Asianet News MalayalamAsianet News Malayalam

'ചെന്നൈ ഐഐടി ഒരു ജാതിക്കോട്ട, ഫാത്തിമയുടേത് ആത്മഹത്യയല്ല ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകം': മുന്‍ ഐഐടി പ്രൊഫസര്‍

കറുത്ത നിറമുള്ള വിദ്യാര്‍ത്ഥി അവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കുകയെന്ന് അതീവ ക്ലേശകരമായ കാര്യമാണ്. സ്വയം ഭരണാധികാരമുള്ളതിന്‍റെ പേരില്‍ ചെന്നൈ ഐഐടി മറ്റൊന്നിനേയും മാനിക്കാറില്ല. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള റിസര്‍വ്വേഷന് അവിടെ വില നല്‍കുന്നില്ല. റിസര്‍വ്വേഷന്‍ എന്തുകൊണ്ട് നല്‍കുന്നില്ല എന്ന് ചോദിച്ചാല്‍ അവര്‍ക്ക് യോഗ്യതയില്ലെന്നാണ് മറുപടി 

Vasantha Kandasamy former professor reveals more details about cast issues in chennai iit
Author
Chennai, First Published Nov 18, 2019, 2:03 PM IST

ചെന്നൈ: ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തതല്ല അതൊരു ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകമാണെന്ന് ചെന്നൈ ഐഐടി മുന്‍ പ്രൊഫസര്‍ വസന്ത കന്തസാമി. നക്കീരന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചെന്നൈ ഐഐടിയില്‍  ദളിത് മുസ്‍ലിം വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിവേചനത്തേക്കുറിച്ച് വസന്ത കന്തസാമി പ്രതികരിച്ചത്. 

ഇരുപത്തിയെട്ട് വര്‍ഷത്തെ ഐഐടി ചെന്നൈയിലെ സര്‍വ്വീസിന് ഇടയില്‍ വിരലില്‍ എണ്ണാന്‍ കഴിയുന്ന മുസ്‍ലിം വിദ്യാര്‍ത്ഥികളാണ് ഇവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കി പോയിട്ടുള്ളൂവെന്ന് അവര്‍ പറഞ്ഞു. ഉയര്‍ന്ന ജാതിയിലുള്ളവര്‍ക്ക് മാത്രമാണ് ചെന്നൈ ഐഐടിയില്‍ പഠനം സുഗമമായി പൂര്‍ണമാക്കാന്‍ സാധിക്കുക. 

ഫാത്തിമ ലത്തീഫിനെ അവര്‍ ഒറ്റപ്പെടുത്തിയിരിക്കാം, അപമാനിച്ചിരിക്കാം മാനസികമായി തകര്‍ത്തിരിക്കാം അല്ലാതെ എങ്ങനെയാണ് ഇത്രയും ബ്രൈറ്റായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിട്ടുണ്ടാകുക. ഫാത്തിമ പറഞ്ഞിട്ടുള്ള അധ്യാപകരെക്കുറിച്ചാണ് ആദ്യം അന്വേഷണം നടത്തേണ്ടത്. ഇന്‍റേണല്‍ മാര്‍ക്കില്‍ പുനര്‍മൂല്യനിര്‍ണയം നടത്താനുള്ള സാധ്യതകള്‍ ഇല്ല. അധ്യാപകര്‍ തങ്ങളുടെ താല്‍പര്യവും ഇഷ്ടക്കേടും ഇന്‍റേണല്‍ മാര്‍ക്കില്‍ പ്രകടമാക്കുന്ന സാഹചര്യം ചെന്നൈ ഐഐടിയിലുണ്ട്. 

ഒരു വിദ്യാര്‍ത്ഥിയെ തോല്‍പ്പിക്കാനും ജയിപ്പിക്കാനും അധ്യാപകന്‍ വിചാരിച്ചാല്‍ സാധിക്കുന്ന അന്തരീക്ഷമാണ് ചെന്നൈ ഐഐടിയിലേത്. അറിവുള്ള കുട്ടിക്ക് പോലും ഒന്നും പറഞ്ഞ് കൊടുക്കാന്‍ സാധിക്കാത്ത അധ്യാപകര്‍ സാധാരണ വിദ്യാര്‍ത്ഥികളെ എങ്ങനെ പഠിപ്പിക്കുമെന്ന് വസന്ത കന്തസാമി ചോദിക്കുന്നു. 

 

അടുത്ത കാലത്തായാണ് എന്‍ട്രന്‍സ് പരീക്ഷകള്‍ വരുന്നത്. അതിന് മുന്‍പ് അധ്യാപകര്‍ക്ക് വേണ്ടപ്പെട്ടവര്‍ ആണ് പഠിക്കാനെത്തുക, അതുപോലെ തന്നെ അധ്യാപകരായി എത്തുന്നതും വേണ്ടപ്പെട്ടവരാണ്. കൃത്യമായ നിയമങ്ങളൊന്നും ഐഐടി ചെന്നൈയ്ക്ക് ഇല്ല. ഭരണഘടനയ്ക്കും നിയമ സംവിധാനത്തിനും അപ്പുറമായുള്ള ലോബി പ്രവര്‍ത്തനമാണ്  ചെന്നൈ ഐഐടിയില്‍ നടക്കുന്നത്. ജനാധിപത്യപരമായ കാര്യങ്ങള്‍ അവിടെ നിന്ന് പ്രതീക്ഷിക്കരുത്.

സ്വയം ഭരണാധികാരമുള്ളതിന്‍റെ പേരില്‍ ചെന്നൈ ഐഐടി മറ്റൊന്നിനേയും മാനിക്കാറില്ല. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള റിസര്‍വ്വേഷന് അവിടെ വില നല്‍കുന്നില്ല. റിസര്‍വ്വേഷന്‍ എന്തുകൊണ്ട് നല്‍കുന്നില്ല എന്ന് ചോദിച്ചാല്‍ അവര്‍ക്ക് യോഗ്യതയില്ലെന്നാണ് മറുപടി നല്‍കുക. ന്യൂനപക്ഷമാണെന്ന് രേഖകളില്‍ വിശദമാക്കിയാല്‍ പിന്നെ വിദ്യാര്‍ത്ഥികളുടെ ജീവിതം ദുരിതമാണ്. പല വിദ്യാര്‍ത്ഥികളോടും കാറ്റഗറി ജനറല്‍ ആണെന്ന് കുറിക്കാന്‍ താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കറുത്ത നിറമുള്ള വിദ്യാര്‍ത്ഥി അവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കുകയെന്ന് അതീവ ക്ലേശകരമായ കാര്യമാണ്. 

ചെന്നൈ ഐഐടിയിലെ ജാതിക്കോട്ടകള്‍ അത്ര ശക്തമാണ്. ആ കോട്ടക്കുള്ളില്‍  ആര്‍ക്കും കയറാന്‍ കഴിയില്ല. സ്വയംഭരണം എന്ന പദവിയാണ് എല്ലാത്തിനുമുള്ള മറയായി ഉപയോഗിക്കുന്നത്. സ്വയംഭരണമുള്ളവര്‍ എന്തിനാണ് സര്‍ക്കാരുകളില്‍ നിന്ന് കോടികള്‍ വാങ്ങുന്നത്. കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പോലും അവിടെ മാനിക്കപ്പെടാറില്ല. 

ചെന്നൈ ഐഐടിയില്‍ നിന്ന് സമൂഹത്തിന് ഉതകുന്ന രീതിയിലുള്ള കണ്ടുപിടുത്തങ്ങളുണ്ടായിട്ടുണ്ടോ? മാന്‍ഹോള്‍ ശുചിയാക്കുന്നവര്‍ക്ക് സഹായകരമായ രീതിയില്‍ അവിടെ നിന്ന് എന്തെങ്കിലും കണ്ടുപിടുത്തമുണ്ടായോ? എന്തുകൊണ്ടാണ് ഗവേഷക വിദ്യാര്‍ത്ഥികളുടെ പ്രബന്ധങ്ങള്‍ പരസ്യപ്പെടുത്താത്തത്. തീസിസുകള്‍ എന്തിനാണ് ലോക്ക് ചെയ്ത് സൂക്ഷിക്കുന്നത്. മറ്റിടങ്ങളില്‍ അവ എല്ലാവര്‍ക്കും ലഭ്യമാകുന്നുണ്ടല്ലോ. കേബ്രിഡ്ജ് പോലെയുള്ള വന്‍ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ ചെയ്ത തീസിസുകള്‍ ഇന്‍റര്‍ നെറ്റില്‍ ലഭ്യമാകുമ്പോഴാണ് പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് പോലും ഐഐടി ചെന്നൈയിലെ തീസിസുകള്‍ ലഭക്കാന്‍ ബുദ്ധിമുട്ടുളളത്.

തൊട്ട്കൂടായ്മ കാരണം അവിടെ വരുന്ന ദളിത് വിദ്യാര്‍ത്ഥിക്ക് താമസിക്കാന്‍ ഇടം പോലും ലഭിക്കാത്ത സാഹചര്യമുണ്ട്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ദളിത് വിദ്യാര്‍ത്ഥികളുടെ തീസിസ് എടുത്ത് നല്‍കുന്ന സംഭവങ്ങള്‍ പോലും അവിടെ നടക്കാറുണ്ട്. യോഗ്യതയുള്ള ദളിത് അധ്യാപകര്‍ക്ക് പോലും പ്രൊഫസര്‍ഷിപ്പ് നല്‍കില്ല. 

മനു പറയുന്ന സംസ്കാരമാണ് അവിടെ പിന്തുടരുന്നത്. സ്ത്രീകള്‍ക്കും ന്യൂനപക്ഷത്തിനും വിദ്യാഭ്യാസം നല്‍കാന്‍ പാടില്ലെന്ന രീതിയിലാണ് അവരുടെ പ്രവര്‍ത്തനം. അവരെ വിശ്വസിച്ച് മകളെ ഏല്‍പ്പിച്ച് പോയ ആ കുട്ടിയുടെ പിതാവിനെയാണ് അവര്‍ ചോദ്യം ചെയ്യുന്നത്. എത്രയും വേഗം ഫാത്തിമ ലത്തീഫിന്‍റെ മരണത്തിന് കാരണമായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.  

Follow Us:
Download App:
  • android
  • ios