പല പ്രമുഖ സ്ഥാനാർത്ഥികൾക്കും ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുന്നത് രാഷ്ട്രീയ എതിരാളികളല്ല, മറിച്ച് സ്വന്തം പേരിനോട് സാമ്യമുള്ള 'അപരന്മാരാണ്'.
ഇത്തവണ അപര ശല്യം ഏറ്റവും കൂടുതൽ നേരിടുന്നത് ബേപ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ പി.വി. അൻവറാണ്.
അൻവറിന് വെല്ലുവിളിയായി നാല് അപരന്മാരാണ് സമാനമായ പേരിൽ വോട്ട് പിടിക്കാൻ രംഗത്തുള്ളത്. ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തിൽ ഈ വോട്ട് ചോർച്ച വലിയ തിരിച്ചടിയായേക്കാം.
നേമം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരനും അപര ഭീഷണിയിലാണുള്ളത്. രാജീവ് കുമാർ ജി.എസ്. എന്ന പേരുള്ള അപരനാണ് ഇവിടെ.
അപരൻ പത്രിക പിൻവലിക്കാത്തത് ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്. സിപിഎം. പ്രാദേശിക നേതാവിനെ അപരനായി ഇറക്കി വോട്ട് ഭിന്നിപ്പിക്കാനാണ് ശ്രമമെന്ന് ബിജെപി ആരോപിക്കുന്നു.
ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശശിക്കും അപരൻ. ശശി പി.കെ. എന്ന വ്യക്തിയാണ് അപരൻ. പേരിലെ ഇനീഷ്യലിൽ ആദ്യവും അവസാനവും ആണെന്ന വ്യത്യാസം മാത്രമാണ് ഇരുവരും തമ്മിലുള്ളത്.
മണ്ണാർക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി എൻ ഷംസുദീന് മൂന്ന് അപരന്മാരുണ്ട്. ഷംസുദ്ദീൻ എടത്തനാട്ടുകര, ഷംസുദ്ദീൻ കർക്കിടാംകുന്ന് എന്നിവരാണ് പ്രധാനികൾ.
വിമതരും അപരന്മാരും കളത്തിലിറങ്ങുമ്പോൾ, വോട്ടർമാർക്ക് മാറിപ്പോകാതെ വോട്ട് രേഖപ്പെടുത്തുക എന്നത് സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഇത്തവണ വലിയ വെല്ലുവിളിയായിരിക്കും.