ടാറ്റ മോട്ടോഴ്‌സ് ഈ വർഷം നാല് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ പദ്ധതിയിടുന്നു, അതിൽ പഞ്ച് / പഞ്ച് ഇവി, സിയറ, ഹാരിയർ, സഫാരി പെട്രോൾ വകഭേദങ്ങൾ എന്നിവ ഉൾപ്പെടുന്നു.

വർഷം ടാറ്റ മോട്ടോഴ്‌സ് നാല് ഉൽപ്പന്നങ്ങൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. അവയിൽ അപ്‌ഡേറ്റ് ചെയ്‌ത പഞ്ച്/പഞ്ച് ഇവി, സിയറ , ഹാരിയർ, സഫാരി പെട്രോൾ വകഭേദങ്ങൾ എന്നിവ ഉൾപ്പെടുന്നു . എങ്കിലും, വരാനിരിക്കുന്ന ഈ ടാറ്റ എസ്‌യുവികളുടെ ഔദ്യോഗിക ലോഞ്ച് തീയതികളും വിശദാംശങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ദീപാവലി സീസണിന് തൊട്ടുമുമ്പ് ചില ശ്രദ്ധേയമായ മാറ്റങ്ങളോടെ 2025 ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് എത്താൻ സാധ്യതയുണ്ട്.

പുതിയ ടാറ്റ പഞ്ചിന്റെ പരീക്ഷണ ഓട്ടം നടത്തുന്നത് അടുത്തിടെ കണ്ടെത്തിയിരുന്നു. പരീക്ഷണ ഓട്ടത്തിനിടെ ക്യാമറയിൽ പതിഞ്ഞ പുതിയ പഞ്ചിന്‍റെ വിവരങ്ങൾ സൂചിപ്പിക്കുന്നത് പഞ്ച് ഇവിയിൽ നിന്ന് ചില ഡിസൈൻ ഘടകങ്ങൾ കടമെടുത്തേക്കാം എന്നാണ്. ഈ മൈക്രോ എസ്‌യുവിയിൽ ചെറുതായി പരിഷ്കരിച്ച ബമ്പർ, സ്ലിമ്മർ ഹെഡ്‌ലാമ്പുകൾ, പുതിയ എൽഇഡി ഡിആർഎൽ സിഗ്നേച്ചർ എന്നിവയോടുകൂടിയ പരിഷ്കരിച്ച ഫ്രണ്ട് ഫാസിയ ഉണ്ടാകാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. സൈഡ് പ്രൊഫൈൽ വലിയ മാറ്റമില്ലാതെ തുടരും. അതേസമയം പുതിയ അലോയ് വീലുകളുടെ ഒരു സെറ്റ് ഇതിന് ലഭിക്കും.

ഉൾവശത്ത്, പുതിയ പഞ്ചിൽ 7 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ലെതറെറ്റ് പൊതിഞ്ഞ രണ്ട്-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ പുതിയ ആൾട്രോസിൽ നിന്ന് കടമെടുത്തേക്കാം . മൈക്രോ എസ്‌യുവിക്ക് ടച്ച് അധിഷ്ഠിത HVAC കൺട്രോൾ പാനലും ലഭിച്ചേക്കാം.

1.2 ലിറ്റർ, 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ നിന്നാണ് പുതുക്കിയ പഞ്ച് തുടർന്നും പവർ എടുക്കുന്നത്. 5 സ്പീഡ് മാനുവലും AMT ഗിയർബോക്സും ഉള്ള ഈ മോട്ടോർ 86 bhp കരുത്തും 113 Nm ടോർക്കും ഉത്പാദിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ടാറ്റയുടെ ട്വിൻ-സിലിണ്ടർ സിഎൻജി സിസ്റ്റവുമായി ജോടിയാക്കിയ അതേ പെട്രോൾ എഞ്ചിൻ ഉൾക്കൊള്ളുന്ന സിഎൻജി ഇന്ധന ഓപ്ഷനിലും മൈക്രോ എസ്‌യുവി ലഭ്യമാകും. ഈ സജ്ജീകരണം പരമാവധി 73.4 ബിഎച്ച്പി പവറും 103 എൻഎം ടോർക്കും നൽകുന്നു. നിലവിൽ, ഇത് 5-സ്പീഡ് മാനുവൽ ഗിയർബോക്സിൽ മാത്രമേ ലഭ്യമാകൂ.