Asianet News MalayalamAsianet News Malayalam

എന്തുകൊണ്ടാണ് മലയാളത്തില്‍ പരീക്ഷയെഴുതാന്‍ വേണ്ടിയുള്ള ഈ സമരം പ്രസക്തമാകുന്നത്?

ജനങ്ങളുടെ ഭാഷയിൽ വോട്ടു ചോദിച്ച് ഭരണത്തിന് നേതൃത്വം നൽകുന്ന മന്ത്രിമാർ, മലയാളമുൾപ്പെടെയുള്ള ഭാഷകളിൽ പരീക്ഷയെഴുതി വരുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ, അവർക്ക് കീഴിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന പരീക്ഷയിൽ മാതൃഭാഷ പാടില്ലെന്നു പറയുന്നത് തലതിരിഞ്ഞ യുക്തിയാണ്. 

vishnuraj thuvayoor writes on Aikya malayala prasthanam strike
Author
Thiruvananthapuram, First Published Sep 4, 2019, 3:52 PM IST

കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉൾപ്പെടെ എല്ലാ തൊഴിൽപ്പരീക്ഷകളും മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും നടത്തുക, സർക്കാരിന്റെ ഭാഷാനയം പി.എസ്.സി. അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓഗസ്റ്റ് 29 മുതൽ ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പി.എസ്.സി. ഓഫീസിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം നടക്കുകയാണ്.

vishnuraj thuvayoor writes on Aikya malayala prasthanam strike

സമരമാരംഭിച്ചിട്ട് ഇന്നേക്ക് ഏഴുദിവസം. കാലടി സംസ്കൃത സർവകലാശാല ഗവേഷക രൂപിമ, മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി എൻ.പി. പ്രിയേഷ് എന്നിവരാണ് കഴിഞ്ഞ ഏഴുദിവസമായി നിരാഹാരസമരത്തിലുള്ളത്. അവരുടെ ജീവൻ അപകടത്തിലാണ്. ആരോഗ്യനില അപകടകരമായതിനെത്തുടർന്ന് കുറച്ച് മുമ്പ് പോലീസ് രൂപിമയെ അറസ്റ്റു ചെയ്തു നീക്കി. കൊല്ലം, മുളങ്കാടകം യു.ഐ.ടി. 
രണ്ടാം വർഷ ബി.ബി.എ. വിദ്യാർത്ഥിനി ശ്രേയ എസ്.ആർ. നിരാഹാരമാരംഭിച്ചു. സമരമവസാനിപ്പിക്കാൻ സർക്കാർ തലത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്.

vishnuraj thuvayoor writes on Aikya malayala prasthanam strike

സമരത്തില്‍നിന്ന്

ഒറ്റനോട്ടത്തിൽ/വായനയിൽ ഇംഗ്ലീഷിനെതിരെയുള്ള സമരമായാകാം ചിലരെങ്കിലും ഇതിനെ മനസ്സിലാക്കുന്നത്. എന്നാൽ, സ്വതന്ത്ര ഇന്ത്യയുടെ, ഐക്യകേരളത്തിന്റെ രാഷ്ട്രീയ ചരിത്രമറിയുന്നവർക്ക്, ജനാധിപത്യവിശ്വാസികൾക്ക് ഈ സമരത്തിന്റെ ഉന്നതമായ രാഷ്ട്രീയ ജാഗ്രത തിരിച്ചറിയാനാകും. ദേശീയ പ്രസ്ഥാന കാലത്ത് ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഭാഷാരാഷ്ട്രീയത്തെ അഭിസംബോധന ചെയ്തവരാണ്. നാട്ടുഭാഷയേയും നാട്ടുഭാഷാപഠനത്തേയും ഒരു സമരായുധമാക്കി മാറ്റാൻ ഗാന്ധിക്ക് കഴിഞ്ഞു. ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക എന്നതിനെ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ ഭാഗമായാണ് അദ്ദേഹം കണ്ടത്. സാധാരണ ജനങ്ങൾക്ക് ജീവിതാവശ്യങ്ങൾ നിർവഹിക്കാൻ മറ്റൊരു ഭാഷയെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയെ 'വേദനാജനകമായ ദാസ്യം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

vishnuraj thuvayoor writes on Aikya malayala prasthanam strike

സമരത്തില്‍നിന്ന്

രാജ്യം 1947 -ൽ സ്വതന്ത്രമായി. ദീർഘമായ ആലോചനകൾക്കും ചർച്ചകൾക്കുമൊടുവിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചു. ഏറെക്കാലത്തെ പ്രക്ഷോഭങ്ങൾക്കും പ്രതിരോധങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ഭാഷാടിസ്ഥാനത്തിൽ 1956 -ൽ കേരളസംസ്ഥാനം രൂപീകൃതമായി. ഭരണവും വിദ്യാഭ്യാസവും കോടതിയും മലയാളത്തിലായിരിക്കണമെന്ന വലിയ ആശയം നമ്മളന്ന് സ്വീകരിച്ചു. പക്ഷേ, 63 വർഷങ്ങൾക്കിപ്പുറത്ത് തെരുവിൽ നിരാഹാരം കിടക്കേണ്ടി വന്നത് മലയാളത്തിന് വേണ്ടിയാണെന്നത് ഒട്ടും അഭിമാനം നൽകുന്ന വസ്തുതയല്ല.

vishnuraj thuvayoor writes on Aikya malayala prasthanam strike 

സമരത്തില്‍നിന്ന്

എന്തിനാണ് ഈ സമരം?

നിയമസഭ നിയമങ്ങൾ പാസ്സാക്കിയാലും സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചാലും അത് ജനങ്ങൾക്ക് പ്രായോഗികതലത്തിൽ അനുഭവപ്പെടണമെങ്കിൽ ജനങ്ങളുടെ ഭാഷയിൽ ഭരണം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥ സംവിധാനം ഉണ്ടാകേണ്ടതുണ്ട്. നിയമസഭയിലും പാർലമെന്റിലും എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങൾക്കും പങ്കാളിത്തമുണ്ടാകുന്നതുപോലെ തന്നെ പ്രധാനമാണ് ഉദ്യോഗസ്ഥതലത്തിലും അടിസ്ഥാന ജനവിഭാഗങ്ങൾക്ക് പങ്കുണ്ടാവുക എന്നത്. ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത് ജനങ്ങളുടെ ഭാഷയിലായിരിക്കുമ്പോൾ മാത്രമാണ് അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ദൈനംദിന ഭരണത്തിൽ പങ്കാളികളാവാൻ അവസരമുണ്ടാകുക.

vishnuraj thuvayoor writes on Aikya malayala prasthanam strike

സമരത്തില്‍നിന്ന്

കേരള രൂപീകരണത്തിനു മുമ്പ് മലബാറിലെ സിവിൽ സർവീസ് ബ്രിട്ടീഷ് വ്യവസ്ഥയിലും തിരുവിതാംകൂറിലെയും കൊച്ചിയിലെയും സർവീസുകൾ അവിടങ്ങളിലെ വ്യവസ്ഥകൾക്കനുസരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. നിവർത്തന പ്രക്ഷോഭത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് 1936 -ൽ തിരുവിതാംകൂറിൽ പി.എസ്.സി. സ്ഥാപിക്കപ്പെടുന്നത്. 1949 ജൂലായ് 1 -ന് തിരുകൊച്ചി സംയോജനത്തിനുശേഷം തിരുകൊച്ചി പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരിച്ചു.1950 ജനുവരി 26 -ന് ശേഷം ഇവ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ നിയമങ്ങൾക്കകത്തായി. നേരത്തെ സൂചിപ്പിച്ചതുപോലെ ഐക്യകേരള പ്രസ്ഥാനമുൾപ്പെടെയുള്ള ജനകീയ ഇടപെടലുകളിലൂടെ നാം ഒരേ ഭാഷ സംസാരിക്കുന്നവരെന്ന കാഴ്ചപ്പാടിൽ ഒരു സംസ്ഥാനമായി. കേരളപ്പിറവിയുടെ അതേ തീയതിയിൽ, അതേ യുക്തിയിൽ തന്നെയാണ് കേരള പി.എസ്.സി.യും നിലവിൽവന്നത്.

vishnuraj thuvayoor writes on Aikya malayala prasthanam strike

സമരത്തില്‍നിന്ന്

സ്വാതന്ത്ര്യം കിട്ടുന്നതു വരെ ഇംഗ്ലീഷു മാത്രമായിരുന്നു കേന്ദ്ര സിവിൽ സർവീസിന്റെ പരീക്ഷാ മാധ്യമമെങ്കിൽ സ്വാതന്ത്ര്യാനന്തരം അത് ഹിന്ദി കൂടിയായി. ഭരണത്തിനും വിദ്യാഭ്യാസത്തിനും ഉയർത്തിപ്പിടിക്കേണ്ട ഭാഷകളെന്ന നിലയിൽ മലയാളമുൾപ്പെടെയുള്ള ഭാഷകളെ ഭരണഘടന എട്ടാം പട്ടികയിൽ പെടുത്തിയിരുന്നു. തമിഴ്നാട് ഉൾപ്പെടെയുള്ള അഹിന്ദിപ്രദേശങ്ങളുടെ സമരങ്ങളുടെ ഭാഗമായി 1960 -കളിൽ മലയാളമുൾപ്പെടെയുള്ള ഭാഷകൾ ഐ.എ.എസും ഐ.പി.എസും ഉൾപ്പെടുന്ന കേന്ദ്ര സിവിൽ സർവീസിന്റെ മാധ്യമമായി അംഗീകരിക്കപ്പെട്ടു.1968 -ൽ പാർലമെന്റിന്റെ തീരുമാനപ്രകാരം മലയാളം ഉൾപ്പെടെ എട്ടാം പട്ടികയിൽപ്പെട്ട 14 ഭാഷകളും സിവിൽ സർവീസിന്റെ പരീക്ഷാ മാധ്യമമായി അംഗീകരിക്കപ്പെട്ടു. കേന്ദ്ര സിവിൽ സർവീസ് പരീക്ഷ എഴുതാമെന്ന് മാത്രമല്ല, ഇന്റർവ്യൂവിന് മാധ്യമമായും മലയാളം തിരഞ്ഞെടുക്കാം. പിന്നാക്ക സാമൂഹിക, സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്ന് വരുന്ന ഉദ്യോഗാർഥികൾക്കും മലയാളമുൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ സിവിൽ സർവീസ് പരീക്ഷയെഴുതി ഏറ്റവും ഉയർന്ന റാങ്കുകൾ കൈവരിക്കാൻ കഴിയുന്നത് അതോടെയാണ്.

ജനങ്ങളുടെ ഭാഷയിൽ വോട്ടു ചോദിച്ച് ഭരണത്തിന് നേതൃത്വം നൽകുന്ന മന്ത്രിമാർ, മലയാളമുൾപ്പെടെയുള്ള ഭാഷകളിൽ പരീക്ഷയെഴുതി വരുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ, അവർക്ക് കീഴിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന പരീക്ഷയിൽ മാതൃഭാഷ പാടില്ലെന്നു പറയുന്നത് തലതിരിഞ്ഞ യുക്തിയാണ്. അവിടെയാണ് സമരമുന്നയിക്കുന്ന രാഷ്ട്രീയ മുദ്രാവാക്യം പ്രസക്തമാകുന്നത്. 

വികേന്ദ്രീകൃത ജനാധിപത്യത്തിന്റെ ഉന്നതമായ സങ്കല്പമാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (KAS) സ്ഥാപനത്തിന് പിന്നിലുള്ളത്. കേരള ഭരണ സർവീസിനെ നമ്മുടെ ജനാധിപത്യ സങ്കല്പത്തിന്റെ അടുത്ത ഘട്ടമായി കണക്കാക്കാം. എന്നാൽ, അതിന് അനിവാര്യമായി സംഭവിക്കേണ്ടത് സംസ്ഥാനത്തെ 97 ശതമാനം ജനങ്ങളുടെ മാതൃഭാഷയായ മലയാളത്തെ ഉദ്യോഗസ്ഥ തിരഞ്ഞെടുപ്പിന്റെ മുഖ്യമാധ്യമമായി അംഗീകരിക്കുക എന്നതാണ്. ഭാഷാന്യൂനപക്ഷങ്ങളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടു വേണം ഇതു ചെയ്യാൻ. നിരവധി സമരങ്ങൾക്കും ചർച്ചകൾക്കും ശേഷവും കേരള പി.എസ്.സി. ഇതിന് തയ്യാറാവുന്നില്ല എന്നത് ദുരൂഹമാണ്. പ്രതിഷേധാർഹമാണ്. കേരള ജനത ഒന്നായി എതിർത്തു തിരുത്തേണ്ട തെറ്റായ നയമാണ്.

vishnuraj thuvayoor writes on Aikya malayala prasthanam strike

സമരത്തില്‍നിന്ന്

കോമാട്ടിൽ അച്യുതമേനോൻ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പി.എസ്.സി.ക്ക് നിർദ്ദേശം നൽകുന്ന 1967 ഫെബ്രുവരി 2 -ന് സർക്കാർ ഇറക്കിയ ഉത്തരവു മുതൽ 2002 നവംബർ ഒന്നാം തീയതി മുതൽ മലയാളം ഔദ്യോഗിക ഭാഷയായി ഉപയോഗിക്കണമെന്ന നിർദ്ദേശമുൾപ്പെടെ സർക്കാരിന്റെ ഭാഗത്തുനിന്ന് പലവിധ ഇടപെടലുകളിൽ കാലാകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. കേരള സർക്കാരിന്റെ ഭാഷാനയം പി.എസ്.സി.ക്ക് ബാധകമാണ്. കേരള പി.എസ്.സി. കേരള ജനതയുടെ രാഷ്ട്രീയ ഇച്ഛാശക്തിക്കനുസൃതമായാണ് പ്രവർത്തേക്കണ്ടത്.

*ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരളാ പി.എസ്.സി.യും ചോദ്യക്കടലാസുകൾ മാതൃഭാഷയിൽ നൽകുക.

*തൊഴിൽ, അതിജീവനത്തിന്റെ അടിസ്ഥാന വിഭവമാണ്. അത് സാധാരണക്കാരിൽ നിന്ന് തട്ടിപ്പറിക്കരുത്.

*പരീക്ഷാരീതിയിലൂടെ വരേണ്യ ന്യൂനപക്ഷത്തിനുവേണ്ടി മാത്രം തൊഴിൽ സംവരണം ചെയ്തുകൊണ്ട് ജനാധിപത്യമൂല്യങ്ങളെ പുറംകാലാൽ തൊഴിക്കരുത്.

*യു.പി.എസ്.സി.യുടെ സിവിൽ സർവീസ് പരീക്ഷ മലയാളത്തിലെഴുതാം. അവരുടെ അസിസ്റ്റന്റാവാനുള്ള പരീക്ഷ ഇംഗ്ലീഷിൽ മാത്രം! ഇതെന്തു നീതിയാണ്? മാതൃഭാഷാ അയിത്തവും വിവേചനവും പി.എസ്.സി. അവസാനിപ്പിക്കുക.

*സർക്കാരിന്റെ മാതൃഭാഷാ, ഭരണഭാഷാ നയത്തെ പി.എസ്.സി. അംഗീകരിക്കുക.

*ഭരണഘടനാ സ്ഥാപനം ഭരണഘടനയെ മാനിക്കുക.

തുടങ്ങിയ ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയാണ് ഈ പോരാട്ടം. മാതൃഭാഷാവകാശം മനുഷ്യാവകാശമാണ്.  ഇത് ജനാധിപത്യപരവും ഭരണഘടനാപരവുമായ സ്വാഭാവിക നീതിക്കായുള്ള സമരമാണ്. ഭാവി കേരളത്തിനായുള്ള സമരം. സമൂഹത്തെ കൂടുതൽ ജനാധിപത്യവത്കരിക്കാനുള്ള രാഷ്ട്രീയ പോരാട്ടം. നമ്മുടെ ഉത്തരവാദിത്വമാണത്.

നിരാഹാരമിരിക്കുന്ന രൂപിമയ്ക്കും പ്രിയേഷിനും മാലയണിച്ച് കേരള ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് പി. രാമഭദ്രൻ പറഞ്ഞ വാക്കുകൾ ഈ സമരത്തിന്റെ രാഷ്ട്രീയ ജാഗ്രത ഉറപ്പിക്കുന്ന ഒന്നാണ്. അതുകൂടി പറഞ്ഞ് അവസാനിപ്പിക്കാം.

'വിദ്യാഭ്യാസത്തിനായി മാതൃഭാഷാ മാധ്യമ പൊതുവിദ്യാലയങ്ങളെ മാത്രം ആശ്രയിക്കുന്ന ഗ്രാമീണ ദലിത്/പിന്നാക്ക ജനവിഭാഗങ്ങളെ തൊഴിലവസരങ്ങളിൽ നിന്ന് ഒറ്റയടിക്ക് പുറത്താക്കി നഗരകേന്ദ്രീകൃത ഉപരിവർഗ്ഗത്തിനായി അവ ഉറപ്പിച്ചെടുക്കാനുള്ള ആഗ്രഹമാണ് തൊഴിൽ പരീക്ഷകൾ ഇംഗ്ലീഷിൽ തന്നെ നടക്കണമെന്ന നിർബന്ധബുദ്ധിയിലുള്ളത്. അതിനെയാണ് നാം എതിർക്കുന്നത്. അതുകൊണ്ട് നമ്മുടെത് ഭാഷാഭ്രാന്തല്ല.'

 

Follow Us:
Download App:
  • android
  • ios