Asianet News MalayalamAsianet News Malayalam

കോപ്പിയടി വിളികളുമായി റിയല്‍ മീ, ഷവോമി തലവന്മാര്‍ ട്വിറ്ററില്‍ 'പൊരിഞ്ഞ അടി'

 മനുകുമാര്‍ ജയിന്‍റെ  നിലപാടിനെതിരെ തുറന്നടിച്ച് റിയല്‍ മീ മേധാവി മാധവ് സേത്ത് രംഗത്ത്. ട്വിറ്ററിലാണ് ഇന്ത്യയിലെ മുന്‍നിര മൊബൈല്‍ ബ്രാന്‍റുകളുടെ തലവന്മാര്‍ വാക്ക് പോരില്‍ ഏര്‍പ്പെടുന്നത്.  

Realme Madhav Sheth Responds to Xiaomi Manu Kamar Jain twitter war Copy Cat Barb
Author
New Delhi, First Published Jan 28, 2020, 9:11 PM IST

ദില്ലി: കോപ്പിയടി ബ്രാന്‍റ് എന്ന റിയല്‍ മീയെ വിശേഷിപ്പിച്ച ഷവോമി ഇന്ത്യ മേധാവി മനുകുമാര്‍ ജയിന്‍റെ  നിലപാടിനെതിരെ തുറന്നടിച്ച് റിയല്‍ മീ മേധാവി മാധവ് സേത്ത് രംഗത്ത്. ട്വിറ്ററിലാണ് ഇന്ത്യയിലെ മുന്‍നിര മൊബൈല്‍ ബ്രാന്‍റുകളുടെ തലവന്മാര്‍ വാക്ക് പോരില്‍ ഏര്‍പ്പെടുന്നത്.  

കുറച്ച് ദിവസം മുന്‍പാണ് സംഭവത്തിന്‍റെ തുടക്കം ജനുവരി 4ന് നിമിഷ് ദൂബേ എന്ന ട്വിറ്റര്‍ ഉപയോക്താവ് റിയല്‍ മീ അവരുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഷവോമിയെ കണ്ടിട്ടാണ് എന്ന് ചിലര്‍ പറയുന്നു എന്ന് ട്വീറ്റ് ചെയ്തു. അന്ന് തന്നെ ഇതിന് മറുപടിയുമായി ഷവോമി ഇന്ത്യ തലവന്‍ മനുകുമാര്‍ ജെയിന്‍ രംഗത്ത് എത്തി. 

തമാശയായി തോന്നുന്നു, ഒരു കോപ്പിയടി ബ്രാന്‍റ് (റിയല്‍ മീയെ ഉദ്ദേശിച്ച്) ഞങ്ങളെ അനുകരിക്കുന്നു. അവസാനം ഈ ബ്രാന്‍റ് പരസ്യം ചെയ്താല്‍ പോലും ചിലയാളുകള്‍ ഞങ്ങളെ (ഷവോമിയെ) കുറ്റം പറയുന്നു. എല്ലാ ബ്രാന്‍റുകളും ഒഎസില്‍ പരസ്യം ചെയ്യുന്നു എന്നാല്‍ കുറ്റം ഷവോമിക്കാണ്. കാരണം ഞങ്ങളുടെ ബിസിനസ് മോഡല്‍ തീര്‍ത്തും സുതാര്യമാണ്- മനുകുമാര്‍ ജെയിന്‍ പറ‌ഞ്ഞു.

മനുകുമാറിന്‍റെ 'കോപ്പിയടി' പ്രയോഗം അതിന് പിന്നാലെ ഷവോമിയുടെ മുതിര്‍ന്ന എക്സിക്യൂട്ടീവുകള്‍ തന്നെ ഏറ്റുപിടിച്ചു. ഇതിന് പിന്നാലെ ഷവോമി മാര്‍ക്കറ്റിംഗ് മേധാവി അനൂജ് ശര്‍മ്മ മനുവിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് സമാനമായ അഭിപ്രായം പങ്കുവച്ചു. പിന്നാലെ ഷവോമി സബ് ബ്രാന്‍റായ പോക്കോയുടെ മേധാവി സി.മന്‍മോഹന്‍ മിസ്റ്റര്‍ബീനിന്‍റെ പ്രശസ്തമായ പരീക്ഷ കോപ്പിയടി വീഡിയോ പങ്ക് വച്ച് ഇങ്ങനെ കുറിച്ചു - കോപ്പിയടിയാണ് നിങ്ങളെ ഇത്രദൂരം എത്തിച്ചത്.

ഇത്തരം ഓണ്‍ലൈന്‍ കളിയാക്കലുകള്‍ക്കെതിരെയാണ് റിയല്‍ മീ ഇന്ത്യ മേധാവി മാധവ് സേത്ത് ഒരു റീട്വീറ്റില്‍ മറുപടി പറഞ്ഞത്. ഷവോമി ആഗോളതലത്തിലെ കോപ്പിയടിക്കാരാണ് എന്ന തരത്തിലുള്ള ട്വീറ്റിനാണ് മാധവ് സേത്തിന്‍റെ മറുപടി. പോക്കോ മേധാവി സി മന്‍മോഹന്‍ പോക്കോ എക്സ് 2 അവതരിപ്പിക്കുന്ന പോസ്റ്റില്‍ വണ്‍പ്ലസിന്‍റെ എക്സിക്യൂട്ടീവ് സീമോന്‍ കോപ്പെ വന്ന് ഇത് വണ്‍പ്ലസിന്‍റെ ടാഗ് ലൈന്‍ കോപ്പിയല്ലെ എന്ന് ചോദിച്ചു. ഇത് റീട്വീറ്റ് ചെയ്ത ഒരാള്‍ റിയല്‍മീയുടെ അഭിപ്രായം തേടിയതിലാണ് മാധവ് സേത്ത് പ്രതികരിച്ചത്.

നവീന ആശയങ്ങള്‍ അവതരിപ്പിക്കുന്ന, വിപണിയില്‍ മുന്‍നിരയിലുള്ള ബ്രാന്‍റ് ഒരിക്കലും ഇങ്ങനെ പ്രതികരിക്കില്ല.  അടിസ്ഥാനമായ ധാര്‍മ്മികതയും സത്യസന്ധതയും എതിരാളിയുടെ വളര്‍ച്ച നിങ്ങളെ എത്ര അസ്വസ്തരാക്കുന്ന സമയത്തും പാലിക്കേണ്ട ഗുണങ്ങളാണ്. റിയല്‍മീയെ 2020 ലെ ഏറ്റവും മികച്ച ബ്രാന്‍റ് ആക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ, ബാക്കിയൊക്കെ അവരുടെ കാര്യമാണ്. ഞങ്ങള്‍ അത് ശ്രദ്ധിക്കുന്നെയില്ല - മാധവ് ട്വീറ്റ് ചെയ്തു.
 

Follow Us:
Download App:
  • android
  • ios