ചു കൂടാൻ പാടില്ലെന്നുള്ള ലോക്ക് ഡൗൺ തത്വത്തിന്റെ ലംഘനവും ആയേനെ ആ ക്യാമ്പിന്റെ പ്രവർത്തനം. അങ്ങനെ, ക്യാമ്പ് പിരിച്ചു വിടാൻ തീരുമാനമായി. 

അഭയാർത്ഥി ക്യാമ്പ് പിരിച്ചുവിടുമ്പോൾ അന്തേവാസികൾ എങ്ങോട്ടുപോകും?

പലരും വന്ന വഴി ഒരുപോലെയായിരുന്നു.കലാപത്തിൽ അക്രമിസംഘം വീടുകത്തിക്കാൻ വരുന്നു, വീടുവിട്ടോടി തെരുവിലേക്കെത്തുന്നു, വീടുക അഗ്നിക്കിരയാക്കപ്പെടുകയും, നശിപ്പിക്കപ്പെടുകയും ഒക്കെ ചെയ്യുന്നു. തെരുവിലും അക്രമിക്കപ്പെട്ട് അവർ ആശുപത്രികളിലേക്ക് എത്തിപ്പെടുന്നു. ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ പോകാൻ ഇടമില്ലാതെ അവരെ അഭയാർഥിക്യാമ്പുകളിലേക്ക് അയക്കാൻ തീരുമാനമാകുന്നു. അതായിരുന്നു ഒരുവിധം എല്ലാവരുടെയും ലഹളനാന്തരമുള്ള റൂട്ട് മാപ്പ്. 

 

 

കലാപസമയത്ത് വീട്ടിൽ നിന്നും ഉടുതുണിയോടെ ഇറങ്ങിപ്പോന്നതാണ് പലരും. ഒരു മാസം കഴിഞ്ഞിട്ടും അവരിൽ പലർക്കും തിരിച്ച് സ്വന്തം വീട്ടിലേക്ക് തിരിച്ചുചെല്ലാനുള്ള ധൈര്യമായിട്ടില്ല. കലാപം തന്ന നടുക്കുന്ന ഓർമ്മകൾ പലരെയും വിട്ടുമാറിയിട്ടുമില്ല. എന്നാൽ, കൊവിഡ് ബാധ ശക്തിപ്പെട്ടപ്പോൾ അഭയാർഥിക്യാമ്പിൽ വന്ന പൊലീസ് സംഘം അവരോട് അവിടെ ഒന്നിച്ചു കഴിയുന്നത് സുരക്ഷിതമല്ല, സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോകുന്നതാകും ഉത്തമം എന്നറിയിച്ചു. നാട്ടിൽ ഇപ്പോൾ കലാപാന്തരീക്ഷം ഇല്ലെന്നും, വീടുകളിലേക്ക് മടങ്ങിപ്പോകുന്നതിൽ സുരക്ഷിതത്വക്കുറവൊന്നും തന്നെ ഇല്ലെന്നും പൊലീസ് പറഞ്ഞെങ്കിലും, ഉൾക്കിടിലത്തോടെയാണ് പലരും തിരിച്ച് സ്വന്തം വീടുപൂകിയത്. 

പലരുടെയും കയ്യിൽ ഒരു ചില്ലിക്കാശുപോലും അവശേഷിച്ചിട്ടില്ല. മിക്കവാറും എല്ലാവരും തന്നെ വാടകയ്ക്കാണ് താമസിച്ചിരുന്നത്. തിരികെ ചെന്നതിന്റെ അടുത്ത ദിവസം പലരുടെയും വീട്ടുടമസ്ഥർ തേടിയെത്തി. കഴിഞ്ഞ മാസത്തേയും, ഈ മാസത്തേയും, മുടങ്ങിയ രണ്ടു വാടകകൾ നൽകാതെ വീട്ടിൽ കഴിയാനാവില്ല എന്നും പണമില്ലെങ്കിൽ ഉടനെ ഇറങ്ങണം എന്നും അവരോട് പറഞ്ഞു. കൊടുത്തിരിക്കുന്ന അഡ്വാൻസ് തുകയിൽ നിന്ന് വാടക കുടിശ്ശിക പിടിച്ചിട്ട അവരെ ഇറക്കിവിടാനാണ് പല ഉടമസ്ഥരും ശ്രമിക്കുന്നത്. എന്നാൽ, പുറത്തിറങ്ങി ജോലി ചെയ്ത് പണം കൊണ്ട് നൽകാം എന്നുവെച്ചാൽ ലോക്ക് ഡൗൺ കാരണം ജോലി ചെയ്യാൻ വയ്യാത്ത അവസ്ഥയാണ് നാട്ടിലുള്ളത്. അഭയാർത്ഥി ക്യാമ്പിൽ നിന്ന് വീട്ടിലേക്ക് പോന്നതുകാരണം വല്ലതുമൊക്കെ സ്വയം ഉണ്ടാക്കിയാൽ മാത്രമേ വയറുനിറയ്ക്കാനാകൂ. അതിനുവേണ്ടി അരിയും പച്ചക്കറിയും വാങ്ങാൻ കടയിലേക്ക് ചെന്നപ്പോഴാണ് അടുത്ത പുകിൽ. അവിടെയും രൊക്കം പണം കൊടുത്താലേ സാധനങ്ങൾ തരൂ എന്നാണ് കടക്കാരന്റെ നിലപാട്. കലാപം മനുഷ്യന്റെ ഹൃദയങ്ങളിൽ വല്ലാത്തൊരു വൈരാഗ്യമാണ് ബാക്കിയാക്കിയിരിക്കുന്നത്. ആരും ആരെയും ഇപ്പോൾ വിശ്വാസത്തിലെടുക്കുന്നേയില്ല. 

 

 

ദില്ലിയിലെ പാവപ്പെട്ടവരുടെ ഹൃദയങ്ങളിലേക്ക് കലാപം കൊണ്ടിറക്കിയ കനൽ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഒരുപാടുനാൾ എല്ലുമുറിയെ പണിയെടുത്താൽ മാത്രമേ ഇനിയവർക്ക് കലാപം തച്ചുതകർത്തതൊക്കെയും രണ്ടാമതും ഉണ്ടാക്കി, ജീവിതത്തിന്റെ തീവണ്ടിയെ തിരികെ പാളത്തിലേക്ക് കയറ്റാനാകൂ. അന്ന് മാത്രമേ അവർക്ക് സ്വൈര്യമായി ഒന്നുറങ്ങാനാകൂ. തല്ക്കാലം ലോക്ക് ഡൗൺ ആണ്. ഒന്ന് സമാധാനത്തോടെ ഉറങ്ങുന്ന രാത്രി, പ്രതീക്ഷയോടെ ഉണരുന്ന പുലരി, ഒക്കെ ഇനിയും എത്രയോ ദൂരെയാണ് അവർക്ക്.