Asianet News MalayalamAsianet News Malayalam

Baahubali Banana : ബാഹുബലി വാഴ, കർഷകന്റെ തോട്ടത്തിലെ ഭീമൻ വാഴക്കുല കാണാൻ ആളുകളുടെ തിരക്ക്!

അസാധാരണമായ വാഴയുമായി സെൽഫിയെടുക്കാൻ നിരവധി പേരാണ് സുദർശന്റെ തോട്ടത്തിൽ എത്തുന്നത്. 

Baahubali Banana popular banana plant in Andhra Pradesh
Author
Andhra Pradesh, First Published Feb 16, 2022, 9:26 AM IST

ഒരു വാഴ ന​ഗരത്തിലെയാകെ തന്നെ സംസാരവിഷയമാകുമെന്ന് ആരു കണ്ടു? എന്നാൽ, ആന്ധ്രാപ്രദേശി(Andhra Pradesh)ലെ ഈ വാഴക്കുല വലിയ സംസാരവിഷയം തന്നെയായി. അതിന് കാരണവുമുണ്ട്. ആന്ധ്രാപ്രദേശിലെ ഒരു കർഷകന്റെ തോട്ടത്തിൽ നട്ടുവളർത്തിയ വാഴച്ചെടി 'ബാഹുബലി വാഴ'(Baahubali Banana) എന്നാണ് അറിയപ്പെടുന്നത്. ഇതിൽ നിന്നുള്ള വാഴക്കുലയ്ക്ക് ഏഴടിയിലധികം നീളമുണ്ട്, 60 കിലോയാണ് ഭാരം. ഈ വാഴക്കുല പ്രദേശവാസികൾക്കിടയിൽ ചർച്ചയായി കഴിഞ്ഞു. ഈ ഭീമൻ വാഴക്കുല എടുത്ത് പൊക്കണമെങ്കിൽ തന്നെ നല്ല ആരോ​ഗ്യം വേണം. 

കോട്ടപ്പള്ളി സോണിലെ വാകത്തിപ്പ ഗ്രാമത്തിലാണ് ഈ വാഴത്തൈ വളർന്നത്. യു കോട്ടപ്പള്ളി ഗ്രാമത്തിലെ അനല സദർശൻ എന്ന നാട്ടുകാരൻ വളർത്തുന്നത് അമൃത ഇനം വാഴയാണ്. 140 -ലധികം പഴങ്ങളാണ് തൈയിലുണ്ടായത്. ഒരു വർഷം മുമ്പ് ബാംഗ്ലൂരിലെ മകളുടെ വീട്ടിൽ നിന്നാണ് വാഴത്തൈ കൊണ്ടുവന്നതെന്ന് ഉടമ സുദർശൻ പറയുന്നു. വാഴകൾ വൻതോതിൽ വളർന്ന് ഭാരം താങ്ങാനാവാതെ ഒടിഞ്ഞുവീണു. ഇത്തരത്തിലുള്ള മറ്റ് രണ്ട് വാഴകളും കൃഷിയിടത്തിലുണ്ട്. 

സാധാരണയായി, വാഴത്തണ്ടുകൾ 3-5 അടി വരെ നീളത്തിൽ വളരുന്നു, 30 കിലോയിൽ ഭാരവും കൂടില്ല. പക്ഷേ, ഇത് വളരെ വലിപ്പത്തിലുള്ളതായതിനാൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. അസാധാരണമായ വാഴയുമായി സെൽഫിയെടുക്കാൻ നിരവധി പേരാണ് സുദർശന്റെ തോട്ടത്തിൽ എത്തുന്നത്. 

വാഴപ്പഴം പക്ഷേ സാധാരണ പഴങ്ങളു‌ടെ വലിപ്പത്തിൽ തന്നെയാണ്. എന്നാൽ, വലിയ പഴങ്ങളുണ്ടായ സന്ദർഭങ്ങളും ഉണ്ട്. കഴിഞ്ഞ വർഷം, സോമർസെറ്റിലെ വെസ്റ്റൺ-സൂപ്പർ-മാരിൽ നിന്നുള്ള സാം പാമർ എന്ന സ്ത്രീ വലിയ വലിപ്പത്തിലുള്ള ഒരു പഴം കണ്ട് ‍ഞെട്ടിയിരുന്നു. ആ പഴത്തിന് അവരുടെ കയ്യുടെ വലിപ്പമുണ്ടായിരുന്നു. പഴത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് സാം പറഞ്ഞു: "ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വാഴപ്പഴമാണിത്. ഇതിനകം വീട്ടിൽ ഉണ്ടായിരുന്നതിന്റെ ഇരട്ടി, അല്ലെങ്കിൽ മൂന്നിരട്ടി വലിപ്പമുണ്ടായിരുന്നു അതിന്, 12 ഇഞ്ച് നീളം."

ഏതായാലും, വാഴ പലതരത്തിലും വാർത്താപ്രാധാന്യം നേടാറുണ്ട്. സാമൂഹികമായ അവസ്ഥകളിൽ രോഷം പ്രകടിപ്പിക്കാനും ആളുകൾ വാഴ ഉപയോ​ഗിക്കാറുണ്ട്. നമ്മുടെ റോഡുകളിലെ കുഴി നികത്താത്തതിൽ പ്രതിഷേധിച്ച് ആളുകൾ വാഴ വയ്ക്കുന്നത് കണ്ടിട്ടില്ലേ, അതുപോലെ. അത് കേരളത്തിൽ മാത്രമല്ല ലോകത്തിന്റെ പലഭാ​ഗത്തും കാണാറുണ്ട്. ഒരു ഫ്ലോറിഡക്കാരൻ റോഡിന്റെ അവസ്ഥയെക്കുറിച്ച് ബോധ്യപ്പെടുത്താൻ റോഡിലെ കുഴിയിൽ വാഴ വയ്ക്കുകയുണ്ടായി. അതിനടുത്ത് കട നടത്തുന്ന ഇയാൾ സ്ഥിരമായി സിസിടിവി -യിലൂടെ ആ കുഴിയിൽ വീണ് കാറുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് കണ്ടതിനാലാണത്രെ അങ്ങനെയൊരു കാര്യം ചെയ്‍തത്.

Latest Videos
Follow Us:
Download App:
  • android
  • ios