Asianet News MalayalamAsianet News Malayalam

അമേരിക്കന്‍ ഉപരോധം നിലനിന്നിട്ടും പിടിച്ച് നിന്ന് വാവെയ്; ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇടിവ്

ചൈനീസ് കമ്പനിയായ വാവെയ്ക്കെതിരെ കഴിഞ്ഞവര്‍ഷം വലിയ നടപടികളാണ് അമേരിക്ക എടുത്തത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് വാവെ ആപ്പുകള്‍ പിന്‍വലിച്ചു, ആന്‍ഡ്രോയ്ഡ് പിന്തുണ പിന്‍വലിച്ചു.

Huawei pips Apple to be second largest smartphone brand despite US ban: Report
Author
Hong Kong, First Published Jan 31, 2020, 11:58 AM IST

ഹോങ്കോങ്ങ്: ആപ്പിളിനെ പിന്നിലാക്കി അമേരിക്കന്‍ ഉപരോധത്തെ അതിജീവിച്ച് വിപണി കീഴടക്കി വാവെയ്. ലോക മൊബൈല്‍ വിപണിയില്‍ ചൈനീസ് കമ്പനി സാംസങ്ങിന് പിന്നിലായി രണ്ടം സ്ഥാനത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ട്. അനലറ്റിക്സ് കമ്പനിയായ കൗണ്ടര്‍ പൊയന്‍റിന്‍റെ റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ലോക വിപണിയില്‍ 23.85 കോടി ഹാന്‍ഡ‍് സെറ്റുകളാണ് വാവെയ് വിറ്റത്. ഒന്നാം സ്ഥാനത്ത് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങാണ് കഴിഞ്ഞവര്‍ഷം ആഗോളതലത്തില്‍ വിറ്റത് 29.65 കോടി സെറ്റുകളാണ്. മൂന്നാം സ്ഥാനത്തുള്ള ആപ്പിള്‍ വിറ്റത് 19.62 കോടി സെറ്റുകളാണ്.

ചൈനീസ് കമ്പനിയായ വാവെയ്ക്കെതിരെ കഴിഞ്ഞവര്‍ഷം വലിയ നടപടികളാണ് അമേരിക്ക എടുത്തത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് വാവെ ആപ്പുകള്‍ പിന്‍വലിച്ചു, ആന്‍ഡ്രോയ്ഡ് പിന്തുണ പിന്‍വലിച്ചു. ഒപ്പം അമേരിക്കയില്‍ പൂര്‍ണ്ണനിരോധനം വരുമെന്ന വാര്‍ത്ത വന്നു. 5ജി പങ്കാളി എന്ന നിലയില്‍ വാവെയും സഹകരണം പല അമേരിക്കന്‍ കമ്പനികളും അവസാനിപ്പിച്ചു. ഇത് കടുത്ത യുഎസ്-ചൈന വ്യാപരയുദ്ധത്തിലേക്ക് നീങ്ങി. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് നേരിട്ടാണ് വാവെയ്ക്കതിരായ നടപടികള്‍ക്ക് വേണ്ടി രംഗത്ത് ഇറങ്ങിയത്. വിപണിയില്‍ ആദ്യഘട്ടത്തില്‍ വലിയ തിരിച്ചടി ലഭിച്ചു എന്നതാണ് സൂചന.

2018 ലെ അവസാന പാദങ്ങളിലെ വാവെയുടെ പ്രകടനം കണക്കിലെടുത്താന്‍ 2019 ല്‍ ഇവര്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് എത്തും എന്നാണ് വിപണി വൃത്തങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ അമേരിക്കയില്‍ നിന്നും നേരിട്ട തിരിച്ചടി അവരുടെ പ്രതീക്ഷകളെ പിന്നോട്ട് അടിച്ചു. പക്ഷെ ഇത്രയും പ്രതികൂല സാഹചര്യത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് വാവെയ്ക്ക് കരുത്ത് ചോര്‍ന്നിട്ടെല്ലെന്നാണ് കൗണ്ടര്‍ പോയന്‍റ് മുന്നോട്ട് വയ്ക്കുന്ന റിപ്പോര്‍ട്ടിലെ വസ്തുത.

അതേ സമയം ഒക്ടോബര്‍ ഡിസംബര്‍ പാദത്തില്‍ സാംസങ്ങിനെ മറികടന്ന് ആപ്പിള്‍ വില്‍പ്പനയില്‍ മുന്നോട്ടു കുതിച്ചുവെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന വസ്തുത.  ഈ കാലയളവില്‍ ആപ്പിള്‍ 7.29 കോടി സെറ്റുകള്‍ വില്‍പ്പന ചെയ്തു. ഇതേ സമയം സാംസങ്ങ് ഈ കാലയളവില്‍ വിറ്റത് 7 കോടി സെറ്റുകളാണ്. ഐഫോണ്‍ 11 സീരിസ് ഫോണുകളുടെ കൂടിയ വില്‍പ്പനയാണ് ആപ്പിളിന് തുണയായത്. 2018 സെപ്തംബറിന് ശേഷം ഐഫോണ്‍ വില്‍പ്പനയില്‍ വരുമാനം ആപ്പിളിന് കൂടുന്നത് ഇത് ആദ്യമായാണ്.

അതേ സമയം തന്നെ ഫോണ്‍ ഇതര വരുമാനം, ആപ്പിള്‍ മ്യൂസിക്ക്, ആപ്പിള്‍കെയര്‍, ആപ്പിള്‍ ക്ലൗഡ് സേവനങ്ങളില്‍ നിന്നുള്ള ആപ്പിളിന്‍റെ വരുമാനം 17 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.  അതേ സമയം ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ വില്‍പ്പന 1 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഇത് തുടര്‍ച്ചയായി രണ്ടാം കൊല്ലമാണ് ലോക വ്യാപകമായി സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇടിവ് കാണിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios