Asianet News MalayalamAsianet News Malayalam

പശുവിനെ 'ഗോമാത'യാക്കുന്നതിൽ പ്രിന്റിങ് പ്രസ്സുകൾ വഹിച്ച പങ്ക്

അന്ന് കലണ്ടറുകളുടെയും പോസ്റ്ററുകളുടെയും രൂപത്തിൽ അച്ചടിക്കപ്പെട്ട ഈ 'ഗോമാതാ'ചിത്രങ്ങളിൽ പശുവിന്റെ ശരീരത്തിൽ ഹിന്ദുദൈവങ്ങൾ എല്ലാം വരുന്ന രീതിയിൽ ഒരു ഡിസൈൻ ആദ്യമായി പ്രത്യക്ഷപ്പെട്ടു. 

role of printing presses in making cow a holy cow or gomata, book excerpt
Author
Delhi, First Published Feb 15, 2020, 5:21 PM IST

പശു, മാതാവ് എന്ന് യഥാക്രമം അർഥം വരുന്ന ഗോ, മാതാ എന്നീ വാക്കുകൾ ചേർന്നാണ് 'ഗോമാതാ' എന്ന വാക്കുണ്ടാകുന്നത്. അതായത് പശുവിനെ മാതൃസ്ഥാനത്ത് കാണുന്ന ഒരു സങ്കൽപം. പൂജാദികർമ്മങ്ങളുടെയും മറ്റും ഭാഗമായി ഇന്ന് മതവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഒരു സസ്തനിയാണ് പശു. ഗോസംരക്ഷണം എന്ന ആശയം ഇന്ത്യൻ മണ്ണിൽ ഊട്ടിയുറപ്പിക്കുന്നതിൽ പ്രിന്റിങ് പ്രസ്സുകൾ വഹിച്ച പങ്കിനെപ്പറ്റി അപർണ വൈദിക് എന്ന ചിത്രകാരി രചിച്ച 'My Son’s Inheritance: A Secret History of Lynching and Blood Justice in India' ( Author:Aparna Vaidik, Published  by Aleph )  എന്ന പുസ്തകത്തിൽ വിശദമായ പരാമർശങ്ങളുണ്ട്. അതില്‍ നിന്നൊരു ഭാഗം. 

പരിഭാഷ: ബാബു രാമചന്ദ്രൻ

role of printing presses in making cow a holy cow or gomata, book excerpt

"ഗോ സംരക്ഷണ പ്രസ്ഥാനം, അന്ന് ഇന്ത്യയിൽ പച്ചപിടിച്ചുതുടങ്ങിയ പ്രിന്റിങ് സംസ്കാരത്തെ വിദഗ്ധമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പുസ്തകങ്ങൾ, മാസികകൾ, ജേർണലുകൾ, ലഘുലേഖകൾ, പോസ്റ്ററുകൾ, കാർട്ടൂണുകൾ, ചെറുപുസ്തകങ്ങൾ, ഡയറികൾ, പത്രങ്ങൾ തുടങ്ങി പ്രിന്റിങ്ങിന്റെ പല സാധ്യതകളും വ്യാവസായികാടിസ്ഥാനത്തിൽ വിപണിയിലേക്ക് പ്രവഹിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത്. അതിനെയൊക്കെ തങ്ങളുടെ ആശയങ്ങളുടെ പ്രസാധനത്തിന് ഗോരക്ഷാവാദികൾ പ്രയോജനപ്പെടുത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ തന്നെ പ്രിന്റിങ് എന്നത് ഒരു വലിയ വ്യവസായമായി വികസിച്ചു കഴിഞ്ഞിരുന്നു. അതിനുവേണ്ട ആവശ്യവസ്തുക്കളായ പ്രസ്സുകൾ, പേപ്പർ, മഷി എന്നിവ നിർമിക്കുന്ന ഒരു അനുബന്ധ വ്യവസായം വേറെയും വികസിച്ചു വന്നുകഴിഞ്ഞിരുന്നു. ചിത്രങ്ങൾ വളരെ കുറഞ്ഞ ചെലവിൽ അച്ചടിക്കുന്ന വിദ്യ കണ്ടുപിടിക്കപ്പെട്ടതോടെ പ്രിന്റിങ് വീണ്ടും എത്രയോ വർധിച്ചു. പെയിന്റിങ്ങുകൾ, ഫോട്ടോകൾ, ചിത്രങ്ങൾ, കാർട്ടൂണുകൾ, മതപരമായ ആർട്ട് വർക്കുകൾ തുടങ്ങിയവ വ്യാപകമായി അച്ചടിക്കപ്പെട്ടു. 

ലഖ്‌നൗവിലെ നവൽ കിഷോർ പ്രസ്സ്, ബോംബെയിലെ ശ്രീ വെങ്കിടേശ്വര പ്രസ്സ്, രവിവർമ പ്രസ്സ് തുടങ്ങിയവ ആ വിപ്ലവത്തിന്റെ പതാകാവാഹകരായിരുന്നു എന്നുപറയാം. ഇന്ന് സോഷ്യൽ മീഡിയയിൽ എങ്ങനെ ചർച്ചകളും വിവാദങ്ങളും നടക്കുന്നുവോ, അതിനു സമാനമായ രീതിയിലുള്ള ചർച്ചകളും, വിവാദങ്ങളും, തർക്കങ്ങളും, പ്രശ്നങ്ങളും ഒക്കെ ഇത്തരത്തിൽ പ്രിന്റ് ചെയ്ത് സമൂഹമധ്യത്തിലേക്ക് ഇറങ്ങുന്ന സാഹിത്യവും കലയും കാരണമുണ്ടായി. പല സമുദായങ്ങളും അവരുടെ മതപരമായ സാഹിത്യം വ്യാപകമായി അച്ചടിച്ച് തുടങ്ങി. ചിലർ അവർ ആരാധിച്ചിരുന്ന രാഷ്ട്രീയ, സാമൂഹിക നേതാക്കളുടെ വാക്കുകളും, അവരുടെ ആശയങ്ങളുമൊക്കെ അച്ചടിച്ച് പ്രചരിപ്പിക്കാൻ തുടങ്ങി. മറ്റുചിലർ അവർ വിശ്വസിച്ചിരുന്ന പുത്തൻ/പഴഞ്ചൻ ആശയങ്ങളെ ജനമധ്യത്തിലേക്ക് എത്തിക്കാൻ അച്ചടിയെ ഒരു മാധ്യമമാക്കി. ആ പ്രചാരണ യുദ്ധത്തിൽ പരസ്പരവിരുദ്ധമായ ആശയങ്ങൾ പലപ്പോഴും വീറോടെ പരസ്പരം മത്സരിച്ചു. 

ഈ പ്രിന്റിങ് സംസ്കാരത്തിൽ ലയിച്ചു ചേർന്നുകൊണ്ടുള്ള ഒരു വളർച്ചയാണ് അവിടന്നങ്ങോട്ടുള്ള തലമുറകൾക്ക് ഉണ്ടായത്. അവർ എവിടെ ചെന്നാലും ഇങ്ങനെ പ്രിന്റ് ചെയ്യപ്പെട്ട എന്തെങ്കിലുമൊക്കെ കാണുമായിരുന്നു. ന്യൂസ് പേപ്പർ സ്റ്റാളുകളിൽ, റെയിൽവെ ബുക്ക്സ്റ്റാളുകളിൽ, ജംഗ്‌ഷനുകളിൽ, സ്‌കൂളുകൾക്കും കോളേജുകൾക്കും വെളിയിൽ, അമ്പലങ്ങളുടെയും ആശുപത്രികളുടെയും പരിസരങ്ങളിൽ ഒക്കെ ഈ അച്ചടിയുത്പന്നങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. പേഴ്‌സുകളിൽ സൂക്ഷിക്കാൻ പറ്റുന്ന വലിപ്പത്തിലുള്ള കാർഡുകൾ, അല്ലെങ്കിൽ പൂജാമുറികളിൽ തൂക്കാൻ പറ്റുന്ന വലിപ്പത്തിലുള്ള കലണ്ടറുകൾ ഒക്കെ ആളുകൾ വിലകൊടുത്തു വാങ്ങി. ഇങ്ങനെയുള്ള പ്രചാരങ്ങൾ വളരെ വിലക്കുറവിൽ വളരെ കൂടിയ അളവിൽ നിർമ്മിച്ചെടുക്കാമായിരുന്നു എന്നതിനാൽ തന്നെ അതിന് വൻ പ്രചാരം കിട്ടി. എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന വലിപ്പത്തിലായിരുന്നു പലതിന്റെയും നിർമാണം എന്നതും അതിന്റെ പ്രചാരത്തിന് ആക്കം കൂട്ടി. പാവപ്പെട്ടവർക്കുപോലും ആ കലണ്ടറുകളും മറ്റും വാങ്ങാൻ പറ്റിയിരുന്നു. അങ്ങനെ പ്രിന്റ് ചെയ്തുവന്നിരുന്ന പലതും ഇന്ത്യൻ ഭവനങ്ങളുടെ ചുവരുകൾ അലങ്കരിച്ചു. വരേണ്യ ഭാഷകളായ സംസ്‌കൃതത്തിനും ഹിന്ദിക്കും ഇംഗ്ലീഷിനുമൊക്കെ പുറമെ, ഭാരതത്തിന്റെ അങ്ങോളമിങ്ങോളമുള്ളവർ നിത്യം സംസാരിച്ചു പോരുന്ന പ്രാദേശികഭാഷകളിൽ കൂടി അച്ചടിയെത്തിയതോടെ വായനക്കാരുടെ അനുദിനം വർധിച്ചു പോന്നു. വായിക്കാൻ അറിയുന്നവരും, അതിന് കഴിവില്ലാത്തവരും ഒക്കെ ആ ആശയങ്ങളോട് അടുത്തു. വായിക്കാനറിയാത്തവർ അറിയാവുന്നവരെക്കൊണ്ട് വായിപ്പിച്ച് കേട്ടു. അങ്ങനെ ആകാശത്തിനു ചോട്ടിലുള്ള എന്തിനെപ്പറ്റിയും അനായാസം സമൂഹത്തിൽ പ്രചരിപ്പിക്കാൻ പറ്റുമെന്ന അവസ്ഥവന്നു. 

പാഠപുസ്തകങ്ങളുടെയും മറ്റും അച്ചടി, വിദ്യാഭ്യാസരംഗത്തും വിപ്ലവങ്ങളുണ്ടാക്കി. കുട്ടികളുടെയും മുതിർന്നവരുടെയും സാഹിത്യം തുച്ഛമായ വിലയ്ക്ക് അച്ചടിച്ച് പ്രസിദ്ധം ചെയ്യാൻ തുടങ്ങിയപ്പോൾ അത് വായനയിൽ ഉണ്ടാക്കിയത് വൻ വിപ്ലവമാണ്. പബ്ലിക് ലൈബ്രറികൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുവെച്ചത് അറിവിന്റെ പുതുവാതായനങ്ങളാണ്. അതുവരെ അറിവ് അത്രയെളുപ്പം എത്തിച്ചേർന്നിരുന്നില്ലാത്ത കുട്ടികൾ, സ്ത്രീകൾ, വയോധികർ, പാവങ്ങൾ, കീഴ്ജാതിക്കാർ എന്നിവരെയും വായനയിലേർപ്പെടാൻ പ്രിന്റിങ്ങിലുണ്ടായ വളർച്ച സഹായിച്ചു. നോവലുകൾ, ചെറുകഥകൾ, കവിതകൾ, മാസികകൾ, ജേർണലുകൾ തുടങ്ങിയ പല പുതുപുത്തൻ സംഗതികളും മാർക്കറ്റിൽ വന്നിറങ്ങി. വായനയിലേക്കും എഴുത്തിലേക്കും ഉള്ള സാമീപ്യം,  സാമൂഹികബന്ധങ്ങൾ മെച്ചപ്പെടുത്തി. പുതിയ പ്രത്യയ ശാസ്ത്ര സംഘർഷങ്ങൾക്ക് കാരണമായി. അത് ജനങ്ങളുടെ ആത്മബോധത്തെ പരുവപ്പെടുത്തി. അച്ചടിക്കപ്പെട്ട അക്ഷരത്തിന്റെ ശക്തിയുടെ പ്രതീകങ്ങളായി പുസ്തകങ്ങൾ മാറി. മനുഷ്യമനസ്സുകളിൽ ആ പുസ്തകങ്ങൾ ഒരിക്കലും മായ്ക്കാനാകാത്ത ചിന്തകൾ മനുഷ്യമസ്തിഷ്കങ്ങളിൽ കോറിയിട്ടു.

ബനാറസിലെ നഗരി പ്രചാരിണി സഭ, അഹമ്മദാബാദിലെ ഹിന്ദി സാഹിത്യ സമ്മേളൻ തുടങ്ങിയവ, സംസ്കൃതത്തിൽ നിന്നുത്ഭവിച്ച ഗോരക്ഷ എന്ന സങ്കല്പത്തെ ഹിന്ദിയെന്ന കുറേക്കൂടി ജനപ്രിയമായ ഭാഷയിൽ എഴുതപ്പെട്ട പുസ്തകങ്ങളിലൂടെ, അച്ചടിക്കപ്പെട്ട ചിത്രങ്ങളിലൂടെ ഒക്കെ പ്രചാരത്തിൽ കൊണ്ടുവന്നു. ഗോസേവക്, ഗോധർമ പ്രകാശ്, ഭാരത് ഡിംദിമാ നാടക്, ഗോമാതാ കാ സന്ദേശ് തുടങ്ങിയ പല മാസികകളും അക്കാലത്ത് പുറത്തിറങ്ങി. അവ ഗോമാതാവിനെ മഹത്വവൽക്കരിച്ചു. പശുവിനെ ഹിന്ദുക്കളുടെ മാതാവിന്റെ സ്ഥാനത്തേക്കുയർത്തി. ആ ആശയത്തിന് പ്രചാരമേകി. അങ്ങനെ ഒരു പ്രചാരണത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ നിന്നാണ് അന്നുവരെ പ്രചാരത്തില്‍ ഇല്ലാതിരുന്ന 'ഗോസംരക്ഷണം' എന്ന ആശയം ഉടലെടുക്കുന്നത്. ആ ആശയത്തിന്റെ പ്രചാരണത്തിനായി ഗോമാതാവിന്റെ ചിത്രങ്ങളും അച്ചടിച്ച് പരമാവധി വിതരണം ചെയ്യപ്പെട്ടു. 

അന്ന് കലണ്ടറുകളുടെയും പോസ്റ്ററുകളുടെയും രൂപത്തിൽ അച്ചടിക്കപ്പെട്ട ഈ 'ഗോമാതാ'ചിത്രങ്ങളിൽ പശുവിന്റെ ശരീരത്തിൽ ഹിന്ദുദൈവങ്ങൾ എല്ലാം വരുന്ന രീതിയിൽ ഒരു ഡിസൈൻ ആദ്യമായി പ്രത്യക്ഷപ്പെട്ടു. ആകെ 84 ദൈവങ്ങളുണ്ടായിരുന്നു ഇങ്ങനെ അച്ചടിച്ച ഗോദേഹങ്ങളിൽ.  ഈ പോസ്റ്ററുകളുടെ ഒക്കെ ഏറ്റവും മുകളിൽ ഒരു മൂലയ്ക്കലായി, ഒരു കാട്ടുപന്നിയുടെ രൂപത്തിൽ 'കശാപ്പുകാര'ന്റെ പ്രതീകാത്മക പ്രതിനിധാനവും വന്നു. ഒപ്പം ദേവനാഗരിലിപിയിൽ ഒരു വാചകവും.  "कलियुगी मांसाहारी जीवों को देखो" - "കലിയുഗി മാംസാഹാരി ജീവോം കോ ദേഖോ" -അതായത് 'കലിയുഗത്തിലെ മാംസാഹാരികളെ കണ്ടോളൂ' എന്നർത്ഥം. ആ കാട്ടുപന്നി എന്ന ഗോമാംസഭുക്ക് പശുവിന്റെ മാംസത്തിനുള്ള അതിന്റെ ദാഹം അടക്കാനാവാതെ നിൽക്കുന്ന രീതിയിലാണ് ചിത്രീകരിക്കപ്പെട്ടത്. പശുവിന്റെ ദേഹത്ത് 84 പ്രതിഷ്ഠകൾ വരച്ചു ചേർക്കപ്പെട്ടതോടെ പശുവിനെ വധിക്കുന്നവൻ വധഭീഷണി മുഴക്കുന്നത് ഹൈന്ദവ ദൈവങ്ങളുടെ നേർക്കാണ് എന്നും, പശുവിനെ ആഹരിക്കുന്നവൻ അകത്താക്കുന്നത് ഈ ദൈവങ്ങളെക്കൂടിയാണ് എന്നുമൊക്കെയുള്ള ധ്വനികൾ വന്നുചേർന്നു. ഹിന്ദുക്കളുടെ പ്രതീകമായി ഒരാളെ വരച്ചു വെച്ചിട്ട്, അയാളെക്കൊണ്ട് ഒരു അപേക്ഷയും നടത്തിക്കുന്നുണ്ട് ഈ മാംസാഹാരിയോട്, "സർവ്വചരാചരങ്ങളുടെയും ജീവദായിനിയും അന്നപ്രാശിനിയുമായ ഗോമാതാവിനെ വധിക്കരുതേ". ഈ പശുവിന്റെ ചുവട്ടിൽ ഒരു രാജ്യത്തെ തന്നെ പാലിനും മറ്റും കാത്തിരിക്കുന്നവരായും വരച്ചു. ഹിന്ദുക്കളിൽ, ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ ബിംബങ്ങളും, പിന്നെ ക്രിസ്ത്യൻ, പാഴ്സി, മുസ്‌ലിം ബിംബങ്ങളും പോസ്റ്ററുകളിൽ കഥാപാത്രങ്ങളായി. 

role of printing presses in making cow a holy cow or gomata, book excerpt

 

മറ്റു ചില ചിത്രങ്ങളിൽ ഈ ഗോമാതാ ബിംബം, ഹിന്ദു ബാലന് പാലൂട്ടി അവനെ പോഷകസമ്പുഷ്ടനാക്കി വളർത്തുന്ന അമ്മയുടെ രൂപത്തിലായിരുന്നു. ആ അമ്മയുടെ സങ്കടാവസ്ഥ, പാൽകുടിച്ചു വളർന്നുവന്ന മകന്റെ പുരുഷത്വമുണർത്തി. അവൻ ആ അമ്മയുടെ ജീവനെടുക്കാൻ ആരെയും അനുവദിക്കാതിരിക്കുന്നതിൽ അഭിമാനം കൊണ്ടു. പശുവിന്റെ പാലിനായി പത്രവും കൊണ്ട്, കിടാവ് കുടിച്ചു കഴിയും വരെ കറവ ചെയ്യാതെ കാത്തുനിൽക്കുന്ന സ്ത്രീയുടെ ചിത്രവും അന്ന് വ്യാപകമായി അച്ചടിച്ച് വന്നിരുന്നു. അങ്ങനെ ഹിന്ദുവിന്റെ വിശ്വാസത്തിൽ മാതൃസ്ഥാനത്തു പ്രതിഷ്ഠിക്കപ്പെട്ട പശുവിന്റെ സംരക്ഷണം എന്ന കർത്തവ്യം കൂടി 'അച്ചടിച്ചു' ചേർക്കപ്പെട്ടു. ഒപ്പം പശുവിറച്ചി തിന്നേ മതിയാകൂ എന്ന വാശിയുള്ള, ഉറുദു എന്ന തവായിഫുകളുടെയും അഭിസാരികകളുടെയും മറ്റും ഭാഷ സംസാരിക്കുന്ന തെമ്മാടിയായ മുസ്‌ലിം എന്ന ബിംബവും പ്രചരിപ്പിക്കപ്പെട്ടു. ഇത് രണ്ടും പരസ്പരബന്ധിതമായി. നല്ലൊരു ഹിന്ദുവാകണമെന്നുണ്ടെങ്കിൽ, പശുമാംസം ഭക്ഷിക്കുന്നവരെ വെറുത്തേ മതിയാകൂ എന്നായി. ഇത്തരത്തിലുള്ള ചിത്രങ്ങൾ, ആദ്യമായി 1894 -ൽ ആസംഗഡ് ജില്ലയിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട്, 1937 -ൽ മാധുരി എന്ന മാസികയിൽ അച്ചടിച്ചു വന്നു. അറുപതുകളിൽ അത് കലണ്ടറുകളുടെ ഭാഗമായി ചുവരുകളിൽ പതിഞ്ഞു. പിന്നീടത് വീടുകളുടെ പൂജാമുറികളിലേക്കും, ഏറ്റവും ഒടുവിലായി ഇന്റർനെറ്റ് വഴി സാമൂഹ്യമാധ്യമങ്ങളുടെ അന്തമില്ലാത്ത വിഹായസ്സിലേക്കും അത് കടന്നുവന്നു. 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ഹിന്ദുക്കളായ കശാപ്പുകാർ പശുക്കളുടെയും എരുമകളുടെയുമൊക്കെ തോൽ ഊറയ്ക്കിടുന്ന തൊഴിലിൽ നിന്നുപോലും പിൻവാങ്ങിത്തുടങ്ങി. അവരുടെ പശുക്കശാപ്പിനോടുള്ള വൈമുഖ്യത്തിന്റെ ഉത്പത്തിക്ക് കൃത്യമായുള്ള ഒരു കാലഗണന നടത്തുകയോ, അല്ലെങ്കിൽ ഈ പ്രവണത എത്രത്തോളം ആര്യസമാജത്തിന്റെയോ, വൈഷ്ണവ കൾട്ടുകളുടെയോ ഒക്കെ പ്രസാധനത്തിനുള്ള സ്വാധീനം കണ്ടെത്തുകയോ ഒന്നും സാധ്യമല്ല എങ്കിലും, അക്കാലങ്ങളിൽ ആ ജോലി മുസ്ലിം കസായിമാരാണ് ഏറ്റെടുത്തു നടത്താൻ തുടങ്ങിയത് എന്നുവേണം കരുതാൻ. എന്തായാലും ആ വൈമുഖ്യം തന്നെയാണ് കശാപ്പുതൊഴിലിലേക്ക് കൂടുതൽ മുസ്ലിങ്ങൾ എത്തിപ്പെടാൻ കാരണം. അവിടെനിന്നുതന്നെയാണ്, ആവുന്നത്ര അകലം പാലിക്കേണ്ട ഒരു നിന്ദ്യമായ പ്രവൃത്തി ചെയ്യുന്ന ഒരു 'അന്യൻ' എന്ന നിലയിൽ പശുവിന്റെ കശാപ്പിന് തിന്മയുടെ പരിവേഷം നൽകിക്കൊണ്ടുള്ള  ബിംബകല്പനയ്ക്കും തുടക്കം കുറിക്കപ്പെടുന്നത്."

Follow Us:
Download App:
  • android
  • ios