വാഷിങ്ടൺ: അമേരിക്കയിലെ ഒരു ഫാഷൻ ഡിസൈനിങ് സ്കൂളിൽ നടന്ന ഫാഷൻ ഷോ വൻ ചർച്ചകൾക്കും വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്. ഫാഷൻ ഷോയിൽ അണിയാൻ നൽകിയ ആക്സസറിസുകൾ ഉപയോ​ഗിക്കാൻ ആഫ്രിക്കൻ-അമേരിക്കൻ മോഡലായ ആമി ലെഫെവ്രെ വിസമ്മതിച്ചതോടെയാണ് വിവാദം പുകയാൻ തുടങ്ങിയത്.

വംശീയാധിക്ഷേപം നടത്തുന്ന തരത്തിലുള്ള വസ്തുക്കളാണ് തനിക്ക് അണിയാൻ തന്നതെന്നും അത് അണിഞ്ഞ് റാംപിൽ നടക്കാൻ കഴിയില്ലെന്നും ആമി ലെഫെവ്രെ അറിയിച്ചു. ഇതിന് പിന്നാലെ രൂക്ഷവിമർശനങ്ങളാണ് പരിപാടി സംഘടിപ്പിച്ച കോളേജിനെതിയരെയും ആക്സസറിസുകൾ തയ്യാറാക്കിയ ഡിസൈനർക്കുമെതിരെ  ലോകത്തിന്റെ നാനഭാ​ഗത്തുനിന്നും ഉയർന്നത്.

ഫെബ്രുവരിയിലാണ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എംഎ വിദ്യാർഥികൾ ചേർന്ന് ഫാഷൻ ഷോ സംഘടിപ്പിച്ചത്. കോളേജിൽനിന്ന് പഠിച്ചിറങ്ങിയ പത്ത് പൂർവ്വവിദ്യാർഥികൾ തയ്യാറാക്കിയ വസ്ത്രങ്ങളാണ് ഷോയിൽ പ്രദർശനത്തിനെത്തിച്ചത്. കോളേജിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു എംഎ വി​ദ്യാർഥികൾ പരിപാടി സംഘടിപ്പിച്ചത്. ഡിസൈനറും പൂർവ്വവിദ്യാർഥിയുമായ ജുൻ കൈ ഹുവാങ്ങിന്റെ ഡിസൈൻ ആയിരുന്നു പരിപാടിയിലെ പ്രധാന ആകർഷണം.

ചുവന്ന് തടിച്ച ചുണ്ടുകളും വലിയ ചെവിടുകളും കട്ടിയുള്ള പുരികങ്ങളുമാണ് ജുൻ കൈ ഹുവാങ്ങ് ജിസൈൻ ചെയ്ത വസ്ത്രത്തിനൊപ്പം അണിയാനായി ഒരുക്കിയിരുന്നത്. ഷോയിൽ പങ്കെടുക്കാനെത്തിയ ആമി ലെഫെവ്രെ ഒഴിച്ച് ബാക്കിയുള്ള മുഴുവൻ മോഡലുകളും ലഭിച്ച വസ്ത്രങ്ങളും ആക്സസറിസുകളും അണിഞ്ഞ് റാംപിലെത്തി. എന്നാൽ, ആമി ലെഫെവ്രെ ഡിസൈനർ വസ്ത്രം മാത്രം ധരിച്ചാണ് റാംപിലെത്തിയത്. ഫാഷൻ ഷോയിൽ പങ്കെടുക്കാനെത്തിയ ആമി ലെഫെവ്രെ ആക്സസറിസുകൾ അണിയാൻ വിസമ്മതിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആമി ലെഫെവ്രെ

(ആമി ലെഫെവ്രെ)

ആക്സസറിസുകൾ ധരിക്കാതെയാണ് 25 വയസുകാരിയായ യുവതി റാംപിലൂടെ നടന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കുരങ്ങൻമാരുടെതു പോലുള്ള വലിയ ചെവിയും ചുണ്ടുകളുമായിരുന്നു വസ്ത്രത്തിന് ഉപയോ​ഗിച്ചിരുന്ന ആക്സസറിസുകൾ. അത് താൻ അണിയില്ലെന്ന് വ്യക്തമാക്കിയാണ് റാംപിലൂടെ നടന്നതെന്ന് മോഡലായ ആമി ലെഫെവ്രെ പറഞ്ഞു. ഇതോടെ കടുത്ത വംശീയാധിക്ഷേപമാണ് ഷോയിൽ നടന്നതെന്ന വിമർശനം ഉയരാൻ തുടങ്ങി. വംശീയാധിക്ഷേപം നടത്തുന്ന തരത്തിലുള്ള ആക്സസറിസുകളാണ് ഷോയിൽ മോഡലുകൾ ഉപയോ​ഗിച്ചിരിക്കുന്നതെന്നും കുരങ്ങനെ ഓർമ്മപ്പെടുത്തുന്നതാണ് മോഡലുകൾ അണിഞ്ഞ ആക്സസറിസുകൾ എന്നുമാണ് പ്രധാനമായും ഉയരുന്ന വിമർശനം.