ന്യൂയോര്‍ക്ക്: തമ്മില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സംവാദന ശേഷിയുള്ള ജീവി വര്‍ഗ്ഗമാണ് മനുഷ്യന്‍. ആ ആശയ വിനിമയ ശേഷി തന്നെയാണ് മനുഷ്യകുലത്തിന്‍റെ പുരോഗതികളില്‍ എല്ലാം ഘടകം. മനുഷ്യന്‍ ശാസ്ത്ര സാങ്കേതികമായി വികസിപ്പിച്ചതിന് ശേഷയാണ് വെര്‍ച്വലായി സംവദിക്കാന്‍ ശേഷിയുള്ള പ്രോഗ്രാമുകളെ ഉണ്ടാക്കി തുടങ്ങിയത്. നാം ബോട്ട് എന്ന് വിളിക്കുന്ന ഇന്നത്തെ സൈബര്‍ ലോകത്തെ സാധാരണ പ്രോഗ്രമുകള്‍ ഇത്തരം ചിന്തയില്‍ നിന്ന് ഉണ്ടായതാണ്. ഇപ്പോള്‍ ആ നിലയും കടന്ന് പോവുകയാണ് ഗൂഗിള്‍. മനുഷ്യന്‍ കഴിഞ്ഞാല്‍ ഭൂമുഖത്തെ ഏറ്റവും ശേഷിയേറിയ സംവാദക എന്നാണ് ഗൂഗിളിന്‍റെ പുതിയ ചാറ്റ്ബോട്ട് 'മീനയ്ക്ക്' ലഭിക്കുന്ന വിശേഷണം.

സവിശേഷമായ പ്രത്യേകതകള്‍ ഉള്ളയളാണ് മീന. ചാറ്റ്ബോട്ടുകൾ എത്ര സമയം വേണമെങ്കിലും സംസാരിക്കും എന്നാല്‍ അത് ചില വിഷയങ്ങളില്‍ ഒതുങ്ങി നില്‍ക്കും. അതായത് കസ്റ്റമര്‍ കെയറാണ് ഒരു ചാറ്റ്ബോട്ടിന്‍റെ വിഷയം എങ്കില്‍ അത് മാത്രമേ ആ ബോട്ട് സംസാരിക്കൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

ചാറ്റ് ബോട്ടിന് അറിയാത്ത വിഷയത്തില്‍ എനിക്കറിയില്ലെന്ന് തന്നെ ബോട്ട് പ്രതികരിക്കും. എന്നാല്‍ മീന അതിനപ്പുറമാണ്. വിഷയം ഏതെങ്കിലുമാകട്ടെ മീന അതില്‍ വിശദീകരണം തരും. ഗൂഗിളിന്‍റെ സെര്‍ച്ച് ശേഷിയും വിവരശേഖരണവുമാണ് മീനയുടെ അടിസ്ഥാനം. അതായത് ഏത് വിഷയത്തിലും മീന സംസാരിക്കും. ചാറ്റ് ബോട്ടുകളുടെ ചരിത്രം തന്നെ മാറ്റുന്ന പ്രോഗ്രാം ആയിരിക്കും മീന എന്ന് ചുരുക്കം.

ഇത് വെറുതെ പറയുന്നതല്ല, ഒരു ചാറ്റ്ബോട്ടിനെ അതിന്‍റെ ശേഷി അളക്കുന്നത്  എസ്എസ്എ (സെൻസിബിൾനെസ് ആൻഡ് സ്പെസിഫിസിറ്റി ആവറേജ്)  എന്ന മാനദണ്ഡം വച്ചാണ്. ഇത് ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും കൂടിയ ചാറ്റ്ബോട്ട് മിസുകു ചാറ്റ്ബോട്ടാണ്. ഇതിന്‍റെ ഈ സ്കോര്‍ 56 ശതമാനമാണ്.  കഴിഞ്ഞ നാലു വർഷമായി ലോകത്തിലെ ഏറ്റവും മികച്ച ചാറ്റ്ബോട്ടിനുള്ള ലിയോബ്‍നർ പുരസ്കാരം നേടുന്ന ചാറ്റ് ബോട്ടാണ് മിസുകു ചാറ്റ്ബോട്ട്. എന്നാല്‍ മീനയില്‍ എത്തുമ്പോള്‍ ഈ സ്കോര്‍  79% ആണ്. ഇതിനൊപ്പം ഒന്നുകൂടി അറിയുക  ഒരു മനുഷ്യന്റെ ശരാശരി എസ്എസ്എ സ്കോർ 86% ആണ്. അതായത് മീന ചെറിയ പുള്ളിയല്ലെന്ന് ചുരുക്കം.