Asianet News MalayalamAsianet News Malayalam

ബോയ്സ് ഇല്ലാത്തതിന്റെ പരിഭവം! പാട്ടുപാടുന്ന കൂട്ടുകാരി, അങ്ങനെ സ്കൂളിലെത്തിയ ഈ 'പെൺകുട്ടികൾ' എല്ലാം പൊളിയാണ്

കനത്തു പെയ്ത മഴയ്ക്കും 'തിരികെ സ്കൂളിലെ'ത്തിയ പെണ്‍കൂട്ടായ്മയുടെ ആവേശത്തെ തണുപ്പിക്കാനായില്ല

Even the heavy rains could not dampen the enthusiasm of the back to school ppp group of  students
Author
First Published Oct 1, 2023, 7:34 PM IST

പാലക്കാട്: കനത്തു പെയ്ത മഴയ്ക്കും 'തിരികെ സ്കൂളിലെ'ത്തിയ പെണ്‍കൂട്ടായ്മയുടെ ആവേശത്തെ തണുപ്പിക്കാനായില്ല. രാവിലെ ഒമ്പതു മുതല്‍ ആരംഭിച്ച രജിസ്ട്രേഷന്‍ കൗണ്ടറിലേക്ക് ഒറ്റയ്ക്കും കൂട്ടമയും വനിതകളെത്തി. കുഞ്ഞുങ്ങളുമായി എത്തിയവരും ഏറെയായിരുന്നു. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മധുരം നല്‍കിയാണ് ക്ളാസ് മുറികളിലേക്ക് യാത്രയാക്കിയത്. 

ക്ളാസ് മുറികളിലേക്കെത്തിയവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വിദ്യാര്‍ത്ഥിനികളായി മാറുകയായിരുന്നു. പരസ്പരം ചേര്‍ത്തു പിടിച്ചും വിശേഷങ്ങള്‍ കൈമാറിയും അവര്‍ ബഞ്ചുകളില്‍ ഇരുന്നു. ഉദ്ഘാടനത്തിന് മന്ത്രി എം.ബി രാജേഷ് എത്തിയതോടെ അംഗങ്ങള്‍ ആവേശത്തിലായി. ബെല്‍ മുഴങ്ങിയതോടെ അവര്‍ വരിയായി പ്രധാന വേദിയിലേക്ക് എത്തി. തുടര്‍ന്ന് അസംബ്ളിയും കുടുംബശ്രീയുടെ മുദ്രഗീതാലാപനവും ശുചിത്വ പ്രതിജ്ഞയും. ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം അനുസരണയുള്ള കുട്ടികളായി വരി തെറ്റിക്കാതെ അവര്‍ വീണ്ടും ക്ളാസ് മുറികളിലേക്ക്.

പരിശീലന പരിപാടി വീക്ഷിക്കാനെത്തിയ മന്ത്രി എം. ബി രാജേഷ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, പ്രോഗ്രാം ഓഫീസര്‍ രതീഷ് പിലിക്കോട്, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് എന്നിവര്‍ അംഗങ്ങള്‍ക്കൊപ്പമിരുന്ന് പരിശീലന പരിപാടി വീക്ഷിച്ചു. വൈകുന്നേരം നാലരയ്ക്ക് സ്കൂള്‍ വിട്ട ശേഷം പ്രധാന വേദിയില്‍ 'പാലാപ്പള്ളി പതുപ്പള്ളി' ഗാനത്തിനൊപ്പം പാടിയും നൃത്തം ചെയ്തും പഠനദിനം ആഘോഷമാക്കിയ ശേഷമാണ് കുടുംബശ്രീ വനിതകള്‍ തിരികെ പോയത്. 

തിരികെ സ്കൂളിലെത്തിയവർ പാട്ടുപാടിയും കഥകൾ പറഞ്ഞ് വരവ് ആഘോഷമാക്കി. നേരത്തെ പറഞ്ഞിരുന്നെങ്കിൽ യൂണിഫോം ഒക്കെ തുന്നി വന്നേനെയെന്ന് ചിലർ പറഞ്ഞു. ഇതിനിടയിൽ ക്ലാസിൽ ബോയ്സ് ഇല്ലാത്തതിലുള്ള പരിഭവവും ചില കുട്ടികൾ പങ്കുവച്ചു. വർഷങ്ങൾക്ക് മുമ്പുള്ള സ്കൂൾ കാലത്തെ ഓർമകളിലേക്കുള്ള തിരിച്ചുപോക്കാണ് ഇതെന്നായിരുന്നു ഭൂരിഭാഗം പേർക്കും പറയാനുള്ളത്. എല്ലാം ക്ലാസുകളിലും ഉള്ള പോലെ ചില നാണക്കാരികളും കൂട്ടത്തിലുണ്ടായിരുന്നു. 

ക്യാമ്പെയ്ന്‍ സംസ്ഥാന തല ഉദ്ഘാടനത്തിലായി പാലക്കാട് ജില്ലയിലെ കെ.ബി മേനോന്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂള്‍ തിരഞ്ഞെടുത്തതും അര്‍ത്ഥവത്തായി.  'അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്' എന്ന നാടകത്തിലൂടെ കേരളത്തിലെ സാമൂഹ്യജീവിതത്തില്‍ വിപ്ളവരകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച വി.ടി ഭട്ടതിരിപ്പാടിന്‍റെ മകന്‍ വി.ടി വാസുദേവന്‍  ദീര്‍ഘകാലം അധ്യാപകനായിരുന്ന വിദ്യാലയമാണിത്. സ്ത്രീശാക്തീകരണത്തിന്‍റെ ഭാഗമായി 46 ലക്ഷം സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്ന സംസ്ഥാനത്തെ രണ്ടായിരത്തോളം വിദ്യാലയങ്ങളില്‍ ഒന്നായി ഈ വിദ്യാലയം മാറിയതും കൗതുകമായി.  

അയല്‍ക്കൂട്ട വനിതകള്‍ക്ക് ആവേശം പകര്‍ന്ന് മന്ത്രിമാരുടെ സാന്നിധ്യം

കൂട്ടായ്മയ്ക്കും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം ജനപ്രതിനിധികളുടെ സജീവ പങ്കാളിത്തം കൊണ്ടും 'തിരികെ സ്കൂളില്‍' ക്യാമ്പെയ്ന്‍ ഉദ്ഘാടന ദിനം ശ്രദ്ധ നേടി. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടന പരിപാടികളില്‍ യഥാക്രമം മന്ത്രിമാരായ വി.ശിവന്‍കുട്ടി, കെ.എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, വി.എന്‍ വാസവന്‍, പി.രാജീവ്, റോഷി അഗസ്റ്റിന്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപ കുമാര്‍ പത്തനംതിട്ട ജില്ലയിലും കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സി.സി ദിവ്യ എന്നിവര്‍ യഥാക്രമം കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും  പങ്കെടുത്തു.   മലപ്പുറം ജില്ലയില്‍ ഇന്ന്(ഒക്ടോബര്‍ രണ്ട്) മന്ത്രി വി.അബ്ദു റഹ്മാന്‍ ക്യാമ്പെയ്ന്‍റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കും. കോഴിക്കോട് ജില്ലയില്‍ ഈ മാസം എട്ടിനാണ് ക്യാമ്പെയ്ന്‍ ആരംഭിക്കുക. നിപ്പയുടെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ടാണിത്. 

Follow Us:
Download App:
  • android
  • ios