ജനീവ: എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഒരേ രീതിയിലുള്ള ചാര്‍ജ് പോര്‍ട്ടുകള്‍ വേണം എന്ന ആവശ്യവുമായി യൂറോപ്യന്‍ യൂണിയന്‍. സ്മാര്‍ട്ട് ഫോണിന് പുറമേ പോര്‍ട്ടബിളായ എല്ലാ ഇലക്ട്രോണിക്ക് ഉപകരണങ്ങളും അതായത് ഇ-റീ‍ഡര്‍, ടാബ്ലെറ്റ് എന്നിവയ്ക്കെല്ലാം ഒരേ രീതിയിലുള്ള ചാര്‍ജിംഗ് പോര്‍ട്ട് വേണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ആവശ്യം. ഉപയോക്താക്കളുടെ ജീവിത രീതി കൂടുതല്‍ ആശാസരഹിതമാക്കുക എന്നതിനപ്പുറം ചില ലക്ഷ്യങ്ങളും പുതിയ ആവശ്യത്തിന് പിന്നിലുണ്ട്.

2014 ല്‍ തന്നെ റെഡിയോ എക്യൂപ്മെന്‍റ് ഡയറക്ടീവ് ഓഫ് യൂറോപ്യന്‍ യൂണിയന്‍ പൊതു ചാര്‍ജിംഗ് പോര്‍ട്ട് എന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ അതിന് ആവശ്യമായ നിയമനിര്‍മ്മാണം മുന്നോട്ട് പോയില്ല. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ ജനുവരി 13,2019 ല്‍ നടന്ന ചര്‍ച്ചയില്‍ വീണ്ടും ഈ വിഷയം തിരിച്ചുവരുകയായിരുന്നു.  ഇത് സംബന്ധിച്ച വോട്ടിംഗ് സെഷനും നടന്നു.

സ്റ്റാന്‍റേര്‍ഡ് ചാര്‍ജര്‍ ഫോര്‍ മൊബൈല്‍ ഫോണ്‍സ് ഇന്‍സെപ്ഷ്യന്‍ ഇംപാക്ട് അസസ്സ്മെന്‍റ് 2018 പ്രകാരം യൂറോപ്യന്‍ യൂണിയന്‍ അതിന്‍റെ വിലയിരുത്തലില്‍ പറയുന്നത് ഇതാണ് - എകീകൃത ചാര്‍ജിംഗ് പോര്‍ട്ട് എന്നത് മൊബൈല്‍ ചാര്‍ജര്‍ മൂലം ഉണ്ടാകുന്ന ഇ-വേസ്റ്റ് തടയും എന്നാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 

നിലവില്‍ യൂറോപ്യന്‍ യൂണിയനിലെ ഫോണ്‍ ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന ചാര്‍ജിംഗ് പോര്‍ട്ടുകള്‍  ആപ്പിള്‍ ലൈറ്റനിംഗ്, യുഎസ്ബി 2.0 മൈക്രോ ബി, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് ഉപയോഗിക്കുന്നത്. ഇതില്‍ തന്നെ ആപ്പിള്‍ ചാര്‍ജറാണ് കൂടുതലായി യൂറോപ്പില്‍ അവതരിപ്പിക്കുന്നത്.

അതേ സമയം മുന്‍പ് തന്നെ യൂറോപ്യന്‍ യൂണിയന്‍ നീക്കത്തിനെതിരെ ആപ്പിള്‍ രംഗത്ത് എത്തിയിരുന്നു. ചാര്‍ജിംഗ് ഗവേഷണ രംഗത്തെ പുതിയ ഗവേഷണങ്ങളെ യൂറോപ്യന്‍ യൂണിയന്‍ തീരുമാനം പിന്നോട്ടടിക്കും എന്ന വിമര്‍ശനമാണ് ആപ്പിളിനുള്ളത്. അതേ സമയം ഐഫോണ്‍ 12 പരമ്പരയോടെ ആപ്പിള്‍ യുഎസ്ബി ടൈപ്പ് സിയിലേക്ക് മാറിയേക്കും എന്ന വാര്‍ത്തയും വരുന്നുണ്ട്.