കൊവിഡ് രോഗം ബാധിച്ച ഒരു വയസ്സുകാരിയുടെ അമ്മ നൽകുന്ന മുന്നറിയിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒരു വയസ്സുകാരി നതാലിയ ഗ്രീനിന് ആദ്യം ചെറിയ പനിയായിരുന്നു. സാധാരണ പനി ആയിരിക്കുമെന്നാണ് മാതാപിതാക്കള്‍ ആദ്യം കരുതിയത്. എന്നാല്‍ പെട്ടെന്നാണ് പനി 100 ഡിഗ്രിയിലെത്തിയത്.

അപ്പോഴും യുഎസ് സ്വദേശിനിയായ അമ്മ ക്ലാര ഗ്രീന്‍ കരുതിയത്‌ കുഞ്ഞിനു പല്ല് വരുന്നതിന്‍റെയാകാം ഈ പനി എന്നാണ്. എന്നാല്‍ നതാലിയയ്ക്ക് കൊറോണ ആണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. വൈകാതെ നതാലിയയുടെ അച്ഛനും കൊവിഡ് 19 സ്ഥിരീകരിച്ചു. 

നതാലിയയ്ക്ക് ആസ്മ കൂടിയുള്ളതിനാല്‍ തങ്ങള്‍ക്ക് നല്ല ഭയമായിരുന്നു എന്ന് ക്ലാര കുറിച്ചു. മകള്‍ക്ക് നല്ല ചുമയും ഉണ്ടായിരുന്നു. എന്നാല്‍ ശ്വാസതടസ്സം ഉണ്ടായിരുന്നില്ല. ഒരാഴ്ചത്തെ ടെന്‍ഷനു ശേഷം ഇപ്പോള്‍ രോഗത്തില്‍ നിന്നു മുക്തി നേടിവരികയാണ് നതാലിയ.

കൊച്ചു കുഞ്ഞുങ്ങള്‍ക്ക് കൊറോണ വരില്ല എന്നായിരുന്നു തങ്ങളുടെ ധാരണ എന്നും അമ്മ ക്ലാര പറയുന്നു. സാമൂഹികഅകലം പാലിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ക്ലാര പറഞ്ഞു. കുഞ്ഞുങ്ങളെയും സൂക്ഷിക്കണം എന്നുപറഞ്ഞുകൊണ്ടുള്ള നതാലിയയുടെ അമ്മ പങ്കുവെച്ച പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്തത്. ക്ലാരയ്ക്കും ഇപ്പോള്‍ കൊവിഡ് സംശയിക്കുന്നുണ്ട്.