ദില്ലി: രാമായണം വീണ്ടും സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന്‍. കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്. ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് ഇതെന്നാണ് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്. ശനിയാഴ്ച മുതലായിരിക്കും സംപ്രേക്ഷണം ആരംഭിക്കുക. രാവിലെ 9 മണി മുതല്‍ 10 മണിവരെയും, രാത്രി 9 മണിമുതല്‍ 10 മണിവരെയും ഡിഡി നാഷണലില്‍ ആയിരിക്കും രാമായണം സീരിയല്‍ സംപ്രക്ഷേപണം ചെയ്യുക.

നേരത്തെ പ്രസര്‍ഭാരതി വൃത്തങ്ങള്‍ രാമായണം ടെലികാസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സൂചന നല്‍കിയിരുന്നു. എന്‍ഡിടിവി പൊളിറ്റിക്കല്‍ എഡിറ്റര്‍ അഖിലേഷ് ശര്‍മ്മയുടെ ട്വീറ്റിന് പ്രസാര്‍ഭാരതി സിഇഒ ശശി ശേഖര്‍ രാമായണം സീരിയല്‍ റൈറ്റ്സ് കയ്യിലുള്ളവരുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ് എന്നാണ് സൂചിപ്പിച്ചത്. ഇത് ഫലപ്രാപ്തിയില്‍ എത്തിയെന്നാണ് കേന്ദ്രമന്ത്രിയുടെ ട്വീറ്റ് തെളിയിക്കുന്നത്.

1987ലാണ് ആദ്യമായി രാമായണം ദൂരദര്‍ശന്‍ വഴി പ്രക്ഷേപണം ചെയ്തത്. സിനിമ സംവിധായകന്‍ രാമനന്ദ സാഗര്‍ ആണ് ഈ പരമ്പരയുടെ നിര്‍മ്മാതാവ്.  ഇത് പോലെ തന്നെ ബിആര്‍ ചോപ്ര സംവിധാനം ചെയ്ത മഹാഭാരതം സീരിയലും ദൂരദര്‍ശന്‍ പ്രക്ഷേപണം ചെയ്യണം എന്ന ആവശ്യം ഉയരുന്നുണ്ട്.