Asianet News MalayalamAsianet News Malayalam

'ഹോം ക്വാറന്‍റൈന്‍ സ്ത്രീകള്‍ക്ക് പുതുമയുള്ള കാര്യമല്ല'; കുറിപ്പ്

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ പല രാജ്യങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ 21 ദിവസമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹോം ക്വാറന്‍റൈന്‍ ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നത് സ്ത്രീകളെയാണെന്നു പറഞ്ഞ് നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

dr veena js fb post on women home quarantine
Author
Thiruvananthapuram, First Published Mar 28, 2020, 4:48 PM IST


കൊവിഡ് 19നെ പ്രതിരോധിക്കാന്‍ പല രാജ്യങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ 21 ദിവസമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹോം ക്വാറന്‍റൈന്‍ ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നത് സ്ത്രീകളെയാണെന്നു പറഞ്ഞ് നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ഹോം ക്വാറന്‍റൈന്‍ എന്നത് സ്ത്രീകള്‍ക്ക് പുതുതല്ല എന്നാണ് ഡോ.വീണ ജെ.എസ് പറയുന്നത്. 

മിക്ക സ്ത്രീകളെ സംബന്ധിച്ചിടത്തോളവും വിവാഹിതയാകുന്നതോടെ ഭര്‍തൃഗൃഹ ക്വാറന്റൈനിലാകുമെന്നാണ്  വീണ തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. അതൊരിക്കലും മോശമാണെന്നല്ല പറഞ്ഞു വരുന്നതെന്നും മറിച്ച് സ്വന്തം വീടിനോടുള്ള അടുപ്പം വിട്ടുപോരേണ്ടിവരുന്ന അവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്നും വീണ പറയുന്നു.

കുറിപ്പ് വായിക്കാം...


2016 മെയ് മാസത്തിലാണ് പിജി ചെയ്യാൻ തിരുവനന്തപുരം പോകുന്നത്. അന്ന് ഈവയ്ക്ക് ഒരു വയസ്സ് പൂർത്തിയായിട്ടുണ്ട്. ഈവയും അവളുടെ പപ്പയും കോഴിക്കോട് താമസം. ഓരോ തവണ വീട്ടിൽ പോയി തിരിച്ചു വരുമ്പോഴും ഈവ ധരിച്ച ഡ്രസ്സ് കൂടെ കൊണ്ടുവരും. ഡിപ്പാർട്മെന്റിൽ ഇരുന്നും വീട്ടിലിരുന്നും മണത്തുനോക്കും. അത്രയ്ക്ക് അവളെ മിസ് ചെയ്യും. "അമ്മ എന്റെ ഡ്രസ്സ് മണക്കാൻ കൊണ്ടുപോണില്ലേ" എന്ന് അവൾ ചോദിക്കാൻ തുടങ്ങിയപ്പോൾ മുതൽ എനിക്കൊരു ചടപ്പ്.

അവളെ കാണാൻവേണ്ടി എങ്ങനെയെങ്കിലും ഡ്യൂട്ടി adjust ചെയ്ത് മാസം രണ്ടുമൂന്ന് ദിവസത്തേക്കെങ്കിലും പോകും. Co PGs and friends ആയ നിഖിലും വിശാലും നികിറ്റയും പരീനും ഒക്കെ അതിനുവേണ്ടി സപ്പോർട്ട് ചെയ്തിട്ടുണ്ട്. മിക്കപ്പോഴും അട്ടപ്പാടിയിലേക്കാവും യാത്ര. ഈവയുടെ paternal house. അവിടെ നല്ല മേളമാണ്. കുട്ടികളൊക്കെയായി പൊളിച്ചടുക്കും.
വളരെ കുറച്ചു തവണ എന്റെ വീട്ടിൽ പോയിട്ടുണ്ട്. കറക്റ്റ് പറയുകയാണെങ്കിൽ ഓണത്തിനും വിഷുവിനും പിന്നെ അനിയന്റെ കല്യാണവും ഒക്കെക്കൂടെ ഒരു ഏഴോ എട്ടോ ദിവസങ്ങൾ. ബാക്കിയുള്ള അവധിദിനങ്ങൾ മുഴുവൻ കോഴിക്കോടും അട്ടപ്പാടിയും. മൂന്നു ദിവസങ്ങൾ തീസിസ് ആവശ്യത്തിന് ഇടുക്കിയിലേക്ക് യാത്ര. 2018 പ്രളയസമയത്തു മൂന്നാറിൽ പോസ്റ്റിങ്ങ് ആയിരുന്നു. അപ്പോൾ മാത്രമാണ് ഈവയെ കാണാതെ ഇരുന്നിട്ടുള്ളത്. ഓരോ തവണ പോകുമ്പോഴും എടുത്തുവെച്ച ഫോട്ടോകൾ ആണ് ഇത്രയും കൃത്യമായി ഇത് പറയാൻ സഹായിക്കുന്നത്.

പറഞ്ഞുവന്നത് ഈവയെ കാണാൻ പറ്റാത്ത സങ്കടത്തെ പറ്റിയല്ല. ഭർത്താവിന്റെ വീട്ടിൽ പോകാനും മോളെ കാണാനുമൊക്കെ സമയം കണ്ടെത്തിയതിൽ എനിക്ക് സന്തോഷമേ ഉള്ളു. പക്ഷെ "വിവാഹശേഷം സ്വന്തം വീട്ടിൽ പോകാതിരിക്കൽ സ്വാഭാവികമല്ലേ" എന്ന ചിന്തയുടെ കുറ്റബോധം ഇടയ്ക്കിടെ അലട്ടാറുണ്ടെങ്കിലും ഇന്നിപ്പോ അത് കൂടുതലാണ്. എനിക്ക് അച്ഛനേം അമ്മയെയും അനിയനേം മൂത്തമ്മയെയും കാണാൻ തോന്നുന്നുണ്ട്. അവധിദിവസങ്ങളിൽ അവരിലേക്ക് കൂടുതലായി എത്തണമായിരുന്നു എന്ന് തോന്നുന്നുണ്ട്. ഈ തോന്നൽ എനിക്ക് മാത്രം ആകില്ല എന്ന് നല്ല ഉറപ്പുണ്ട്. Home quarantine എന്നത് പലർക്കും പുതുതാണെങ്കിലും മിക്ക സ്ത്രീകളെയും സംബന്ധിച്ച് അത് ഭർതൃഗൃഹക്വാറന്റൈൻ ആണ്. ഭർതൃഗൃഹം മോശമാണെന്ന് ഞാൻ അർത്ഥമാക്കിയിട്ടില്ല. പക്ഷെ സ്വർഗമായാലും നരകമായാലും സ്വന്തം വീടിനോടുള്ള അടുപ്പം വിട്ടുപോകേണ്ടിവരുന്ന സാമൂഹികഅവസ്ഥ ഭീകരമാണ്. Quarantine സമയത്താണ് ഓർമ്മകൾ തള്ളിവരുന്നത്. ചുമ്മാ പോയി ഒന്ന് നല്ല ശ്വാസം എടുക്കാനും നെടുവീർപ്പിടാനും പിന്നെ പണ്ടത്തെ കൊച്ചു കൊച്ചു അടികളൊക്കെ ഓർത്തു ആർത്തു ചിരിക്കാനും വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ചൊറിയാനും പിന്നെ അവരറിയാതെ അവരെ സ്നേഹത്തോടെ നോക്കാനുമൊക്കെ തോന്നുകയാണ്.

 

 

സുഹൃത്തുക്കളോട് i love you എന്ന് നാല്പത് വട്ടം പറയാൻ പറ്റുമെങ്കിലും അമ്മയുടെ മുഖത്ത് നോക്കി "അമ്മയെ എനിക്കിഷ്ടാണെന്ന്" പറഞ്ഞാൽ മോഹൻലാലിനോട് വന്ദനത്തിലെ നായിക വികാരമില്ലാതെ പറയുന്ന പറച്ചിലായേ പുറത്തുവരുള്ളൂ. പണ്ടെപ്പോഴോ ഡയറിയിൽ "അച്ഛനെ എനിക്ക് ഒത്തിരി ഇഷ്ടാ"ണെന്ന് എഴുതിയത് അച്ഛൻ വായിച്ചു നിക്കുന്നത് കണ്ടപ്പോൾ കാലിന്റെ അടിയിലെ മണ്ണ് പോലും പോയതായി അനുഭവപെട്ടിട്ടുണ്ട്. ഏതോ അബോധാവസ്ഥയിലാണ് രണ്ടാഴ്ച മുൻപ് അനിയനോട് ഞാൻ "i love you so so so much"എന്ന് പറഞ്ഞു മെസേജ് അയച്ചിട്ടുള്ളത്. "അടിച്ച ഐറ്റത്തിന്റെ പേരെന്ത്" എന്ന് റിപ്ലൈ വന്നപ്പോ മുതൽ ഉറക്കം പോലും പോയിട്ടുണ്ട് പുല്ല്.

ചില വീടുകളിൽ അച്ഛനമ്മമാരും മക്കളും കെട്ടിപ്പിടിക്കുന്നതും ഉമ്മ വെക്കുന്നതും കണ്ടിട്ട് കൊതിയായിട്ടുണ്ട്. അങ്ങനെയൊരു ശീലം വീട്ടിലില്ലായിരുന്നു. ഒരുപാട് prepare ചെയ്തിട്ട് ഒരു ദിവസം അച്ഛനേം അമ്മയെയും ഞാൻ ഉമ്മ വെക്കാൻ ശ്രമിച്ചു. ആകെ കുളം. പക്ഷെ ഇന്ന് ശെരിക്കും വിഷമം തോന്നുന്നു. ഇനി എപ്പോളാണ് അവരെ കാണാൻ പറ്റുക എന്നറിയില്ല.

മിക്ക ദിവസങ്ങളിലും ഇപ്പോൾ സ്വന്തം വീട്ടിലേക്ക് വിളിക്കാറുണ്ട്. കാര്യങ്ങൾ തിരക്കാറുണ്ട്. പക്ഷെ മനസ്സിൽ ഉള്ള സ്നേഹം മുഴോൻ കാണിക്കാൻ പറ്റുന്നില്ല. അത് ശീലിച്ചെടുക്കേണ്ട കാര്യമാണ്. പലർക്കും സ്നേഹപ്രകടനത്തിന്റെ കാര്യത്തിൽ lifelong ക്വാറന്റൈൻ ഉണ്ട്. അത് മാറ്റണം. എങ്ങനെയേലും മാറ്റണം. മനസ്സുകൊണ്ട് തൊടുന്നുണ്ട് എന്ന് മറ്റുള്ളവർ അറിയണം. തികച്ചും introvert ആയവരുടെ അവസ്ഥ ഇതിനേക്കാൾ ഭീകരമായിരിക്കും എന്നറിയാം. പക്ഷെ introvert ആവുക എന്നത് സ്നേഹത്തെപ്രതി നോക്കുമ്പോൾ നമുക്ക് affordable ആയ കാര്യമല്ല. എങ്ങനെയേലും നമ്മൾ ഇത് മറികടക്കണം. സ്നേഹം കാണിക്കൽ എന്നത് തികച്ചും അനിവാര്യമാണെന്ന് ലോകം മുഴുവൻ പഠിച്ചുകൊണ്ടിരിക്കുകയാണ്.

എഴുതിവന്നപ്പോൾ എന്തായി എന്നറിയില്ല. പറയാനുദ്ദേശിച്ചത് ഇത്രയുമാണ്. ഞാൻ നിങ്ങളെ സ്നേഹം കൊണ്ട് തൊടുന്നുണ്ട്. അങ്ങനെ നിങ്ങളെ അറിയിക്കാൻ എനിക്ക് കഴിയുന്നില്ലെങ്കിലും ഞാൻ സ്നേഹിക്കുന്നുണ്ട്.  ഭർതൃഗൃഹങ്ങളിൽ ഇരുന്ന് സ്വന്തം വീടിനെ ഓർക്കുന്ന സ്ത്രീകൾക്ക് എന്റെ മുഴുവൻ സ്നേഹവും പ്രത്യേകമായി അറിയിക്കുന്നു. Hugs to you all.

Follow Us:
Download App:
  • android
  • ios