ഇന്ന് ദില്ലി കലാപങ്ങളെപ്പറ്റി വിലയിരുത്തൽ നടത്തിയ ദില്ലി ഹൈക്കോടതി പറഞ്ഞത്  "ഇനിയും ഒരു 1984 ആവർത്തിക്കാൻ അനുവദിച്ചുകൂടാ" എന്നാണ്. ആ വർഷത്തെക്കുറിച്ചുള്ള പരാമർശം കൊണ്ട് കോടതി ഉദ്ദേശിച്ചത്, 1984 ഒക്ടോബർ 31 എന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായകദിവസത്തെപ്പറ്റിയാണ്. അന്നാണ് ലോകത്തിലെ ഏറ്റവും ശക്തയായ വനിതാ പ്രധാനമന്ത്രി, സ്വന്തം വസതിയിൽ, സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ്‌ മരണപ്പെട്ടത്.  ഒരു വൻമരം വീണതിന് പിന്നാലെ ഇന്ത്യയുടെ ഭൂമി അടുത്ത 72 മണിക്കൂർ നേരത്തേക്ക് നിൽക്കാതെ കുലുങ്ങിയതിന്റെയും, നിരപരാധികളായ പലരുടെയും ജീവിതങ്ങൾ ആ ഭൂകമ്പങ്ങളിൽ തകർന്നടിഞ്ഞതിന്റെയും കണക്കുകളും പലർക്കുമറിയില്ല.

അന്ന് പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ഒരു ഡോക്ടർ, അതിനെയൊക്കെ അതിജീവിച്ച് പിൽക്കാലത്ത് ആ ദുരനുഭവങ്ങളുടെ നേർസാക്ഷ്യങ്ങൾ പുറംലോകത്തോട് പങ്കുവെക്കാൻ അവശേഷിച്ച ഒരു മനുഷ്യനുണ്ട്, ഡോ. സ്വരൺ സിംഗ്. അദ്ദേഹത്തിന്റെ ഓർമകളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.

" ഞാനൊരു ഹൗസ്‌ സർജനായിരുന്നു. മിഡിൽക്‌ളാസ് ദില്ലി കുടുംബം. റോക്ക് ആൻഡ് റോളും, ബിയറും, ക്രിക്കറ്റുമൊക്കെ പ്രാണനായുള്ള ഒരു സാധാരണ യുവാവ്. അന്നത്തെ വടക്കേ ഇന്ത്യയ്ക്ക് പഞ്ചാബെന്നാൽ ഖാലിസ്ഥാനി തീവ്രവാദികളും ഗവണ്മെന്റും തമ്മിലുള്ള പോരാട്ടത്തിൽ മുറിവേറ്റ ഒരു സംസ്ഥാനം മാത്രമാണ്. സംഘർഷത്തെ നേരിൽ പരിചയിച്ചിട്ടുള്ള എന്നെപ്പോലുള്ളവർ, ഇരു പക്ഷത്തുനിന്നും സംഭവിച്ചുകൊണ്ടിരുന്ന അതിക്രമങ്ങളെപ്പറ്റി ബോധവാന്മാരായിരുന്നു. അതേപ്പറ്റിയുള്ള ചർച്ചകൾ വന്നപ്പോഴൊക്കെ ഞങ്ങൾക്ക് ദേശീയതയെപ്പറ്റിയുള്ള പാഠങ്ങൾ സൗജന്യമായി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ദേശീയത എന്ന വിഷയം എടുത്തിടുമ്പോൾ തന്നെ ഞങ്ങൾ അറിയാതെ നിശ്ശബ്ദരായിപ്പോവുകയും ചെയ്തിരുന്നു അന്നൊക്കെ. അങ്ങനെ ഇടക്കിടെയുള്ള തർക്കങ്ങൾ കൊണ്ട് ജീവിതം ആകെ വിക്ഷുബ്‌ധവും സംഭവബഹുലവുമായി നീങ്ങിക്കൊണ്ടിരുന്നു ദില്ലിയിൽ. 1984  ഒക്ടോബർ 31-ന്  രാവിലെ 9.20 ആയതോടെ എന്റെ ജീവിതം പാടെ തകിടം മറിഞ്ഞു.

അന്ന് രാവിലെ ആശുപത്രിയിലെ വാർഡിലേക്ക് നടന്നുകേറിയ എന്നെ, എന്നും തികഞ്ഞ ഭവ്യതയോടെ മാത്രം എന്നോട് പെരുമാറിയിട്ടുള്ള ആശുപത്രിയിലെ പ്യൂൺ എന്നെ നോക്കി മുരണ്ടു, " നിങ്ങൾ നായിന്റെ മക്കൾ, ഞങ്ങടെ മാഡത്തെ കൊന്നുകളഞ്ഞില്ലേ..! " അയാളുടെ ശബ്ദത്തിലെ കാർക്കശ്യമോ, പറഞ്ഞതിന്റെ സാരമോ പിടികിട്ടാതിരുന്ന ഞാൻ അതിശയം മുറ്റുന്ന കണ്ണുകളോടെ നഴ്സിനോട് ചോദിച്ചു, " അയാൾ എന്നെ തെറിവിളിച്ചത് കേട്ടുവോ നിങ്ങൾ..? " അവർ പറഞ്ഞു, "ഡോക്ടർ ഒന്നുമറിഞ്ഞില്ലേ? ഇന്ദിരാ ഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകർ തന്നെ വെടിവെച്ചുവീഴ്ത്തി. ഇപ്പോൾ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷപെടുന്ന കാര്യം കഷ്ടിയാണ്..."

AIIMS അഥവാ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്ന ബൃഹദ് സ്ഥാപനം, ഞങ്ങളുടെ ആശുപത്രിയുടെ അയല്പക്കത്താണ്. രണ്ടു മതിലപ്പുറം. തലസ്ഥാനത്തെ വിഐപികളുടെ പ്രിയപ്പെട്ട ആതുരാലയം. പാവപ്പെട്ടവരെ മാത്രം പരിചരിച്ചിരുന്ന ഒരു ചെറിയ ആശുപത്രിയായിരുന്നു ഞങ്ങളുടേത്. വിവരമറിഞ്ഞപാടെ ഞാൻ എയിംസിലേക്ക് പാഞ്ഞു. അവിടെ അപ്പോഴേക്കും ഒരു വൻ ജനക്കൂട്ടം താനെ തടിച്ചുകൂടിയിട്ടുണ്ടായിരുന്നു. ആളുകൾ പരസ്പരം പിറുപിറുക്കുന്ന ശബ്ദത്താൽ മുഖരിതമായിരുന്നു ആശുപത്രിയുടെ മെയിൻ ഹാൾ. ആളുകൾ പിന്നെയും  വന്നുകൊണ്ടേയിരുന്നു. ബീക്കൺ വെച്ച വാഹനങ്ങളിൽ നിരവധി ബ്യൂറോക്രാറ്റുകൾ ഒന്നിനുപിന്നാലെ ഒന്നായി അവിടെ വന്നിറങ്ങി. അവിടെ അശുഭസൂചകമായ നിമിത്തങ്ങൾ പലതും തങ്ങിനിൽപ്പുണ്ടായിരുന്നു.

ഒരു സഹപ്രവർത്തകനാണ് എനിക്ക് ആദ്യത്തെ മുന്നറിയിപ്പ് തരുന്നത്, " നിങ്ങൾക്ക് ഇനി ഇവിടം അത്ര സേഫാണെന്ന് തോന്നുന്നില്ല. ഇപ്പോൾ ഇവിടെനിന്ന് പോകണം..സംഗതി വഷളായേക്കും".  അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ചുകൊണ്ട് ഞാൻ പുറത്തിറങ്ങി. അപ്പോഴേക്കും കുപിതരായ ജനക്കൂട്ടം ആശുപത്രിയുടെ ഗേറ്റുകൾ  ബ്ലോക്ക് ചെയ്തു കഴിഞ്ഞിരുന്നു.അവർക്കിടയിലൂടെ നൂണ്ടു പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്ന് ഒരു ഭർത്സനം ഉയർന്നുകേട്ടു. "നന്ദികെട്ട പരിഷകൾ...". തെറിക്കുപിന്നാലെ എന്റെ നടുമ്പുറത്ത് ആദ്യത്തെ അടി വന്നുവീണു. രണ്ടാമത്തെ അടിക്ക് എന്റെ തലപ്പാവ് തെറിച്ചുവീണു. തലപ്പാവ് കയ്യിലെടുത്തുപിടിച്ച്, കുനിഞ്ഞു കുനിഞ്ഞ് ഞാൻ മുന്നോട്ടുനീങ്ങി. പിന്നിൽ നിന്ന് ചറപറാ അടികൾ എന്റെ മുതുകിൽ വന്നു വീണുകൊണ്ടിരുന്നു. പുറത്തെത്തിയതും, ദൈവദൂതനായി ഒരു ഓട്ടോറിക്ഷാ ഡ്രൈവർ അവതരിച്ചു. ആ ഓട്ടോയിലേക്ക് ചാടിക്കയറി ഞാൻ അയാളോട് എന്നെ എങ്ങോട്ടെങ്കിലും കൊണ്ടുപോകാൻ പറഞ്ഞു.

എന്റെ മുതുക് നന്നായി നോവുന്നുണ്ടായിരുന്നു. മുതുകിനേക്കാൾ വേദന മനസ്സിനായിരുന്നു. ജനക്കൂട്ടത്തിന്റെ സങ്കടം ദേഷ്യമായി മാറിയതിന്റെ സ്വാദാണ് ഞാൻ മുതുകിലേറ്റുവാങ്ങിയത്. അവരുടെ അനുശോചനപ്രകടനങ്ങളാണ് താഡനങ്ങളായി മാറിയത്. ഞാൻ ആകെ അസ്വസ്ഥനായി. പിന്നെ ഒന്നിലും മനസ്സുറച്ചു നിന്നില്ല. ഒരേ ചിന്ത എന്നെയലട്ടി. ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്നുറപ്പുണ്ടായിരുന്നിട്ടും, ഒരു സിഖുകാരൻ എന്ന നിലയിൽ എനിക്കും ആ കൊലയിൽ  കൂട്ടുത്തരവാദിത്തമുണ്ട് എന്നുതോന്നി. രാജ്യത്തിൻറെ മാതാവിനെയാണ് കൊന്നിരിക്കുന്നത്. അതിനുത്തരം പറയാൻ ഞാനും ബാധ്യസ്ഥനാണെന്നു തോന്നി.

വൈകുന്നേരത്തോടെ കൊലകൾ തുടങ്ങി. ഇന്ദിരാഗാന്ധിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ദൂരദർശനിൽ തുടർച്ചയായി, ലൈവായിത്തന്നെ കാണിച്ചുകൊണ്ടിരുന്നു. അതിൽ പങ്കെടുത്ത ജനക്കൂട്ടം വിളിച്ച മുദ്രാവാക്യം വളരെ വ്യക്തമായി കേൾക്കാമായിരുന്നു ടിവിയിലൂടെ, "ഖൂൺ കാ ബദ്‌ലാ ഖൂൺ സെ ലേംഗേ". അതായത് 'ചോരയ്ക്ക് പകരം ചോര'. അതൊരു ആഹ്വാനമായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. അന്ന് സിനിമാ നടൻ അമിതാഭ് ബച്ചൻ ദൂരദർശനിൽ 'ഖൂൺ കാ ബദ്‌ലാ ഖൂൺ സെ ലേംഗേ ' എന്ന്  പ്രസംഗിച്ചു എന്നാരോപിച്ച് പിന്നീട് അദ്ദേഹത്തിന്റെ പേരിൽ കേസു പോലുമുണ്ടായി. ഇന്ദിരാവധത്തെപ്പറ്റിയുള്ള വിക്കിപ്പീഡിയ ആർട്ടിക്കിളിൽ പറയുന്നത്, ആദ്യത്തെ പ്രതികാരക്കൊല നടക്കുന്നത് അടുത്ത ദിവസം, അതായത് 1984 നവംബർ ഒന്നിനാണ് എന്നാണ്. എന്നാൽ ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ദിവസം രാത്രിയിൽ തന്നെ കൊല്ലപ്പെട്ട ഒരു സിഖുകാരൻ അപ്പൂപ്പനെ എനിക്കറിയാം. നാട്ടിലെങ്ങും അരാജകത്വം നടമാടുമ്പോൾ സത്യം രേഖപ്പെടുത്തപ്പെടാൻ പാടാണല്ലോ.

 

ഇന്നോർക്കുമ്പോൾ അതിശയം തോന്നുന്നു. "ഖൂൺ കാ ബദ്‌ലാ ഖൂൺ സെ ലേംഗേ" എന്ന അത്യന്തം പ്രകോപനപരമായ ആഹ്വാനം അന്ന് ദൂരദർശനിൽ നിരന്തരം ലൈവായി പൊയ്ക്കൊണ്ടിരുന്നു. അഭ്യൂഹങ്ങൾക്ക് ഒട്ടും പഞ്ഞമുണ്ടായില്ല. 'പഞ്ചാബിൽ നിന്ന് നിസാമുദ്ദീനിലേക്ക് വന്നിറങ്ങിയ ട്രെയിനിൽ, പഞ്ചാബികൾ കൊന്നുതള്ളിയ ഹിന്ദുക്കളുടെ ജഡങ്ങൾ കൂനകൂട്ടിയിരിക്കുകയാണ്', 'ഇന്ദിരയുടെ മരണം സിഖുകാർ ലഡു വിതരണം ചെയ്ത ആഘോഷിക്കുകയാണ്', 'ദില്ലിയിലെ വാട്ടർ അതോറിറ്റി ജലസംഭരണിയിൽ സിഖുകാർ വിഷം കലക്കിയിട്ടുണ്ട്'. അങ്ങനെ ഒന്നിന് പിന്നാലെ ഒന്നായി ഇല്ലാക്കഥകൾ പ്രചരിക്കാൻ തുടങ്ങി അന്ന്.

കഥകൾ എന്നൊന്നും പറഞ്ഞാൽ പോരാ. കാരണം, രണ്ടു പോലീസുകാർ ഞങ്ങളുടെ കോളനിയിലൂടെ അവരുടെ ജീപ്പിൽ മെഗാഫോണിൽ വിളിച്ചുപറഞ്ഞുകൊണ്ടു പോയത് ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്, "ആരും പൈപ്പിൽ നിന്ന് വെള്ളമെടുത്ത് കുടിക്കരുത്. അതിൽ സിഖുകാർ വിഷം കലക്കിയിട്ടുണ്ട്." ഞാൻ അവരെ തടഞ്ഞു നിർത്തി ചോദിച്ചു, " നിങ്ങളെന്തു ഭോഷ്കാണീ വിളിച്ചുപറയുന്നത്. ഇവിടത്തെ ടാപ്പുകൾക്ക് സിഖുകാരല്ലാത്തവരെ  കണ്ടാലറിയുമോ? ദില്ലി വാട്ടർ സപ്ലൈയിൽ വിഷം കലക്കിയാൽ ഇവിടത്തെ സിഖുകാർ മരിക്കില്ലേ? എന്തൊരു അസംബന്ധമാണ് നിങ്ങളീ പ്രചരിപ്പിക്കുന്നത്..?" അവരിലൊരാൾ എന്നെ തള്ളി താഴെയിട്ടിട്ട് ജീപ്പോടിച്ച് പോയി.

ഞങ്ങൾ താമസിച്ചിരുന്ന കോളനിയിൽ ഏറെയും ഹിന്ദുക്കളായിരുന്നു എങ്കിലും, ഞങ്ങൾ സിഖുകാരുടെ കുടുംബങ്ങളും ഒരുപാടുണ്ടായിരുന്നു. ഇരു സമുദായങ്ങളിലെയും മുതിർന്നവർ അടുത്തുള്ള ഒരു അമ്പലത്തിൽ അടിയന്തരയോഗം ചേർന്നു. ഞങ്ങളെ അക്രമകാരികളിൽ നിന്ന് സംരക്ഷിച്ചുകൊള്ളാമെന്ന് ഹിന്ദുസഹോദരർ ഉറപ്പുനൽകി. തെരുവുകാവൽ സംഘങ്ങൾ ഉണ്ടാക്കി. ചെറുപ്പക്കാരെ മട്ടുപ്പാവുകളിൽ നിരീക്ഷണത്തിനേർപ്പെടുത്തി. ദൂരെ നിന്നു തന്നെ ആൾക്കൂട്ടങ്ങളെ തിരിച്ചറിയാൻ അവർ ബൈനോക്കുലറുകളുമേന്തി കാവലിരുന്നു. ഞങ്ങൾ കിട്ടാവുന്ന ആയുധങ്ങളൊക്കെ സംഭരിച്ചു. ഹോക്കി സ്റ്റിക്കുകൾ, ക്രിക്കറ്റ് ബാറ്റുകൾ, സ്റ്റമ്പുകൾ, ടെന്നീസ് റാക്കറ്റുകൾ, മഴുകൾ, ചൂലുകൾ അങ്ങനെ എന്തും. എന്റെ അച്ഛന്റെ കയ്യിൽ നാലടി നീളമുള്ളൊരു വാളുണ്ടായിരുന്നു. അത് വെറുമൊരു മതചിഹ്നം മാത്രമായിരുന്നു. ആരെയും കൊല്ലാനുള്ള മൂർച്ചയൊന്നും അതിനുണ്ടായിരുന്നില്ല. അതും ഉറയിൽ നിന്നൂരിപ്പിടിച്ച്, മനസ്സിൽ 'ഇതൊരിക്കലും പ്രയോഗിക്കേണ്ടി വരരുതേ ദൈവമേ' എന്ന പ്രാർത്ഥനയുമായി ഞാൻ നിന്നു. ദൂരെ എരിയുന്ന തീപ്പന്തങ്ങൾ ഞങ്ങൾ കാണാൻ തുടങ്ങി. നാട്ടിൽ പരക്കെ അക്രമങ്ങൾ നടക്കുന്നുണ്ട് എന്നും സിഖുകാർ വധിക്കപ്പെടുന്നുണ്ട് എന്നും ഞങ്ങൾ മനസ്സിലാക്കി. എന്നാൽ, എന്ത്, എവിടെ, എത്ര എന്നൊന്നും കൃത്യമായി അറിയാൻ  നിവൃത്തിയുണ്ടായിരുന്നില്ല.

ആ മൂന്നുദിവസങ്ങളിൽ അനുഭവിച്ച മനോവിഷമം, എന്റെ ജീവിതത്തിൽ അതിനു മുമ്പോ ശേഷമോ ഞാൻ അനുഭവിച്ചിട്ടില്ല. സിഖുകാരാണ് എന്നതിന്റെ പേരിൽ മാത്രം ഞങ്ങൾ വേട്ടയാടപ്പെട്ട ദിനങ്ങളായിരുന്നു അത്. പിറന്നമണ്ണിൽ ദേശദ്രോഹികളായിക്കഴിഞ്ഞിരുന്നു ഞങ്ങൾ. നിരപരാധികളായ ഞങ്ങളെ വേട്ടയാടാൻ, അന്നുവരെ സഹോദരതുല്യം സ്നേഹിച്ചിരുന്നവർ തന്നെ മുന്നിട്ടിറങ്ങി.

അന്ന് ഭരിച്ചിരുന്ന കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ നാട്ടിൽ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ച് തെരുവിലേക്ക് പറഞ്ഞുവിട്ടുകൊണ്ടിരുന്നു. അന്നവർ അക്രമിക്കേണ്ട സിഖ് വീടുകൾ കണ്ടെത്തിയത് വോട്ടേഴ്‌സ് ലിസ്റ്റിന്റെ സഹായത്തോടെയാണ്. ക്രുദ്ധരായ ജനങ്ങൾക്ക് മദ്യം കൂടി വിതരണം ചെയ്യപ്പെട്ടതോടെ അവരുടെ ക്രൗര്യം ഇരട്ടിച്ചു. ഒരു കാൻ മണ്ണെണ്ണയും കയ്യിൽ പിടിപ്പിച്ച്, അന്നത്തെ ആയിരം രൂപയും പോക്കറ്റിൽ തിരുകിയാണ് ജനങ്ങളെ അവർ കലാപത്തിന് പറഞ്ഞുവിട്ടത്. അവർ പ്രവർത്തിച്ച അക്രമം എല്ലായിടത്തും ഒരുപോലെയായിരുന്നു. സിഖ് വീടുകളുടെ വാതിലിൽ മുട്ടുക. വീട്ടിലെ പുരുഷന്മാരെ വലിച്ചു പുറത്തിടുക. കാലുതല്ലിയൊടിച്ച ശേഷം, തലയിലൂടെ മണ്ണെണ്ണ കോരിയൊഴിച്ച് തീക്കൊളുത്തുക. സ്വന്തം അച്ഛനെയും, ഭർത്താവിനെയും, അമ്മാവനെയും, ജ്യേഷ്ഠനെയുമെല്ലാം ഇങ്ങനെ വധിക്കുന്നത് കണ്ടുകൊണ്ട് ആ സിഖ് കുടുംബങ്ങളിലെ മറ്റുള്ളവർ മൂകസാക്ഷികളായി നിന്നു. അതിനിടെ ചിലയിടങ്ങളിൽ സിഖ് യുവതികൾ ബലാത്സംഗത്തിനിരയായി. കൊള്ളയും കൊള്ളിവെപ്പുമുണ്ടായി. പക്ഷേ, ജനക്കൂട്ടം അടിസ്ഥാനപരമായി രക്തദാഹികൾ  മാത്രമായിരുന്നു. അവർക്കുവേണ്ടിയിരുന്നത് സിഖുകാരുടെ ചോര മാത്രമായിരുന്നു. അവർക്കു കിട്ടിയ നിർദേശം സുവ്യക്തമായിരുന്നു, "ഖൂൺ കാ ബദ്‌ലാ ഖൂൺ സെ ലേംഗേ...."

ആ അക്രമണങ്ങൾ മൂന്നു ദിവസം തുടർന്നുപോയി. ഉത്തരേന്ത്യയിൽ 8000-ലധികം സിഖുകാർ കശാപ്പുചെയ്യപ്പെട്ടു. അതിൽ മൂവായിരവും ദില്ലിയിൽ തന്നെ. നവംബർ 4-ന് ഒരു ഹിന്ദുസഹോദരന്റെ കാറിന്റെ ഡിക്കിയിൽ ഒളിച്ച് ദില്ലിവിട്ടുപോകാൻ എനിക്കായിരുന്നു.ഞങ്ങൾക്ക് പരിചയമുള്ള ഒരു കുടുംബത്തെത്തേടി ഞങ്ങൾ ചെന്നു. ആ തെരുവുകൾ വിജനമായിരുന്നു. അവരുടെ വീടിന് തീവെക്കപ്പെട്ടിരുന്നു. ഞങ്ങളന്വേഷിച്ചു ചെന്നവർ അതിനകം  വീടുപേക്ഷിച്ച് പോയിക്കഴിഞ്ഞിരുന്നു. അവിടെ മാരകമായ പൊള്ളലേറ്റ ഒരു പതിനഞ്ചുകാരിയെ ഞങ്ങൾ കണ്ടു. അവളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ അവർ അഡ്മിറ്റ് ചെയ്യാൻ മടിച്ചു. ഒടുവിൽ ആ പെൺകുട്ടിയെ ഒരു അഭയാർത്ഥി ക്യാംപിൽ ഏൽപ്പിച്ച് ഞങ്ങൾ മടങ്ങി.

വിധവാ കോളനി 

അന്നത്തെ കലാപങ്ങളിൽ മരിച്ചവരുടെ ആശ്രിതരായ ഏഴായിരത്തോളം വിധവകൾ, ആരുടെ മക്കൾ, ആശ്രിതർ എന്നിവർക്ക് കേന്ദ്രം പിന്നീടനുവദിച്ച് പുനരധിവാസ കേന്ദ്രമാണ് 'വിഡോ കോളനി'. ആ മക്കളുടെ കാര്യമായിരുന്നു കൂടുതൽ കഷ്ടം. തങ്ങളുടെ കണ്മുന്നിൽ വെച്ച് അച്ഛനെയും അമ്മാവനെയും ജ്യേഷ്ഠനെയുമൊക്കെ തീവെച്ചു കൊന്ന പല ക്രിമിനലുകളും പിന്നീട് അവരുടെ കൺവെട്ടത്തു തുടർന്നും താമസിച്ചു. നിയമത്തിന്റെ പിടിയിൽ പെടാതെ തങ്ങളെ കാക്കാൻ വേണ്ടപ്പെട്ടവരുണ്ട് എന്ന സമാധാനത്തിൽ അവർ നിശ്ചിന്തരായി കഴിഞ്ഞുപോന്നു.

എന്റെ ചില സ്നേഹിതരെയും കൂട്ടി പിന്നീട് ഞാനാ കോളനി സന്ദർശിക്കുമായിരുന്നു. ആ കുഞ്ഞുങ്ങളുമായി സമയം പങ്കിടാൻ, അവരെ സ്വാഭാവിക ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാണ് വേണ്ടി മാത്രം. ഞങ്ങൾ അവിടെ അടുത്തുള്ള ഒരു പാർക്കിൽ വെച്ചാണ് കണ്ടുമുട്ടിയിരുന്നത്. എന്നാൽ കലാപത്തിന് ശേഷം അവിടത്തെ കുഞ്ഞുങ്ങൾ ആകെ ഭയചകിതരായിരുന്നു. അവർ പുറത്തു വരാൻ കൂട്ടാക്കിയിരുന്നില്ല. അതുകൊണ്ട് ഞങ്ങൾ അവിടെത്തന്നെ തമ്പടിച്ച്, കുട്ടികളെ പാർക്കിൽ കളിക്കാൻ പറഞ്ഞയക്കുന്ന കുടുംബങ്ങൾക്ക് സൗജന്യചികിത്സ വാഗ്ദാനം ചെയ്തു. സർജറിയിലെ എന്റെ ഉപരിപഠനത്തെപ്പറ്റി ഞാൻ തൽക്കാലത്തേക്ക് മറന്നു. ദുരന്തത്തിൽ നിന്ന് കരകയറിക്കൊണ്ടിരുന്ന എന്റെ സഹജീവികൾക്കൊപ്പം നിൽക്കാൻ ഞാൻ  ശ്രമിച്ചു. എൻജിഒകൾക്കൊപ്പം ചേർന്ന്, കലാപങ്ങളിൽ അക്രമങ്ങൾ പ്രവർത്തിച്ച കോൺഗ്രസ് നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യാൻ വേണ്ട തെളിവുകൾ ശേഖരിക്കാൻ തുടങ്ങി. ആ സേവനങ്ങൾ രണ്ടുവർഷത്തോളം നീണ്ടു.

കലാപങ്ങളിന്മേലുള്ള അന്വേഷണങ്ങളും വിചാരണകളുമൊക്കെ വെറും പ്രഹസനങ്ങൾ മാത്രമായിരുന്നു. കൊലപാതകങ്ങളും, ബലാത്സംഗങ്ങളും, കൊള്ളിവെപ്പുകളും നടത്തിയെന്ന് പ്രഥമദൃഷ്ട്യാ തെളിവുള്ളവർ പലരും വളരെ നിസ്സാരമായ മുട്ടുന്യായങ്ങൾ ചൂണ്ടിക്കാട്ടി വെറുതെ വിടപ്പെട്ടു. സർജറിയിലെ കരിയർ വേണ്ടെന്നു വെച്ച് ഞാൻ സൈക്യാട്രിയിൽ ശ്രദ്ധിക്കാൻ തീരുമാനമെടുത്തു. ചണ്ഡീഗഡിൽ താമസം തുടങ്ങി. എന്നാൽ അവിടെ, സർക്കാരും ജനങ്ങളും തമ്മിലുള്ള പോരാട്ടങ്ങൾ പിന്നെയും തുടർന്നു. ഒടുവിൽ മനംമടുത്ത് ഒരുദിവസം ഞാൻ ഇന്ത്യ വിടാൻ തന്നെ തീരുമാനിച്ചു. ഇവിടെ വാർവിക്കിൽ വന്ന് സ്ഥിരതാമസമാക്കി.

വിധവാ കോളനിയിൽ ഞങ്ങൾ കണ്ടത് എത്രയോ കുടുംബങ്ങളുടെ കണ്ണുനീരാണ്. അതിജീവനത്തിനുള്ള പിടപ്പുകളാണ്. തോറ്റുപോയവരുടെ രോദനങ്ങളാണ്. അവരിൽ പലരും ഒക്കെ മറക്കാൻ ശീലിച്ചു എങ്കിലും, മനസ്സിന്റെയുള്ളിൽ അവരുടെ പ്രിയപ്പെട്ടവരുടെ ഓർമകളുടെ ഒരു പിടി കനൽ അവരും അടക്കിയിട്ടുണ്ട്. ഭർത്താക്കന്മാരെ നഷ്ടപ്പെട്ട പല വിധവകളും വിഷാദത്താൽ ആത്മാഹുതി ചെയ്തു. അച്ഛന്മാരെ  നഷ്ടപ്പെട്ട മക്കൾ മദ്യത്തിലേക്കും, മയക്കുമരുന്നിലേക്കും വഴുതിവീണു. അവരുടെ ജീവിതങ്ങൾ നാനാവിധമായി.

അന്ന് കുറ്റം ആരോപിക്കപ്പെട്ടവരിൽ ചിലർക്ക് ഇന്ന് ശിക്ഷ വിധിക്കപ്പെട്ടു, ചിലർ ജയിലിലാണ്. എന്നാൽ പലരും, തെളിവുകളുടെ അഭാവത്തിൽ ശിക്ഷയിൽ നിന്ന് ഒഴിവായി. കൈകളിൽ പുരണ്ട സഹജീവികളുടെ രക്തവുമായി അവരിന്നും മാനവസ്നേഹത്തിന്റെയും മതേതരസാഹോദര്യത്തിന്റെയും മഹത്വവും ഉദ്ഘോഷിച്ചുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയമണ്ഡലത്തിലെ നിർണായകസ്വാധീനങ്ങളായി തുടരുന്ന കാഴ്ചയും നമ്മൾ കാണുന്നു."  എന്ന് ഡോ. സ്വരൺ സിംഗ് പറഞ്ഞു നിർത്തുന്നു.