ലോകത്തിന്റെ കണ്ണുകളിൽ നിന്ന് എന്നുമെന്നും സ്വന്തം മക്കളുടെ വ്യക്തിവിവരങ്ങളെ അവരുടെ സ്വകാര്യജീവിതങ്ങളെ മറച്ചുപിടിച്ച ചരിത്രമേ ഉള്ളൂ  വ്ലാദിമിർ പുടിൻ എന്ന റഷ്യൻ പ്രസിഡന്റിന്. എന്നാൽ, അതേ റഷ്യൻ പ്രസിഡന്റ് കഴിഞ്ഞ ദിവസം, കോവിഡ് വാക്സിൻ വിജയകരമായി പരീക്ഷിച്ച വിവരം ലോകത്തിനു മുമ്പിൽ അവതരിപ്പിച്ച കൂട്ടത്തിൽ, സാഭിമാനം അവരെപ്പറ്റി പരാമർശിച്ചപ്പോൾ ലോകം മുഴുവൻ അവരെപ്പറ്റി ഗൂഗിളിൽ തിരച്ചിൽ തുടങ്ങി.

പുടിന് രണ്ട് പെണ്മക്കളാണുള്ളത്. മൂത്തപുത്രി, മരിയ വോറോൺത്സോവ പുടിന ഒരു പീഡിയാട്രിക് എൻഡോക്രോണോളജിസ്റ്റാണ്. രണ്ടാമത്തവൾ കാതറീന തിഖോനോവ അന്താരാഷ്ട്ര തലത്തിൽ തന്നെ അറിയപ്പെടുന്നൊരു പ്രൊഫഷണൽ അത്‌ലറ്റിക് റോക്ക് ആൻഡ് റോൾ ഡാൻസറും മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ രണ്ടു ബൗദ്ധിക സംരംഭങ്ങളുടെ മേധാവിയുമാണ്... ഇതിൽ ആർക്കാണ് പുടിൻ ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെച്ചത് എന്നറിയാൻ ലോകത്തിലെ കൊവിഡ് കുതുകികൾ ഇന്റർനെറ്റിൽ തലങ്ങും വിലങ്ങും അന്വേഷണങ്ങൾ നടത്തി. 


 

1985 ഏപ്രിൽ 28 -ൽ പുടിനും ല്യുഡ്‌മിന പുടിനക്കും മകളായി ലെനിൻഗ്രാഡിലാണ് മൂത്തവൾ മരിയ വോറോൺത്സോവ പുടിന പിറക്കുന്നത്. മോസ്‌കോ ജർമൻ സ്‌കൂളിൽ പ്രാഥമികപഠനം പൂർത്തിയാക്കിയ ശേഷം മരിയ സെന്റ് പീറ്റേഴ്‌സ്ബർഗ് സർവകലാശാലയിൽ നിന്ന് ബയോളജിയിൽ ബിരുദം നേടിയ ശേഷം, മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദവും നേടി. മോസ്‌കോ എൻഡോക്രിനോളജി സെന്ററിലെ ഗവേഷകയായ മരിയ പുടിന്റെ ജനിതക എഞ്ചിനീയറിങ് ഉപദേശക കൂടിയാണ്. യോറിറ്റ് ഫാസ്സൻ എന്ന അറിയപ്പെടുന്ന ഡച്ച് ബിസിനസുകാരനാണ് മരിയയുടെ ജീവിതപങ്കാളി. 

 

 

1986 ഓഗസ്റ്റ് 31 -ണ് കിഴക്കൻ ജർമനിയിലെ ഡ്രെസ്ഡെനിലായിരുന്നു കാതറീന തിഖോനോവയുടെ ജനനം. ചേച്ചിയെപ്പോലെ കാതറീനയും മോസ്‌കോ ജർമൻ സ്‌കൂളിൽ തന്നെയാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പ്രായപൂർത്തിയായ ശേഷം അച്ഛന്റെ സർ നെയിം ഉപേക്ഷിച്ച് അമ്മൂമ്മയുടെ സർ നെയിം ആയ തിഖോനോവ എന്നത് പേരിനൊപ്പം ചേർക്കുകയായിരുന്നു. ഊർജ്ജതന്ത്രത്തിലും ഗണിതത്തിലെ ബിരുദാനന്തര ബിരുദമുള്ള കാതറീന സെന്റ് പീറ്റേഴ്‌സ് ബർഗിൽ നിന്ന് ഏഷ്യൻ സ്റ്റഡീസിലെ മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുണ്ട്. റഷ്യയിലെ അറിയപ്പെടുന്നൊരു ബിസിനസ് മാഗ്നറ്റായ നിക്കോളായി ഷാമലോവിന്റെ മകൻ കിറിലിനെയാണ് കാതറീന വിവാഹം കഴിച്ചിട്ടുള്ളത്. 2020 മുതൽ മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്സ്ടിട്യൂട്ടിന്റെ മേധാവിയും കാതറീന തിഖോനോവ തന്നെയാണ്. 

 

 2008 -ൽ റഷ്യയിലെ അറിയപ്പെടുന്ന ഒരു പത്രമായിരുന്ന Moskovsky Korrespondent -ൽ ഒരു വാർത്ത വരുന്നു. പുടിൻ തന്റെ ആദ്യഭാര്യ ല്യുഡ്‌മിനയുമായി വളരെ രഹസ്യമായി വിവാഹമോചനം നേടിക്കഴിഞ്ഞു എന്നും, അലീന കബായേവ എന്ന ഇരുപത്തിനാലുകാരി അക്രോബാറ്റിക് ജിംനാസ്റ്റിനെ വിവാഹം കഴിക്കാൻ വേണ്ടിയാണ് പുടിൻ ല്യുഡ്‌മിനയെ ഒഴിവാക്കുന്നത് എന്നുമൊക്കെയാണ് പാത്രത്തിൽ അച്ചടിച്ച് വന്നത്. ആ കഥകൾ പുടിൻ പാടെ നിഷേധിച്ചു. അധികം താമസിയാതെ തന്നെ മോസ്‌കോവ്സ്കി പത്രവും അടച്ചു പൂട്ടിച്ചു. പിന്നീടുള്ള വർഷങ്ങളിൽ അലീനയിൽ പുടിന് ഒന്നിലധികം കുഞ്ഞുങ്ങൾ ഉണ്ടായിട്ടുണ്ട് എന്നൊക്കെ അഭ്യൂഹങ്ങൾ പരന്നിരുന്നു എങ്കിലും, മോസ്‌കോവ്സ്കി പത്രത്തിന്റെ ദുരന്താനുഭവം ഓർമ്മയുള്ളതുകൊണ്ടാകും അതൊന്നും ആരും അച്ചടിക്കാൻ ധൈര്യപ്പെട്ടില്ല. 

 

 

തന്റെ രണ്ടു പെൺമക്കളിൽ ഒരാൾക്ക് വാക്സിൻ കുത്തിവെച്ചു എന്നും, വാക്സിൻ എടുത്ത ദിവസം അവളുടെ ശരീരതാപനില 38 ഡിഗ്രി സെൽഷ്യസ് (100.4 F) ആയിരുന്നു എന്നും, രണ്ടാം ദിവസം അത് 37 ഡിഗ്രി (98.6 F) ആയി കുറഞ്ഞു എന്നും അദ്ദേഹം അറിയിച്ചു. രണ്ടാമത്തെ ഷോട്ട് എടുത്തപ്പോഴും താപനില കുറച്ച് കൂടി എങ്കിലും, അതും താമസിയാതെ കുറഞ്ഞു എന്നും പറഞ്ഞു. മകൾ പരിപൂർണ്ണ സുരക്ഷിതയാണ്, അവളുടെ ശരീരത്തിൽ ആന്റിബോഡികളുടെ അളവിൽ വർധനവുണ്ടായി, എന്നൊക്കെ പറഞ്ഞെങ്കിലും, ഈ രണ്ടു മക്കളിൽ ആർക്കാണ് വാക്സിൻ എടുത്തത് എന്നുമാത്രം പുടിൻ വെളിപ്പെടുത്തിയിട്ടില്ല. 

 

 

വാക്സിൻ ജനങ്ങളിൽ പരീക്ഷിക്കുമ്പോൾ ആദ്യം ലഭ്യമാക്കപ്പെടുക ആരോഗ്യ പ്രവർത്തകർ, പൊലീസ്, അധ്യാപകർ തുടങ്ങിയ ഹൈ റിസ്ക് ഗ്രൂപ്പിനാകും എന്നും പുടിൻ പറയുന്നു. ഈ മാസം അവസാനത്തോടെ തന്നെ അവരിൽ വാക്സിൻ പ്രയോഗിക്കപ്പെട്ടു തുടങ്ങും എന്നും ഉപ പ്രധാനമന്ത്രി താത്യാന ജോലിക്കോവ അറിയിക്കുന്നു.