ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഒരു ആശുപത്രിയിൽ, ഡോക്ടർമാർക്ക് നേരെ അപമര്യാദയായി പെരുമാറുകയും, നൂൽബന്ധമില്ലാതെ ഐസൊലേഷൻ വാർഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും, നഴ്സുമാരോട് അശ്‌ളീലആംഗ്യങ്ങൾ കാണിക്കുകയും ഒക്കെ ചെയ്ത ചില രോഗികൾക്കുമേൽ ദേശീയ സുരക്ഷാ നിയമം ചുമത്തി കർശന നടപടികൾ സ്വീകരിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. തബ്‌ലീഗ് ജമാഅത്തിന്റെ നിസാമുദ്ദീൻ മർകസിലെ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു എന്ന സംശയത്തിന്റെ പുറത്താണ് ജില്ലാ ഭരണകൂടം ഇവരെ നിർബന്ധിതമായി ഐസൊലേഷൻ വാർഡിൽ പാർപ്പിച്ച് നിരീക്ഷിച്ചു കൊണ്ടിരുന്നത്. അതിനോടുള്ള പ്രതിഷേധമാണ് അവർ ആരോഗ്യപ്രവർത്തകരോട് അപമര്യാദയായി പെരുമാറി പ്രകടിപ്പിച്ചത്. 

 

 

ഗാസിയാബാദിലെ സംഭവത്തിന് ദിവസങ്ങൾക്കു മുമ്പാണ്, മധ്യപ്രദേശിലെ ഇൻഡോറിൽ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചത്. അതും വനിതാ ആരോഗ്യപ്രവർത്തകർ തന്നെയായിരുന്നു. അവരെ പ്രദേശവാസികൾ കല്ലെറിഞ്ഞ് ഓടിക്കയായിരുന്നു. ഗാസിയാബാദിലെ  എംഎംജി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന തബ്‌ലീഗ് ജമാഅത്ത് പ്രവർത്തകർക്കെതിരെ ആശുപത്രിയുടെ ചീഫ് മെഡിക്കൽ ഓഫീസർ നേരിട്ടാണ് പൊലീസിൽ പരാതിപ്പെട്ടത്. 136 പേരെയാണ് പൊലീസ് കണ്ടെത്തി ഐസൊലേഷന് വിധേയരാക്കിയത്. 

 

 

" അവർ ഒരു നിയമവും പാലിക്കാത്തവരാണ്. ഒരു നിർദേശവും ചെവിക്കൊള്ളാത്തവരാണ്. മനുഷ്യരാശിയുടെ തന്നെ ശത്രുക്കളാണ് അവർ. വനിതാ ആരോഗ്യപ്രവർത്തകരോട് അവർ പ്രവർത്തിച്ചത് അക്ഷന്തവ്യമായ അപരാധമാണ്. ഇൻഡോറിൽ നടന്നതുപോലുള്ള അക്രമങ്ങൾ യുപിയിൽ നടത്താൻ ഒരാൾക്കെതിരെയും നടത്താൻ ആർക്കും ധൈര്യമുണ്ടാവരുത്. അതുറപ്പിക്കാൻ വേണ്ടിക്കൂടിയാണ് ഇവർക്കെതിരെ NSA ചുമത്തി കേസെടുക്കാൻ ഞങ്ങൾ തീരുമാനിച്ചത്" യോഗി ആദിത്യനാഥ് പറഞ്ഞു. 

എന്താണ് ഈ ദേശീയ സുരക്ഷാ നിയമം അഥവാ നാഷണൽ സെക്യൂരിറ്റി ആക്റ്റ് ?

ദേശീയ സുരക്ഷാ നിയമപ്രകാരം ഒരു വ്യക്തിയെ യാതൊരു കുറ്റവും ചുമത്താതെ തന്നെ ഒരു വർഷം വരെ പിടിച്ചകത്തിടാം. സാധാരണഗതിയിൽ, നിലവിലെ നിയമങ്ങൾ പ്രകാരം, കസ്റ്റഡിയിൽ എടുക്കപ്പെടുന്ന ഇന്ത്യൻ പൗരന്മാർക്ക് നിയമം അനുശാസിക്കുന്ന ചില അവകാശങ്ങളൊക്കെയുണ്ട്. ആ അവകാശങ്ങൾ ഒറ്റയടിക്ക് റദ്ദാക്കപ്പെടുകയാണ്,ഏതെങ്കിലും സംസ്ഥാനത്തോ പ്രദേശത്തോ NSA നിലവിൽ വരുന്നതോടെ സംഭവിക്കുക. ക്രമസമാധാന നില അത്രയ്ക്ക് വഷളാകുമ്പോഴോ, അത് രാജ്യസുരക്ഷയെത്തന്നെ ബാധിക്കും എന്ന ഘട്ടം വരുമ്പോഴോ ആണ് സാധാരണ സംസ്ഥാനങ്ങളിൽ ദേശീയ സുരക്ഷാ നിയമം ബാധകമാക്കിക്കൊണ്ട് ഗവർണർമാർ താത്കാലികമായി ഉത്തരവിറക്കുക. അതോടെ പൊലീസിന് മേപ്പടി അസാധാരണ അധികാരങ്ങൾ കൈവരികയായി.

കസ്റ്റഡിയിൽ എടുക്കപ്പെടുന്ന വ്യക്തിക്ക് മൂന്നു ജഡ്ജിമാരടങ്ങുന്ന ഹൈക്കോടതിയുടെ ഉപദേശക സമിതിക്ക് മുന്നിൽ അപ്പീൽ നൽകാവുന്നതാണ്. എന്നാൽ, ഈ നിയമത്തിന് കീഴിൽ നിയമസഹായത്തിനുള്ള അർഹത പോലും വ്യക്തിക്ക് നിഷേധിക്കപ്പെടും. എന്നുമാത്രമല്ല, ഒരു വ്യക്തി രാജ്യത്തിൻറെ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന് അധികാരികൾക്ക് ബോധ്യപ്പെട്ടാൽ; ശ്രദ്ധിക്കണം, 'അധികാരികൾക്ക് ബോധ്യപ്പെട്ടാൽ' മാത്രം മതി, ആ വ്യക്തിയെ പ്രസ്തുത സംസ്ഥാന സർക്കാരിന് മാസങ്ങളോളം കരുതൽ തടങ്കലിൽ സൂക്ഷിക്കാം. പ്രസ്തുത വ്യക്തിയെ അറസ്റ്റു ചെയ്തിരിക്കുന്നത് ദേശീയ സുരക്ഷാ നിയമപ്രകാരം ആണെന്ന് പത്തുദിവസത്തിനു ശേഷം അയാളെ ഒന്നറിയിച്ചാൽ മാത്രം മതി. കോടതിയിൽ പോലും കൊണ്ടുപോകേണ്ടതില്ല. 

NSA -യുടെ ചരിത്രം, കസ്റ്റഡിയിൽ എടുക്കുന്നതിന്റെ ചട്ടങ്ങൾ 

1980 സെപ്റ്റംബർ 23 -ന്  ഇങ്ങനെയൊരു കരിനിയമം ഉണ്ടാക്കുന്നത് ഇന്ദിരാ ഗാന്ധി എന്ന കോൺഗ്രസ് പ്രധാനമന്ത്രിയാണ്. ദേശത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കസ്റ്റഡി നിയമങ്ങളിൽ ഇളവ് നേടുകയായിരുന്നു അതിന്റെ ലക്‌ഷ്യം. ഈ നിയമം നടപ്പിൽ വന്നാൽ ഒരാളെ താഴെ പറയുന്ന ഏതെങ്കിലും ഒരു കാരണം ചൂണ്ടിക്കാട്ടി കരുതൽ തടങ്കലിൽ സൂക്ഷിക്കാനുള്ള അധികാരം പൊലീസിന് കൈവരും.

A. അയാൾ ഇന്ത്യയുടെ പ്രതിരോധസംവിധാനത്തിന് ദോഷം വരുന്ന രീതിയിലോ, ഇന്ത്യയുടെ വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാക്കുന്ന രീതിയിലോ, അല്ലെങ്കിൽ ദേശസുരക്ഷയ്ക്ക് തന്നെ വിഘാതമാകുന്ന രീതിയിലോ പ്രവർത്തിച്ചാൽ അയാളെ പൊലീസിന് കരുതൽ തടങ്കലിൽ സൂക്ഷിക്കാം.

B. ഒരു വിദേശിയെ ഇന്ത്യയിൽ നിന്ന് നാടുകടത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന കാലയളവ് താണ്ടുന്നതിലേക്കായി കസ്റ്റഡിയിൽ സൂക്ഷിക്കാം 

C. രാജ്യസുരക്ഷയ്ക്കോ, ക്രമാസമാധാനനിലയ്‌ക്കോ കോട്ടം തട്ടുന്നരീതിയിലോ, അല്ലെങ്കിൽ സമൂഹത്തിനുവേണ്ട ആവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും നടത്തിപ്പിന് തടസ്സം നിൽക്കുന്ന രീതിയിൽ ആരെങ്കിലും പ്രവർത്തിക്കുന്ന സാഹചര്യമുണ്ടായാൽ അയാളെ കരുതൽ തടങ്കലിൽ സൂക്ഷിക്കാം. 


എന്തുമാത്രം കർശനമാണ് ഈ ദേശീയ സുരക്ഷാ നിയമം ?

സാധാരണ 'അറസ്റ്റുചെയ്യപ്പെടൽ'  അല്ലെങ്കിൽ 'കസ്റ്റഡിയിൽ എടുക്കപ്പെടൽ' ഒരു വ്യക്തിക്ക് നൽകുന്ന പല അവകാശങ്ങളുടെയും നഗ്നമായ ലംഘനം തന്നെ ഈ നിയമപ്രകാരം നടക്കും. ദേശീയ സുരക്ഷാ നിയമം പ്രകാരം അറസ്റ്റു ചെയ്യപ്പെടുന്ന വ്യക്തികളെ അഞ്ചുമുതൽ പത്തുദിവസം വരെ എന്തിനാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നുപോലും വ്യക്തിയെ അറിയിക്കാൻ പൊലീസ് അധികാരികൾക്ക് ബാധ്യതയില്ല. മറ്റൊരു രസകരമായ വസ്തുത, ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ വിവരശേഖരണം പോലും നടക്കുന്നില്ല എന്നതാണ്. രാജ്യത്തെ എല്ലാവിധ കുറ്റകൃത്യങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് അവ വിശകലനം ചെയ്യുന്ന ഏജൻസിയായ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (NCRB) ക്കുപോലും ഈ കേസുകളുടെ കണക്കെടുക്കാൻ അവകാശമില്ല. അതുകൊണ്ടുതന്നെ ഇന്നോളം ഈ കരിനിയമം ചുമത്തി എത്രപേരെ അറസ്റ്റു ചെയ്ത് തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചിട്ടുണ്ട് എന്നതിന്റെ കണക്കുകൾ പോലും ലഭ്യമല്ല. 

ദേശീയ സുരക്ഷാ നിയമം ഉപയോഗിക്കപ്പെട്ട ചില സന്ദർഭങ്ങൾ 

ഇങ്ങനെ പകർച്ചവ്യാധികൾ പോലെയുള്ള തികച്ചും അസാധാരണമായ അടിയന്തര ഘട്ടങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ, ദേശീയ സുരക്ഷാ നിയമം ചുമത്തുന്നതിൽ ഒരു തെറ്റുമില്ലെന്നാണ് ഗാസിയാബാദ്, ഇൻഡോർ ഭരണകൂടങ്ങൾ പറയുന്നത്. ആഴ്ചകളോളം പ്രതിഷേധക്കാർ നടുറോഡിൽ കുത്തിയിരിപ്പു സമരം നടത്തിയതിന്റെ പേരിൽ ഷഹീൻബാഗ്-കാളിന്ദികുംജ് പ്രദേശത്തെ ട്രാഫിക് നിയന്ത്രണങ്ങൾ തുടർക്കഥയായപ്പോൾ, അതിനെപ്പറ്റി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ദില്ലി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനുതൊട്ടുപിന്നാലെ അന്ന് ദില്ലി ലെഫ്റ്റനന്റ് ഗവർണർ ദില്ലിയിൽ ദേശീയ സുരക്ഷാ നിയമം പ്രാബല്യത്തിലാക്കാൻ ഉത്തരവിട്ടിരുന്നു. സാധാരണ അറസ്റ്റുപോലെ അത്ര എളുപ്പത്തിൽ ഊരിപ്പോരാൻ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള അറസ്റ്റിൽ നിന്ന് കഴിയില്ല, മാസങ്ങളോളം ജയിലിൽ കിടക്കേണ്ടി വരും എന്നറിയുമ്പോൾ ആളുകൾ സമരവേദിയിൽ നിന്ന് സ്വമേധയാ പിന്മാറിക്കൊള്ളും എന്നതാണ് ഈ നിയമത്തിന്റെ കാര്യത്തിലെ വിശേഷം.  ആന്ധ്രാപ്രദേശിൽ ജനുവരി 14 -ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയും ഇതേ നിയമം പ്രഖ്യാപിച്ചിരുന്നു.

ഉത്തർപ്രദേശിലെ ബുലന്ദ് ഷഹറിൽ 2019 ജനുവരി 14 -ന് ഗോഹത്യയുടെ പേരിൽ അറസ്റ്റുചെയ്ത മൂന്നുപേർക്കെതിരെ യുപി പൊലീസ് ദേശീയ സുരക്ഷാ നിയമം ചുമത്തിയിരുന്നു. ആ അറസ്റ്റിനെത്തുടർന്ന് നടന്ന ലഹളയിൽ ഇൻസ്‌പെക്ടർ സുബോധ് കുമാർ സിംഗ് അടക്കം രണ്ടുപേർ മരിച്ചത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മറ്റൊരു കേസിൽ, മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങിനെതിരെ അപകീർത്തിപരമായ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടു എന്ന പേരിൽ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റുചെയ്യപ്പെട്ട പത്രപ്രവർത്തകൻ കിഷോർ ചന്ദ്ര വാങ്കെമിന് അഴിയെണ്ണി കിടക്കേണ്ടി വന്നത് ഒരു വർഷമാണ്. മുസഫ്ഫർനഗർ ലഹളകൾക്കിടയിലും ദേശീയ സുരക്ഷാ നിയമം എടുത്തുപയോഗിക്കപ്പെട്ടിരുന്നു. ജനുവരി 2018 -ൽ മാത്രം യുപി ഗവണ്മെന്റ് NSA ചുമത്തി അറസ്റ്റുചെയ്തത് 160 -ലധികം പേരെയാണ്. ജൂൺ 2017 ദേശീയ സുരക്ഷാ നിയമം ചുമത്തി യുപി പൊലീസ് അറസ്റ്റു ചെയ്ത ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദ് ജാമ്യം കിട്ടാതെ അകത്തു കിടന്നത് പതിനഞ്ചു മാസക്കാലമാണ്.