പാട്ടന്‍(ഗുജറാത്ത്): ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന യുഎസ് പ്രസിഡന്‍റ്  ഡോണള്‍ഡ് ട്രംപിന്‍റെ ഭാര്യ മെലാനിയ ട്രംപിന് പ്രധാനമന്ത്രി നല്‍കുന്ന സമ്മാനം പട്ടുസാരിയെന്ന് സൂചന. ലക്ഷങ്ങള്‍ വില വരുന്ന പട്ടോള സില്‍ക്ക് സാരിയാവും നല്‍കുക. ഗുജറാത്തിലെ പാട്ടന്‍ നഗരത്തില്‍ ഓര്‍ഡറുകള്‍ അനുസരിച്ച് മാത്രം നിര്‍മ്മിക്കുന്നവയാണ് ഇവ. പട്ടോള സാരിയുടെ പകുതി നെയ്തെടുക്കാന്‍ ആറ് മാസം സമയമെടുക്കും. പന്ത്രണ്ടോളം നെയ്ത്തുകാര്‍ ചേര്‍ന്നാണ് സാരി നെയ്യുന്നത്. യന്ത്രങ്ങളോ കംപ്യൂട്ടര്‍ ഡിസൈനുകളോ പട്ടോള സാരിയുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കാറില്ല.

പട്ട് നൂലുകള്‍ സ്വാഭാവിക നിറങ്ങള്‍ ഉപയോഗിച്ച് വര്‍ണം നല്‍കും. ഒരു തരത്തിലുമുള്ള രാസവസ്തുക്കള്‍ ഈ നിറങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കാറില്ല. സാരി കീറി നശിക്കുന്ന അവസ്ഥയില്‍പ്പോലും വര്‍ണങ്ങള്‍ മാറിയില്ല എന്നതാണ് ഈ നിറങ്ങളുടെ പ്രത്യേകതയെന്ന് പട്ടോള സാരിയുടെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മുന്നൂറ് വര്‍ഷം വരെ സാരിയുടെ നിറം മങ്ങില്ലെന്നാണ് നെയ്ത്തുകാരുടെ അവകാശ വാദം. പട്ട് നൂലുകളില്‍ ചായം പിടിക്കാന്‍ തന്നെ 70 ദിവസത്തില്‍ അധികം വേണമെന്നും നെയ്ത്തുകാര്‍ വ്യക്തമാക്കുന്നു. 500 മുതല്‍ 600 ഗ്രാം പട്ട് നൂലാണ് ഒരു പട്ടോള സാരി നിര്‍മ്മിക്കാന്‍ ആവശ്യമായിട്ടുള്ളത്. ഈ നിറങ്ങള്‍ക്ക് 3000 രൂപയില്‍ അധികം വിലവരും. കിലോയ്ക്ക് 2000 രൂപയോളം വിലവരുന്ന പട്ടുനൂല്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിക്കുന്നത്. ഏറ്റവും വില കുറഞ്ഞ പട്ടോള സാരിക്ക് ഒന്നര ലക്ഷം രൂപയോളം വില വരും. ഓര്‍ഡര്‍ നല്‍കി ഒരുവര്‍ഷത്തോളം സമയം കഴിഞ്ഞാലാണ് ഇത് ലഭിക്കുക.

മികച്ച വിഭാഗത്തിലുള്ള പട്ടോള സാരിയുടെ വില ആരംഭിക്കുന്നത് 3 ലക്ഷം രൂപയില്‍ നിന്നാണ്. ഏറ്റവും മികച്ച പട്ടോള സാരിക്ക് 7 ലക്ഷം രൂപയോളം വില വരുമെന്നാണ് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നിര്‍മ്മാണത്തിലെ പ്രത്യേകതയും നെയ്ത്തുകാരുടെ കരവിരുതുമാണ് പട്ടോള സാരിയെ മനോഹരമാക്കുന്നത്. എന്നാല്‍ പട്ടോള സാരി നിര്‍മ്മിക്കാന്‍ അറിയാവുന്ന നെയ്ത്തുകാരുടെ എണ്ണം കുറയുന്നത് സാരി നിര്‍മ്മാണത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് പട്ടോള സാരി നിര്‍മ്മാതാവായ രാഹുല്‍ സാല്‍വി പറയുന്നു.

ഗുജറാത്തിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ ആശാവാലിയെന്ന് ഒരു ഗ്രാമം തന്നെ പട്ടോള സാരിയുടെ നിര്‍മ്മാണത്തിന്‍റെ പേരിലാണ് അറിയപ്പെടുന്നത്. രണ്ടു രീതിയിലുള്ള പട്ടോള സാരിയാണ് ഗുജറാത്തില്‍ ലഭ്യമായിട്ടുള്ളത്. സിംഗിള്‍ ഇകത് രീതിയില്‍ നെയ്യുന്ന രാജ്കോട്ട് പട്ടോളയും ഡബിള്‍ ഇകത് രീതിയില്‍ നെയ്യുന്ന പാട്ടന്‍ പട്ടോളയും. മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള സല്‍വി പട്ടുസാരി നെയ്ത്തുകാരാണ് പട്ടോള സാരി നിര്‍മ്മിക്കുന്നത്. പാട്ടനില്‍ എഡി 1200ല്‍ എത്തിയവരാണ് തങ്ങള്‍ എന്നാണ് സല്‍വി നെയ്ത്തുകാരുടെ അവകാശവാദം. ലോകത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ ഡിസൈനുകളാണ് പട്ടോള സാരികളിലേത് എന്നാണ് പറയപ്പെടുന്നത്.