Asianet News MalayalamAsianet News Malayalam

നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്യേണ്ട അഞ്ച് ടെസ്റ്റുകള്‍...

വിഷാദം, മൂഡ് മാറ്റം, വണ്ണം കൂടുന്നത്, മുടി കൊഴിച്ചില്‍ എന്നിങ്ങനെ ശാരീരികമായും അതുപോലെ തന്നെ മാനസികമായും ബാധിക്കുന്ന ഒരുപിടി പ്രശ്‌നങ്ങളാണ് ആര്‍ത്തവവിരാമത്തിന് തൊട്ട് മുമ്പും ശേഷവും ആയി സ്ത്രീകളില്‍ കാണാറുള്ള പൊതുവേയുള്ള ലക്ഷണങ്ങള്‍. ഇതിനെയെല്ലാം വളരെ മനോഹരമായി എതിരിടാവുന്നതാണ്. അതിന് ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്‌തേ പറ്റൂ

five medical tests which should done by women after 40
Author
Trivandrum, First Published Feb 19, 2020, 10:00 PM IST

നാല്‍പത് കടന്ന സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പ്രായമാകുന്നു എന്നതല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. മറിച്ച് ആര്‍ത്തവവിരാമത്തിലേക്ക് കടക്കുന്ന സ്റ്റേജ് ആണിത്. അതിനാല്‍ത്തന്നെ, ശരീരം പല തരത്തിലുള്ള മാറ്റങ്ങളിലേക്ക് കടന്നേക്കാം. ഇതിനുള്ള മുന്നൊരുക്കം എന്ന നിലയിലാണ് നമ്മള്‍ ജാഗ്രത പുലര്‍ത്തുന്നത്. മതിയായ ആരോഗ്യത്തോടും സന്തോഷത്തോടും കൂടി മദ്ധ്യവയസിനെ ആഘോഷിക്കാന്‍ എടുക്കുന്ന തയ്യാറെടുപ്പായി, അത്രയും 'പൊസിറ്റീവ്' ആയിവേണം സ്ത്രീകള്‍ ഇതിനെ കാണാന്‍. നിങ്ങളുടെ സമീപനം നിങ്ങളുടെ ആരോഗ്യത്തെ വലിയ തോതില്‍ സ്വാധീനിക്കുമെന്ന് ആദ്യം മനസിലാക്കുക. 

വിഷാദം, മൂഡ് മാറ്റം, വണ്ണം കൂടുന്നത്, മുടി കൊഴിച്ചില്‍ എന്നിങ്ങനെ ശാരീരികമായും അതുപോലെ തന്നെ മാനസികമായും ബാധിക്കുന്ന ഒരുപിടി പ്രശ്‌നങ്ങളാണ് ആര്‍ത്തവവിരാമത്തിന് തൊട്ട് മുമ്പും ശേഷവും ആയി സ്ത്രീകളില്‍ കാണാറുള്ള പൊതുവേയുള്ള ലക്ഷണങ്ങള്‍. ഇതിനെയെല്ലാം വളരെ മനോഹരമായി എതിരിടാവുന്നതാണ്. 

അതിന് ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്‌തേ പറ്റൂ. മികച്ച ഡയറ്റ്- അതായത് ആവശ്യമുള്ള നല്ല ഭക്ഷണം എന്നേ അര്‍ത്ഥമാക്കുന്നുള്ളൂ. കൃത്രിമമധുരം, ജങ്ക് ഫുഡ്, പ്രോസസ്ഡ് ഫുഡ് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ആഴത്തിലുള്ള ഉറക്കം ഉറപ്പിക്കണം. മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നെല്ലാം കഴിവതും അകന്നുനില്‍ക്കുക. അതിനുള്ള കഴിവ് നിങ്ങള്‍ തീര്‍ച്ചയായും ആര്‍ജ്ജിച്ചിരിക്കും. അത് ഉപയോഗിക്കേണ്ടതേയുള്ളൂ. അവനവന്റെ ആരോഗ്യത്തിന് അനുസരിച്ച എന്തെങ്കിലും വ്യായമവും നിര്‍ബന്ധമാക്കുക. 

 

five medical tests which should done by women after 40

 

ഇതോടൊപ്പം തന്നെ ചില രോഗങ്ങള്‍ നിശബ്ദമായി കടന്നുവരാറുണ്ട്. അവയെ തിരിച്ചറിയാന്‍ പതിവായി ചില ടെസ്റ്റുകളും നാല്‍പത് കടന്ന സ്ത്രീകള്‍ ചെയ്യേണ്ടതുണ്ട്. അത്തരത്തിലുള്ള അഞ്ച് ടെസ്റ്റുകളെക്കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അത് നിര്‍ബന്ധമായും ഇടയ്ക്കിടെ ഉറപ്പിക്കേണ്ടതുണ്ട്. ഇതിന് ഇസിജി, 2ഡി എക്കോ ടെസ്റ്റ്, സ്‌ട്രെസ് ടെസ്റ്റ്, ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റ് എന്നിവയാണ് നോക്കേണ്ടത്. വര്‍ഷത്തിലൊരിക്കലെങ്കിലും നിങ്ങളിത് നിര്‍ബന്ധമായും 'അപ്‌ഡേറ്റ്' ചെയ്യുക. 

രണ്ട്...

ഇന്ത്യന്‍ സ്ത്രീകളില്‍ പൊതുവേ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് രക്തക്കുറവ്. അതായത്, രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥ. നിസാരമെന്ന് കരുതുന്ന എന്നാല്‍ വളരെ ഗൗരവമുള്ള ഒരു വിഷയമാണിത്. പല അവസ്ഥകളിലേക്ക് നമ്മെയെത്തിച്ചേക്കാവുന്ന ഒരു പ്രശ്‌നം. അതിനാല്‍ത്തന്നെ, നാല്‍പതുകളിലെ സ്ത്രീകള്‍ ഹീമോഗ്ലോബിന്റെ അളവ് എപ്പോഴും 'നോര്‍മല്‍' ആണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുക. 

മൂന്ന്...

വെറുമൊരു ജീവിതശൈലീ രോഗമെന്ന പേരില്‍ നിന്ന് അല്‍പം ശ്രദ്ധിക്കേണ്ട വില്ലന്‍ എന്ന നിലയിലേക്ക് പ്രമേഹത്തെ നമ്മള്‍ മാറ്റി പ്രതിഷ്ഠിച്ചുകഴിഞ്ഞു. 

 

five medical tests which should done by women after 40

 

പ്രമേഹമുണ്ടാക്കുന്ന പല അനുബന്ധ പ്രശ്‌നങ്ങളേയും കുറിച്ച് മിക്കവാറും എല്ലാവരും ഇന്ന് അറിവുണ്ട്. അതുകൊണ്ട് തന്നെ, പ്രമേഹവും പതിവായി ചെക്ക് ചെയ്ത് 'നോര്‍മല്‍' ആണെന്ന് ഉറപ്പിക്കേണ്ടതാണ്. 

നാല്...

തൈറോയ്ഡാണ് സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു വില്ലന്‍. പ്രായം കൂടുംതോറും ഇതിന്റെ വെല്ലുവിളികളുടെ സാധ്യതയും കൂടി വരും. അതിനാല്‍ ഇതും പതിവായി പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.

അഞ്ച്...

ഏറ്റവും പ്രധാനപ്പെട്ട ഒരു പരിശോധനയെക്കുറിച്ചാണ് അഞ്ചാമതായി പറയാനുള്ളത്. സ്തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം എന്നിവ സ്ത്രീകളില്‍ വലിയ അളവില്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് ഇന്നുള്ളത്. നേരത്തേ കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സയിലൂടെ, പ്രതിരോധിക്കാവുന്നതാണ് ഈ രണ്ട് തരം ക്യാന്‍സറുകളും. ഇവ രണ്ടും നേരത്തേ കണ്ടെത്തണമെങ്കില്‍ കൃത്യമായ സ്‌ക്രീനിംഗ് നടത്തേണ്ടതുണ്ട്. മാമോഗ്രാം, പാപ്‌സ്മിയര്‍ എക്‌സാമിനേഷന്‍ എന്നിങ്ങനെ ഇവ കണ്ടെത്താനുള്ള പരിശോധനകള്‍ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ചെയ്യാവുന്നതാണ്. 

Follow Us:
Download App:
  • android
  • ios