ദില്ലി: 2019ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രയോജകരായ യുപിഐ (യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റര്‍ഫേസ്) ആപ്ലിക്കേഷനുകളിലൂടെ നടന്ന ഡിജിറ്റല്‍ ഇടപാടുകളില്‍ ഗൂഗിള്‍ പേ മുന്നിലെന്ന് റിപ്പോര്‍ട്ട്. ഫിന്‍ടെക് സ്ഥാപനം റേസര്‍പേയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 59 ശതമാനവും വാള്‍മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുള്ള ഫോണ്‍പേ 26 ശതമാനവും  പേടിഎം 7 ശതമാനവും ഭീം 6 ശതമാനവും സംഭാവന നൽകി. 

ഡിജിറ്റല്‍ ഇടപാടുകളുടെ വ്യത്യസ്ത രീതികളും യുപിഐ പോലുള്ള നൂതനാവിഷ്‌കാരങ്ങളുടെ സ്വാധീനവും റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നു. ഇന്ത്യയില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഫിന്‍ടെക് മേഖലയെ കുറിച്ച് ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ റിപ്പോർട്ട്.  ഈ റിപ്പോര്‍ട്ടിലെ എല്ലാ കണ്ടെത്തലുകളും റേസര്‍പേ പ്ലാറ്റ്‌ഫോമില്‍ 2018 ജനുവരി മുതല്‍ 2019 ഡിസംബര്‍ വരെ നടന്ന ഇടപാടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഡിജിറ്റല്‍ ഇടപാടുകളില്‍ 2018 ല്‍ ഗൂഗിള്‍ പേക്ക് 48 ശതമാനവും ഭീമിന് 27 ശതമാനവും ഫോണ്‍പേക്ക് 15 ശതമാനവും പേടിഎമ്മിന് 4 ശതമാനവും വിഹിതമാണ് ഉണ്ടായിരുന്നത്. കാര്‍ഡ് ഉപയോഗത്തിലും (46 ശതമാനം) നെറ്റ് ബാങ്കിംഗിലും (11 ശതമാനം) കഴിഞ്ഞ വര്‍ഷം ഇടിവുണ്ടായി.  ഇവയുടെ വിഹിതം 2018ല്‍ യഥാക്രമം 56 ശതമാനവും 23 ശതമാനവും ആയിരുന്നു. 

ഉപഭോക്തൃ വിഭാഗത്തിലെ ഇടപാടുകള്‍ 2019 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്ന വാലറ്റ് ആമസോണ്‍ പേയാണ് (33 ശതമാനം).  ഓല മണി (17 ശതമാനം) രണ്ടാം സ്ഥാനത്തുണ്ട്. 2018ലെ 17 ശതമാനത്തില്‍ നിന്ന്  യുപിഐ 38 ശതമാനത്തിലേക്ക് ഉയര്‍ന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.