ദില്ലി: കൊവിഡ് 19 വ്യാപിക്കുന്നത് തടയാനായി കമ്പനികൾ വർക്ക് അറ്റ് ഹോമിലേക്ക് മാറുകയും. ജനങ്ങൾ വീടുകളിൽ തന്നെ തുടരുകയും ചെയ്തതോടെ രാജ്യത്തെ ഇന്‍റർനെറ്റ് ഉപഭോഗം കൂടുന്നു. ഇതോടെ സേവനദാതാക്കൾ കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്. ഇന്‍റ‍ർനെറ്റ് ഉപയോഗം വൻ തോതിൽ വർദ്ധിച്ച സാഹചര്യത്തിൽ ഓൺലൈൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുങ്ങൾക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ  മുന്‍ നിര ടെലികോം കമ്പനികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

പുറത്തിറങ്ങാതെ വീടുകളില്‍ തുടരാന്‍ വന്‍ നഗരങ്ങളിലടക്കം ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതോടെയാണ്  ബാൻഡ് വിഡ്ത്ത് ഉപയോഗം കൂടിയതെന്ന് കമ്പനികള്‍ പറയുന്നു. സമയം ചിലഴിക്കാന്‍ നെറ്റഫ്ലിക്സിലും ആമസോണ്‍  പ്രൈമിലുമെല്ലാം സിനിമകളുടെ ഡൗണ്‍ലോഡിംഗ്  വന്‍ തോതില്‍ കൂടിയതായി കമ്പനികൾ പറയുന്നു. 

നെറ്റ്‍വർക്ക് ഉപഭോഗം കുറയ്ക്കാനായി എച്ച്ഡി സേവനങ്ങള്‍ തത്കാലം നിര്‍ത്തിവെക്കണമെന്ന് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളോട് നിര്‍ദ്ദേശിക്കണമെന്നാണ് ടെലികോം കമ്പനികളുടെ ആവശ്യം. എച്ച്ഡിക്ക് പകരം എസ് ഡി ദൃശ്യങ്ങള്‍ മാത്രമേ ലഭ്യമാക്കാവൂ എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്‍റെയും ടെലികോം മന്ത്രാലയത്തിന്‍റേയും ശ്രദ്ധയില്‍ പെടുത്തും. ഓണ്‍ലൈന്‍ വീഡിയോ സേവന രംഗത്തുള്ള 12 കമ്പനികളോടും അഭ്യര്‍ത്ഥിക്കും.

സമാന സാഹചര്യമുണ്ടായപ്പോള്‍ കഴിഞ്ഞയാഴ്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ കമ്പനികള്‍ എച്ച്ഡി സേവനം നിര്‍ത്തിവെച്ചിരുന്നു.