ഇത് കജോഡി. ഈ അമ്മൂമ്മയുടെ പ്രായം തൊണ്ണൂറുവയസ്സാണ്. അവരുടെ ഗ്രാമം ദില്ലിക്ക് 400 കിലോമീറ്റർ പടിഞ്ഞാറ് കിടക്കുന്ന രാജസ്ഥാനിലെ സവായ് മധോപൂർ ആണ്. ലോക്ക് ഡൗൺ പ്രഖ്യാപനമുണ്ടായതോടെ ആ കുടിയേറ്റ തൊഴിലാളി കുടുംബത്തിൽ അടുപ്പ് പുകയാതെയായി. അതിനു മുമ്പുതന്നെ തൊഴിലെടുക്കാൻ പറ്റാത്ത സാഹചര്യം വന്ന് അവർ അരപ്പട്ടിണിയിലേക്ക് കടന്നിട്ടുണ്ടായിരുന്നു എന്നതാണ് വാസ്തവം. എന്തായാലും അന്യനാട്ടിൽ കിടന്നു നരകിച്ചു ചാകാൻ വയ്യെന്നുറപ്പിച്ച് കജോഡിയുടെ മകനും കുടുംബവും സ്വന്തം നാട്ടിലേക്ക് തിരികെപ്പോകാൻ തീരുമാനിച്ചു. പ്രായമായ അമ്മയേയും അവർ കൂടെക്കൂട്ടി. ട്രെയിനും ബസ്സും ഇല്ലെന്നു കണ്ടപ്പോൾ ഒടുവിൽ രണ്ടും കൽപ്പിച്ച്, വീട്ടിലേക്കു നീണ്ടുകിടക്കുന്ന ആ കരിമ്പാതയിലൂടെ ഇറങ്ങി നടക്കാൻ അവർ ഉറപ്പിച്ചു. ആ നടത്തമാണ് ചിത്രത്തിൽ കാണുന്നത്. കജോഡി ഒറ്റയ്ക്കല്ല. ഏതാനും മീറ്ററുകൾ മുന്നിലായി അവരുടെ കുടുംബത്തിലെ മറ്റുള്ളവരും നടപ്പുണ്ട്. പ്രായാധിക്യം കാരണം ആ അമ്മൂമ്മ കൂട്ടത്തിൽ ഏറ്റവും പിന്നിലായിപ്പോയി എന്നുമാത്രം. 

 

 

കൊവിഡ്  19 എന്ന മഹാമാരി, സാമ്പത്തികവും സാമൂഹികവുമായി ഏറ്റവും അധികം ബാധിച്ചിട്ടുള്ളത് കുടിയേറ്റ തൊഴിലാളികളെ (migrant labourers)യാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളുടെയും ഉൾഗ്രാമങ്ങളിലെ പട്ടിണിയിൽ നിന്ന് കരകയറാൻ മോഹിച്ച് മറ്റു സംസ്ഥാനങ്ങളുടെ പട്ടണങ്ങളിലേക്ക് കുടിയേറിപ്പാർത്ത് കൂലിപ്പണികളിൽ ഏർപ്പെടുന്നവരാണവർ. 'അതിഥി' സംസ്ഥാന തൊഴിലാളി എന്ന വിളിപ്പേരിലെ ഭവ്യതയ്ക്കപ്പുറത്തേക്ക് അവർക്ക് ഈ ലോക്ക് ഡൗൺ കാലത്ത് ഒരു ആതിഥ്യമര്യാദയും അനുഭവവേദ്യമാകുന്നില്ല. അതുകൊണ്ടാണ്, പട്ടിണി കിടക്കുന്നെങ്കിൽ സ്വന്തം നാട്ടിൽ, അങ്ങനെ മരിച്ചു പോകുന്നെങ്കിൽ സ്വന്തം മണ്ണിൽ എന്ന് അവർ തിരികെ പലായനം ചെയ്യാൻ തീരുമാനിക്കുന്നത്. ഒന്ന് വീടെത്തിക്കിട്ടാൻ വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാകുന്നത്. 

 

 

ഏതറ്റം വരെയും എന്ന് പറയുമ്പോൾ അതിൽ ദില്ലിയിൽ നിന്ന് രാജസ്ഥാനിലേക്കുള്ള 400 കിലോമീറ്റർ നടത്തവും, ചണ്ഡീഗഡിൽ നിന്ന് ഉത്തർപ്രദേശിലേക്കുള്ള 960 കിലോമീറ്റർ സൈക്കിൾ ചവിട്ടലും മാത്രമല്ല വരുന്നത്. അതിലും അപകടകരമായ പല മാർഗ്ഗങ്ങളും അവർ സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തെലങ്കാനയിൽ നിന്ന് രാജസ്ഥാനിലേക്ക് പൊയ്ക്കൊണ്ടിരുന്ന രണ്ടു കണ്ടെയ്‌നർ ലോറികൾ മുംബൈ പൊലീസ് പതിവ് പരിശോധനകൾക്കായി തടയുന്നു. വണ്ടിയിൽ എന്താണ്? തെലങ്കാനയിൽ നിന്ന് രാജസ്ഥാനിലേക്ക് എന്തിനാണ് യാത്ര എന്നൊക്കെയുള്ള ചോദ്യങ്ങൾക്കു മുന്നിൽ ഡ്രൈവർമാർ ആകെ നിന്ന് പരുങ്ങാൻ തുടങ്ങിയപ്പോൾ പൊലീസിന് ആകെ പന്തികേട് തോന്നി. അവരെക്കൊണ്ട് നിർബന്ധിച്ച് ആ രണ്ടു കണ്ടെയ്നറിന്റെയും പൂട്ടുകൾ തുറപ്പിച്ച് അകം പരിശോധിച്ച പൊലീസ് കോൺസ്റ്റബിൾമാർ കണ്ണും തള്ളി ഇരുന്നുപോയി. രണ്ടു കണ്ടെയ്നറിന്റെയും ഉള്ളിലായി ആകെ ഉണ്ടായിരുന്നത് 300 കുടിയേറ്റ തൊഴിലാളികൾ. ലോക്ക് ഡൗണിനെ തുടർന്ന് തെലങ്കാനയിൽ തൊഴിൽ നഷ്ടമുണ്ടായപ്പോൾ, പട്ടിണി കിടന്നു മടുത്തപ്പോൾ, എങ്ങനെയും നാട്ടിലെത്താനുള്ള പരിഭ്രമത്തിനിടെ അവർ സ്വീകരിച്ചത് ഏറെ അപകടകരമായ ഈ മാർഗമാണ്. 

 

 

ഒരു പക്ഷെ മുംബൈയിൽ വെച്ച് ആ കണ്ടെയ്‌നർ തുറന്നു പരിശോധിച്ച മുംബൈ പൊലീസ് ആ തൊഴിലാളികളുടെ ജീവൻ രക്ഷിച്ച മാലാഖാമാരാണ്. കാരണം, അല്ലായിരുന്നെങ്കിൽ രാജസ്ഥാനിലേക്കുള്ള സുദീർഘമായ യാത്രയ്ക്ക് ഒടുവിൽ ആ ട്രെയിലർ തുറക്കുമ്പോഴേക്കും നിരവധി പേർ ശ്വാസം മുട്ടി മരിച്ചേനെ . യുകെയിലെ എസ്സെക്സിൽ നിന്ന് കണ്ടെടുത്ത ഒരു കണ്ടെയ്‌നർ ട്രക്കിൽ 39 പേരുടെ വിറങ്ങലിച്ച ജഡങ്ങൾ കണ്ടെടുത്ത കഥ നമ്മൾ പത്രങ്ങളിൽ വായിച്ച് നെടുവീർപ്പിട്ടതാണ്. അതൊരു റെഫ്രിജറേറ്റഡ് ട്രക്ക് ആയിരുന്നു. അതിൽ മനുഷ്യർ മരിച്ചത് തണുത്തുവിറച്ചും, ശ്വാസം കിട്ടാഞ്ഞും ആയിരുന്നു എങ്കിൽ, ഇവിടെ ഒരു കണ്ടെയ്‌നറിനുള്ളിൽ കുത്തി നിറച്ചു പുറപ്പെട്ട 150 പേർക്ക് ഒരു വാഗൺ ട്രാജഡിയിൽ കുറഞ്ഞൊന്നും ആയിരിക്കില്ല നേരിടേണ്ടി വന്നേക്കാമായിരുന്നത്. എന്തായാലും രണ്ടു പൊലീസുകാരുടെ ജാഗ്രത കാരണം അതൊഴിവായി എന്ന് കരുതാം. 

എന്നാലും, പ്രശ്നം അവിടെ അവസാനിക്കുന്നില്ല. ഇന്ത്യയിൽ നരേന്ദ്ര മോദി മാർച്ച് 24 മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ അന്നന്നത്തെ അന്നതിനുള്ള വക അന്നന്ന് കഷ്ടപ്പെട്ടധ്വാനിച്ച് കണ്ടെത്തിയിരുന്നവർ ഇനി എന്ത് ചെയ്യണം എന്നുമാത്രം ആരും അവരോട് പറഞ്ഞില്ല. കൊറോണയുടെ ആക്രമണം തുടങ്ങിയ അന്നുതൊട്ടുതന്നെ ലക്ഷക്കണക്കായ ഈ തൊഴിലാളികൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലായി ജോലിയില്ലാതെ, പശിയകറ്റാൻ പണമില്ലാതെ കുടുങ്ങിയിട്ടുണ്ടായിരുന്നു. ആ തൊഴിൽനഷ്ടം തിരികൊളുത്തിയത് തിരികെ വീട്ടിലേക്കുള്ള ഒരു 'പലായന'ത്തിനായിരുന്നു. അതിനെ താങ്ങാനുള്ള ശേഷി നാട്ടിലെ ട്രെയിൻ, ബസ് സംവിധാനങ്ങൾക്ക് ഇല്ലായിരുന്നു. ഇങ്ങനെ ഒരു പലായനം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്തെ യാത്രാസംവിധാനങ്ങൾ പൂർണ്ണമായും സ്തംഭിപ്പിച്ചുകൊണ്ടുള്ള ലോക്ക് ഡൗൺ പ്രഖ്യാപനവും വന്നു. അല്ലെങ്കിൽ തന്നെ പരിഭ്രാന്തരായ ഈ തൊഴിലാളികളെ അത് കൂടുതൽ അങ്കലാപ്പിലാക്കി. 

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന ആകെ കേസുകളുടെ അഞ്ചിലൊന്നും മഹാരാഷ്ട്രയിൽ നിന്നാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാണ് മുംബൈ. കൊറോണയെ തടുക്കാൻ, വരുന്ന 21 ദിവസത്തേക്ക് വാഹനങ്ങൾ നിരത്തിലിറക്കാതെ, കടകൾ അടച്ചിട്ട്, അത്യാവശ്യത്തിനു മാത്രം പുറത്തേക്കിറങ്ങി അടങ്ങിയൊതുങ്ങി, സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ച് ഇരിക്കാൻ പറഞ്ഞിട്ട് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ വഴിക്ക് പോയപ്പോൾ ഇനിയെന്ത് എന്നറിയാതെ മാനത്തേക്കും നോക്കി ഇരിപ്പായത് ഈ പാവങ്ങളാണ്. 'നാട്ടിൽ  ചെന്നാൽ കൃഷിയിടത്തിലെങ്കിലും എന്തെങ്കിലും പണിയെടുക്കാം' എന്നാണ് അവരിൽ പലരുടെയും ഉള്ളിൽ. ആ ശുഭപ്രതീക്ഷയാണ് അവരെ നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലൂടെ സ്വന്തം നാട്ടിലേക്ക് നീണ്ടു കിടക്കുന്ന പാതയിലൂടെ കിട്ടിയ വണ്ടിക്ക്, എത്തുന്നിടം വരെ ചെന്ന്, ശേഷം നടന്നും വീടെത്താനുള്ള ശ്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. എന്നാൽ, ഈ ശ്രമങ്ങൾ ഇവർ അറിയാതെ തന്നെ നഗരങ്ങളിൽ നിന്ന് കൊറോണാവൈറസിനെ ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നുണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്. 

"ഈ സമയത്ത് യാത്ര ചെയ്യുന്നതാണ് കൊവിഡ് 19 സാമൂഹികസംക്രമണത്തിന് ഇടയാക്കിയേക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന്. ഇപ്പോൾ നഗരങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിട്ടുള്ള കൊറോണാവൈറസ് ബാധ ഈ പലായനങ്ങളിലൂടെ ഗ്രാമാന്തർഭാഗങ്ങളിലേക്ക് എത്തുന്നത് വലിയ വിപത്തിനു കാരണമാകും " എന്ന് ബ്രൂക്കിങ്‌സ് ഇന്ത്യയുടെ ഗവേഷണ മേധാവി ഷാമികാ രവി ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു. "പക്ഷേ, ലോക്ക് ഡൗൺ കാലത്ത് വിശേഷിച്ചൊരു ദുരിതാശ്വാസ പാക്കേജും സർക്കാർ അവർക്ക് നൽകിയില്ലെങ്കിൽ പിന്നെ ഈ പാവങ്ങൾ വീട്ടിലേക്ക് മടങ്ങുകയല്ലാതെ മറ്റെന്ത് ചെയ്യുമെന്നാണ് നമ്മൾ പ്രതീക്ഷിക്കേണ്ടത്? ട്രെയിൻ ഇല്ലെങ്കിൽ നടന്നും വീടെത്താൻ നോക്കും അവർ..." ഷാമിക തുടർന്നു.

 

എങ്ങനെയും നാട്ടിലെത്തിപ്പെടാനുള്ള വെമ്പൽ ഉള്ളിലേറിക്കഴിയുമ്പോൾ ആകെയുള്ള നാലുടുപ്പും തോൾബാഗിലേന്തി ആ തൊഴിലാളികള്‍ യാത്ര പുറപ്പെടുകയാണ്. ആ യാത്രക്കിടെ അവർ പൊലീസിന്റെ മുന്നിൽ ചെന്ന് പെടുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ ഒന്നോ രണ്ടോ നേരം മാത്രം ഭക്ഷണം കഴിച്ചിട്ടുള്ള അവരോട് പക്ഷേ " നിങ്ങൾക്ക് വിശക്കുന്നുണ്ടോ? " എന്ന് ചോദിക്കാൻ പൊലീസിന് തോന്നുന്നില്ല. അവരുടെ കണ്ണില്‍ ഇവര്‍ പ്രധാനമന്ത്രിയുടെ ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് പുറത്തിറങ്ങി നടക്കുന്ന അക്രമികൾ മാത്രമാണ്. നേരംവണ്ണം നടക്കാനുള്ള ആവതില്ലാത്ത അവരെക്കൊണ്ട് പൊരിവെയിലത്ത്, ചുട്ടുപൊള്ളുന്ന റോഡിലൂടെ തവളച്ചാട്ടം നടത്തിച്ച് തങ്ങളുടെ ഉള്ളിലെ ഇച്ഛാഭംഗങ്ങൾക്ക് ആശ്വാസം തേടുകയാണ് ഇവിടെ ബദ്വാനിൽ യുപി പൊലീസ്. 

 

 

ഇന്ത്യയിൽ കൊവിഡ് 19 കേസുകളുടെ എണ്ണം ഇന്നലെ വരെ 694 കവിഞ്ഞു. അതിൽ 633 പേർക്ക് ഇനിയും അസുഖം ഭേദമായിട്ടില്ല. മരണം 16 കടന്നിട്ടുണ്ട്. "കാട്ടുതീ പോലെ പടരുന്നു" കൊവിഡ് 19 എന്നാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞത്. തൊഴിലില്ലായ്മയും, പട്ടിണിയും, പോഷകാഹാരക്കുറവും കൊണ്ട്  വലയുന്ന ജനതക്കു മേല്‍ 'ലോക്ക് ഡൗൺ' എന്ന തൊഴിൽ നിഷേധം അടിച്ചേൽപ്പിക്കുന്ന ആഘാതമെന്ത് എന്നതിനെപ്പറ്റി അധികാരികൾക്ക് വേണ്ടത്ര നിശ്ചയമില്ലെന്നു വേണം കരുതാൻ. കാരണം, ഗ്രൗണ്ട് ലെവലിൽ, തൊഴിലാളികളെ നേരിട്ട് പരിഗണിച്ചുകൊണ്ടുള്ള ഒരു പദ്ധതിയും ഇതുവരെ പറഞ്ഞുകേട്ടിട്ടില്ല. 

 

 

രാജ്യം ഇന്ന് ഒറ്റക്കെട്ടായി നിന്ന് പരിശ്രമിക്കുന്നത് നാളെ 'സമൂഹവ്യാപനം' എന്ന ദുരവസ്ഥ സംജാതമായാൽ അതിനെ എതിരിടാൻ വേണ്ട ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കാനും, അതിന്റ ആഘാതം പരമാവധി കുറക്കാനും ഒക്കെയായിട്ടാണ്. രോഗം ബാധിച്ചവരെ മറ്റുള്ളവരിൽ നിന്ന് മാറ്റിനിർത്താനും, അവരിൽ നിന്ന് ഉണ്ടായിട്ടുള്ള സംക്രമണങ്ങൾ കണ്ടെത്തി സമൂഹവ്യാപനം തടയാനും ഒക്കെയുള്ള സ്തുത്യർഹമായ പരിശ്രമങ്ങളും അതോടൊപ്പം നാട്ടിൽ നടന്നുവരുന്നു. എന്നാൽ, ഇതിനൊക്കെ ഒപ്പം ഈ കുടിയേറ്റ തൊഴിലാളികളുടെ ദൈനംദിന പ്രശ്നങ്ങളും അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും കൂടി പരിഗണിച്ച് വേണ്ടത് ചെയ്തില്ലെങ്കിൽ അവർ ആകെ പരിഭ്രാന്തരായി സ്വന്തം വീട്ടിലേക്ക് പലായനം ചെയ്യാനുള്ള മാർഗ്ഗങ്ങൾ തേടി എന്തിനൊക്കെ മുതിരും എന്ന് നമുക്കിപ്പോൾ പ്രവചിക്കാൻ സാധിച്ചെന്നു വരില്ല. അവരുടെ ആ പ്രവൃത്തികൾ ചിലപ്പോൾ, കൊവിഡ് 19 -നെതിരായ രാജ്യത്തിൻറെ പോരാട്ടത്തിന് തുരങ്കം വെക്കുന്നതാവില്ല എന്നും ഉറപ്പിക്കാൻ കഴിഞ്ഞേക്കില്ല.