നരേന്ദ്ര മോദി, ഡോണൾഡ്‌ ട്രംപ് - രണ്ടുപേരുടെയും കുടുംബ രാഷ്ട്രീയ പശ്ചാത്തലങ്ങൾ തമ്മിൽ അജഗജാന്തരമുണ്ട്. അമേരിക്കയിലെ ഏറ്റവും സമ്പന്നനായ ഒരു റിയൽ എസ്റ്റേറ്റ് മാഗ്നറ്റിന്റെ മകനായിട്ടാണ് ട്രംപ് പിറന്നുവീണതെങ്കിൽ, ഒരു ചായക്കടക്കാരന്റെ മകനായി തികച്ചും സാധാരണമായ സാഹചര്യങ്ങളിലാണ് മോദി ജനിച്ചതും വളർന്നതും ഒക്കെ. 

രണ്ടുപേർക്കുമുള്ള ഏറ്റവും വലിയ സാമ്യം ഇരുവരും യാതൊരു ദുശ്ശീലവുമില്ലാത്തവരാണ് എന്നതാണ്. കുടിയില്ല, വലിയില്ല, മറ്റു ദുശ്ശീലങ്ങൾ ഒന്നുമില്ല ഇരുവർക്കും. ഇരുവരും  അതാത് രാജ്യങ്ങളിലെ വലതുപക്ഷത്താൽ ആരാധിക്കപ്പെടുന്നവരാണ് എന്നത് രണ്ടാമത്തെ സാമ്യം. ഇനിയുമുണ്ട് വേറെയും സാമ്യങ്ങൾ. ഒരുപക്ഷെ ഈ സാമ്യങ്ങളാകും രണ്ടു രാഷ്ട്രനേതാക്കളും തമ്മിൽ ഇത്ര പെട്ടെന്ന് ഒരു അടുപ്പം സാധ്യമാക്കിയതും. 

പാപ്പർസ്യൂട്ടടിച്ച ബിസിനസ്സുകാരനിൽ നിന്ന് അമേരിക്കൻ പ്രസിഡന്റിലേക്കുള്ള ട്രംപിന്റെ വളർച്ച

അമേരിക്കൻ പ്രസിഡന്റായ ശേഷം ആദ്യമായി ട്രംപ് ഇന്ത്യയിലേക്ക് വരാൻ സമ്മതം മൂളിയപ്പോൾ മോദി അതിനായി തെരഞ്ഞെടുത്തത് സ്വന്തം ജന്മനാടായ ഗുജറാത്താണ്. "രണ്ട് ഉജ്ജ്വല വ്യക്തിത്വങ്ങൾ, ഒരു അസുലഭ മുഹൂർത്തം", " രണ്ടു രാഷ്ട്രങ്ങൾ, ഒരു അപൂർവസൗഹൃദം" എന്നൊക്കെ അഹമ്മദാബാദിലെ ഹോർഡിങ്ങുകളിൽ മോദി-ട്രംപ് എന്നിവർ ചേർന്നുനിൽക്കുന്ന ചിത്രത്തോടൊപ്പം കൊടുത്തിട്ടുള്ള പരസ്യ വാചകങ്ങൾ പറയുന്നു. 

ഇന്ന് രാഷ്ട്രീയം ഏറെക്കുറെ വ്യക്തി കേന്ദ്രീകൃതമാണല്ലോ. അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇന്നത്തെ മുഖം ട്രംപ് ആണെങ്കിൽ, ഇന്ത്യയിൽ ബിജെപിയുടെ ജീവാത്മാവും പരമാത്മാവുമെല്ലാം നരേന്ദ്ര ദാമോദർദാസ് മോദി തന്നെ. മോദിക്ക് പ്രായം 73, ട്രംപിന് നാലുവയസ്സിളപ്പം വയസ്സ് 69. ഇരുവർക്കും അതാതു രാജ്യങ്ങളിലുള്ളത് ദശലക്ഷക്കണക്കായ ആരാധകർ. 2014 -ൽ മോദി സ്ഥാനമേറ്റെടുത്തു. 2017 -ൽ ട്രംപും. 2019 -ൽ മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിൽ, 2020 -ൽ അതേ വഴി പിന്തുടർന്ന് വീണ്ടും ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുകയാണ് ട്രംപും. 

ട്രംപ് ഗവൺമെന്റിന്റെ നയത്തിന്റെ അടിസ്ഥാനമെന്നത് കുടിയേറ്റക്കാരോടുള്ള വിരോധമാണ്. മെക്സിക്കൻ നുഴഞ്ഞുകയറ്റത്തെ നഖശിഖാന്തം എതിർക്കാൻ വേണ്ടി സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട് ട്രംപ്. ഒമ്പതു മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് വരെ ഏർപ്പെടുത്തിയ ചരിത്രമുണ്ട് ട്രംപിന്. മുസ്ലിങ്ങൾക്ക് ഒഴികെയുള്ളവർക്ക് പൗരത്വം നൽകാൻ തീരുമാനിച്ചുകൊണ്ട് മോദി കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയും മറ്റൊരു ദിശയിലല്ല. ഇന്ത്യയിൽ കഴിഞ്ഞ കുറച്ചുകാലമായി മോദി കൈക്കൊണ്ട പല കടുത്ത തീരുമാനങ്ങളെയും പ്രകടമായി എതിർക്കാതിരിക്കാനുള്ള ശ്രദ്ധ ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. 

മോദിയും ട്രംപും ഒരുപോലെ സ്വന്തം രാജ്യത്തിന്റെ മഹത്വം പറയുന്നവരാണ്. ട്രംപിന് അത് 'അമേരിക്ക ഫസ്റ്റ്', 'മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ' എന്നിവയാണെങ്കിൽ , മോദിക്ക് 'മെയ്ക്ക് ഇൻ ഇന്ത്യ', 'ഡിജിറ്റൽ ഇന്ത്യ' തുടങ്ങിയവയാണ്. 

ഈ സാമ്യങ്ങൾ തമ്മിലുണ്ടെങ്കിലും, പ്രകടമായ ചില വ്യത്യാസങ്ങളും ഈ രണ്ടു രാഷ്ട്ര നേതാക്കൾക്കിടയിലുണ്ട്.  മോദി തന്റെ പ്രധാനമന്ത്രിപദം പതിറ്റാണ്ടുകളുടെ അധ്വാനം കൊണ്ട്, താഴേക്കിടയിലെ പ്രവർത്തനങ്ങളിലൂടെ പടിപടിയായി നേടിയെടുത്തതാണെങ്കിൽ, തന്റെ ആയുസ്സിന്റെ ഏറിയകൂറും ബിസിനസിൽ മാത്രം ശ്രദ്ധിച്ചിരുന്ന ട്രംപ് ഒരു സുപ്രഭാതത്തിൽ തുനിഞ്ഞിറങ്ങി റിപ്പബ്ലിക്കൻ പാർട്ടിയെ തന്റേതാക്കി മാറ്റിയതാണ്. 

ഇന്ത്യൻ മണ്ണിലേക്ക്, പ്രത്യേകിച്ച് ഗുജറാത്തിലേക്ക് 2020 -ലെ പ്രസിഡൻഷ്യൽ കാമ്പെയ്ൻ അടുത്തെത്തി നിൽക്കുന്ന ഈ അവസരത്തിൽ ട്രംപിന്റെ ഈ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്. അതിനുപിന്നിൽ, തന്നോട് ഏറെ സാമ്യങ്ങളുള്ള, അമേരിക്കയിലെ ഇന്ത്യൻ വംശജരിൽ പലരുടെയും ആരാധനാമൂർത്തിയായ നരേന്ദ്ര മോദിയുമായി ഊഷ്മളമായ ഒരു സൗഹൃദം സ്ഥാപിച്ച് അതിനെ തന്റെ സാദ്ധ്യതകൾ മെച്ചപ്പെടുത്താൻ പ്രയോജനപ്പെടുത്താം എന്നുള്ള ട്രംപിന്റെ രാഷ്ട്രീയ കണക്കുകൂട്ടൽ തന്നെയാണെന്നാണ് തോന്നുന്നത്.