Asianet News MalayalamAsianet News Malayalam

ആരാണ് പ്രിയ വർമ്മ? മധ്യപ്രദേശിൽ നിന്നും വൈറലായ 'സബ് കളക്ടറെ ആക്രമിക്കുന്ന' വീഡിയോയ്ക്ക് പിന്നിലെ സത്യം

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് ബിജെപി നടത്തിയ റാലിയിൽ പങ്കെടുത്തവരെ സബ് കളക്ടർ മർദ്ദിച്ചതിനെത്തുടർന്നാണ് സംഘർഷം രൂക്ഷമായത് 
 

who is priya varma, the firebrand sub collector from MP whose scuffle video is viral
Author
Rajgad, First Published Jan 20, 2020, 12:54 PM IST

ഞായറാഴ്ച രാത്രിയോടെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. റോസ് നിറത്തിലുള്ള ഒരു കോട്ടുമിട്ടുകൊണ്ട്, ഒരു യുവതി പ്രകടനം നടത്തുന്നവരെ ഓടിച്ചിട്ട് തല്ലുന്നു. ദേശീയപതാകയുമായി നിന്ന ഒരു പ്രതിഷേധക്കാരനെ യുവതി പിടിച്ചു നിർത്തി കരണത്ത് രണ്ടടി അടിക്കുന്നത് വീഡിയോയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ആ യുവതി മധ്യപ്രദേശിലെ രാജ്‌ഗഡ് ജില്ലയിലെ സബ് കലക്ടറായ പ്രിയ വർമ്മ ആയിരുന്നു. രണ്ടുമൂന്നുപേർക്ക് കളക്ടറുടെ തല്ലുകിട്ടിയതോടെ പ്രകടനം നടത്തിയിരുന്ന ബിജെപി പ്രവര്‍ത്തകര്‍ അക്രമാസക്തമായി. ഉന്തും തള്ളുമായി. ബഹളത്തിനിടെ, കളക്ടർ മാഡത്തിന്റെ കെട്ടിവെച്ചിരുന്ന മുടിയിൽ പിടിച്ച് ആരോ ആഞ്ഞൊരു വലിവലിച്ചു. അത് അഴിഞ്ഞുവീണു. ആകെ കോലാഹലമായി. 

 

രാജ്‌ഗഡിൽ 144 പ്രഖ്യാപിച്ചിരുന്ന സമയമാണ്. നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് കുറെ ബിജെപി പ്രവർത്തകർ ജാഥയായി കടന്നുവന്നു. ദേശീയ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ടായിരുന്നു അവരുടെ റാലി. റാലിക്കിടെ പൊലീസും പ്രകടനക്കാരും തമ്മിൽ സംഘർഷമുണ്ടായി. ഈ സംഘർഷത്തിനിടെ ആരോ മൊബൈലിൽ ഷൂട്ട്‌ചെയ്ത വീഡിയോ ആയിരുന്നു പിന്നീട് വൈറലായത്. 

ന്യൂസ് ഏജൻസിയായ ANI യും ഈ വീഡിയോ പ്രക്ഷേപണം ചെയ്തിരുന്നു. പൊലീസിനും പ്രകടനക്കാർക്കുമിടയിൽ നടന്ന ഉന്തിനും തള്ളിനും ഇടയിലാണ് പ്രിയ വർമയുടെ മുടിക്ക് പിടിച്ച് വലിച്ച സംഭവം നടന്നത്. ഇരുപത്തൊന്നാം വയസ്സിൽ ഡിഎസ്പി ആയ പ്രിയാ വർമ്മ ഇൻഡോറിനടുത്തുള്ള മംഗലിയാ എന്ന ഗ്രാമത്തിൽ നിന്നാണ്  സിവിൽ സർവീസിൽ എത്തിയത്. 2014 -ലാണ് പ്രിയവർമ സിവിൽ സർവീസ് നേടുന്നത്. ഭൈരവ്ഗഢ് ജയിലിൽ ജയിലർ ആയിട്ടായിരുന്നു ആദ്യ പോസ്റ്റിങ്ങ്. 2015 -ലാണ് ഡിഎസ്പി ആകുന്നത്. 2017 വീണ്ടും യുപിഎസ്‌സി പരീക്ഷ എഴുതിയ പ്രിയ അത്തവണ സംസ്ഥാനത്ത് നാലാമതെത്തുകയും സബ് കളക്ടർ ആവുകയും ചെയ്തു. 

സബ് കളക്ടർ പ്രിയാ വർമ്മ ഇതാദ്യമായല്ല വീഡിയോയുടെ പേരിൽ വൈറലാകുന്നത്. മറ്റൊരു വീഡിയോയിൽ പ്രകടനം നടത്തുന്ന സ്ത്രീകൾക്കെതിരെയായിരുന്നു പ്രിയാ വർമ്മയുടെ രോഷപ്രകടനം. അവരുടെ ഈ രോഷത്തിന്റെയും മർദ്ദനത്തിന്റെയും വീഡിയോ പങ്കുവെച്ചുകൊണ്ട്, "കളക്ടർ മാഡം, നിങ്ങൾ പഠിച്ച ഏത് നിയമപുസ്തകമാണ് സമാധാനപൂർണ്ണമായി പ്രകടനം നടത്തുന്നവരെ കോളറിന് പിടിച്ച് വലിച്ചിഴക്കാനും, കരണത്തടിക്കാനുമുള്ള അധികാരം നിങ്ങൾക്ക് നൽകിയിട്ടുള്ളത് എന്ന് ദയവായി ഒന്ന് പറഞ്ഞുതരണം" എന്നാണ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വീറ്റ് ചെയ്തത്. തങ്ങളുടെ പ്രവർത്തകരോട് ഇങ്ങനെ ഹിറ്റ്ലറെപ്പോലെ പെരുമാറാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവങ്ങളുടെ പേരിൽ ട്വിറ്ററിൽ പ്രിയാവർമയുടെ പേര് ട്രെൻഡിങ് ആയിരിക്കുകയാണ്. മുഖ്യമന്ത്രി കമൽനാഥിനോടും പലരും കലക്ടർക്കെതിരെയുള്ള പരാതി അറിയിച്ചുകഴിഞ്ഞു. 

 

പ്രിയാ വർമ്മ ജില്ലാ മജിസ്‌ട്രേറ്റ് എന്ന തന്റെ അധികാരമുപയോഗിച്ച് നിരോധനാജ്ഞ ലംഘിച്ച് പ്രദർശനം നടത്തിയ 124 പേർക്കെതിരെ കേസെടുക്കുകയും, പതിനേഴു പേരെ ജയിലിൽ അടക്കുകയും ചെയ്തുകഴിഞ്ഞു. രണ്ടു പേർക്കെതിരെ സബ് കളക്ടർ പ്രിയ വർമയുടെ മുടിക്ക് പിടിച്ച് വലിച്ചതിനും, ഉന്തുകയും തള്ളുകയും ചെയ്തതിനും കേസെടുത്തിട്ടുണ്ട്. 

എന്നാൽ കമൽ നാഥ് സർക്കാർ ഇതുവരെ ഈ വിഷയത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. "ഇത് ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമാണ് " എന്നാണ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ പ്രതികരിച്ചത്. 

Follow Us:
Download App:
  • android
  • ios