Asianet News MalayalamAsianet News Malayalam

ദില്ലിയിലെ ക്രമസമാധാനപാലനം ആരുടെ ചുമതല?; അറിയേണ്ടതെല്ലാം

ദില്ലി പൊലീസിന്റെ മുഖ്യ ചുമതലകൾ കുറ്റാന്വേഷണം, ക്രിമിനൽ കുറ്റങ്ങൾ നിയന്ത്രിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, ട്രാഫിക് നിയന്ത്രിക്കുക എന്നിവയാണ്. അവരുടെ പ്രവർത്തന മുദ്രാവാക്യം തന്നെ  'സിറ്റിസൺസ് ഫസ്റ്റ്' അഥവാ 'പൗരന്മാർക്ക് പ്രഥമ പരിഗണന' എന്നാണ്.

The law and order of Delhi, whose buck is it? everything you need to know
Author
Delhi, First Published Feb 26, 2020, 12:13 PM IST

 

ദില്ലി - 1.7 കോടിയോളം ജനങ്ങൾ. 1500 ചതുരശ്രകിലോമീറ്ററോളം വരുന്ന താരതമ്യേന ചെറിയൊരു സംസ്ഥാനം. അതിൽ 700 ചതുരശ്ര കിലോമീറ്ററോളം നഗരപ്രദേശമാണ്. ഇന്ത്യയിലെ ഏറ്റവുമധികം ജനവാസമുള്ള മെട്രോ നഗരം കൂടിയായ ദില്ലിയുടെ ക്രമസമാധാനപാലനത്തിന്റെ പരിപൂർണചുമതല ദില്ലി പോലീസിനാണ്. 

ദില്ലി ഒരു ദേശീയ തലസ്ഥാന പ്രദേശം (നാഷണൽ ക്യാപിറ്റൽ ടെറിട്ടറി) ആയതുകൊണ്ട് മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വിരുദ്ധമായി ക്രമസമാധാന പാലനം കേന്ദ്രത്തിന്റെ പരിഗണനപ്പട്ടികയിൽ വരുന്ന കാര്യമാണ്. മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് (MHA) അഥവാ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് ദില്ലിപോലീസിനെ നേരിട്ട് നിയന്ത്രിക്കുന്നത്. അതായത് ദില്ലിയിൽ ഒരു ക്രമസമാധാനപ്രശ്നം ഉണ്ടായാൽ അതിന്റെ പ്രഥമ ഉത്തരവാദി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയാണ് എന്ന്. നിലവിൽ അമിത് ഷാ ആണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. കൊണാട്ട് പ്ളേസിലെ ജയ് സിങ് മാർഗിലാണ് ആഭ്യന്തരവകുപ്പിന്റെ മന്ത്രാലയം സ്ഥിതി ചെയ്യുന്നത്.

The law and order of Delhi, whose buck is it? everything you need to know

1861 -ൽ ഇന്ത്യൻ പൊലീസ് ആക്റ്റ് പ്രകാരം രൂപീകരിക്കപ്പെട്ട ദില്ലി പൊലീസ് ഏറെക്കാലം പഞ്ചാബ് പൊലീസുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. അന്ന് മുഗൾ ചക്രവർത്തിമാരുടെ സദസ്സിലെ ബ്രിട്ടീഷ് റസിഡന്റ് ഓഫീസറുടെ കീഴിൽ ഏതാനും ഓഫീസർമാരുമായി പ്രവർത്തനം ആരംഭിച്ച ദില്ലി പോലീസിൽ ഇന്ന് ഏകദേശം 85,000 -ലധികം ജീവനക്കാരുണ്ട്   

ദില്ലി പൊലീസിന്റെ ചുമതലകളിൽ പ്രധാനപ്പെട്ട നാലെണ്ണം ഇനി പറയുന്നവയാണ്. ഒന്ന്, കുറ്റാന്വേഷണം. രണ്ട്, ക്രിമിനൽ കുറ്റങ്ങൾ നിയന്ത്രിക്കുക. മൂന്ന്, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക. നാല്, ട്രാഫിക് നിയന്ത്രിക്കുക. ദില്ലി പോലീസിന്റെ പ്രവർത്തന മുദ്രാവാക്യം തന്നെ  'സിറ്റിസൺസ് ഫസ്റ്റ്' അഥവാ 'പൗരന്മാർക്ക് പ്രഥമ പരിഗണന' എന്നാണ്.

The law and order of Delhi, whose buck is it? everything you need to know

എന്നാൽ അമിത് ഷായുടെ ദില്ലി പൊലീസ് തങ്ങളുടെ ഈ പ്രവർത്തന തത്വത്തിൽ നിന്ന് വ്യതിചലിക്കുന്നു എന്നും  ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട് ദില്ലിയുടെ മുഖ്യമന്ത്രിയായ തന്നോടാണ് ദില്ലി പൊലീസ് റിപ്പോർട്ട് ചെയ്യേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നുമാണ് അരവിന്ദ് കെജ്‌രിവാൾ പരസ്യമായി പലവട്ടം പറഞ്ഞിട്ടുള്ളത്. ക്രമസമാധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ, പരാതി പറയാൻ തന്റെയടുത്ത് നിത്യം നിരവധി ദില്ലിനിവാസികൾ വരാറുണ്ട് എന്നും അവരുടെ പരാതികൾക്കുമുന്നിൽ നിസ്സഹായനാണ് താൻ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. NDMC , കന്റോൺമെന്റ് പ്രദേശങ്ങൾ വേണമെങ്കിൽ കേന്ദ്രം നോക്കിക്കോട്ടെ എന്നും ബാക്കിയുള്ള പ്രദേശങ്ങളുടെ ക്രമസമാധാന ചുമതല മാത്രം കിട്ടിയാലും തരക്കേടില്ല എന്നും കെജ്‌രിവാൾ പറഞ്ഞിട്ടുണ്ട് മുമ്പ്. ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെ ഇതേ നിർദേശം അവരും സമർപ്പിക്കയുണ്ടായിട്ടുണ്ട്. അന്നും അത് പരിഗണിക്കപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയോട് നേരിട്ട് ഒരു ഉത്തരവാദിത്തവും ഇല്ലാത്തതാണ് ചുമതല ക്രമസമാധാനപാലനത്തിൽ പൊലീസിൽ പരാജയപ്പെട്ടതെന്നും അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്.

എന്നാൽ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത് അമേരിക്കൻ ഐക്യനാടുകളുടെ ഭരണവ്യവസ്ഥയാണ്. അവിടെ തലസ്ഥാന നഗരമായ വാഷിംഗ്ടൺ ഡിസിയിലെ പൊലീസ് ഫെഡറൽ ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്.  സംസ്ഥാന സർക്കാരിന് ക്രമാസമാധാനപാലന ചുമതല കൈമാറാൻ സാധിക്കാത്തവിധത്തിലുള്ള നിർണായകമായ പല  പരിഗണനകളും ദേശീയ തലസ്ഥാന പ്രദേശം എന്ന നിലയ്ക്ക് ദില്ലിക്കുണ്ട് എന്നും കേന്ദ്രം പറയുന്നു.

 കലാപങ്ങളോടുള്ള പൊലീസിന്റെ സമീപനത്തിൽ ദില്ലിയിൽ പലരും അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കൃത്യമായ ഒരു നേതൃത്വത്തിന്റെ കുറവ് ഇന്ന് ദില്ലി പൊലീസിനുണ്ട് എന്ന് മുൻ ദില്ലി പൊലീസ് കമ്മീഷണർ നീരജ് കുമാർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അത് തീസ് ഹസാരി കോടതിയിൽ അഭിഭാഷകരുടെ തല്ലു വാങ്ങി അടുത്ത ദിവസം സ്വന്തം ജീവന് സംരക്ഷണം വേണമെന്ന് നിലവിളിച്ച് സമരവുമായി നിരത്തിൽ ഇറങ്ങിയ കാര്യമായാലും, ജാമിയ മിലിയ സർവകലാശാലയിൽ ലൈബ്രറിക്കുള്ളിൽ കടന്നുകയറി നിരപരാധികളായ വിദ്യാർത്ഥികളെ തല്ലിച്ചതച്ച കാര്യമായാലും, ജെഎൻയു, ഷാഹീൻബാഗ് വിഷയങ്ങൾ കൈകാര്യം ചെയ്ത വിധമായാലും, ഇപ്പോൾ ഉത്തരപൂർവ്വ ദില്ലിയിൽ നടക്കുന്ന കലാപങ്ങൾ കൈകാര്യം ചെയ്യുനതതിൽ കാണിച്ച കെടുകാര്യസ്ഥതയായാലും ശരി എന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും താഴെക്കിടയിലുള്ള കോൺസ്റ്റബിൾമാർക്ക് ഒന്നുകിൽ കൃത്യമായ നിർദേശങ്ങൾ കിട്ടുന്നില്ല, അവരെ കലാപഭൂമിയിൽ ഇറക്കിവിട്ട് സുപ്പീരിയർ ഓഫീസർമാർ അപ്രത്യക്ഷരാവുകയാണ്, അല്ലെങ്കിൽ സുപ്പീരിയർ ഓഫീസർമാർ നൽകുന്ന നിർദേശങ്ങൾ അവഗണിക്കപ്പെടുന്നു. രണ്ടിലൊന്ന് ഉറപ്പാണ്. തികച്ചും ദിശഹീനമായ പ്രവൃത്തികളാണ് കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങൾക്കിടെ ദില്ലി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്, നീരജ് കുമാർ കൂട്ടിച്ചേർത്തു.


The law and order of Delhi, whose buck is it? everything you need to know

 


ദില്ലി പൊലീസും അവരെ നിയന്ത്രിക്കുന്ന കേന്ദ്രവും ചേർന്ന് നിയമത്തിനുനേരെ കൊഞ്ഞനം കുത്തുന്ന കാഴ്ചയാണ് ഇന്നലെ കണ്ടതെന്ന് മുൻ ദില്ലി ജോയിന്റ് കമ്മീഷണർ മാക്‌സ്‌വെൽ പെരേര 'ദ പ്രിന്റി'നോട് പറഞ്ഞു. ഒരു പരിധിവരെ വർഗീയ ധ്രുവീകരണം സംഭവിച്ചു കഴിഞ്ഞ പ്രദേശമാണ് ഉത്തരപൂർവ്വ ദില്ലി. അവിടെ രാഷ്ട്രീയ നേതാക്കൾ റാലി നടത്തി ജനങ്ങൾക്കിടയിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി അക്രമങ്ങൾക്ക് അവരെ പ്രേരിപ്പിച്ചിക്കുമ്പോൾ ഒരു നടപടിയും സ്വീകരിക്കാതിരുന്ന പൊലീസ് ഇപ്പോൾ അതിന്റെയൊക്കെ പരിണിത ഫലമായി കലാപങ്ങൾ നടക്കുമ്പോൾ നിഷ്ക്രിയരായി നിൽക്കുകയും കലാപകാരികൾക്കൊപ്പം ചേരുകയും ചെയ്യുന്നത് പരിഹാസ്യമാണ്, അദ്ദേഹം പറഞ്ഞു. തന്റെ മുപ്പത്തഞ്ചു കൊല്ലത്തെ സർവീസിനിടെ ഇത്രയും മോശം മനോവീര്യത്തോടെയും ദിശാബോധത്തോടെയും തന്റെ ഫോഴ്സിനെ താൻ ഒരിക്കലും കണ്ടിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി നേതാവായ കപിൽ മിശ്ര മോജ്‌പൂര്‍ സന്ദർശിച്ച് നടത്തിയ റാലിയും പ്രസംഗവും ട്വീറ്റും ഒക്കെ ചെയ്തതാണ് ഈ കലാപങ്ങളിലേക്ക് നയിച്ച പ്രഥമകാരണമെന്ന് ആം ആദ്മി പാർട്ടി നേതാവും സുപ്രസിദ്ധ അഭിഭാഷകനുമായ സോം നാഥ് ഭാരതി പറഞ്ഞു. പൊലീസിൽ വലിയൊരു ഭാഗം ട്രംപിന്റെ സന്ദർശനത്തിന് സുരക്ഷയൊരുക്കാൻ പോയതും പ്രശ്നങ്ങൾ വഷളാക്കി എന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു.

Follow Us:
Download App:
  • android
  • ios