മഹീന്ദ്ര XUV400 ഇലക്ട്രിക് വാഹനത്തിന് ജൂലൈ മാസത്തിൽ വൻ കിഴിവുകൾ പ്രഖ്യാപിച്ചു. XUV400 ഇവിയുടെ ഇഎൽ പ്രോ വേരിയന്‍റിന് 2.50 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യയും ഉൾപ്പെടുത്തി XUV400 അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
ജൂലൈയിൽ തങ്ങളുടെ വാഹന ശ്രേണിയിൽ കിഴിവുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഈ മാസം കമ്പനി തങ്ങളുടെ ഓൾ-ഇലക്ട്രിക് മഹീന്ദ്ര XUV400 ന് ഏറ്റവും ഉയർന്ന കിഴിവ് വാഗ്‍ദാനം ചെയ്യുന്നു. XUV400 ഇവിയുടെ ഇഎൽ പ്രോ വേരിയന്‍റിന് 2.50 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുന്നു. ഇഎൽ പ്രോ വേരിയന്റിന്റെ വില 16.74 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. അതിന്റെ സ്റ്റോക്ക് ക്ലിയർ ചെയ്യാനാണ് കമ്പനിയുടെ നീക്കം എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടാണ് അതിന് ഇത്രയും വലിയ കിഴിവ് നൽകുന്നത്. മഹീന്ദ്രയുടെ ഇലക്ട്രിക് പോർട്ട്‌ഫോളിയോയിൽ ബഇ 6 ഉം XEV 9e ഉം ഉൾപ്പെടുന്നു.
XUV400 ന്റെ പുതിയ പ്രോ വേരിയന്റിനെ ഇസി പ്രോ, ഇഎൽ പ്രോ വേരിയന്റുകളായിട്ടാണ് മഹീന്ദ്ര അവതരിപ്പിച്ചത്. പുതിയ ഇവിയിൽ അപ്‌ഡേറ്റ് ചെയ്‌ത ഡാഷ്‌ബോർഡ്, പുതിയ ഫീച്ചറുകൾ, ഡ്യുവൽ ടോൺ തീം, മുമ്പത്തേക്കാൾ കൂടുതൽ സാങ്കേതികവിദ്യ തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു. അതിന്‍റെ പഴയ ഡാഷ്‌ബോർഡും ക്ലൈമറ്റ് കൺട്രോൾ പാനൽ രൂപകൽപ്പനയും കൂടുതൽ നൂതനമായി കാണുന്നതിന് അപ്‌ഡേറ്റ് ചെയ്‌തിരിക്കുന്നു. അതേസമയം ഡാഷ്‌ബോർഡിന്റെ പാസഞ്ചർ സൈഡിൽ ഇപ്പോൾ സ്റ്റോറേജിന് പകരം ഒരു പിയാനോ ബ്ലാക്ക് ഇൻസേർട്ട് ലഭിക്കുന്നു. ഇതിന്റെ 34.5 kWh ബാറ്ററി പാക്കിന് 375 കിലോമീറ്ററും 39.4kWh ബാറ്ററി പാക്കിന് 456 കിലോമീറ്ററുമാണ് റേഞ്ച്.
ഇവിയുടെ ക്ലൈമറ്റ് കൺട്രോളും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്, ഇപ്പോൾ അത് XUV700, സ്കോർപിയോ എൻ എന്നിവയോട് സാമ്യമുള്ളതാണ്. ഇതിനുപുറമെ, XUV400 ന്റെ സെൻട്രൽ എസി വെന്റും ഒരു വലിയ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ഉൾപ്പെടുത്തുന്നതിനായി പുനഃസ്ഥാപിച്ചു. സ്റ്റിയറിംഗ് വീലും XUV700 ന് സമാനമാണ്. XUV400 ന്റെ ക്യാബിനിൽ നിരവധി പുതിയ ഫീച്ചറുകൾ ചേർത്തിട്ടുണ്ട്. ഇതിൽ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവ ഉൾപ്പെടുന്നു.
ഡ്യുവൽ സോൺ എസി, പിൻ സീറ്റ് യാത്രക്കാർക്കായി ടൈപ്പ്-സി യുഎസ്ബി ചാർജർ, പുതിയ പിൻ എസി വെന്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, വയർലെസ് ഫോൺ ചാർജിംഗ്, സൺറൂഫ്, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ സവിശേഷതകളും നൽകിയിട്ടുണ്ട്. ഇപ്പോൾ ഒരു പനോരമിക് സൺറൂഫും ഇതിൽ ലഭ്യമാകും. ഇതാദ്യമായാണ് ഒരു സൺറൂഫ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 6 എയർബാഗുകൾ, ഒരു റിവേഴ്‌സ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESP) തുടങ്ങിയ സവിശേഷതകൾ ഇതിൽ നൽകിയിട്ടുണ്ട്.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.