Asianet News MalayalamAsianet News Malayalam

Thrikarthika 2023 : തൃക്കാർത്തിക ; ഐതിഹ്യങ്ങളും വിശ്വാസങ്ങളും

വിളക്ക്, പ്രകാശം പരത്തുന്നതു പോലെ തൃക്കാര്‍ത്തിക ഭക്തരുടെ ജീവിതത്തിലും ഐശ്വര്യം പകര്‍ത്തുന്നു എന്നാണ് വിശ്വാസം. വൃശ്ചികമാസത്തിലെ പൗർണ്ണമിയോട് ചേർന്നു വരുന്ന ഈ ദിവസം പാലാഴിയിൽ നിന്ന്  സ്വയംവര മാല്യവുമായി ഉയർന്നു വന്ന് ദേവി,മഹാവിഷ്ണുവിനെ വരനായി സ്വീകരിച്ചു എന്നാണ് ഐതിഹ്യം.
 

thrikarthika 2023 festival of lamp
Author
First Published Nov 27, 2023, 1:42 PM IST

വൃശ്ചിക മാസത്തിലെ തൃക്കാർത്തിക മഹാലക്ഷമിയുടെ ജന്മനക്ഷത്രം ആണ്. അന്ന് മൺചെരാതുകളിൽ ദീപം തെളിയിക്കണം. ഐശ്വര്യ സമൃദ്ധിയുടെ പ്രതീകമായ ലക്ഷ്മീ ദേവിയുടെ അവതാരദിനമാണ് തൃക്കാർത്തിക എന്നാണ് വിശ്വാസം. സന്ധ്യക്ക് ക്ഷേത്രങ്ങളിലും, വീടുകളിലും വിളക്കുകൾ തെളിയിക്കും.

വിളക്ക്, പ്രകാശം പരത്തുന്നതു പോലെ തൃക്കാർത്തിക ഭക്തരുടെ ജീവിതത്തിലും ഐശ്വര്യം പകർത്തുന്നു എന്നാണ് വിശ്വാസം. വൃശ്ചികമാസത്തിലെ പൗർണ്ണമിയോട് ചേർന്നു വരുന്ന ഈ ദിവസം പാലാഴിയിൽ നിന്ന്  സ്വയംവര മാല്യവുമായി ഉയർന്നു വന്ന് ദേവി മഹാവിഷ്ണുവിനെ വരനായി സ്വീകരിച്ചു എന്നാണ് ഐതിഹ്യം.

ദേവിയെ പ്രാർത്ഥിക്കുന്നതും ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും സാമ്പത്തിക ക്ലേശം തീരാൻ ഉത്തമമാണ്. കാർത്തിക നാൾ സന്ധ്യക്ക് നെയ്‌വിളക്ക് തെളിക്കുന്നത് ഐശ്വര്യമാണ്. ഒരു ദീപമെങ്കിലും കൊളുത്തി അതിനു മുമ്പിലിരുന്ന് ലക്ഷ്മീ ദേവിയെയും വിഷ്ണു ഭഗവാനെയും പ്രാർത്ഥിക്കണം.

മൺചെരാതിലോ നിലവിളക്കിലോ വീട്ടിൽ 108 ദീപങ്ങൾ തെളിക്കുന്നത് ഉത്തമം. കർമ്മമേഖലയിലെ ദുരിതവും, തടസ്സവും മാറുന്നതിന് 36 ഉം,രോഗശാന്തിക്ക് 41ഉം ഇഷ്ടകാര്യവിജയത്തിന് 36 ഉംശത്രുദോഷ ശാന്തിക്ക് 84 ഉംധനാഭിവൃദ്ധിക്ക് 51 ഉം വിദ്യാ വിജയത്തിന് 48 ഉം പ്രേമവിജയത്തിന് 64 ഉം ദീപങ്ങൾ തെളിയിക്കുന്നത് ഫലപ്രദമാണ്. അഗ്‌നി നക്ഷത്രമാണ് കാർത്തിക. 

ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകം കൂടിയാണിത്. കാർത്തിക നക്ഷത്രവും, പൗർണ്ണമിയും ഒരുമിച്ചു വരുന്ന തൃക്കാർത്തിക ദിനത്തിലാണ് ഈ നക്ഷത്രത്തിന് പൂർണ്ണബലം സിദ്ധിക്കും. വീട്ടിലെ സകലദോഷങ്ങളും,തിന്മകളും ദുർബാധകളും ഇത്തരത്തിൽ വിളക്കുകൾ കത്തിക്കുന്നതോടെ  ഇല്ലാതാകും എന്നാണ് വിശ്വാസം. തൃക്കാർത്തിക ദിവസം ദേവിയുടെ സാന്നിധ്യം ഭൂമിയിൽ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. അതിനാൽ ഈ ദിവസത്തെ പ്രാർത്ഥനയ്ക്ക് പെട്ടെന്ന് ഫലം ഉണ്ടാകുമെന്ന് കരുതുന്നു.

വൃതമെടുത്താണ് ഭക്തർ തൃക്കാർത്തിക ദിനത്തിൽ വിളക്കുകൾ കത്തിക്കുന്നത്. ഇത് ആചാരത്തിന്റെ ഭാഗമാണ്. ലളിതാ സഹസ്രനാമജപം, ദേവീകീർത്തന ജപം മുതലായവ നടത്തുകയും ചെയ്യുന്നു.സന്ധ്യയ്ക്ക് പൂജാമുറിയിൽ വിളക്കുതെളിച്ച്‌, തുടർന്ന് നടുമുറ്റത്തൊരുക്കിയ കാർത്തിക ദീപത്തിലും, തുടർന്ന് മൺചെരാതുകളിലും തിരി തെളിയിച്ച്‌ വീടാകെ ദീപങ്ങൾ കൊണ്ട് അലങ്കരിക്കും.

വാഴത്തടയിൽ കുരുത്തോലയും, പൂക്കളും കൊണ്ട് അലങ്കരിച്ചാണ് കാർത്തിക വിളക്ക് തെളിയിക്കന്നത്. പുഴുക്ക്, അട, കരിക്ക് എന്നിവയാണ് കാർത്തിക നാളിൽ വിളക്കു വെച്ച ശേഷം വിളമ്പുക. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഇവ ആസ്വദിക്കുന്നു. പാർവതീദേവി കാർത്യായനി രൂപത്തിൽ അവതരിച്ച ദിവസമാണു തൃക്കാർത്തിക എന്നാണ് ഒരു ഐതിഹ്യം.

 അതുകൊണ്ടു കാർത്യായനീ ദേവിയുടെ ജന്മദിനം എന്ന നിലയിലാണ് കേരളത്തിൽ കാർത്തിക ആഘോഷിക്കുന്നത്. തൃക്കാർത്തിക സുബ്രഹ്മണ്യനുമായി ബന്ധപ്പെട്ട ആഘോഷമാണ്. ശരവണപ്പൊയ്കയിൽ പിറന്നു വീണസുബ്രഹ്മണ്യനെ കൃത്തികമാർ എന്ന ആറ് അമ്മമാർ എടുത്തുവളർത്തിയതു മൂലം ആറു മുഖമുണ്ടായെന്നാണു ഒരു വിശ്വാസം.

ഈയവസ്ഥയിൽ ശ്രീ പാർവതീദേവി കുട്ടിയെ എടുത്ത് ഒന്നാക്കിയപ്പോൾ വീണ്ടും ഒരു മുഖമായി എന്നു വിശ്വസിക്കപ്പെടുന്നു. ഇങ്ങനെ പാർവതി സുബ്രഹ്മണ്യനെ എടുത്തത് തൃക്കാർത്തിക ദിവസമാണ് എന്നും ഒരു ഐതിഹ്യമുണ്ട്. അതിനാലാണ് തൃക്കാർത്തിക നാളിൽ സുബ്രഹ്മണ്യനെ പൂജിക്കുന്നത്.

തയ്യാറാക്കിയത്:
ഡോ : പി.ബി രാജേഷ് 
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337

തൃക്കാർത്തികയുടെ പ്രാധാന്യം ; കൂടുതലറിയാം

 

Follow Us:
Download App:
  • android
  • ios