ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി പോലും പറഞ്ഞിട്ടും ഇന്നും നമ്മുടെ സമൂഹത്തിന് അത് അംഗീകരിക്കാനായിട്ടില്ല എന്നാണ് ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ മനസ്സിലാകുന്നത്. ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ പോലും അവിടെ സദാചാരം പഠിപ്പിക്കാനെത്തുന്ന ആളുകളുടെ ഈ നാട്ടില്‍ ഇത് നടന്നതില്‍ അത്ഭുതമൊന്നുമില്ല. സ്വവർഗ ദമ്പതികളെ ചെന്നൈയിലെ ഹോട്ടലിൽ നിന്നും പുറത്താക്കിയതാണ് പുതിയ വാര്‍ത്ത. 

അതിഥികൾക്ക് അരോചകമാം വിധം പെരുമാറിയെന്ന കാരണം പറഞ്ഞാണ് രസികാ ഗോപാലകൃഷ്ണൻ, ശിവാങ്കി സിങ് എന്നീ യുവതികളെ ഹോട്ടലിൽ നിന്നും പുറത്താക്കിയത്.  ജൂലൈ 28ന് ചെന്നൈയിലെ ദി സ്ലേറ്റ് ഹോട്ടലിലാണ് സംഭവം നടന്നത്. ഇതേപ്പറ്റി രസിക തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

ശനിയാഴ്ച രാത്രിയാണ് താനും കൂട്ടുകാരിയും ദി സ്ലേറ്റ് ഹോട്ടലിലെത്തിയതെന്ന് രസിക കുറിച്ചു. തങ്ങൾ നൃത്തം ചെയ്യുന്നതിനിടയിൽ നാലഞ്ച് പുരുഷന്മാർ തങ്ങളെ നോക്കുന്നുണ്ടായിരുന്നു. ബാക്കിയെല്ലാവരും തങ്ങളെപ്പോലെ ആസ്വദിച്ച് നൃത്തം ചെയ്യുമ്പോൾ എന്തുകൊണ്ടാണ് അവർ തങ്ങളിൽ അനാവശ്യമായി ശ്രദ്ധചെലുത്തിയതെന്ന് അറിയില്ല. ഒരേ ലിംഗത്തിലുള്ളവർ നൃത്തം ചെയ്യുന്നത് ഇവർക്ക് സഹിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും രസിക തന്‍റെ പോസ്റ്റിൽ കുറിച്ചു.

തുടർന്ന് തങ്ങൾ വാഷ്‌റൂമിൽ പോയി. അൽപ സമയത്തിന് ശേഷം വാഷ്‌റൂമിന്‍റെ വാതിലിൽ ആരോ മുട്ടുന്നത് കേട്ട് തുറന്നപ്പോൾ നാല് പുരുഷ ജീവനക്കാരും ഒരു സ്ത്രീയും പുറത്തു നിൽക്കുന്നത് കണ്ടു. തങ്ങൾ വാഷ്‌റൂമിൽ മറ്റെന്തോ ചെയ്യുകയായിരുന്നെന്നും അതിഥികളിൽ നിന്നും പരാതി ഉയർന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. ഞങ്ങള്‍ ശരിക്കും ഭയന്നു. എന്താണ് സംഭവിക്കുന്നത് എന്നുപോലും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഇതിനകത്ത് എന്ത് ചെയ്യുകയായിരുന്നു എന്നായിരുന്നു അവരുടെ അടുത്ത ചോദ്യം. സുഹൃത്തിന് പെട്ടെന്ന് എന്തോ വയ്യാതെ വന്നതിനാല്‍ അവളെ സഹായിക്കാനാണ് താനും കൂടെ കയറിയതെന്ന് പറഞ്ഞപ്പോള്‍ സഹായിക്കാനോ അതോ മറ്റെന്തങ്കിലും ചെയ്യുകയായിരുന്നോ എന്നായിരുന്നു അവരുടെ ചോദ്യം. എത്രയും വേഗം ഹോട്ടലിൽ നിന്നും പോകണമെന്നും അവർ ആവശ്യപ്പെട്ടു.

എന്നാൽ താനും സുഹൃത്തും മറ്റുള്ളവർക്ക് യാതൊരു രീതിയിലുള്ള ബുദ്ധിമുട്ടും സൃഷ്ടിച്ചിട്ടില്ലെന്നും രസിക വ്യക്തമാക്കുന്നു. മറ്റ് സ്വവർഗ ദമ്പതികളെ പോലെ തങ്ങള്‍ ഇടപഴകിയിട്ടില്ല. ഒരു പൊതുസ്ഥലത്താണ് നില്‍ക്കുന്നത് എന്ന ബോധം തങ്ങള്‍ക്ക് ഉണ്ടായിരുന്നു എന്നും രസിക പറയുന്നു. 

അതിഥികൾക്ക് അരോചകമാകും വിധം സ്റ്റേജിൽ കയിറിനിന്ന് ചുംബിക്കുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്‌തെന്നാണ് മാനേജർ പറഞ്ഞതെന്ന് ശിവാങ്കി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. അതിന്‍റെ വീഡിയോ കൈവശമുണ്ടെന്നും മാനേജർ പറഞ്ഞു. അതേസമയം, വീഡിയോ കാണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മാനേജർ അതിൽ നിന്നും ഒഴിഞ്ഞു മാറുകയാണ് ചെയ്തതെന്നും യുവതികൾ പറയുന്നു.