1990 -ൽ ന്യൂ ജഴ്സിയിലെ അറ്റ്ലാന്റിക് സിറ്റിയിൽ ഒരു കാസിനോയുടെ ഉദ്‌ഘാടനം നടന്നു. പേര് ട്രംപ് താജ് മഹൽ. അന്നത്തെ 120 കോടി ഡോളർ ചെലവിട്ട് പണിതീർത്ത ആ സൂപ്പർ ലക്ഷ്വറി ചൂതാട്ട കേന്ദ്രത്തിൽ, ഷാജഹാന്റെ താജ്‌മഹലിനെ ഓർമിപ്പിക്കുന്ന മിനാരങ്ങളും മകുടങ്ങളുമുണ്ടായിരുന്നു. അസ്തമയ സൂര്യന്റെ വെളിച്ചത്തിൽ വെട്ടിത്തിളങ്ങിക്കൊണ്ടിരുന്ന ആ മിനാരങ്ങൾ നോക്കി ഉടമ ഡോണൾഡ്‌ ട്രംപ് എന്ന റിയൽ എസ്റ്റേറ്റ് പ്രഭു അന്ന് തന്റെ സ്വപ്നസൗധത്തെ ഏറെ ഇഷ്ടത്തോടെ വിളിച്ചത്,'ഭൂമിയിലെ എട്ടാമത്തെ അത്ഭുതം'എന്നായിരുന്നു. 

ലക്ഷക്കണക്കിന് ഡോളറിന്റെ വ്യാപാരം നിത്യം നടക്കുന്നിടങ്ങളാണ് അമേരിക്കയിലെ കാസിനോകൾ. കാസിനോയിലെ കളികളിൽ എന്നും ജയം കളി നടത്തുന്ന മുതലാളിയുടേതായിരിക്കും എന്നാണ് പഴമൊഴി. എന്നാൽ ഡോണൾഡ് ട്രംപിന്റെ കാസിനോയുടെകാര്യത്തിൽ മാത്രം അത് ഫലിച്ചില്ല. തുടക്കത്തിലെ ഐശ്വര്യം നിലനിർത്താൻ ട്രംപിന് സാധിച്ചില്ല. സാമ്പത്തികമായ കെടുകാര്യസ്ഥത അതിന്റെ പതനത്തിന് കാരണമായി. ഒടുവിൽ പ്രവർത്തനം തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ രണ്ടുവട്ടം പാപ്പർസ്യൂട്ടടിച്ച് തന്റെ ചൂതാട്ട കേന്ദ്രം പൂട്ടിക്കെട്ടേണ്ടി വന്നു ട്രംപിന്.

ഒടുവിൽ 2017 -ൽ, 120 കോടി ഡോളർ ചെലവിട്ട് താൻ നേരിട്ട് മേൽനോട്ടം നടത്തി കെട്ടിപ്പടുത്ത താജ്‌മഹല്‍ കാസിനോ, തനിക്ക് ചെലവായതിന്റെ ഇരുപത്തഞ്ചിലൊന്നു വിലയ്ക്ക്, വെറും അഞ്ചു കോടി ഡോളറിന്  ഹാർഡ് റോക്ക് കഫെ എന്ന വിശ്വപ്രസിദ്ധമായ പബ് ചെയിനിന്റെ ഉടമ കാൾ ഇച്ഛാനു വിറ്റ് ഇറങ്ങിപ്പോരേണ്ടിവന്നു ട്രംപിന്. എന്നാൽ അപ്പോഴേക്കും, ആ കാസിനോയ്ക്കുമേൽ സാങ്കേതികമായിപ്പറഞ്ഞാൽ യാതൊരു അവകാശമോ ബാധ്യതയോ ഇല്ലാത്ത രീതിയിൽ അതിന്റെ രേഖകളിൽ നിന്ന് ട്രംപ് തന്റെ പേര് നീക്കം ചെയ്തിരുന്നു. മാത്രവുമല്ല, അപ്പോഴേക്കും കുറേക്കൂടി ഗൗരവതരമായ മറ്റൊരു ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുത്തു കഴിഞ്ഞിരുന്നു, അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായിക്കഴിഞ്ഞിരുന്നു ട്രംപ്. അതുകൊണ്ട് പിന്നെ ഏറെ വേദനയോടെയെങ്കിലും ആ ആസ്‌തിയിന്മേലുള്ള തന്റെ താത്പര്യങ്ങളൊക്കെ ഒഴിവാക്കി 'അമേരിക്കയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുക'( 'Making America Great Again' )  എന്ന വാഗ്ദാനം നിറവേറ്റുന്ന തിരക്കിൽ മുഴുകേണ്ടി വന്നു ട്രംപിന്. 

 

 

ഇന്നത്തെ സായാഹ്നം ട്രംപ് ചെലവിടാൻ പോകുന്നത് യമുനാ നദിക്കരയിൽ ഷാജഹാൻ ചക്രവർത്തി തന്റെ പ്രണയിനിയായ മുംതാസ് മഹലിനു വേണ്ടി പണിതുയർത്തിയ താജ് മഹൽ എന്ന ലോകാത്ഭുതത്തെ കണ്മുന്നിൽ കണ്ടുകൊണ്ടാണ്. തന്റെ സ്വപ്ന പദ്ധതിയായ കാസിനോയുടെ ഡിസൈനിലും പേരിടലിലും ഒക്കെ വലിയ സ്വാധീനമായി വർത്തിച്ച അതേ ഉദാത്ത സൃഷ്ടിക്കു മുന്നിൽ. ഈ മുഹൂർത്തത്തിന്റെ 'ഗ്രാവിറ്റി'യെ മറികടക്കുക അത്ര എളുപ്പമാവില്ല ട്രംപിന്. 

ട്രംപിനെ വരവേൽക്കാൻ താജ് മഹൽ തയ്യാറെടുത്തു കഴിഞ്ഞു. ആ സ്വപ്നസൗധത്തിനു പിന്നിലെ യമുനാനദീതീരം ചപ്പുചവറുകൾ വാരി ശുദ്ധീകരിച്ചു കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായി, ഷാജഹാന്റെയും മുംതാസിന്റെയും അടക്കം താജ്മഹലിനോട് ചേർന്നുള്ള കുഴിമാടങ്ങളെല്ലാം മണ്ണിട്ട് ഉറപ്പിച്ചു കഴിഞ്ഞു. പൂന്തോട്ടത്തിലെ കേടായ പൈപ്പുകളൊക്കെ മാറി പുതിയത് വെച്ചു. കരിഞ്ഞ ചെടികൾക്കുപകരം പുതിയവ വന്നു. ജലധാരകളൊക്കെ ഇപ്പോൾ അനിർഗ്ഗളമായ പ്രവാഹത്തിലാണ്. എന്തിന്, അവിടെ സന്ദർശനത്തിനെത്തുന്ന ജനസഹസ്രങ്ങളെ നിരന്തരം ഉപദ്രവിക്കുന്ന കുരങ്ങന്മാരെ വരെ ട്രംപിന്റെ വരവ് പ്രമാണിച്ച് അടിച്ചോടിച്ചു കഴിഞ്ഞു. താജ്മഹലിന് ചുറ്റും ദീപാലങ്കാരങ്ങളും നിരന്നു കഴിഞ്ഞു. 

 

 

എന്നാൽ അവിടെ അവശേഷിക്കുന്ന ചോദ്യം ഒന്നുമാത്രമാണ്, അതുകൊണ്ടൊക്കെ തടുത്തുനിർത്താൻ കഴിയുന്നതാണോ ട്രംപിന്റെ മനസ്സിൽ അലയടിച്ചുയർന്നേക്കാവുന്ന പാളിപ്പോയ ആ പഴയ നിക്ഷേപത്തെക്കുറിച്ചുള്ള കയ്പ്പാർന്ന ഓർമ്മകൾ..!