കിം ജോങ് ഉൻ എന്ന ഉത്തര കൊറിയൻ ഏകാധിപതിയുടെ ജീവിതത്തിൽ വനിതകൾക്ക് അങ്ങനെ കാര്യമായ പ്രാമാണ്യം പൊതുവെ കിട്ടാത്തതാണ്. രണ്ടേ രണ്ടു വനിതകളെപ്പറ്റി മാത്രമാണ് നമ്മൾ സുപ്രീം ലീഡറുമായി പേരിനെങ്കിലും ബന്ധിപ്പിച്ച് പറഞ്ഞുകേട്ടിട്ടുള്ളൂ. ഒന്ന്, കിമ്മിന്റെ അനിയത്തി കിം യോ ജോങ്. രണ്ട്, അദ്ദേഹത്തിന്റെ പത്നിയും രണ്ടു മക്കളുടെ അമ്മയുമായ റി സോൾ ജ്യു. ഇപ്പോൾ കിമ്മിന്റെ ജീവിതത്തിലെ മൂന്നാമത്തെ, ഏറെ നിഗൂഢത നിറഞ്ഞ ഒരു സാന്നിധ്യം ഹ്യോൻ സോങ് വോൾ എന്ന പോപ്പ് ഗായികയാണ് ചർച്ചകളിലേക്ക് കടന്നുവരുന്നത്. 

 

 

 പത്നിയെ കിം ജോങ് ഉൻ പൊതുവെ ഭരണസിരാകേന്ദ്രങ്ങളുടെ ബഹളങ്ങളിൽ നിന്നെല്ലാം അകറ്റി തന്റെ അന്തഃപുരത്തിൽ തന്നെ പാർപ്പിക്കുകയാണ് പതിവെങ്കിലും, അനുജത്തി കിം യോ ജോങ്, പലപ്പോഴും കിമ്മിന്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും കൊറിയയുടെ ഭരണഭൂപടത്തിൽ വളരെ പ്രാധാന്യത്തോടെ കാണപ്പെടാറുണ്ട്. കിം ജോങ് ഉന്നിന്റെ പിൻഗാമി എന്ന നിലയിൽ പോലും കിം യോ ജോങ്ങിനെ കാണുന്നവരുണ്ട്. ഉത്തര കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിലേക്കും യോ ജോങിനെ തെരഞ്ഞെടുത്തിട്ടുണ്ട് മുൻകാലങ്ങളിൽ. 

ഈ കിം യോ ജോങ് കഴിഞ്ഞ കുറെ മാസങ്ങളായി പൊതുമണ്ഡലത്തിൽ നിന്ന് മാറി നിൽക്കുന്ന സാഹചര്യമുണ്ട് ഉത്തര കൊറിയയിൽ. കൊവിഡ് കാലഘട്ടത്തിൽ മിക്ക ചടങ്ങുകളിലും, ഏറ്റവും ഒടുവിൽ ഒക്ടോബർ വാർഷികാചടങ്ങിൽ വരെ അവരെ കണ്ടിരുന്നില്ല. ഈ സാഹചര്യത്തിൽ കിം ജോങ് ഉൻ എന്ന ഉത്തര കൊറിയൻ സർവ്വാധിപതിയുടെ ജീവിതത്തിലെ മൂന്നാമത്തെയും അവസാനത്തെയും സ്ത്രീ സാന്നിധ്യം, ബാല്യകാല സഖി ഹ്യോൻ സോങ് വോളിന്റെ പൊതു ചടങ്ങുകളിൽ വർധിച്ചു വരുന്ന സാന്നിധ്യവും ദൃശ്യതയും സംശയാസ്പദമാണ് എന്ന് ദക്ഷിണ കൊറിയൻ ന്യൂസ് ഏജൻസി ആയ ന്യൂസ് വൺ റിപ്പോർട്ട് ചെയ്യുന്നു. 

 

 

കിം ജോങ് ഉൻ കഴിഞ്ഞ മാസം ഉത്തര ഹ്വാങ്ഹ്വെ പ്രവിശ്യയിലെ ടെയ്ചോങ് റി ഗ്രാമത്തിലേക്ക് നടത്തിയ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായ സംഘത്തിലെ ഒരേയൊരു വനിതാ അംഗം ഹ്യോൻ ആയിരുന്നു.  കിം ജോങ് ഉന്നിന്റെ വിശ്വാസം ആർജിക്കാൻ ഭാഗ്യം സിദ്ധിച്ച അപൂർവം വ്യക്തികളിൽ ഒരാളാണ് ഇവരും. മോറാൻബോങ് എന്ന പ്രസിദ്ധ പോപ്പ് ഗായക സംഘത്തിലെ മുഖ്യ ഗായികയാണ് ഹ്യോൻ. ഹ്യോൻ പാടിയ ദേശഭക്തി ഗാനങ്ങളും അവയുടെ വിഡിയോകളും ഉത്തരകൊറിയയിൽ വളരെ ജനപ്രിയമാണ്. 

 

 

എന്നാൽ ഹ്യോനിനെ ചുറ്റിപ്പറ്റി വിവാദങ്ങൾക്കും പഞ്ഞമില്ല. ഹ്യോൻ ഒരു പോൺ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്ന തരത്തിൽ ചില അശ്‌ളീല വിഡിയോകളും ഇടക്ക് ദക്ഷിണ കൊറിയയിൽ പ്രചരിക്കുകയുണ്ടായി. ഈ സെക്സ് ടേപ്പിന്റെ പേരിൽ ഓർക്കസ്ട്രയിലെ പതിനൊന്ന് അംഗങ്ങളോടൊപ്പം ഹ്യോണിനെയും കിം ജോംഗ് ഉൻ 2013 യിൽ വെടിവെച്ചു കൊന്നു എന്ന വാർത്തയും പ്രചരിച്ചിരുന്നു. പക്ഷെ 2019 -ൽ കിം ജോംഗ് ഉന്നിന്റെ സംഘത്തോടൊപ്പം ഒരു ഫാക്ടറി സന്ദർശിക്കുന്ന ഹ്യോനിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആ അഭ്യൂഹങ്ങൾക്ക് വിരാമമായി. പിന്നീട്, ഹ്യോനിനെ ഉത്തര കൊറിയൻ ഗവണ്മെന്റിന്റെ 'ഡയറക്ടർ ഓഫ് ഇവന്റ്സ്' എന്ന പദവിയിലേക്ക് തെരഞ്ഞെടുത്ത്. മുമ്പ് കിമ്മിന്റെ അനിയത്തി യോ ഹോംഗ് ആയിരുന്നു ഈ പദവി അലങ്കരിച്ചിരുന്നത്. കിം ജോങ് ഉൻ നേരിട്ട് പങ്കെടുക്കുന്ന രാജ്യത്തെ പ്രമുഖ ചടങ്ങുകളുടെ സംഘടനമാണ് ഈ പദവിയിൽ ഇരിക്കുന്ന വ്യക്തിയുടെ ചുമതല. 

 

 

ഹ്യോൻ ഒന്നുകിൽ കിമ്മിന്റെ ടീനേജ് കാലം തൊട്ടുള്ള പ്രണയിനിയോ അല്ലെങ്കിൽ അച്ഛൻ കിം ജോങ് ഇല്ലിന്റെ അവസാനത്തെ കാമുകിയോ ആകാം എന്ന് ദക്ഷിണ കൊറിയയിലെ മാധ്യമങ്ങൾ പറയുന്നു. അച്ഛന്റെ കാലത്തെ കിം ജോങ് ഇന്നും ഹ്യോനും തമ്മിലുള്ള പ്രണയത്തിനു തടയിട്ടതാണ് എന്നും, അച്ഛൻ മരിച്ചപ്പോൾ കിം തന്നെ ഹ്യോനിനെ തിരികെ കൊണ്ടുവന്നതാണ് എന്നും പറയപ്പെടുന്നു.

"കിമ്മിന്റെ ഭാര്യയെക്കാൾ ശക്തയാണ് ഹ്യോൻ, എന്നാൽ അനിയത്തി യോ ജോങിനോളം അല്ല..." എന്നാണ് ഉത്തരകൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്ക് കൂറുമാറിയ ജേസൺ ലീ എന്ന പൗരൻ എൻകെ ഡെയ്‌ലിയോട് പറഞ്ഞത്.