മള്‍ട്ടിനാഷനല്‍ കമ്പനിയിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ശ്രമം നടത്തുന്ന എത്രപേര്‍ നമുക്കിടയിലുണ്ടാകും? വെങ്കട് അയ്യര്‍ മുംബൈയില്‍ വളരെ സുഖകരമായ ഒരു ജീവിതം നയിച്ച വ്യക്തിയാണ്. ഇന്റര്‍നാഷനല്‍ ബിസിനസ് മെഷീന്‍സ് എന്ന സ്ഥാപനത്തില്‍ പ്രോജക്റ്റ് മാനേജറായി വളരെ സുരക്ഷിതമായ ഒരു ജോലി ചെയ്യുമ്പോഴാണ് അദ്ദേഹം രാജിവെച്ച് കൃഷിയിലേക്കിറങ്ങുന്നത്.

'എനിക്ക് എപ്പോഴും കൃഷിയിലേക്ക് നീങ്ങാനുള്ള പ്രവണതയുണ്ടായിരുന്നു. പക്ഷേ, ഇന്ത്യയിലെ കാര്‍ഷിക മേഖല വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് കൃഷി. എന്നിട്ടും നിരവധി കര്‍ഷകര്‍ തങ്ങളുടെ ഭൂമി വിറ്റ് ദിവസക്കൂലിക്കായി പണിയെടുക്കാന്‍ പോകുന്ന അവസ്ഥയാണ് ഇന്ത്യയില്‍. അപ്പോഴാണ് ഈ കര്‍ഷകരെ സഹായിക്കാനായി എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ചെയ്യണമെന്ന തോന്നല്‍ വന്നത്' വെങ്കട അയ്യര്‍ പറയുന്നു.

2003 -ല്‍ വെങ്കട് അയ്യര്‍ മുംബൈയില്‍ നിന്ന് ഒഴിവായി മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ പെത്ത് എന്ന ഗ്രാമത്തിലേക്ക് മാറി. കൃഷിരീതി പഠിക്കുകയായിരുന്നു ലക്ഷ്യം. അതിനായി കൃഷിയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിക്കുകയും സാങ്കേതിക വിദ്യകള്‍ ഇന്റര്‍നെറ്റി വഴി പഠിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യയും പത്രപ്രവര്‍ത്തകയുമായ മീന മേനോന്‍ ജൈവകൃഷിയുടെ കാര്യത്തില്‍ ഭര്‍ത്താവിന് പ്രോത്സാഹനം നല്‍കി.

കുറച്ച് മാസങ്ങള്‍ക്കുശേഷം അദ്ദേഹം അനുയോജ്യമായ കൃഷിഭൂമി വിലകൊടുത്ത് വാങ്ങി. നാലര ഏക്കര്‍ ഭൂമിയായിരുന്നു അത്. മണ്ണ് ശരിയായി കിളച്ചൊരുക്കി നെല്ലും സുഗന്ധവ്യഞ്ജനങ്ങളും പച്ചക്കറികളും കൃഷി ചെയ്യാനാരംഭിച്ചു. തുടക്കത്തില്‍ വിളനാശം സംഭവിച്ചെങ്കിലും അദ്ദേഹം തന്റെ ശ്രമം ഉപേക്ഷിക്കാന്‍ തയ്യാറായില്ല.

അഞ്ച് വര്‍ഷങ്ങള്‍ ജൈവകൃഷി ചെയ്തപ്പോള്‍ മറ്റുള്ള കര്‍ഷകര്‍ക്ക് പരിശീലനം കൊടുക്കാനുള്ള അനുഭസ സമ്പത്ത് അദ്ദേഹത്തിന് ലഭിച്ചു. നാല് ആദിവാസി കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിയായിരുന്നു തുടക്കം. ഇപ്പോള്‍ 70 പേര്‍ക്ക് പരിശീലനം നല്‍കുന്നു.

കൃഷിയുടെ സാങ്കേതിക വിദ്യ മാത്രമല്ല വെങ്കട് കര്‍ഷകരെ പഠിപ്പിച്ചത്. അവര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ എങ്ങനെ മാര്‍ക്കറ്റില്‍ വിറ്റഴിക്കുമെന്നതിനെക്കുറിച്ചും അവര്‍ക്ക് ക്ലാസുകള്‍ നല്‍കി. ഇന്ന് ഈ കര്‍ഷകര്‍ക്കെല്ലാം വളരെ കുറഞ്ഞ പണച്ചെലവില്‍ കൃഷിചെയ്ത് കൂടുതല്‍ വരുമാനം നേടാന്‍ കഴിയുന്നുണ്ട്.

പ്രചോദനം നല്‍കുന്ന ജീവിതയാത്ര

ഗ്രാമത്തിലുള്ള മിക്കവാറും കര്‍ഷകര്‍ ചെറുപയര്‍ കൃഷി ചെയ്യുന്നവരായിരുന്നു. തുടക്കത്തില്‍ വെങ്കടും അതേപാത പിന്തുടരാന്‍ തീരുമാനിച്ചു. ഗുജറാത്തിലെ സൂറത്തില്‍ പോയി വിത്തുകള്‍ ശേഖരിച്ചു കൊണ്ടുവന്നു. സ്വന്തം മണ്ണില്‍ കൃഷി ചെയ്യാനായി മണ്ണ് ഒരുക്കിയതും വിത്ത് വിതച്ചതും നനച്ചതും കള പറിച്ചതുമെല്ലാം വെങ്കട് തന്നെയായിരുന്നു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചെറുപയര്‍ ചെടികള്‍ പച്ചപ്പുമായി തലയുയര്‍ത്തി.

അത് തന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദം നല്‍കിയ നിമിഷമായിരുന്നുവെന്ന് വെങ്കട് ഓര്‍ക്കുന്നു. അപ്പോഴേക്കും ജോലി ഉപേക്ഷിച്ചിട്ട് അഞ്ചുമാസം ആയിക്കഴിഞ്ഞിരുന്നു. തന്റെ പ്രയ്തനം ഫലപ്രദമായതോര്‍ത്ത് അദ്ദേഹം സന്തോഷിച്ചു.

300 കിലോഗ്രാം ചെറുപയറാണ് വെങ്കട് വിളവെടുപ്പ് നടത്തിയത്. തന്റെ സുഹൃത്തുക്കള്‍ക്കും വിതരണം ചെയ്തിട്ടും വലിയൊരളവ് സ്വന്തം കൈയില്‍ തന്നെ ബാക്കിയായി. അങ്ങനെ മുംബൈയിലെ റീട്ടെയില്‍ സ്റ്റോറുകളില്‍ വില്‍പ്പന നടത്താന്‍ കൊണ്ടുപോയി.

ജൈവപച്ചക്കറികളുടെ വിപണനം പ്രാരംഭ ഘട്ടത്തിലായിരുന്ന കാലമായതുകൊണ്ട് മിക്കവാറും കച്ചവടക്കാര്‍ കിലോഗ്രാമിന് 16 രൂപയില്‍ കൂടുതല്‍ കൊടുക്കാന്‍ തയ്യാറായില്ല. എന്നാല്‍ അതേ ചെറുപയര്‍ കിലോഗ്രാമിന് 30 രൂപയ്ക്ക് വിപണിയില്‍ വില്‍ക്കുന്നുണ്ടായിരുന്നു.

'എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ അവര്‍ പറഞ്ഞ വിലയ്ക്ക് ചെറുപയര്‍ വില്‍ക്കേണ്ടി വന്നു. അന്നുമുതല്‍ പ്രത്യേക ജൈവവിപണികളായ നവധാന്യ, ഗ്രീന്‍ കറന്റ് എന്നിവ വഴി മുംബൈയിലെ പ്രാദേശിക വ്യാപാരികളിലേക്ക് എന്റെ ഉത്പന്നം വിപണനം ചെയ്യാനുള്ള വഴികളാരംഭിച്ചും. എന്നിട്ടും എനിക്ക് ന്യായമായ വില ലഭിച്ചില്ല. അപ്പോഴാണ് ഇന്ത്യയിലെ കര്‍ഷകര്‍ അനുഭവിക്കുന്ന കഷ്ടപ്പാട് ഞാന്‍ മനസിലാക്കിയത്' വെങ്കട് തന്റെ അനുഭവം വിശദമാക്കുന്നു.

കൃഷി ചെയ്യാനുള്ള വിത്തുകളും കാര്‍ഷികോപകരണങ്ങളുമെല്ലാം കര്‍ഷകന്‍ പണം മുടക്കി വാങ്ങിയാലും ഉത്പന്നത്തിന്റെ ലാഭം കൊയ്യുന്നത് വ്യാപാരികളും ഇടനിലക്കാരുമായിരുന്നു.

കര്‍ഷകരെ സ്വയംപര്യാപ്തരാക്കുക

അഞ്ച് വര്‍ഷത്തിന് ശേഷം നെല്ല്, തുവരപ്പരിപ്പ്, എള്ള്, നിലക്കടല, കടുക്, പാവയ്ക്ക, തക്കാളി, മത്തങ്ങ, വെണ്ടയ്ക്ക, തുളസി എന്നിവയെല്ലാം കൃഷി ചെയ്തുണ്ടാക്കി.

2009 -ല്‍ കര്‍ഷകര്‍ക്കായി ഹരി ഭാരി തൊക്രി എന്ന മാര്‍ക്കറ്റിങ്ങ് സംവിധാനത്തിന് രൂപംകൊടുത്തു. കുറച്ച് സുഹൃത്തുക്കള്‍ വഴിയും ഡോ.എം.എല്‍ ധവാലെ മെമ്മൊറിയല്‍ ട്രസ്റ്റിന്റെ പിന്തുണയോടെയും മുംബൈ ഓര്‍ഗാനിക് ഫാര്‍മേഴ്‌സ് ആന്റ് കണ്‍സ്യൂമേഴ്‌സ് അസോസിയേഷന് രൂപം കൊടുത്തു. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സ്വന്തം അഭിപ്രായം പറയാനും ഇടനിലക്കാരുടെ ശല്യമില്ലാതെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുമുള്ള വഴിയായിരുന്നു ഇവര്‍ തുറന്നുകൊടുത്തത്.

'രാത്രിയും പകലും കഠിനാധ്വാനം ചെയ്ത് നിരവധി കര്‍ഷകര്‍ ഇപ്പോഴും ചൂഷണം ചെയ്യപ്പെടുന്നു. ഞാന്‍ നാല് ആദിവാസി കര്‍ഷകരെ ജൈവകൃഷിരീതിയുടെ സാങ്കേതിക വിദ്യകള്‍ പഠിപ്പിച്ചു. അവരുടെ വിളകള്‍ നല്ല വിലയ്ക്ക് മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ സഹായിച്ചു.' വെങ്കട് പറയുന്നു.

പച്ചക്കറികളുടെയും ധാന്യങ്ങളുടെയും വില കര്‍ഷകര്‍ക്ക് സ്വയം തീരുമാനിക്കാന്‍ കഴിയണം. കര്‍ഷകന് പാവയ്ക്ക കിലോഗ്രാമിന് 30 രൂപയ്ക്ക് വില്‍ക്കണമെങ്കില്‍ വ്യാപാരികള്‍ അതേ പൈസ തന്നെ കര്‍ഷകന് നല്‍കി നേരിട്ട് വാങ്ങാം. അതിന്‌ശേഷം ഉപഭോക്താവിന് നല്‍കുമ്പോള്‍ പച്ചക്കറികള്‍ വില്‍പ്പനയ്‌ക്കെത്തിക്കാനുള്ള പൈസയുടെ ഒരുഭാഗം ലാഭമായി കൂട്ടിച്ചേര്‍ത്ത് വിറ്റഴിക്കാം.

ഇന്ന് 1000 കി.ഗ്രാം പച്ചക്കറികള്‍ ഓരോ മാസവും 70 കര്‍ഷകരുടെ സഹായത്തോടെ ഉണ്ടാക്കുന്നുണ്ട്. 2018 -ല്‍ സ്‌കൂളുകളിലും ഹൗസിങ്ങ് സൊസൈറ്റികളിലും തങ്ങളുടെ പച്ചക്കറികള്‍ നല്‍കാനുള്ള തീരുമാനവും ഇവര്‍ പ്രാവര്‍ത്തികമാക്കി. കര്‍ഷകര്‍ക്ക് മുംബൈയിലേക്ക് ആഴ്‍ചയില്‍ ഒരിക്കല്‍ യാത്ര ചെയ്യാനും പച്ചക്കറികളും ധാന്യങ്ങളും അവിടെ വില്‍പ്പന നടത്താനുമുള്ള സൗകര്യം ഇദ്ദേഹം ചെയ്തുകൊടുത്തു.

കൃഷിയിലൂടെയുള്ള തന്റെ യാത്ര വെങ്കട് അയ്യര്‍ തന്നെ പുസ്തകമാക്കാനും തീരുമാനിച്ചു. മൂംഗ് ഓവര്‍ മൈക്രോചിപ്‌സ് എന്നായിരുന്നു പുസ്തകത്തിന്റെ പേര്.

'എന്റെ ജോലി ഉപേക്ഷിച്ചത് നല്ലതിനായിരുന്നുവെന്ന് ഇന്ന് ആത്മവിശ്വാസത്തോടെ എനിക്ക് പറയാന്‍ കഴിയും.' വെങ്കട് അയ്യര്‍ പറയുന്നു.

(കടപ്പാട്: your story)