Asianet News MalayalamAsianet News Malayalam

കര്‍ക്കിടകം: ഓര്‍മ്മയിലെ മണങ്ങള്‍, രുചികള്‍

കര്‍ക്കിടകത്തിലെ അടുക്കള . സുമ രാജീവ് എഴുതുന്നു

tastes of karkidakam in kerala by Suma Rajeev
Author
Thiruvananthapuram, First Published Jul 27, 2019, 2:38 PM IST

കര്‍ക്കിടക മാസത്തില്‍ അമ്മക്ക് രണ്ടു മണങ്ങള്‍ ആണ് പ്രധാനമായും ഉണ്ടാകുക. ഒന്ന് എരിഞ്ഞെരിഞ്ഞു കത്തുന്ന വിറകടുപ്പിന്റെ പുകമണം. പിന്നൊന്നു ഉലുവയുടെ മണം.

tastes of karkidakam in kerala by Suma Rajeev

അമ്മയുടെ മണം. ചിലപ്പോള്‍ അത് കടഞ്ഞെടുത്ത പശുവിന്‍ നെയ്യിന്റെ ആയിരിക്കും. അല്ലെങ്കില്‍ കാച്ചിയ പാലിന്റെ, കഞ്ഞിപ്പശ മുക്കിയ മുണ്ടിന്റെ, തുണിപ്പെട്ടിയിലെ കര്‍പ്പൂരത്തിന്റെ, പാറ്റാഗുളികയുടെ അതുമല്ലെങ്കില്‍ തിരിച്ചറിയാന്‍ പറ്റാത്ത ഒരു പാട് ഗന്ധങ്ങളുടെ. പക്ഷെ കര്‍ക്കിടക മാസത്തില്‍ അമ്മക്ക് രണ്ടു മണങ്ങള്‍ ആണ് പ്രധാനമായും ഉണ്ടാകുക. ഒന്ന് എരിഞ്ഞെരിഞ്ഞു കത്തുന്ന വിറകടുപ്പിന്റെ പുകമണം. പിന്നൊന്നു ഉലുവയുടെ മണം.

കര്‍ക്കിടകം പിറന്നാല്‍  ഉലുവക്കഞ്ഞിയാണ് അമ്മയുടെ പ്രധാന ഭക്ഷണം. ഉലുവയും ഉണക്കലരിയും വേവിച്ചു അതിലേക്ക് ശര്‍ക്കരയിട്ടു തിളപ്പിച്ച്  തേങ്ങാപാല്‍ ഒഴിച്ച് നെയ് ചേര്‍ത്തിളക്കിയ കഞ്ഞി. മണമടിക്കുമ്പോള്‍ തന്നെ കഴിക്കാന്‍ തോന്നും. പക്ഷെ ഒരു തുള്ളി പോലും തരില്ല. പ്രസവിക്കാത്ത പെണ്‍കുട്ടികള്‍ ഉലുവക്കഞ്ഞി കുടിക്കാന്‍ പാടില്ല പോലും. കുടിച്ചാല്‍ ഊരയുറക്കും, സുഖപ്രസവം നടക്കില്ല അങ്ങനെ അങ്ങനെ ഒരു പാട് കാരണങ്ങള്‍. എങ്കിലും അമ്മെ അമ്മെ എന്ന് ചൊല്ലി പിറകെ പറ്റിക്കൂടുന്നത് കൊണ്ട് ഒരു സ്പൂണ്‍ തരും, വല്ലപ്പോഴും. ആ രുചി വായില്‍ ഇപ്പോഴും ഉള്ളത് കൊണ്ട് ഞാനും കര്‍ക്കിടകം തകര്‍ക്കുമ്പോള്‍ ഉലുവ കഞ്ഞി വെക്കും. അന്ന് കഴിച്ച ഒരു  സ്പൂണ്‍ കഞ്ഞിയുടെ രുചി ഒന്നുമില്ലെങ്കിലും ബാക്കിയാകുന്ന ഉലുവ ഗന്ധം അമ്മയെ ഓര്‍മ്മിപ്പിക്കും.

കൊടിത്തൂവ
മഴയ്‌ക്കൊരു ശമനം കിട്ടുമ്പോള്‍ അമ്മ തൊടിയിലേക്കിറങ്ങും. കൊടിത്തൂവയുടെ തളിരിലകള്‍ നുള്ളിയെടുക്കും. അല്ലെങ്കില്‍ കയ്യില്‍ ഒന്ന് തട്ടിയാല്‍ ചൊറിഞ്ഞു തടിക്കുന്ന തൂവ മഴക്കാലത്ത്, കര്‍ക്കിടകത്തില്‍ ഉപദ്രവകാരിയല്ല. ചെറുതായരിഞ്ഞ തൂവ കാന്താരിമുളക്  ചെറിയ ഉള്ളി, വെളുത്തുള്ളി , തേങ്ങാ ചേര്‍ത്ത് തിരുമ്മി ഒന്ന് വഴറ്റി എടുക്കുന്നതിന്റെ രുചി അപാരമാണ്.  ഇതിന്റെ ഓര്‍മ്മയില്‍ ഒരിക്കല്‍ കൊടിത്തൂവ നുള്ളി തോരനുണ്ടാക്കി തൊണ്ടയുടെ ചൊറിച്ചില്‍ സഹിക്കാന്‍ വയ്യാതെ  കയ്യിട്ടു മാന്തിയാലോ എന്ന് വരെ തോന്നിയിട്ടുണ്ട് .

തകര
മഴയത്തു മുളക്കുന്ന തകര പോലെ എന്ന് കേട്ടിട്ടില്ലേ. ആ തകരയുടെ തളിരിലകള്‍ കൊണ്ടുള്ള തോരന്‍, കരിന്താളിന്റെ പുളിങ്കറി. കര്‍ക്കിടക രുചികള്‍ കുറെയുണ്ട്. കറുത്ത തണ്ടുള്ള ചേമ്പ്, അതിന്റെ തണ്ടു ചെറുതായി അരിഞ്ഞു വേവിച്ചു അതിലേക്ക് വാളന്‍പുളി പിഴിഞ്ഞൊഴിച്ചു , കാന്താരി മുളക് ചതച്ചു ചേര്‍ത്ത് നന്നായി തിളപ്പിച്ച് കുറുക്കി കുറച്ചു വെളിച്ചെണ്ണ ഒഴിച്ചെടുക്കും. അതും പപ്പടവും വടകും , ഏതെങ്കിലും ഇല കൊണ്ടുള്ള തോരനും കടുമാങ്ങ അച്ചാറും. എഴുതുമ്പോള്‍ തന്നെ വായില്‍ വെള്ളം നിറയുന്നു ആ രുചിയോര്‍ത്തു.

കൊണ്ടാട്ടങ്ങള്‍
ചക്ക, കപ്പ എന്നിവ ഉപ്പിട്ട് വേവിച്ചു നീളത്തില്‍ അരിഞ്ഞത്, ചുണ്ടക്ക ഉപ്പിട്ട് വേവിച്ചത് ഇതെല്ലാം  വെയിലില്‍ ഉണക്കി വേനല്‍ക്കാലത്തു ഉണ്ടാക്കി വെക്കുന്ന കൊണ്ടാട്ടങ്ങള്‍. മത്തന്‍ , കുമ്പളങ്ങ, ചുണ്ടക്ക എന്നിവ വേവിച്ചു അരി വറുത്തു പൊടിച്ചു  ചേര്‍ത്ത് കാന്താരിമുളക് ഉണക്കി പൊടിച്ചതു, കായം , വെളുത്തുള്ളി ചതച്ചത് , കറിവേപ്പില ചേര്‍ത്ത് കുഴച്ചുരുട്ടി ഉണക്കി വെച്ച വടക്, വയനാടിന്റെ സ്വന്തം രുചിക്കൂട്ട്. ഇതൊക്കെയാണ് മഴക്കാലത്തു ഉപവിഭവം  ആയി വരുന്നത്.

ചക്ക
ചക്കക്കുരു,മാങ്ങ, പപ്പായ പുളിങ്കറി, മത്തയില, തഴുതാമ ചേമ്പ് പുറത്തേക്കിറങ്ങാന്‍ വയ്യാത്ത പെരുമഴയില്‍ വീടിനു ചുറ്റും കിട്ടുന്നതൊക്കെ ആണ് അടുക്കളയില്‍ വേവുന്നത്. എന്തും കഴിക്കുന്ന വിശപ്പിന്റെ കാലം. വയനാട്ടില്‍ ചക്ക പഴുക്കുന്നത് മഴക്കാലത്താണ്. മരത്തില്‍ കയറാന്‍ പോലും പറ്റാതെ മഴവെള്ളം ഒലിച്ചു വഴുക്കായിട്ടുണ്ടാകും. ഇടക്കൊന്നു മഴ നില്‍ക്കുമ്പോള്‍ ഏതെങ്കിലും പണിക്കാരെ വിളിച്ചു ചക്ക താഴത്തിടുവിക്കും. പഴുക്കാത്ത ചക്ക കൊണ്ട് ചക്ക എരിശ്ശേരി. മഞ്ഞളും ചുവന്നമുളകും അരച്ച് ചേര്‍ത്ത് പുഴുങ്ങിയ ചക്കയിലേക്ക് തേങ്ങാ ജീരകം അരച്ച് ചേര്‍ത്ത്, തേങ്ങ വറുത്തിട്ടു എടുക്കുന്ന എരിശ്ശേരി കാണുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും.

പഴുത്ത ചക്ക അപ്പമായും ചക്ക വരട്ടി ആയും മാറുന്നു. പഴം ചക്ക നൂലില്ലാതെ ചാടയില്‍  (മുളകൊണ്ടുണ്ടാക്കുന്ന മുറം പോലെയുള്ള ഒരു സാധനം) ഇട്ടുരച്ചു ചാറു  പിഴിഞ്ഞെടുത്തു അതിലേക്ക് അരിപ്പൊടിയും ശര്‍ക്കരപ്പാവും ചേര്‍ത്തിളക്കി തേങ്ങാ കൊത്തിയരിഞ്ഞു നെയ്യില്‍ വറുത്തതും ഏലക്കാപൊടിയും ചേര്‍ത്ത് നന്നായിളക്കി കുറച്ചു നേരം വെച്ചതിനു ശേഷം അപ്പച്ചെമ്പിലെ  ഇലയില്‍ ഒഴിച്ച് ആവിയില്‍ വേവിച്ചു എടുക്കുന്ന ചക്കയപ്പം. ഇലയുടെ വാടിയ മണവും ചക്കയുടെ രുചിയും. വീടിനു മൊത്തം മധുരമണം ആയിരിക്കും അപ്പോള്‍. വരിക്കചക്ക ആണെങ്കില്‍ അത് വേവിച്ചു അരച്ച് എടുത്താണ് അപ്പം ഉണ്ടാക്കുക. ഈ കാലത്തു വയനാട്ടിലെ ഏത് വീട്ടില്‍ പോയാലും ഈ ഒരു പലഹാരം തീര്‍ച്ചയായും കിട്ടിയിരിക്കും. 

മുതിര
മുതിര കഴിച്ചാല്‍ കുതിരശക്തി എന്നാണല്ലോ. മുതിര ഉപ്പിട്ട് പുഴുങ്ങി വെളിച്ചെണ്ണ ഒഴിച്ചതും കട്ടന്‍ കാപ്പിയും മഴക്കാലവൈകുന്നേരങ്ങളെ ചൂടുപിടിപ്പിക്കുന്നത് ഇതായിരുന്നു. കപ്പ പുഴുങ്ങിയതും കാന്താരി ഉടച്ചതും, കപ്പ കടല ചേര്‍ത്തുള്ള പുഴുക്ക് (ഇപ്പോള്‍ ബിരിയാണി എന്നൊക്കെ പറഞ്ഞു നെറ്റില്‍ കാണാം), കഞ്ഞിയും ഉപ്പുമാങ്ങ ചമ്മന്തിയും. മഴക്കാല രുചികള്‍ അവസാനിക്കുന്നില്ല.

ഓര്‍മ്മയില്‍ രുചികള്‍  നിറയുമ്പോള്‍ അടുക്കള പരീക്ഷണശാല ആകാറുണ്ട്. എങ്കിലും അമ്മ രുചി കിട്ടാറില്ല. അത് ഓര്‍മ്മയില്‍ മാത്രം നിറയുന്ന രുചിയാണ്

Follow Us:
Download App:
  • android
  • ios