Asianet News MalayalamAsianet News Malayalam

റൂട്ട് മാര്‍ച്ചും, പരിശീലന ശിബിരവും; യൂണിഫോം ധരിച്ച ഹിറ്റ്ലറുടെ 'ബ്രൗണ്‍ പട': തലയ്ക്ക് മീതേ വളര്‍ന്നപ്പോള്‍ ഹിറ്റ്ലര്‍ തന്നെ വെട്ടി

'ബ്രൗൺ ഷർട്ട്സി'ന്റെ സൈനികസംഘം, വൃത്തിക്ക് അലക്കിത്തേച്ച് ഇസ്തിരിയിട്ട് വടിയാക്കിയ തവിട്ടു യൂണിഫോമും ധരിച്ച് ബെർലിനിലെ തെരുവുകളിലൂടെ റൂട്ട് മാർച്ച് നടത്തിയപ്പോൾ, നാസികുടുംബങ്ങളിലെ കൊച്ചു കുട്ടികൾ അവരെ ആരാധനയോടെ നോക്കി.   

Role of Nazi Brown shirts in making Hitler the Fuhrer
Author
Germany, First Published Jan 17, 2020, 12:38 PM IST

ഹിറ്റ്‌ലർ എന്ന ഫാസിസ്റ്റ് സ്വേച്ഛാധിപതിക്ക്, നിയമത്തിന്റെ പരിധിക്കു വെളിയിൽ എന്തെങ്കിലും സാധിക്കണമെങ്കിൽ അതിനുവേണ്ടി എടുത്തുപയോഗിക്കാൻ വേണ്ടി നിലനിർത്തിയിരുന്ന ഒരു അർധസൈനിക വിഭാഗമുണ്ടായിരുന്നു. സ്റ്റുർമപ്ടൈലൂങ്‌(Sturmabteilung) എന്ന ആ സേന SA എന്ന ചുരുക്കപ്പേരിൽ ജർമനിയിൽ കുപ്രസിദ്ധിയാർജ്ജിച്ചു. സമൂഹത്തിന്റെ പല തലങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ടിരുന്ന അതിലെ യുവാക്കൾ ഹിറ്റ്ലറുടെ ശത്രുക്കളെ ഒന്നൊന്നായി കൊന്നുവീഴ്ത്തി. ഒടുവിൽ ഹിറ്റ്ലറുടെ തലക്കുമീതെ വളരാൻ അതിന്റെ നേതൃത്വം ശ്രമിച്ചപ്പോൾ ഹിറ്റ്‌ലർ തന്നെ ഒരൊറ്റ രാത്രികൊണ്ട് അതിന്റെ നേതൃത്വത്തിലെ നൂറോളം പേരെ നിർദ്ദയം അറിഞ്ഞുതള്ളി. പിന്നീട് 'വടിവാളുകളുടെ രാത്രി' ( The night  of  Long  Knives) എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആ രക്തപങ്കിലമായ രാത്രിയുടെ കഥയാണ്.  

The SA അഥവാ Sturmabteilung. ആ വാക്കിന്റെ അർത്ഥം 'ആക്രമണസേന' എന്നാണ്. ബ്രൗൺ ഷർട്ട്സ് എന്നും സ്റ്റോം ട്രൂപ്പേഴ്സ് എന്നും അത് അറിയപ്പെട്ടിരുന്ന ഹിറ്റ്ലറുടെ ഈ അർധസൈനികവിഭാഗം രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പുള്ള അഞ്ചാറ് വർഷങ്ങളിൽ നാസി പാർട്ടി പ്രവർത്തിച്ച പല ക്രൂരതയുടെയും നടത്തിപ്പുകാരായിരുന്നു. ഹിറ്റ്‌ലറെ ജർമനിയുടെ ഫ്യൂറര്‍ ആക്കിയതിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള ഈ സന്നദ്ധസൈനിക വൃന്ദം, ജർമനിയുടെ സൈനിക വിഭാഗമായ Wehrmacht -നും ഹിറ്റ്ലറുടെ സ്വന്തം അംഗരക്ഷകവൃന്ദമായ Schutzstaffel (SS)നും ഒപ്പം ചരിത്രത്തിൽ ഇടംപിടിച്ചിട്ടുള്ളതാണ്. 

Wehrmacht , Schutzstaffel (SS) തുടങ്ങിയവ ഏറെക്കുറെ രാജ്യത്തെ നിയമത്തിന്റെ ചട്ടക്കൂടുകൾക്ക് ഉള്ളിൽ ഒതുങ്ങി പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ ബ്രൗൺ ഷർട്ട്സ് ഹിറ്റ്ലർക്കുവേണ്ടി നിയമവിരുദ്ധമായുള്ള പലതും, തങ്ങളുടെ ഉരുക്കുമുഷ്ടിയാൽ സാധിച്ചു. നാസിപാർട്ടിയുടെ സർവ്വാധിപത്യത്തിന് മുമ്പ് ജർമ്മൻ മണ്ണിൽ വേരോട്ടമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരെയും, യഹൂദരെയും കയ്യൂക്കും മുഷ്‌കും കൊണ്ടുമാത്രം ഭയപ്പെടുത്തി നിർത്താൻ ഹിറ്റ്ലർക്ക് തന്റെ ബ്രൗൺ ഷർട്ട്സ് ഉപകരിച്ചു. തവിട്ടുപട്ടാളത്തിലെ അച്ചടക്കമുള്ള, യൂണിഫോം ധരിച്ചതുമാത്രം തെരുവിലിറങ്ങുന്ന, സന്നദ്ധഭടന്മാർ തിണ്ണമിടുക്കുള്ള തെരുവുതെമ്മാടികളുടെ ഒരു സേനയായിരുന്നു. അവർ നാട്ടിൽ തങ്ങളുടേതായ ഒരു സദാചാര സംഹിത നടപ്പിലാക്കി. ആർഷജർമൻ പാരമ്പര്യത്തിന്റെ കാവലാൾമാരായി സ്വയം അവരോധിച്ചു. അതിന്റെ സംരക്ഷണത്തിനായി നാടൊട്ടുക്കും ജാഥകൾ നടത്തി. പലപ്പോഴും സദാചാര പൊലീസ് പോലും ചമഞ്ഞു. 

Role of Nazi Brown shirts in making Hitler the Fuhrer

അച്ചടക്കം ഈ സായുധസംഘത്തിന്റെ മുഖമുദ്രയായിരുന്നു. 'ബ്രൗൺ ഷർട്ട്സി'ന്റെ സൈനികസംഘം, വൃത്തിക്ക് അലക്കിത്തേച്ച് ഇസ്തിരിയിട്ട് വടിയാക്കിയ തവിട്ടു യൂണിഫോമും ധരിച്ച് ബെർലിനിലെ തെരുവുകളിലൂടെ റൂട്ട് മാർച്ച് നടത്തിയപ്പോൾ, നാസികുടുംബങ്ങളിലെ കൊച്ചു കുട്ടികൾ അവരെ ആരാധനയോടെ നോക്കി. പലരും സ്വന്തം കുഞ്ഞുങ്ങൾക്ക് ബ്രൗൺ ഷർട്ട്സ് വാങ്ങി നൽകി. അവർ ആ വസ്ത്രങ്ങളണിഞ്ഞ് സ്വന്തം വീടുകൾക്കുള്ളിൽ റൂട്ട് മാർച്ചുകൾ അനുകരിച്ചു. ജർമൻ പട്ടാളത്തിന്റെയും സർക്കാരിന്റെയും ഒക്കെ നിയന്ത്രണത്തിൽ നിന്ന് അകലെയായിരുന്നു എന്നും ബ്രൗൺ ഷർട്ട്സ്. അതിന് ആകെ ഉത്തരവാദിത്തമുണ്ടായിരുന്നത് നാസി പാർട്ടി നേതൃത്വത്തോട് മാത്രമായിരുന്നു. പാർട്ടി ആഗ്രഹിക്കുന്ന എന്തുകലാപവും ജർമനിയിൽ എവിടെയും കൃത്യമായ പ്ലാനിങ്ങോടെ നടപ്പിലാക്കാൻ ഈ തവിട്ടുപട്ടാളത്തിന് സാധിച്ചിരുന്നു അന്നൊക്കെ. Ernst Röhm -ന്റെ നേതൃത്വത്തിൽ ആ സൈന്യം നാസി പാർട്ടിക്ക് ജർമനിയിൽ ആരും ആരാധിക്കുന്ന ഒരു പ്രതിച്ഛായ സമ്മാനിച്ചു.

1921 -ൽ മ്യൂണിക്കിലായിരുന്നു നാസി പാർട്ടി, തങ്ങളുടെ അർധസൈനിക(paramilitary) വിഭാഗമായ  The SA അഥവാ Sturmabteilung സ്ഥാപിക്കുന്നത്. അന്ന് ജർമനിയിൽ പരക്കെ ഉണ്ടായിരുന്ന ഇടതുവിരുദ്ധവികാരവും, വിമുക്ത ഭടന്മാർ വെച്ചുപുലർത്തിയിരുന്ന ജനാധിപത്യവിരുദ്ധത മനോഭാവവും വളരെ കൃത്യമായി മുതലെടുത്തുകൊണ്ട് നടത്തിയ ഒരു സംഘടനമായിരുന്നു. നാസി പാർട്ടിയുടെ രാഷ്ട്രീയ ജിഹ്വ വളരെയധികം ശക്തവും, രാഷ്ട്രീയ സംവാദങ്ങളിൽ ആരെയും അടിച്ചിരുത്താൻ പോന്നതുമായിരുന്നു. എന്നാൽ, അതിന് അന്നുവരെ ഇല്ലാതിരുന്നത് സംഘർഷങ്ങളിൽ കായികമായി ഇടപെടാൻ പോന്ന ഒരു യുവവൃന്ദമായിരുന്നു. ആ സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു ഹിറ്റ്ലറുടെ സ്വന്തം 'ബ്രൗൺ ഷർട്ട്സ്'.

Role of Nazi Brown shirts in making Hitler the Fuhrer 

മുസ്സോളിനിയുടെ പിള്ളേർ ധരിച്ചിരുന്നത് ബ്ലാക്ക് ഷർട്ട്സ് ആയിരുന്നു എങ്കിൽ, ഹിറ്റ്‌ലർ അതിനെ അനുകരിച്ചുകൊണ്ട് തന്റെ അർധസൈനികസംഘത്തിനെ തവിട്ടുകുപ്പായങ്ങൾ ധരിപ്പിച്ചു. നാസി റാലികൾക്കും മറ്റും മുന്നോടിയായി ശക്തിപ്രകടനങ്ങൾ നടത്തിയ ആ വൻസംഘം, സമ്മേളനം തുടങ്ങുമ്പോൾ പങ്കെടുക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി. അവർക്ക് വേണ്ട സംഘാടനാസഹായങ്ങൾ നൽകി. നാസിപാർട്ടിയുടെ പരിപാടിയുടെ ചാലകസംഘമായി അത് പ്രവർത്തിച്ചു. ജനമധ്യത്തിൽ നിന്ന് ആരോഗ്യവും ചുറുചുറുക്കും പേശീബലവുമുള്ള യുവാക്കളെ നന്നേ ചെറുപ്പത്തിൽ കണ്ടെടുത്തത് അവർക്കായി പരിശീലനശിബിരങ്ങൾ നടത്തി അവരെ അച്ചടക്കമുള്ള അർധസൈനിക ഓഫീസർമാരായ ട്രെയിൻ ചെയ്തെടുത്തു. വോട്ടുകൾ കിട്ടേണ്ടിടത്ത് അത് സാമദാനഭേദദണ്ഡങ്ങൾ എല്ലാം പ്രയോഗിച്ചും അതുറപ്പുവരുത്തി. ഹിറ്റ്ലറുടെ രാഷ്ട്രീയ ശത്രുക്കളിൽ പലരെയും രാത്രിയുടെ മറവിൽ SA കാലപുരിക്കയച്ചു. 

ബിയർ ഹാൾ കലാപം

അങ്ങനെയിരിക്കെയാണ് 1923 -ൽ, ബവേറിയയിലെ മ്യൂണിക്കിൽ വെച്ച് 'ബിയർ ഹാൾ കലാപം' (The Beer Hall Putsch) നടക്കുന്നത്. അത് ഹിറ്റ്‌ലർ പുഷ്‌ക് എന്നും അറിയപ്പെടുന്നു. അത് അന്ന് ഭരണത്തിലുണ്ടായിരുന്ന വെയ്മർ ഗവണ്മെന്റിനെതിരെ, 600  ബ്രൗൺ ഷർട്ട്സ് സൈനികർ അടക്കമുള്ള, പത്തുരണ്ടായിരം നാസി പാർട്ടി (NSDAP) പ്രവത്തകരുമായി ഹിറ്റ്‌ലർ ഒരു പട്ടാള അട്ടിമറിശ്രമം നടത്തുന്നത്. ആ ശ്രമം പക്ഷേ ജർമ്മൻ പൊലീസ് പരാജയപ്പെടുത്തുകയും, അത് 14 നാസിപാർട്ടി പ്രവർത്തകരുടെ മരണത്തിലും, ഹിറ്റ്ലർക്ക് ഗുരുതരമായ പരിക്കുകൾ ഏൽക്കുന്നതിലും പര്യവസാനിക്കുന്നു. പണി പാളി എന്ന് കണ്ട ഉടൻ തന്നെ ഹിറ്റ്‌ലർ ബവേറിയ വിട്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു എങ്കിലും, പിടിക്കപ്പെടുകയും രാജ്യദ്രോഹകുറ്റം ചുമത്തി ആറു കൊല്ലത്തേക്ക് കഠിനതടവിന് വിധിക്കപ്പെട്ട് ലാൻഡ്‌സ്‌ബെർഗ് ജയിലിൽ അടക്കപ്പെടുകയും ചെയ്തു. ഇവിടെ വെച്ചാണ് ഹിറ്റ്‌ലർ തന്റെ ആത്മകഥയായ മെയ്ൻ കാംഫ് എഴുതിപ്പൂർത്തിയാക്കുന്നത്. ഈ പരാജയപ്പെട്ട കലാപം പക്ഷേ, ഹിറ്റ്ലറുടെ തവിട്ടുപട്ടാളത്തിന് ഒരു നേതാവിനെ നൽകി. ഏൺസ്റ്റ് റോം (Ernst Röhm). ഒന്നാം ലോകമഹായുദ്ധത്തിൽ സേവനമനുഷ്ഠിച്ച് ക്യാപ്റ്റൻ വരെ ആയ ആളായിരുന്നു ഏൺസ്റ്റ്. ആ യുദ്ധം കഴിഞ്ഞപ്പോൾ അയാൾ ഫ്രേകോർപ്സ് (Freikorps) എന്ന തീവ്ര വലതുപക്ഷ ദേശീയതാ വാദി സംഘത്തിന്റെ ബവേറിയൻ ഡിവിഷനിൽ ചേർന്നു. 1920 അടുപ്പിച്ച് പ്രവർത്തനം അവസാനിപ്പിച്ച  ഫ്രേകോർപ്സ് ആയിരുന്നു റോസാ ലക്സംബർഗ് അടക്കമുള്ള അതിപ്രസിദ്ധരായ പല ഇടതു നേതാക്കളുടെയും കൊലപാതകങ്ങൾക്ക് മുൻകയ്യെടുത്തതും, അവ നടപ്പിലാക്കിയതും. മുൻ ഫ്രേകോർപ്സ് ഭടന്മാരും ഓഫീസര്‍മാരുമായിരുന്നു 'ബ്രൗൺ ഷർട്ട്സ്' എന്നപേരിൽ ഒരു അർധസൈനികവിഭാഗത്തിന് ഹിറ്റ്‌ലർ രൂപം നൽകിയപ്പോൾ അതിന്റെ പ്രമുഖ റാങ്കുകളിൽ വന്നത്. 

Role of Nazi Brown shirts in making Hitler the Fuhrer

'ഏൺസ്റ്റ് റോം (Ernst Röhm)'

ബിയർ ഹാൾ കലാപത്തിന് ശേഷം, 1920 -കളിലും 1930 -കളിലും തവിട്ടുകുപ്പായക്കാർ ജർമനിയിലെ തെരുവുകളിൽ അവിടത്തെ കമ്യൂണിസ്റ്റുകാരുമായി നിരന്തരമായി ഏറ്റുമുട്ടിക്കൊണ്ടിരുന്നു. 1931 ആയപ്പോഴേക്കും ജർമൻ മണ്ണിലെ തവിട്ടുകുപ്പായക്കാരുടെ എണ്ണം, വെറും രണ്ടുകൊല്ലം കൊണ്ട് മുപ്പതുലക്ഷമായി ഉയർന്നു. കമ്യൂണിസ്റ്റുകാർക്കൊപ്പം ജൂതരും ബ്രൗൺ ഷർട്ട്സിന്റെ അക്രമങ്ങൾക്ക് ഇരയായിക്കൊണ്ടിരുന്നു. 

വടിവാളുകളുടെ രാത്രി (The Night of Long Knives)

എന്നാൽ, അധികം താമസിയാതെ തന്നെ താൻ പാലൂട്ടി വളർത്തിയ തവിട്ടുകുപ്പായക്കാരിൽ പലരും തനിക്കെതിരെ തിരിഞ്ഞുകൊത്താൻ പ്ലാനിടുന്നു എന്ന രഹസ്യവിവരം ഹിറ്റ്ലർക്ക് കിട്ടി. അത് അക്ഷന്തവ്യമായ അപരാധമായിരുന്നു. ഫ്യൂററോടുള്ള വിശ്വാസഹത്യക്കുള്ള പ്രതിഫലം, മരണം ഒന്നുമാത്രമായിരുന്നു. ഹിറ്റ്‌ലർ ജർമ്മനിയിലെ കച്ചവടക്കാർക്കും ബിസിനസ്സുകാർക്കും ഒപ്പം നിന്നപ്പോൾ തവിട്ടുകുപ്പായക്കാരിൽ നേതൃസ്ഥാനത്തിരിക്കുന്നവരുടെ തൊഴിലാളിവർഗത്തിനോട് നേരിയൊരു അനുഭാവമുണ്ടായി എന്നതായിരുന്നു വിഷയം. തൊഴിലാളി താത്പര്യങ്ങൾക്ക് വിരുദ്ധമായി നിൽക്കുന്ന ഹിറ്റ്‌ലറെ അധികാരഭ്രഷ്ടനാക്കാൻ SA -ക്കുവേണ്ടി ഏൺസ്റ്റ് റോം, SS -നോട് സഹായം അഭ്യർത്ഥിച്ചു എന്ന വിവരം ഹിറ്റ്ലർക്ക് ചോർന്നുകിട്ടുന്നു. ഉടനടി എന്തെങ്കിലും ചെയ്തില്ലെങ്കിൽ, അധികം താമസിയാതെ തനിക്കെതിരെ ഒരു കലാപം ബ്രൗൺ ഷിർട്ട്സിന്റെ ഭാഗത്തുനിന്നുണ്ടായേക്കാം എന്ന ഭീതി, അത് ഹിറ്റ്ലറെക്കൊണ്ട് പ്രവർത്തിപ്പിച്ചത് ഒരു വലിയ കടുംകൈ ആയിരുന്നു. SA -യുടെ ഏറ്റവും മുതിർന്ന നേതാക്കൾ എല്ലാവരെയും, ഹിറ്റ്‌ലർ 'വടിവാളുകളുടെ രാത്രി' എന്നറിയപ്പെട്ട  1930 ജൂൺ 30 -ന്, നേരം ഇരുട്ടി വെളുക്കും മുമ്പ് ഈ ഭൂമുഖത്തുനിന്നുതന്നെ തുടച്ചുനീക്കി

Role of Nazi Brown shirts in making Hitler the Fuhrer.

ഗെറിങ് ഹെയിംലർ, ഹേയ്ഡ്രിച്ച് എന്നിവർ ചേർന്ന് ഹിറ്റ്ലർക്കും ഗീബൽസിനും മുന്നിൽ കരിങ്കാലികളായ SA ഓഫീസർമാരുടെ ഒരു ലിസ്റ്റ് വെച്ചു. അവരിൽ നിന്ന് ഏറ്റവും അപകടകാരികൾ എന്ന് എല്ലാവർക്കും ഒരുപോലെ തോന്നിയ എഡ്മണ്ട് ഹെയിൻസ് അടക്കമുള്ള SA നേതൃനിരയിലുള്ള 150 പേരെ ഒരൊറ്റ രാത്രികൊണ്ടാണ് ഹിറ്റ്ലറുടെ സൈന്യം വെടിവെച്ചു കൊന്നുകളഞ്ഞത്. ഏൺസ്റ്റ് റോമിനെ പിടികൂടിയ ഹിറ്റ്‌ലർ അയാൾക്ക് ആത്മാഹുതി ചെയ്യാനുള്ള അവസരം നൽകി. എന്നാൽ, അത് സ്വീകരിക്കാതിരുന റോമിനെയും പിന്നീട് സൈന്യം വെടിവെച്ചു കൊന്നു. ആ ഒരൊറ്റ വാരാന്ത്യം കൊണ്ട് കൊല്ലപ്പെട്ടത് ഏകദേശം ആയിരത്തോളം തവിട്ടുകുപ്പായക്കാരാണ് എന്ന് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. 

Role of Nazi Brown shirts in making Hitler the Fuhrer

ഈ ശുദ്ധികലശത്തിനു ശേഷം ബ്രൗൺ ഷർട്ട്സിന്റെ നേതൃത്വം ഏൺസ്റ്റ് റോമിന്റെ കലാപപദ്ധതികളെപ്പറ്റി ഹിറ്റ്ലർക്ക് വിവരം ചോർത്തിനൽകിയ വിക്തോർ ലൂഥ്സെക്ക് കൈവരുന്നു. 1943 -ൽ മരിക്കും വരേയ്ക്കും ബ്രൗൺ ഷർട്ട്സിനെ നയിച്ചത് ലൂഥ്സെ ആയിരുന്നു. എന്നാൽ, ഒറ്റരാത്രി കൊണ്ട് നടത്തേണ്ടിവന്ന ആ കൂട്ടക്കൊലയ്ക്ക് ശേഷം, ഏതുനിമിഷവും തനിക്കെതിരെ തിരിയാവുന്ന പരുവത്തിൽ, ഇങ്ങനെയൊരു അർധസൈനിക വിഭാഗത്തെ പാലൂട്ടിവളർത്തേണ്ടതില്ല എന്ന തീരുമാനത്തിലേക്കാണ് ഹിറ്റ്‌ലർ എത്തിയത്. എണ്ണത്തിൽ കാര്യമായ കുറവുവരുത്തിയെങ്കിലും, ജൂതർക്കെതിരെ എടുത്തുപയോഗിക്കാൻ പരുവത്തിൽ ഒരു കൊലയാളി സംഘം എന്ന നിലയ്ക്ക് ബ്രൗൺ ഷർട്ട്സ് പിന്നെയും പ്രവർത്തനം തുടർന്നുപോയി. 1938 നവംബർ  9-10 തീയതികളിലായി ക്രിസ്റ്റൽനാശ്ട്ടിൽ ജൂതരുടെ വ്യാപാരസ്ഥാപനങ്ങൾക്ക് നേരെ നടന്ന വ്യാപകമായ അക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് ബ്രൗൺ ഷർട്ട്സിന്റെ സൈനികരായിരുന്നു .

ഏറെ അച്ചടക്കത്തോടെ ദീർഘകാലം പ്രവർത്തിച്ച പാരമ്പര്യമുണ്ടായിരുന്നിട്ടുകൂടി, 'ഹിറ്റ്ലർക്കെതിരെ പാളയത്തിൽ പട നയിക്കാൻ ശ്രമിച്ചവർ' എന്ന കളങ്കം തവിട്ടുകുപ്പായക്കാരെ പിന്നീടൊരിക്കലും വിട്ടുമാറിയില്ല. അവർ SS ന്റെ കടുത്ത നിയന്ത്രണങ്ങളോടെ കുറച്ചുകാലം കൂടി തുടർന്നെങ്കിലും, 1945 -ൽ ജർമനി സഖ്യകക്ഷികളോടെ തോൽവി സമ്മതിച്ച വർഷം നാസികളുടെ ആ അർധസൈനിക സംഘടിത തെരുവുതെമ്മാടിക്കൂട്ടത്തിന്റെ പ്രവർത്തനങ്ങൾക്കും തിരശ്ശീല വീണു. 

Follow Us:
Download App:
  • android
  • ios