Asianet News MalayalamAsianet News Malayalam

ശാസ്ത്രജ്ഞര്‍ വിശ്വാസികളാണോ? ശാസ്ത്രജ്ഞരും അവരുടെ വിശ്വാസവും തമ്മില്‍...

ശാസ്ത്രത്തിന്റെ മുമ്പോട്ടുള്ള കുതിപ്പിന് 'അനിശ്ചിതത്വത്തിൽ' ഊന്നിയുള്ള ഒരു അന്വേഷണവും അനിവാര്യം ആണുതാനും. ശാസ്ത്ര സിദ്ധാന്തങ്ങൾ സൃഷ്ടിക്കു മ്പോൾ പലപ്പോഴും അത് അഖണ്ഡമായ യഥാർത്ഥ്യം അല്ല മറിച്ച്, അത് പൂർണമായ അറിവിലേക്കുള്ള പ്രയാണത്തിന്റെ ഒരു ഘട്ടം പിന്നിട്ടൂ എന്നേ പറയാൻ പറ്റുള്ളൂ. 

suresh c pillai on science and belief
Author
Thiruvananthapuram, First Published Sep 10, 2019, 11:30 AM IST

എനിക്ക് പരിചയമുള്ള പഴയ തലമുറകളിൽപ്പെട്ട ശാസ്ത്രജ്ഞൻമാരൊക്കെ കൂടുതൽ പേരും വിശ്വാസികൾ ആണ്. നോബൽ സമ്മാന ജേതാക്കളായ അഞ്ചു ശാസ്ത്രജ്ഞന്മാരെ നേരിട്ടു കണ്ടിട്ടുണ്ട്. അവരൊന്നും പ്രഖ്യാപിതരായ അവിശ്വാസികൾ അല്ല. പുതുതലമുറയിൽപെട്ട ആരുംതന്നെ വിശ്വാസികളും അല്ല. തലമുറകളുടെ ആ വ്യത്യാസം വിശ്വാസത്തെയും ബാധിച്ചിട്ടുണ്ട് എന്നുവേണം കരുതാൻ. വിശ്വാസം എന്നത് വളരെ വ്യക്തിപരമായ കാര്യമാണ്. പക്ഷേ, അത് ശാസ്ത്രവുമായി കൂട്ടിക്കുഴയ്ക്കാൻ നിൽക്കുമ്പോഴാണ് പ്രശ്‌നം. കഴിഞ്ഞ ദശകങ്ങളിൽ ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള ബന്ധം ഒന്ന് വിശകലനം ചെയ്യാം.

suresh c pillai on science and belief

1956 -ൽ കാലിഫോർണിയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയി (Caltech) -ലെ പ്രശസ്ത ശാസ്ത്രജ്ഞൻ, പ്രൊഫസർ റിച്ചാർഡ്‌ ഫെയ്മാൻ തന്റെ ഒരു പ്രഭാഷണത്തിൽ പറഞ്ഞു "ഇപ്പോൾ ലഭ്യമായ ശാസ്ത്രതത്വങ്ങൾ വച്ച് ദൈവത്തിന്റെ അസ്ഥിത്വം ഖണ്ഡിക്കാൻ പറ്റില്ല." പ്രൊഫസർ റിച്ചാർഡ്‌ ഫെയ്മാൻറെ പരാമർശം ഒരു ഒറ്റപ്പെട്ട വീക്ഷണമായി കണക്കാക്കാൻ പറ്റില്ല. അറിയപ്പെടുന്ന ശാസ്ത്രജ്ഞൻമാരിൽ പലരും ദൈവവിശ്വാസികളായിരുന്നു. കൂടുതൽ പേരും ശാസ്ത്രവും ആത്മീയതയും കൂടി ചേർന്നുള്ള ഒരു സഹവർത്തിത്വത്തിലാണ് കാര്യങ്ങൾ മനസിലാക്കാൻ ശ്രമിച്ചിട്ടുള്ളത്. വ്യാഖ്യാനിക്കാൻ പറ്റാത്ത കാര്യങ്ങളെ ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറയുന്നതായിരുന്നു പുരാതനരീതി. ഉദാഹരണത്തിന് ഇടിയും മിന്നലും ഉണ്ടാകുന്നത്, മാരക രോഗങ്ങൾ വരുന്നത് ഇവയൊക്കെ ദൈവകോപത്താൽ ആയിരുന്നു എന്നു കരുതിയിരുന്നു. 

ശാസ്ത്രം വികസിച്ചപ്പോൾ ഇതിനെല്ലാം സ്‌പഷ്‌ടമായ വിശദീകരണങ്ങൾ കൊടുക്കുവാനായി പറ്റി. അതായത് പ്രപഞ്ച രഹസ്യങ്ങൾ കൂടുതൽ അറിവാകും തോറും വിശദീകരണത്തിനു ദൈവത്തിന്റെ സാന്നിദ്ധ്യം അവശ്യമില്ലാതെ വരും. എന്നിരുന്നാലും തെളിവുകളുടെ അഭാവത്തിൽ ദൈവം ഇല്ല എന്നും, അതേ കാരണത്താൽ ദൈവം ഉണ്ടെന്നും വാദിക്കാൻ ശാസ്ത്രത്തിനു പറ്റില്ല. ശാസ്ത്രതത്വങ്ങളും ആത്മീയതയും രണ്ടു പാതയിലാണ് നീങ്ങുന്നത്‌, എങ്കിലും ശാസ്ത്രത്തിനു നിർവചിക്കാൻ പറ്റാത്ത കാര്യങ്ങൾ ഉള്ളിടത്തോളം കാലം ദൈവത്തിനു ശാസ്ത്രത്തിൽ പ്രാമുഖ്യമായ ഒരു ഇടം ഉണ്ടായിരിക്കും. ഒരു ശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളും സാർവത്രികമായ ഉത്തരവാദിത്വങ്ങളാണ് അജ്ഞത, സന്ദേഹം, അനിശ്ചിതത്വം എന്നിവ പരമാവധി ഇല്ലാതാക്കുക എന്നുള്ളത്. ഈ വാദഗതികൾ വച്ചുനോക്കുമ്പോൾ അനിശ്ചിതമായ ഒന്നിനെ അംഗീകരിക്കാൻ ശാസ്ത്രമനസുകൾക്ക് അങ്ങേയറ്റം പ്രയാസം ആണ്.

ശാസ്ത്രത്തിന്റെ മുമ്പോട്ടുള്ള കുതിപ്പിന് 'അനിശ്ചിതത്വത്തിൽ' ഊന്നിയുള്ള ഒരു അന്വേഷണവും അനിവാര്യം ആണുതാനും. ശാസ്ത്ര സിദ്ധാന്തങ്ങൾ സൃഷ്ടിക്കു മ്പോൾ പലപ്പോഴും അത് അഖണ്ഡമായ യഥാർത്ഥ്യം അല്ല മറിച്ച്, അത് പൂർണമായ അറിവിലേക്കുള്ള പ്രയാണത്തിന്റെ ഒരു ഘട്ടം പിന്നിട്ടൂ എന്നേ പറയാൻ പറ്റുള്ളൂ. ഉദാഹരണത്തിന് നിക്കോളാസ് കോപ്പേർ നികസിന്‍റെ കാലത്തിനു മുമ്പ് വരെ (15-ാം നൂറ്റാണ്ട്) ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രസ്ഥാനം എന്നാണ് ജ്യോതിശ്ശാസ്‌ത്രജ്ഞർ വിചാരിച്ചിരുന്നത്.

കോപ്പേർ നികസ് ആണ് ഗ്രഹങ്ങള്‍ ആണ് സൂര്യനെ വലംവയ്ക്കുന്നത് എന്ന് പ്രസ്താവിച്ചത്. ഇതാണ് ആധുനിക ജ്യോതിശ്ശാസ്‌ത്രത്തിന്റെ അടിസ്ഥാനം. ദൈവ സങ്കൽപ്പത്തെപ്പറ്റിയുള്ള ഓരോ ശാസ്ത്രജ്ഞരുടേയും വീക്ഷണകോണുകളും വ്യത്യസ്തമാണ്.

ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കലും ഒരു നിരീശ്വരവാദിയോ, പൂർണ ദൈവ വിശ്വാസിയോ അല്ലായിരുന്നു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ "You may call me an agnostic (അവിശ്വാസി), but I do not share the crusading spirit of the professional atheist (നിരീശ്വരവാദി) whose fervor is mostly due to a painful act of liberation from the fetters of religious indoctrination (സിദ്ധാന്തോപദേശം) received in youth. I prefer an attitude of humility corresponding to the weakness of our intellectual understanding of nature and of our own being."

എന്നിരുന്നാലും ഗലിലിയോ ഗലീലി, പാസ്കൽ, ഐസക് ന്യൂട്ടണ്‍, മൈക്കൽ ഫാരഡേ, ലോർഡ്‌ കെൽവിൻ, മാക്സ് പ്ലാങ്ക് തുടങ്ങിയ ശാസ്ത്രജ്ഞർ കടുത്ത ഈശ്വര വിശ്വാസികൾ ആയിരുന്നു. ഇതിലൊക്കെ രസകരം ജനിതക ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ഗ്രെഗോർ മേന്‍ടൽ ഒരു ക്രിസ്തീയ പുരോഹിതൻ ആയിരുന്നു എന്നതാണ്. സംഘടിത മതങ്ങളുടെ ആക്രമണം ഏറ്റവും കൂടുതൽ നേരിടേണ്ടി വന്ന പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാൾസ് ഡാർവിനും ഒരു അവിശ്വാസി അല്ലായിരുന്നു.

അടുത്തകാലത്ത് ജീവിച്ചിരുന്ന ശാസ്ത്രജ്ഞരിൽ ഏറ്റവും പ്രശസ്തനായ സ്റ്റീഫൻ ഹോക്കിങ്ങിന്‍റെ (Stephen William Hawking) അഭിപ്രായം വളരെ ശ്രദ്ധേയമാണ് “നമ്മൾ ശാസ്ത്രത്തെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനു മുമ്പ് സ്വാഭാവികമായും ദൈവം ആണ് പ്രപഞ്ചസൃഷ്ടാവ് എന്ന് വിശ്വസിച്ചേ മതിയാകുമായിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ ശാസ്ത്രo പ്രപഞ്ചത്തിന്റെ ഉല്പത്തിയെ പറ്റി വിശ്വാസയോഗ്യമായ തെളിവുകൾ നിരത്തുമ്പോൾ ദൈവത്തിന്റെ ആവശ്യം ഉണ്ട് എന്നു തോന്നുന്നില്ല.” 1956 -ലെ റിച്ചാർഡ്‌ ഫെയ്മാൻറെ ദൈവത്തിന്റെ അസ്ഥിത്വം ഖണ്ഡിക്കാൻ പറ്റില്ല എന്ന അഭിപ്രായം 2014 ആയപ്പോളേക്കും സ്റ്റീഫൻ ഹോക്കിങ് 'ശാസ്ത്രത്തിനു ദൈവം ആവശ്യം ഇല്ല' എന്ന നിഗമനത്തിൽ എത്തി നില്ക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യം തന്നെ ആണ്.

അതുകൊണ്ട് ദൈവത്തെ ദൈവത്തിന്റെ വഴിക്കും, ശാസ്ത്രത്തെ ശാസ്ത്രത്തിന്റെ വഴിക്കും വിടട്ടെ. രണ്ടും ചേരില്ല, ചേർക്കാൻ പറ്റുകയും ഇല്ല.
 

Follow Us:
Download App:
  • android
  • ios