Asianet News MalayalamAsianet News Malayalam

വിക്കിപീഡിയ പോലും പേടിക്കുന്നു കേന്ദ്രം ഐടി നിയമത്തില്‍ വരുത്താന്‍ പോകുന്ന ഭേദഗതി.!

ലോകത്തിലെ ഏറ്റവും വലിയ സൈബര്‍ വിജ്ഞാന ശേഖരമായ വിക്കിപീഡിയ കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദിഷ്ട കരടിലെ നിര്‍ദേശങ്ങളോട് ശക്തമായി എതിര്‍പ്പാണ് അറിയിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ ഇന്ത്യയിലെ വിക്കിപീഡിയ പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്നാണ് ഇവരുടെ പരാതി. 

Wikipedia writes to IT Minister New govt guidelines will severely disrupt our model
Author
New Delhi, First Published Jan 4, 2020, 3:17 PM IST

ദില്ലി: ഐടി നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ക്കെതിരെ വിക്കിപീഡിയ രംഗത്ത് എത്തിയത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. തങ്ങളുടെ സ്വതന്ത്ര്യവും തുറന്നതുമായ പ്രവര്‍ത്തന രീതിയെ സര്‍ക്കാറിന്‍റെ പുതിയ നിര്‍ദേശങ്ങള്‍ പ്രതികൂലമായി ബാധിക്കും എന്നാണ് വിക്കിപീഡിയ ഫൗണ്ടേഷന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി രവിശങ്കര്‍ പ്രസാദിന് അയച്ച കത്തില്‍ പറയുന്നത്.

2018 ഡിസംബറിലാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം രാജ്യത്തെ വെബ് സൈറ്റുകളുടെയും സോഷ്യല്‍ മീഡിയയുടെയും പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള കരട് മാര്‍ഗരേഖ ഇറക്കിയത്. ഇതില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും വിവിധ ടെക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇടനിലക്കാര്‍ക്കുള്ള മാര്‍ഗരേഖ) ചട്ടം 2018 കരട് സമര്‍പ്പിച്ചത്. ഇതിന്‍റെ ചില ഭാഗങ്ങള്‍ നവംബറില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇതിന്‍റെ അന്തിമ കരട് ജനുവരി 15ന് പുറത്തിറക്കാന്‍ ഇരിക്കെയാണ് വിക്കിപീഡിയയുടെ കത്ത് ചര്‍ച്ചയാകുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സൈബര്‍ വിജ്ഞാന ശേഖരമായ വിക്കിപീഡിയ കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദിഷ്ട കരടിലെ നിര്‍ദേശങ്ങളോട് ശക്തമായി എതിര്‍പ്പാണ് അറിയിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ ഇന്ത്യയിലെ വിക്കിപീഡിയ പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്നാണ് ഇവരുടെ പരാതി. വെബ്സൈറ്റിലെ നിയമവിരുദ്ധമായ ഉള്ളടക്കം നിരീക്ഷിക്കുകയും അവ കണ്ടെത്തിയാല്‍ ഓട്ടോമാറ്റഡ് സംവിധാനത്തിലൂടെ നീക്കം ചെയ്യുകയും നിര്‍ബന്ധിത ഫില്‍ട്ടറിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമാണ് പുതിയ സംവിധാനം. എന്നാല്‍ തങ്ങളുടെ സൈറ്റിലെ വിവരങ്ങള്‍ ജനങ്ങള്‍ അപ്ലോഡ് ചെയ്യുകയും ലൈവ് എഡിറ്റ് ചെയ്യുന്നതുമാണ് അതിനാല്‍ തന്നെ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുള്ള ഇടപെടല്‍ വിക്കിയുടെ സ്വഭാവത്തെ ഹനിക്കും എന്നാണ് വിക്കിപീഡിയ ആശങ്കപ്പെടുന്നത്. 

വിക്കിപീഡിയ ലേഖനങ്ങളിലുണ്ടാകുന്ന തിരുത്തലുകള്‍ ഒരു രാജ്യത്തെ ആളുകള്‍ക്ക് മാത്രം കാണുന്ന രീതിയില്‍ പരിമിതപ്പെടുത്താനുള്ള സൗകര്യം നിലവിലില്ലെന്നും ഒരു രാജ്യത്ത് ഉള്ളടക്കങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം തിരുത്തുന്നത് മറ്റ് രാജ്യങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും വിക്കിപീഡിയ ഫൗണ്ടേഷന്‍ കൂട്ടിച്ചേര്‍ത്തു.പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എത്രയും വേഗം റിലീസ് ചെയ്യണമെന്നും വ്യക്തിവിവര സംരക്ഷണ ബില്ലിന് സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയ ഇന്റര്‍മീഡിയറികള്‍ക്കും പ്രത്യേക നിര്‍വചനങ്ങള്‍ വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഒപ്പം തന്നെ സെറ്റിലെ കണ്ടന്‍റ് സംബന്ധിച്ച് സര്‍ക്കാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക്  72 മണിക്കൂറിനകം ഉത്തരം നല്‍കാന്‍ സൈറ്റുകള്‍ക്ക് ഉത്തരവാദിത്വമുണ്ട് എന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം. ഒപ്പം സര്‍ക്കാറിന് ബന്ധപ്പെടാന്‍ മുഴുവന്‍ സമയവും ഒരു നോഡല്‍ ഓഫീസറെ കമ്പനികള്‍ നിയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. നിയമ വിരുദ്ധമായ പ്രവൃത്തികള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച വിവരങ്ങളും രേഖകളും 180 ദിവസം കമ്പനികള്‍ സൂക്ഷിച്ചുവെക്കണമന്നും കരടില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതെല്ലാം പ്രത്യേക സംവിധാനങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വിക്കിപീഡിയയ്ക്ക് തിരിച്ചടിയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമേ സോഷ്യല്‍ മീഡിയ ആപ്പുകളിലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തു കളയാനും കരടില്‍ നിര്‍ദേശമുണ്ട്.

അതേ സമയം തന്നെ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പുതിയ ഐടി ആക്ടിലെ ഭേദഗതികള്‍ അംഗീകരിക്കപ്പെട്ടാല്‍. മുന്‍പ് സുപ്രീംകോടതി റദ്ദാക്കിയ കുറ്റകരമായ ഉള്ളടക്കം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാന്‍ അനുവദിച്ച ഐടി നിയമത്തിലെ സെക്ഷന്‍ 66 എ തിരിച്ചുവരുന്നതിന് സമാനമായിരിക്കും ഇതെന്നും സൈബര്‍ ആക്ടിവിസ്റ്റുകള്‍ക്കിടയില്‍ വിമര്‍ശനമുണ്ട്. 2015 മാര്‍ച്ച് 24ലെ സുപ്രീംകോടതി ഐടി ആക്ടിലെ സെക്ഷന്‍ 66 എ റദ്ദാക്കി സുപ്രധാന വിധിയെ പുറപ്പെടുവിച്ചത്.

Follow Us:
Download App:
  • android
  • ios