ചണ്ഡിഗഢ്: സിഖ് മതസ്ഥരുടെ പുണ്യ ക്ഷേത്രമായ സുവര്‍ണ ക്ഷേത്രത്തില്‍ മൊബൈല്‍ വിലക്ക് കൊണ്ടുവരുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സുവര്‍ണ ക്ഷേത്ര പരിസരത്ത് ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നത് വിലക്കി സുവര്‍ണ്ണക്ഷേത്ര നടത്തിപ്പുകാര്‍ എസ്ജിപിസി( ഷിരോമണി ഗുരുദ്വാര പര്‍വന്ദക് കമ്മിറ്റി). ശനിയാഴ്ചയാണ് പുണ്യ ക്ഷേത്ര പരിസരത്ത് ടിക് ടോക് വീഡിയോകള്‍ നിരോധിച്ച് കൊണ്ട് നോട്ടീസ് പതിച്ചത്. 

സുവര്‍ണ ക്ഷേത്രവും, മറ്റ് സിഖ് പുണ്യ കേന്ദ്രങ്ങളും, ചരിത്രപരമായ ഗുരുദ്വാരകളുടെയും സംരക്ഷണവും മേല്‍നോട്ടവും എസ്ജിപിസിയാണ്. സുവര്‍ണ ക്ഷേത്രത്തിന്റെ പുറത്തായി ടിക് ടോക് വീഡിയോകള്‍ നിരോധിച്ചുകൊണ്ടുള്ള നോട്ടീസ് പതിച്ചു. സുവര്‍ണ ക്ഷേത്രത്തിലെത്തുന്നവര്‍ വീഡിയോ ചിത്രീകരിക്കുന്നത് തടയാന്‍ വൊളന്റീയര്‍മാരെയും പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. 

റൊമാന്റിക്-വള്‍ഗര്‍ ഗാനങ്ങളുടെ അകമ്പടിയോടെ സുവര്‍ണ ക്ഷേത്ര പരിസരത്തു നിന്ന് വീഡിയോ ചിത്രീകരിച്ചത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെയാണ് വീഡിയോ ചിത്രീകരണത്തിന് വിലക്ക് കൊണ്ടുവന്നത്.

ഇത്തരത്തില്‍ വീഡിയോ പുറത്തുവിട്ടതില്‍ സുവര്‍ണ ക്ഷേത്രത്തിന്‍റെ ചീഫ് മാനേജര്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. വീഡിയോ ചിത്രീകരിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ സുവര്‍ണ ക്ഷേത്ര പരിസരത്ത് മൊബൈല്‍ ഫോണുകള്‍ വിലക്കുമെന്നാണ് അകല്‍ തഖ്ത് ജതേത്തദര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.