കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ഇന്ന് ജിപിആർ സംവിധാനം ഉപയോഗിച്ച് തിരച്ചിൽ നടത്തും. ഇതിനായി ഹൈദരാബാദിൽ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. എന്താണ് ഈ ജിപിആർ സംവിധാനം.  ജിപിആർ എന്നാൽ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ. 'റഡാർ പൾസു'കൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഭൗമാന്തർ ഭാഗങ്ങളുടെ ചിത്രങ്ങളെടുക്കാൻ ഉപയോഗിക്കുന്ന ഒരു നൂതനസാങ്കേതിക വിദ്യയാണ് ഇത്.  വൈദ്യുതകാന്തിക തരംഗങ്ങളാണ് (Electro Magnetic Radiation) ശാസ്ത്രജ്ഞർ ഇതിനായി ഉപയോഗപ്പെടുത്തുന്നത്. 

കൃത്യമായിപ്പറഞ്ഞാൽ റേഡിയോ സ്പെക്ട്രത്തിലെ മൈക്രോവേവ് ബാൻഡിലെ അതായത് അൾട്രാ ഹൈ ഫ്രീക്വൻസി/ വെരി ഹൈ ഫ്രീക്വൻസി (UHF/VHF)തരംഗങ്ങളാണ് ഇതിനുപയോഗിക്കുന്നത്. ഭൗമോപരിതലത്തിൽ നിന്നും പുറപ്പെടുവിക്കുന്ന ഈ സിഗ്നലുകൾ ഭൗമാന്തർഭാഗത്തുള്ള വസ്തുക്കളിൽ തട്ടി തിരിച്ചുവരുമ്പോൾ അവയെ വളരെ സെൻസിറ്റീവ് ആയ സെൻസറുകൾ ഉപയോഗിച്ച് പിടിച്ചെടുത്ത്, ആ സിഗ്നലുകളെ ഡിജിറ്റൽ പ്രോസസിങ്ങ് നടത്തി, ഒരു  കംപ്യൂട്ടറിന്റെ സഹായത്തോടെ  പ്രൊഫൈൽ ചിത്രങ്ങളായി വരച്ചെടുക്കുന്നു.  വിദഗ്ദ്ധരായ ജിയോ ഫിസിസ്റ്റുകളുടെ സഹായത്തോടെ ഈ പ്രൊഫൈലുകൾ അപഗ്രഥിച്ചാൽ മണ്ണിനടിയിൽ കിടക്കുന്ന വസ്തുക്കളുടെ രൂപത്തെക്കുറിച്ചും നമുക്ക് അറിയാൻ സാധിക്കും. 

10 MHz മുതൽ 2.6 GHz വരെ തരംഗദൈർഘ്യമുള്ള വൈദ്യുത കാന്തിക തരംഗങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്.  ഒരു ജിപിആർ ട്രാൻസ്മിറ്റർ ഈ തരംഗങ്ങളെ മണ്ണിനടിയിലേക്ക് പ്രവഹിപ്പിക്കും. പെർമിറ്റിവിറ്റി വ്യത്യാസമുള്ള ഒരു വസ്തു അതിന്റെ സഞ്ചാരപഥത്തിൽ വന്നാൽ ആ തരംഗങ്ങളുടെ ഊർജത്തിന്റെ ഒരു ഭാഗം പ്രതിഫലിപ്പിക്കപ്പെടും, കുറച്ചു ഭാഗത്തിന് ദിശാവ്യതിയാനം വന്ന് പോകും. ഈ പ്രതിഫലിപ്പിക്കപ്പെടുന്ന തരംഗങ്ങളെ ഉപരിതലത്തിൽ തന്നെ സ്ഥാപിക്കുന്ന സെൻസറുകൾ വഴി പിടിച്ചെടുത്താൻ പഠനം നടത്തുന്നത്. 

സാധാരണഗതിയിൽ ഈ സാങ്കേതികവിദ്യ ഭൗമാന്തർഭാഗത്തെ ഘടനയുടെ ഗവേഷണത്തിനായാണ് ഉപയോഗിക്കുന്നത്. വരൾച്ചബാധിത പ്രദേശങ്ങളിൽ വെള്ളം കണ്ടെത്താനും, പുരാവസ്‌തുശാസ്ത്രപഠനങ്ങൾക്കും  ഈ പഠനങ്ങൾ പ്രയോജനപ്പെടാറുണ്ട്. സൈന്യം ഈ സാങ്കേതികവിദ്യ യുദ്ധഭൂമികളിൽ പൊട്ടാതെ അവശേഷിക്കുന്ന മൈനുകളെയും മിസൈലുകളെയും മറ്റും കണ്ടെത്താൻ ഉപയോഗപ്പെടുത്തുന്നു.

 

ഇതേ സാങ്കേതികവിദ്യയെ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മനുഷ്യശരീരങ്ങൾ കണ്ടെത്താനും പ്രയോജനപ്പെടുത്താനാവും. ആ ഒരു സാധ്യതയെ ഇതിനുമുമ്പും നമ്മുടെ ശാസ്ത്രജ്ഞർ വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്. കവളപ്പാറയിൽ ഇനിയും കണ്ടെടുക്കപ്പെടാതെ മണ്ണിനടിയിലെവിടെയോ കിടക്കുന്ന തങ്ങളുടെ ഉറ്റവരുടെ മൃതദേഹങ്ങൾ ഒരു നോക്കുകാണാനും,  അവ ചടങ്ങുകളോടെ സംസ്കരിക്കാനുമുള്ള അവസരം ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തിരച്ചിൽ തന്നേക്കും എന്നുള്ള ശുഭപ്രതീക്ഷയിലാണ് പ്രളയം സർവ്വതും തകർത്ത കവളപ്പാറയിലെ ജനങ്ങൾ.