Asianet News MalayalamAsianet News Malayalam

യുഎഇ വാട്ട്സ്ആപ്പ് ഫോണ്‍വിളികള്‍ക്കുള്ള വിലക്ക് പിന്‍വലിക്കുമെന്ന് സൂചന

വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങള്‍ അടിസ്ഥാനമാക്കി ഫോണ്‍ വിളിക്കാന്‍ സൗകര്യമൊരുക്കുന്ന സ്‌കൈപ്പ്, ഫെയ്സ് ടൈം, വാട്സാപ്പ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് യുഇഎയില്‍ വിലക്കുണ്ട്.

The UAE may be lifting its WhatsApp calls ban soon
Author
UAE, First Published Nov 12, 2019, 11:20 PM IST

ദുബായ്: യുഎഇ വാട്ട്സ്ആപ്പ് ഫോണ്‍വിളികള്‍ക്കുള്ള വിലക്ക് പിന്‍വലിക്കുകയാണെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. അന്താരാഷ്ട്ര മാധ്യമമായ സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യുഎഇയുടെ നാഷണല്‍ ഇലക്ട്രോണിക് സെക്യൂരിറ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങള്‍ അടിസ്ഥാനമാക്കി ഫോണ്‍ വിളിക്കാന്‍ സൗകര്യമൊരുക്കുന്ന സ്‌കൈപ്പ്, ഫെയ്സ് ടൈം, വാട്സാപ്പ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് യുഇഎയില്‍ വിലക്കുണ്ട്.

യുഎഇയും ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പുമായുള്ള സഹകരണം ശക്തിപ്പെട്ടതായി അദ്ദേഹം പറഞ്ഞു. വാട്ട്സ്ആപ്പിന്‍റെ പല പദ്ധതികളും തങ്ങളുടെ താല്‍പര്യത്തോട് യോജിക്കുന്നതാണെന്നും യുഎഇയുടെ ടെലികോം നിയന്ത്രണത്തെ കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വാട്ട്സ്ആപ്പ് വോയിസ് കോളുകള്‍ക്കുള്ള വിലക്ക് നീങ്ങിയേക്കുമെന്നും അതിനുള്ള നീക്കങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 

മറ്റ് പല ഗള്‍ഫ് രാജ്യങ്ങളും വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങളോടുള്ള നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. 2017-ല്‍ വാട്ട്സ്ആപ്പ് കോളുകള്‍ക്കുള്ള വിലക്ക് സൗദി അറേബ്യ നീക്കിയിരുന്നു. ഖത്തറും ഇപ്പോള്‍ വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങള്‍ എന്‍ക്രിറ്റഡ് ആണെന്നതും രാജ്യത്തെ നിയമങ്ങളും ചൂണ്ടിക്കാട്ടിയാണ് യുഎഇയിലെ ഈ നിരോധനം. സൗജന്യ സേവനങ്ങളുടെ വരവോടെ പ്രതിസന്ധി നേരിട്ട സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനങ്ങളെ സഹായിക്കുക എന്ന ഉദ്ദേശവും ഇതിന് പിന്നിലുണ്ട്. 

ഇതോടെ ഉയര്‍ന്ന ചിലവില്‍ ഫോണ്‍ വിളിക്കേണ്ട അവസ്ഥയിലാണ് പ്രവാസികള്‍ ഉള്‍പ്പെടയുള്ള യുഎഇ നിവാസികള്‍. പക്ഷെ മാസവരിസംഖ്യ നല്‍കിയാല്‍ Botim, C'Me , HiU Messenge പോലുള്ള വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങള്‍ യുഇഎയില്‍ പ്രയോജനപ്പെടുത്താം.

Follow Us:
Download App:
  • android
  • ios