സിട്രോൺ ഇന്ത്യ തങ്ങളുടെ നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ബസാൾട്ട് എസ്‌യുവിക്ക് 2.80 ലക്ഷം വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.

ഇന്ത്യയിലെ നാലാം വാർഷികം ആഘോഷത്തിന്റെ ഭാഗമായി, സിട്രോൺ ഇന്ത്യ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഒരു മികച്ച സമ്മാനം പ്രഖ്യാപിച്ചു . ജനപ്രിയ എസ്‌യുവി കൂപ്പെ സിട്രോൺ ബസാൾട്ടിന് 2.80 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ കമ്പനി പ്രഖ്യാപിച്ചു. ഈ ഓഫർ 2024 മാക്സ് എടി വേരിയന്‍റിന് മാത്രം ബാധകമാണ്. കൂടാതെ വളരെ പരിമിതമായ സമയത്തേക്ക് മാത്രമേ ലഭ്യമാകൂ. ഈ ഓഫറിൽ ക്യാഷ് ഡിസ്‍കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, ഫിനാൻസിലെ പലിശ നിരക്കിൽ കിഴിവ് തുടങ്ങിയവ ഉൾപ്പെടുന്നു. ഈ ഓഫർ 2024 മാക്സ് എടി വേരിയന്റിൽ മാത്രമുള്ളതാണ്.

ഇന്ത്യയിലെ ആദ്യത്തെ മാസ് മാർക്കറ്റ് എസ്‌യുവി കൂപ്പെയാണ് സിട്രോൺ ബസാൾട്ട്. സ്റ്റൈലിഷ് ഡിസൈൻ, ആധുനിക സവിശേഷതകൾ, താങ്ങാനാവുന്ന വില എന്നിവ കാരണം ഇത് അതിവേഗം ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഈ കാറിന്റെ എക്സ്-ഷോറൂം വില 8.32 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 14.10 ലക്ഷം രൂപ വരെ ഉയരുന്നു. ഒരു എസ്‌യുവിയുടെ കരുത്തിനൊപ്പം കൂപ്പെ സ്റ്റൈലിംഗും ഇത് വാഗ്ദാനം ചെയ്യുന്നു. ഓട്ടോമാറ്റിക് ട്രാൻസ്‍മിഷൻ (മാക്സ് എടി) വേരിയന്റിൽ കമ്പനി പ്രത്യേക കിഴിവ് വാഗ്ദാനം ചെയ്യുന്നു.

ബസാൾട്ടിന് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുണ്ട്. 81 bhp കരുത്തും 115 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ആദ്യത്തേത്. അഞ്ച്-സ്പീഡ് മാനുവൽ ഗിയർബോക്സിൽ മാത്രമേ ഇത് ലഭ്യമാകൂ. 108 bhp കരുത്തും 195 Nm ടോർക്കും നൽകുന്ന 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ്റെ ഓപ്ഷനും ബസാൾട്ടിനുണ്ട്. ആറ്-സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുമായാണ് ബസാൾട്ട് വരുന്നത്.

പോളാർ വൈറ്റ്, സ്റ്റീൽ ഗ്രേ, പ്ലാറ്റിനം ഗ്രേ, ഗാർനെറ്റ് റെഡ്, കോസ്മോ ബ്ലൂ എന്നിവ ഉൾപ്പെടുന്ന അഞ്ച് സിംഗിൾ-ടോൺ കളർ ഓപ്ഷനുകൾ ബസാൾട്ടിൽ ലഭ്യമാകും. വെള്ള, ചുവപ്പ് നിറങ്ങളിലുള്ള മേൽക്കൂരകളും ലഭിക്കും. ഇതിൻ്റെ എല്ലാ വേരിയന്‍റുകളും അവയുടെ വിലകളും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഇന്ത്യയിൽ, ടാറ്റ കർവിനൊപ്പം മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ്, കിയ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയ മോഡലുകളുമായാണ് ബസാൾട്ട് മത്സരിക്കുക.

ബസാൾട്ടിന്‍റെ ഇന്‍റീരിയർ ലേഔട്ട് C3 എയർക്രോസിന് സമാനമാണ്. ഡാഷ്‌ബോർഡ് രൂപകൽപ്പനയും 10.25 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീനും പോലുള്ള ഘടകങ്ങൾ C3 എയർക്രോസിൽ നിന്നും എടുത്തിട്ടുണ്ട്. എയർക്രോസിൽ നിന്ന് വ്യത്യസ്‍തമായി, ഇതിന് 7.0 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ഡിസ്‌പ്ലേ ലഭിക്കുന്നു. 15-വാട്ട് വയർലെസ് ഫോൺ ചാർജർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയും ബസാൾട്ടിലുണ്ട്.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.