മഹാരാഷ്ട്രയിലെ കൊവിഡ് ഹോട്ട്സ്പോട്ടുകളിൽ ഒന്ന് മുംബൈയിലെ വോക്ക്ഹാഡ് ഹോസ്പിറ്റൽ ആണ്. അവിടെ ജോലിചെയ്യുന്ന നഴ്‌സുമാരിൽ മിക്കവാറും കേരളത്തിൽ നിന്നുള്ളവരാണ്. അവിടെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന ഒരു രോഗിയിലാണ് അഞ്ചാറ് ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം കൊവിഡ് ബാധയുടെ ലക്ഷണങ്ങൾ കണ്ടത്. ലക്ഷണം കണ്ടയുടനെ അയാളെ ആശുപത്രി അധികൃതർ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. എന്നാൽ, അപ്പോഴേക്കും അയാളുമായി നിരവധി നഴ്‌സുമാർക്കും ഡോക്ടർമാർക്കും ഒക്കെ സമ്പർക്കം വന്നു കഴിഞ്ഞിരുന്നു. അവരെ ക്വാറന്റൈനിലേക്കും മാറ്റേണ്ടി വന്നു. അവരുടെ ടെസ്റ്റ് ഫലങ്ങൾ വന്നതോടെയാണ് ഈ ആശുപത്രി ഒരു കണ്ടയ്നമെന്റ് സോൺ ആയി പ്രഖ്യാപിക്കേണ്ടി വന്നത്.

46 നഴ്‌സുമാരെ രോഗം ബാധിച്ചിട്ടുണ്ട് എന്നാണ് വോക്ക്ഹാഡ് ആശുപത്രി സിഇഒ ഹബീൽ ഖോരാകിവാല സ്ഥിരീകരിച്ചത്. എന്തായാലും ആശുപത്രി തൽക്കാലത്തേക്ക് അടച്ചു പൂട്ടിയിരിക്കുകയാണ്. ഒപി/ഐപി വിഭാഗങ്ങൾക്ക് വിലക്ക് ബാധകമാണ്. ഇവിടത്തെ സംക്രമണം നിയന്ത്രണാധീനമാകും വരെ ആശുപത്രിക്ക് അകത്തുള്ളവർക്ക് പുറത്തുപോകാനോ, പുറത്തുള്ളവർക്ക് അകത്തുപോകാനോ അനുവാദമില്ല.

ഇവിടെ ഉയരുന്ന ചോദ്യമിതാണ്. മുംബൈയിലെ പ്രസിദ്ധമായ സ്വകാര്യ ആശുപത്രികളിൽ ഒന്നാണ് ദക്ഷിണ മുംബൈയിലെ മുംബൈ സെൻട്രലിൽ അഗ്രിപാഡയ്ക്കടുത്തുള്ള വോക്ക്ഹാഡ് ഹോസ്പിറ്റൽ. വളരെയധികം സൗകര്യങ്ങളുള്ള, മികച്ച സുരക്ഷാ സംവിധാനങ്ങൾ നിലവിലുണ്ട് എന്നവകാശപ്പെടുന്ന ഈ സ്വകാര്യ ആശുപത്രിയിൽ എങ്ങനെയാണ് ഇത്ര കൂടിയ അളവിൽ ഒരു കൊവിഡ് സംക്രമണം ഉണ്ടായത്?


 

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ എന്ന നഴ്‌സുമാരുടെ സംഘടന ഈ സമൂഹസംക്രമണത്തിന് ഉത്തരവാദികളായി കാണുന്നത് ആശുപത്രി മാനേജ്‌മെന്റിനെയാണ്. കൊവിഡ് ബാധ സ്ഥിരീകരിച്ച നഴ്‌സുമാർക്ക് ആർക്കും തന്നെ വേണ്ടത്ര സുരക്ഷാസംവിധാനങ്ങൾ മാനേജ്‌മെന്റ് നൽകിയിരുന്നില്ല എന്ന് അവർ ആരോപിച്ചു. മാത്രവുമല്ല, ആദ്യത്തെ സംക്രമണം സ്ഥിരീകരിച്ച മുറയ്ക്ക് കോൺടാക്ട് ട്രേസ് ചെയ്ത് വേണ്ടവർ ക്വാറന്റൈൻ ചെയ്യുന്നതിലും ആശുപത്രി മാനേജ്‌മെന്റിന് വീഴ്ചവന്നതായി അവർ ആരോപിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ആശുപത്രിയിലെ 265  നഴ്‌സുമാർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ആശുപത്രിക്കുള്ളിൽ ആകെയുള്ളത് 60 രോഗികളും മുന്നൂറോളം നഴ്‌സുമാരുമാണ്.

മഹാരാഷ്ട്ര, കേരള മുഖ്യമന്ത്രിമാർക്ക് അയച്ച കത്തിൽ അസോസിയേഷൻ കൊവിഡ് സംക്രമണമുണ്ട് എന്ന സംശയമുള്ളവരെപ്പോലും ആശുപത്രി അധികൃതർ ജനറൽ വാർഡിൽ പാർപ്പിച്ചു എന്നാരോപിക്കുന്നുണ്ട്. അവരെ പരിചരിച്ച നഴ്‌സുമാർക്ക് വേണ്ട പിപിഇ നല്കപ്പെട്ടില്ല. മാത്രവുമല്ല മാർച്ച് 28 -ന് ആദ്യത്തെ രണ്ടു നഴ്‌സുമാരുടെ പോസിറ്റീവ് കേസ് വന്നതിന് പിന്നാലെ അവരെ ഐസൊലേറ്റ് ചെയ്യാനും, അവരുടെ കോൺടാക്ട് ട്രേസ് ചെയ്ത് അവരെ ക്വാറന്റൈൻ ചെയ്യാനും അധികൃതർ കാലതാമസം വരുത്തി. അതാണ് ഇത്രയധികം പേരിലേക്ക് അസുഖം പകരം കാരണമായത് എന്ന് അസോസിയേഷൻ ആരോപിക്കുന്നു.

"എട്ടുമുതൽ പന്ത്രണ്ടു വരെ നഴ്‌സുമാരാണ് ഒരു ഫ്ലാറ്റിൽ കഴിഞ്ഞു കൂടുന്നത്. അവിടെയും സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. ആശുപത്രിയിലെ കൊവിഡ് സംക്രമണത്തെപ്പറ്റി നഴ്‌സുമാരെ മാനേജ്‌മെന്റ് സമയത്തിന് അറിയിച്ചില്ലെന്നു മാത്രമല്ല, അവരെ ഒരുവിധത്തിലുള്ള പിപിഇയും നൽകാതെ വീണ്ടും വീണ്ടും കൊവിഡ് സംക്രമിതരെ പരിചരിക്കാൻ പറഞ്ഞയക്കുകയും ചെയ്തു." യുഎൻഎ മഹാരാഷ്ട്ര ഘടകം പ്രസിഡന്റായ ജിതിൻ ടി സി പറഞ്ഞു. "ഈ അനാസ്ഥയാണ് രോഗബാധ രണ്ടിൽ നിന്ന് എട്ടാവാനും എട്ടിൽ നിന്ന് ഇന്നുകാണുന്ന കൊവിഡ്  ഹോട്ട്സ്പോട്ടായി വളരാനും കാരണമായത് " അദ്ദേഹം തുടർന്നു.

 

 

"ആദ്യത്തെ കൊവിഡ് സംക്രമിതനുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ഒരു നഴ്സിനെ അവർ ഏപ്രിൽ ഒന്നാം തീയതി വരെ ഡ്യൂട്ടിക്കിട്ടു. അവർ ഓടിനടന്ന് ആശുപത്രിയിൽ സകലരുമായും സമ്പർക്കം പുലർത്തി. രണ്ടാമതൊരു നഴ്സിന് രോഗലക്ഷണങ്ങൾ തുടങ്ങിയിട്ടും, അസുഖം വല്ലാതെ അധികമാകും വരെ ഡ്യൂട്ടിയിൽ തുടരാൻ നിർബന്ധിച്ചു മാനേജ്‌മെന്റ്. ഈ രണ്ടുപേരും ഒരേ ബസ്സിലാണ് ദിവസവും ആശുപത്രിയിൽ നിന്ന് മറ്റുള്ള നഴ്‌സുമാരോടൊപ്പം താമസ സ്ഥലത്തേക്ക് പൊയ്ക്കൊണ്ടിരുന്നത്. അവിടെ ഒരു ഫ്ലാറ്റിൽ എട്ടോളം പേർക്കൊപ്പമാണ് അവർ കഴിഞ്ഞു കൂടിയിരുന്നതും" അസോസിയേഷൻ ആരോപിച്ചു.

എന്നാൽ യുഎൻഎ'യുടെ ഈ ആരോപണങ്ങളെ ഒന്നടങ്കം തള്ളിക്കളഞ്ഞിരിക്കുകയാണ് ആശുപത്രി അധികൃതർ. തങ്ങൾ പിന്തുടരുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളാണെന്നും അക്കാര്യങ്ങളിൽ ഒന്നും യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല എന്നും അവർ അവകാശപ്പെട്ടു. കൊവിഡ് സംക്രമണം ഉണ്ടായത് തീർത്തും ദൗര്ഭാഗ്യകരമായിരുന്നു എങ്കിലും, അത് ഒഴിവാക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു എന്ന് മാനേജ്‌മെന്റ് പറയുന്നു. ആശുപത്രി പുറപ്പെടുവിച്ച പ്രസ് റിലീസ് ഇങ്ങനെ,"മാർച്ച് 17 -നാണ് ഇന്ന് കൊവിഡ് സംക്രമണത്തിന്റെ പ്രഭവകേന്ദ്രം എന്ന് സംശയിക്കുന്ന എഴുപതുകാരനായ ഹൃദ്‌രോഗിയെ അടിയന്തര ശസ്ത്രക്രിയക്കായി വോക്ക്ഹാഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പ്രവേശിപ്പിക്കപ്പെടുമ്പോൾ രോഗിക്ക് യാതൊരു വിധത്തിലുള്ള കൊവിഡ് ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. കാർഡിയാക് ഐസിയുവിൽ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കെ, മാർച്ച് 26 -നാണ് അയാൾക്ക് ആദ്യലക്ഷണങ്ങളായ ചുമയും മറ്റും കാണുന്നത്. അന്നുതന്നെ അയാളെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. ഫലം വന്നപ്പോൾ പോസിറ്റീവ് ആയിരുന്നു. അത്രയും ദിവസം അയാളെ പരിചാരിച്ചിരുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കുമാണ് അസുഖം ബാധിച്ചത്. അത് തടയുക എന്നത് അസാധ്യമായിരുന്നു. ഇങ്ങനെ യാതൊരുവിധ രോഗ ലക്ഷണങ്ങളുമില്ലാതെ ഇൻകുബേഷൻ പിരീഡിൽ കഴിയുന്നവരിൽ നിന്ന് രോഗബാധയുണ്ടാകുമ്പോൾ അത് തടയുക അസാധ്യമാണ്. "

ആശുപത്രിയെ കൊവിഡ് ബാധിതരെ പരിചരിക്കുന്ന ഭാഗം, അല്ലാത്ത ഭാഗം എന്ന് രണ്ടായി തിരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. അതിൽ കൊവിഡ് ഇല്ലാത്തവരെ കിടത്തി പരിചാരിച്ചിരുന്ന ഭാഗത്ത് വേണ്ടത്ര പിപിഇ ഇല്ലായിരുന്നു. അവിടെയാണ് ലക്ഷണങ്ങൾ ഇല്ലാതെ ഒരു കൊവിഡ് ബാധിതനെത്തുന്നതും, വേണ്ടത്ര സുരക്ഷയില്ലാതെ അയാളെ പരിചരിച്ച സകല നഴ്‌സുമാർക്കും രോഗം പകർന്നു നൽകിയതും.